മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ലക്ഷണമൊത്ത വീട്

"തെച്ചിയും തുളസിയും നന്ത്യാർവട്ടവും ഫലവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ പ്ലോട്ടിൽ, കാറ്റിനും സ്വാഗതമരുളി തലയെടുപ്പോടെ നിൽക്കുന്ന ഈ വീട് കേരളീയ ശൈലിയിൽ പണിതിരിക്കുന്ന നാലുകെട്ടാണ്."

dhome-preferred-magazine

പഴയ തറവാടുകൾ എന്നും മനോഹാരിതയാണ്. നാലുകെട്ടും നടുമുറ്റവും എല്ലാം മലയാളികൾക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. പഴമയുടെ ആഢ്യത്വം വിളിച്ചോതുന്ന ഇത്തരം വീടുകൾ ഇന്നും പുതുമയോടെ തന്നെ ഇഷ്ടപ്പെടുന്നു എന്നുള്ളത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

 

4800 സ്ക്വയർ ഫീറ്റിൽ ഇന്നത്തെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും ആണ് വീട് പണികഴിപ്പിച്ചിട്ടുള്ളത്. പടിഞ്ഞാറു ദർശനം വരുന്ന വീട് പ്ലോട്ടിലെ നിറഞ്ഞ പച്ചപ്പിനുള്ളിൽ ഭംഗിയോടെ തന്നെ നിൽക്കുന്നത് കാണാൻ ചന്തമാണ്‌.

കൃത്യമായ കണക്കുകൾ, അളവുകൾ എന്നിങ്ങനെ എല്ലാം സസൂക്ഷ്മം കൊടുത്തുകൊണ്ടാണ് ഡിസൈൻ ക്രമീകരണങ്ങൾ എല്ലാം തന്നെ ഇവിടെ പൂർത്തിയാക്കിയിട്ടുള്ളത്. പല തട്ടുകളായിട്ടാണ് എലിവേഷൻ ഡിസൈൻ. മംഗളൂർ ടെറാക്കോട്ട ടൈൽ ആണ് റൂഫിങ്ങിന്. ലാറ്ററേറ്റ്  എക്സ്പോസ് ഫിനിഷിങ് വർക്കും വുഡൻ പാനലിംഗും കൊത്തുപണികളോട് കൂടിയ കരിങ്കല്ലിന്റെ തൂണുകളും എല്ലാം എലിവേഷന് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്.

 

പടിപ്പുര മുതൽ ഇരുവശവും ഭംഗിയായി ഡിസൈൻ ചെയ്ത ലാൻഡ്സ്കേപ്പിനു ഭംഗി കൂട്ടുന്ന പേൾ ഗ്രാസും പ്ലാവും മാവും എല്ലാം വീടിന്റെ ആകെ ഭംഗിയോട്‌ ചേർന്ന് പോകുന്നു. തെക്കു വശത്തായി കാർപോർച്ചും പോർച്ചിനു മുകളിൽ പത്തായപ്പുരയും കൊടുത്തു. വടക്കു ഭാഗത്തു ഒരു കുളം നിർമ്മിച്ച് മഴ വെള്ള സംഭരണി ആയി കണക്ട് ചെയ്തു. അത് കൊണ്ടുതന്നെ എത്ര ഭീകരമായ മഴ പെയ്താലും വെള്ളം പറമ്പിലെ കുളത്തിൽ തന്നെ എത്തി ചേരും.

ഇനി പൂമുഖത്തേക്കു കയറിയാൽ കൊത്തു പണികളോട് കൂടിയ കരിങ്കല്ലിൽ തീർത്ത 8 തൂണുകൾക്കു മുകളിലായി കഴുക്കോലിൽ പൂവോടു പാകിയ സീലിങ്ങും, മരത്തിന്റെ പാനലിങ് ചെയ്ത ഭിത്തിയും ഇമ്പോർട്ടഡ് ടൈലുകൾ പാകിയ തറയും ആണ് സവിശേഷത. ഇവിടെ സിറ്റൗട്ടിന്റെ ഒരു വശത്തു കരിങ്കല്ലിൽ തീർത്ത ഇരിപ്പിട സൗകര്യം കൂടി കൊടുത്തു. മഴ ചാറ്റൽ ഏൽക്കാതെ ഇരിക്കാൻ റൂഫ് ഷേഡു താഴ്ത്തിയും പ്രൊജക്ഷൻ കൂട്ടിയും ക്രമീകരിച്ചു.

ഇനി മറ്റൊരു സവിശേഷത വീടിന്റെ മുൻവാതിൽ തന്നെയാണ്. ഒറ്റ പ്ലാവിൻ തടിയിൽ കൊത്തുപണികളോടും മണിച്ചിത്ര താഴും കൂടിയ പഴമയുടെ പൊലിമയിൽ തന്നെ തീർത്തു.

പ്രധാന വാതിൽ തുറന്നു അകത്തു കയറുന്നതു ഫോർമൽ  ലിവിങ്ങിലേക്കാണ്. ഇവിടെ പരമ്പരാഗതമായി തന്നെ മരത്തിന്റെ അഴികൾ ചേർത്ത് ഡിസൈൻ ചെയ്തിരിക്കുന്ന പാർട്ടീഷൻ യൂണിറ്റാണ് ഹൈലൈറ്റ്. “തിലാൻ”  മാതൃകയിൽ തീർത്ത സീലിംഗ് ഭംഗിയാണ്.

ഇനി അകത്തളങ്ങളുടെ ഫോക്കൽ പോയിന്റ് ആയ നടുമുറ്റം ആണ്. വീടിന്റെ ഏതു ഭാഗത്തു നിന്നും നടുമുറ്റം കാണാവുന്ന രീതിയിൽ ആണ് ക്രമീകരണം. അകത്തളങ്ങളുടെ ആമ്പിയൻസ് നിർണ്ണയിക്കുന്നതും ഈ നടുമുറ്റമാണ്. മഴയും വെയിലും വന്നെത്തുന്ന ഇവിടെ അകത്തെ ചൂടിനെ ക്രമീകരിക്കാൻ ഈ നടുമുറ്റം സഹായിക്കുന്നു.

ഫാമിലി ലിവിങ്, പൂജ മുറി, ബെഡ്‌റൂം, ഡൈനിങ്ങ് ഹാൾ എന്നിവ നടുമുറ്റത്തിനു ചുറ്റുമുള്ള വരാന്തയിൽ നിന്നുമാണ് പ്രവേശനം. ഒരു മുല്ല തറയും ചാരുപടിയും ഇവിടെ കൊടുത്തു. നടുമുറ്റത്തിനു ചുറ്റും കൊടുത്തിട്ടുള്ള തൂണുകൾ ദിവസങ്ങളോളം എടുത്തു പ്രഗത്ഭരായ ആർട്ടിസ്റ്റുകൾ ചെയ്ത കൊത്തുപണികളാൽ സമൃദ്ധമാണ്. ഇവ കൂടാതെ വെട്ടുകല്ലു കൊണ്ട് ക്ലാഡിങ് ചെയ്തിരിക്കുന്ന ഭിത്തികളും മ്യൂറൽ വർക്കുകളും എല്ലാം അകത്തളങ്ങളുടെ ആമ്പിയൻസ് ഇരട്ടിപ്പിക്കുന്നു.

നടുമുറ്റത്തിന്റെ ചുറ്റുവരാന്തയിൽ നിന്നുള്ള ഡൈനിങ് ഹാൾ കാഴ്ച കേരളീയ ശൈലി പിന്തുടർന്നുകൊണ്ടു തന്നെ കൊടുത്തു. കിച്ചനും ഇതേ ശൈലി ആണ്. ഓപ്പൺ കിച്ചനാണ്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ കൂടി അടുക്കളയിൽ കൊടുത്തു. മറൈൻ പ്ലൈ, തേക്ക്, വെനീർ എന്നിവ ഉപയോഗിച്ചാണ് ട്രഡീഷണൽ രീതിയിൽ മോഡുലാർ കിച്ചൻ ചെയ്‌തത്‌. ഇവിടെ നിന്ന് വടക്കിനി ഭാഗത്തേക്ക് ഇറങ്ങാൻ വേണ്ടി കരിമ്പനയിൽ തീർത്ത വാതിലും കാണാം.

റോയൽ ലുക്ക് തരുന്ന ഡൈനിങ് ടേബിൾ ആണ് ഡൈനിങ് സ്‌പേസിനെ മനോഹരമാക്കുന്നത്. ഇവിടെ ഡൈനിങ് ടേബിളിനു മുകളിൽ ജിപ്സം സീലിംഗ് ചെയ്ത് വുഡൻ ഫിനിഷ് നൽകി ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും കൊടുത്തു ഭംഗിയാക്കി. കോമൺ ഏരിയകളിൽ ഭിത്തികൾ എല്ലാം താഴെ മസ്റ്റാർഡ് യെല്ലോയും ബാക്കി വരുന്ന ഭാഗം തൂവെള്ള നിറവും നൽകി.

മുകളിലേക്കുള്ള സ്റ്റെയർകേസ് പൂർണ്ണമായും മരത്തിൽ തന്നെ തീർത്തു. പരമ്പരാഗത ശൈലിയുടെ ഭംഗി തന്നെയാണ് ഇവിടെ മാറ്റുരയ്ക്കുന്നത്.

അകത്തെ മുറികൾക്ക് എല്ലാം സാധാരണയിൽ കൂടുതൽ ഉയരം നൽകിയത് കൊണ്ടും എല്ലാ ഭാഗവും ഡബിൾ ലെയർ സൺഷേഡ് നല്കിയതിനാലും ചൂട് തീരെ അനുഭവപ്പെടില്ല.

കിടപ്പു മുറികൾക്ക് മഹാഗണിയുടെ ചന്തമാണ്‌. പ്ലാവ്, തേക്ക്, കരിമ്പന, ട്രീറ്റഡ് മഹാഗണി, വേങ്ങ എന്നിവയാണ് തടിപ്പണികൾക്ക്.

കേരളത്തിലെ പഴയ തറവാടുകളെ കുറിച്ച് ആഴത്തിൽ പഠിച്ചതിനു ശേഷമാണു വീടിന്റെ പ്ലാൻ പൂർത്തിയാക്കിയതെന്ന് ആർക്കിടെക്ട് പറയുന്നു. അങ്ങനെ പഴയകാല നാലുകെട്ടുകളുടെ പോരായ്മയും പരിമിതികളും മാറ്റി നിർത്തി പഴമയുടെ പ്രൗഡിയെ കളങ്കപ്പെടുത്താതെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾച്ചേർത്തതുകൊണ്ടാണ് ഈ വീട് ഇത്ര മനോഹരമായ ഡിസൈൻ ചെയ്തിരിക്കുന്നത്.

Architect / Engineer / Design Firm

LEZARA Designs

Manjeri

Phone – 8593072999

www.lezarabuilders.com

 

Client                   – Mr. Kesavan

Location              – Manjeri

Area                     – 4800 sqft

Plot Area             – 50 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas