എമല്‍ഷന്‍ എന്ന ജനകീയന്‍
വൈറ്റ് വാഷിന്റെ കാലവും ഡിസ്ടെംപര്‍ പെയിന്റിന്റെ ദിനങ്ങളും പിന്നിട്ട് നാം എത്തിയിരിക്കുന്നത് എമല്‍ഷനിലാണ്. അത് ഒരു പടി കൂടി പിന്നിട്ട് യു വിയെ പ്രതിരോധിക്കുന്ന എമല്‍ഷനില്‍ എത്തി നില്‍ക്കുന്നു. എക്സ്റ്റീരിയറിനും ഇന്റീരിയറിനും ഒരു പരിധി വരെ മികച്ച ഫിനിഷ് ഉറപ്പാക്കാന്‍ എമല്‍ഷന്‍ പെയിന്റുകള്‍ക്ക് കഴിയുന്നു.
ഒപ്പം മഴ, വെയില്‍ എന്നിവ മാറി വരുന്ന നമ്മുടെ കാലാവസ്ഥയില്‍ പായല്‍, പൂപ്പല്‍, നിറം കുറഞ്ഞു മങ്ങുന്ന അവസ്ഥ ഇവയെല്ലാം തടയുകയെന്ന വെതര്‍ പ്രൊട്ടക്ഷന്‍ ഘടകങ്ങള്‍ പെയിന്റ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു. അടിക്കുന്ന പ്രതലത്തില്‍ മിനുസവും ഫിനിഷിങ്ങും ഉറപ്പാക്കുകയെന്ന ഗുണവിശേഷം തന്നെയാണ് ഏറ്റവും മുന്നില്‍. എമല്‍ഷന്റെ വിലയ്ക്കനുസരിച്ച്, മേല്‍ പറഞ്ഞ കാര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും.
മേല്‍ പറഞ്ഞ മെറ്റീരിയലുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് എമല്‍ഷന്‍. എക്സ്റ്റീയറിനു വേണ്ടിയും ഇന്റീരിയറിനു വേണ്ടിയും പ്രത്യേകം എമല്‍ഷനുകള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്. പ്രധാന കമ്പനികളെല്ലാം മൂന്നോ നാലോ തരം എമല്‍ഷന്‍ ഇറക്കുന്നു. പ്രോഡക്റ്റിന്റെ കാലാവധി, ഗ്യാരണ്ടി പിരീയഡ് എന്നിവയൊക്കെ അനുസരിച്ചാണ് ഓരോ എമല്‍ഷനും വൃത്യാസപ്പെട്ടിരിക്കുന്നത്.
രണ്ടു വര്‍ഷം, മൂന്നു വര്‍ഷം, ഏഴു മുതല്‍ പത്ത് വര്‍ഷം വരെ എന്നിങ്ങനെയാണ് പെയിന്റുകള്‍ പരമാവധി പുതുമയോടെ നിലനില്‍ക്കുന്ന കാലാവധി. ഒരു ലിറ്ററിന് 200 രൂപയ്ക്ക് താഴെയായിരിക്കും രണ്ട് വര്‍ഷം കാലാവധി വാഗ്ദാനം ചെയ്യുന്ന എമല്‍ഷന്റെ വില. അതേസമയം 10 വര്‍ഷം വരെ നില്‍ക്കുന്ന പെയിന്റാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ 500 തൊട്ട് 700 വരെയായിരിക്കും അതിന്റെ വില. വിലയിലെ ഈ വൃത്യാസം ഫിനിഷിങ്ങിലും സ്മൂത്ത്നെസ്സിലും പ്രകടമായിരിക്കും.
പായല്‍ പൂപ്പല്‍ എന്നിവ പിടിക്കാതിരിക്കുകയെന്നത് തന്നെയാണ് കൂടുതല്‍ കാലം നില്‍ക്കുന്ന പെയിന്റുകളിലെ പ്രധാന മേന്‍മ. യഥാര്‍ത്ഥത്തില്‍ കെമിക്കലുകളുടെ തോത് കൂടുന്നതാണ് എമല്‍ഷനുകള്‍ക് ഈയൊരു കഴിവുണ്ടാകാന്‍ കാരണം. കെമിക്കലുകളുടെ അളവു കുറഞ്ഞ പെയിന്റുകളും ഇത്തരത്തില്‍ ഉണ്ട്. വില അതിനനുസരിച്ച് കൂടുമെന്നുമാത്രം.
കളര്‍ മിക്സിങ്ങിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ഒരു ലക്ഷത്തിനു മുകളില്‍ കളറുകള്‍ പെയിന്റിങ്ങില്‍ ഉണ്ടെന്നറിയുമ്പോഴാണ് പെയിന്റിങ്ങിന്റെ ലോകം എത്ര വലുതാണെന്ന് മനസിലാകുക. നാം ആവശ്യപ്പെടുന്ന നിറത്തിന്റെ രാസസൂത്രം കമ്പനികള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഏത് നിറത്തിലുള്ള പെയിന്റിലും പോയിന്റും നമ്പറും ഉണ്ടാകും.
അതിലേത് വേണമെന്ന് പെയിന്റ് വാങ്ങുമ്പോള്‍ പറഞ്ഞാല്‍ മതി. ആ നമ്പറില്‍ പരാമര്‍ശിക്കുന്ന നിറം അടിസ്ഥാന നിറത്തിലുള്ള പെയിന്റിലേക്ക് ചേര്‍ക്കും. ഇതിനായി പെയിന്റ് ഷോപ്പുകളില്‍ കളര്‍ മിക്സ്ചര്‍ മെഷീന്‍ ഉണ്ട്. അതിലേക്ക് ഒഴിച്ച് കുലുക്കിയെടുത്താല്‍ നമ്മള്‍ ആവശ്യപ്പെട്ട കളർ കിട്ടും. കംപ്യൂട്ടര്‍ വഴിയുള്ള ഈ മിശ്രണം കുറ്റമറ്റതും കൃത്യവുമായിരിക്കും. പണിക്കാര്‍ ഇത് ചെയ്യുമ്പോള്‍ വളരെയധികം മുന്‍ പരിചയം ആവശ്യമുണ്ട്. ഇങ്ങനെ ഷെയ്ഡ് കാര്‍ഡിലെ നമ്പര്‍ അനുസരിച്ച് നമുക്ക് ഏറ്റവും അനുയോജ്യമായ കളര്‍ തെരഞ്ഞെടുക്കാം.
ഏറ്റവും പുതിയ ടെക്നോളജി എന്നു പറഞ്ഞാല്‍, ഒരു ടൗണിന്റെയോ മറ്റോ ഫോട്ടോ എടുത്താല്‍ അതില്‍ 100 കണക്കിന് കളറെങ്കിലും കണ്ടേക്കാം. ഓരോ പോയിന്റിലെയും കളര്‍ വിശദമാക്കുന്നത് എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ആണ്. പ്രകൃതിയില്‍ കാണുന്ന നിറങ്ങളുടെ ശരിയായ അനുപാതം കണക്കാക്കി ഏത് കളര്‍ മിക്സ് ചെയ്താല്‍ നാം ആവശ്യപ്പെടുന്ന നിറം കിട്ടും എന്നറിയാവുന്ന വിധം മുന്നേറിയിട്ടുണ്ട് ഈ മേഖല.
“എവര്‍ഗ്രീനാണ്” വൈറ്റ്, പിന്നെ ബെയ്ജും ഗ്രേയും
പെയിന്റിങ്ങില്‍ നിറങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. മുന്‍നിര ഹോം ഡിസൈനുകളിലെല്ലാം കടുത്ത വര്‍ണ്ണങ്ങളെ പടിയ്ക്ക് പുറത്താക്കിയിട്ട് കുറച്ചു കാലമായി. ഇവിടെ എവര്‍ഗ്രീന്‍ കളര്‍ ആയി തുടരുന്നതിപ്പോഴും ഗ്രീൻ അല്ല, അത് വൈറ്റും, ഓഫ് വൈറ്റുമാണ്. അടുത്ത കാലത്ത് ഏറ്റവും അധികം വീടുകളില്‍ കണ്ടവയാണ് ഈ രണ്ടു നിറങ്ങളും.
അതുപോലെ തന്നെ പുതുമ നഷ്ടപ്പെടാത്ത രണ്ടു നിറങ്ങളാണ് ബെയ്ജും ഗ്രേയും. വുഡന്‍ നിറങ്ങള്‍ക്കൊപ്പം ബെയ്ജ് വരുമ്പോള്‍ ലഭിക്കുന്ന എലഗന്‍സ് ഒന്നു വേറെ തന്നെ. അതു പോലെ ഗ്രേ – വൈറ്റ് കളര്‍ കോമ്പിനേഷനും ആളുകളുടെ പ്രിയപ്പെട്ട നിറങ്ങളായി തുടരുന്നു.
ഇളം നിറങ്ങള്‍, അല്ലെങ്കില്‍ പേസ്റ്റല്‍ നിറങ്ങള്‍ കുറച്ചു കാലമായി ഇവിടെ ട്രെന്‍ഡാണ്. ഏതു സ്പേസിലും, ഏത് എലമെന്റുകളോടും ചേര്‍ന്നു പോകുന്നു എന്നതാണ് പേസ്റ്റല്‍ നിറങ്ങളുടെ പ്രത്യേകത. കൂടാതെ സോഫ്റ്റ് ഫര്‍ണിഷിങ്ങിലും മറ്റും കടുത്ത നിറങ്ങള്‍ ഉപയോഗിച്ച് കോണ്‍ട്രാസ്റ്റ് ചെയ്യുമ്പോള്‍ സ്പേസിനെ അത് കൂടുതല്‍ ഹൈലൈറ്റ് ചെയ്യാന്‍ കാരണമാകുന്നു.
മനം കീഴടക്കുന്ന ടെക്സ്ചർ
ഇപ്പോള്‍ പെയിന്റിങ്ങിലെ താരം തന്നെയാണ് ടെക്‌സ്ചര്‍ പെയിന്റ്. പെയിന്റിങ് എന്നതിനപ്പുറം സ്പേസുകളിലെ മികച്ചൊരു ഹൈലൈറ്റ്, ഇന്റീരിയർ എലമെന്റ് എന്ന രീതിയില്‍ ഏറെ ജനകീയമാണിപ്പോള്‍ ടെക്സ്ചർ. പോപ്കോണ്‍, കോംമ്പ്, സ്ലാപ്പ് ബ്രഷ്, ഓറഞ്ച് പീല്‍, നോക്ക്ഡൗൺ എന്നിങ്ങനെ പാറ്റേണുകള്‍ക്ക് അനുസരിച്ച് വ്യത്യസ്ത പേരുകളിലുള്ള ടെക്സ്ചർ ഫിനിഷുകള്‍ ഇപ്പോള്‍ കാണാം.
റസ്റ്റിക്ക് ഫിനിഷിലുള്ള വാള്‍ ഇഷ്ടപ്പെടുന്നവരാണ് ടെക്സ്ചറിന്റെ ആരാധകര്‍. ഭിത്തി പ്ലാസ്റ്ററിങ് ചെയ്തത് പോലെ പുട്ടിയിട്ട ശേഷമാണ് ടെക്സ്ചർ ഡിസൈന്‍ ചെയ്യുന്നത്. ബബിള്‍ ടെക്സ്ചറുകളേക്കാള്‍ വില കൂടുതലാണ് സിമന്റ് ടെകസ്ചറിന്. സിമന്റ് ടെക്സ്ചർ സ്ക്വയര്‍ ഫീറ്റിന് 80 രൂപ മുതലാണ്. പൊതുവെ ആക്രിലിക്ക് ബേസ്ഡായി വരുന്ന പുട്ടികളോ അക്രിലിക്ക് പുട്ടികളോ ആണ് ടെക്‌സ്ചര്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്.
കടുത്ത നിറങ്ങളും ഇളം നിറങ്ങളും റസ്റ്റിക്ക് പെയിന്റ് ഫിനിഷുകളുമെല്ലാം ചേര്‍ന്ന വലിയൊരു ലോകമാണ് പെയിന്റിങ്ങിന്റേത്. ഒരു കളര്‍ മടുത്താലും അതിന്റെ പുതുമ നഷ്ടപ്പെട്ടാലും എളുപ്പത്തില്‍ ഒരു നിര്‍മ്മിതിയെ പുനർജ്ജീവിപ്പിക്കാനുള്ള എളുപ്പ വഴിയാണ് ഒരു വട്ടം കൂടി പെയിന്റു ചെയ്യുകയെന്നത്. വീട് നവീകരണമെന്നത് വലിയ ചെലവ് വരുന്ന പ്രക്രിയ ആയതു കൊണ്ടു തന്നെ പെയിന്റിങ്ങിലൂടെ നമുക്കൊരു പുതിയ വസതി ഒരുക്കാം. അങ്ങനെ ട്രെന്‍ഡിനു ചേര്‍ന്ന നിറം അണിയാം.
* copyrighted content.
വിവരങ്ങള്‍ക്ക് കടപ്പാട് –
Faizal ( Consulting Civil Engineer, Vasthu Constructions, Payyoli, Kozhikode) &
Sameer (Painter)
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590