മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

പെയിന്റിങ് എന്ന വർണ്ണ ലോകം – പെയിന്റിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

നിറത്തിന്റെ രാസരൂപം തന്നെയാണ് പെയിന്റിങ്. ഒരു സ്പേസിന്റെ വിരസതയെ മാറ്റി സുഖകരമായ മൂഡ് ജനിപ്പിക്കാൻ ശരിയായ പെയിന്റിങ്ങിലൂടെ സാധിക്കുന്നു.

ഒരു വീടിന്റെ ആകൃതി, നിറം എന്നിവയാണ് ആദ്യം നമ്മളുടെ കണ്ണിൽ ഉടക്കുക . വീടിനു പുത്തൻ ഭാവം നൽകാൻ എളുപ്പമാർഗ്ഗമാണ് പെയ്ന്റിംഗ്. ആസ്വാദ്യകരമായ നിറങ്ങൾ പൂശിയ ഇടം സുഖമുള്ള ആംപിയൻസ് നൽകുന്നു. ശരിക്കുമൊരു “ഫസ്റ്റ് ഇ൦പ്രഷൻ” ജനിപ്പിക്കുന്നത് സ്പേസിന്റെ വർണ്ണം തന്നെയാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

 

കുറച്ചു കൂടി സാങ്കേതികമാക്കിയാൽ നിറത്തിന്റെ രാസരൂപം തന്നെയാണ് പെയിന്റിങ്. നന്നായി ഡിസൈൻ ചെയ്യപ്പെട്ടൊരു സ്പേസിൽ നിറത്തിന്റെ അല്ലെങ്കിൽ പെയിന്റിങ്ങിന്റെ തെരഞ്ഞെടുപ്പ് പാളിയാൽ അതൊരു കല്ലുകടി തന്നെയാണ്. ഒരു സ്പേസിന്റെ വിരസതയെ മാറ്റി സുഖകരമായ മൂഡ് ജനിപ്പിക്കാൻ ശരിയായ പെയിന്റിങ്ങിലൂടെ സാധിക്കുന്നു.

കാലത്തോട് ചേർന്നു പോകുന്ന, ഇവിടുത്തെ കാലാവസ്ഥയിൽ ശരിയായി വരുന്ന, പെയിന്റ് ആണ് നാം തെരഞ്ഞെടുക്കേണ്ടത്. ഏതെങ്കിലുമൊരു പെയിന്റ് പൂശുക എന്നതിനേക്കാൾ ഓരോ സ്പേസിനും, പ്രദേശത്തിനും ചേർന്ന പെയിന്റുകളെ കുറിച്ചുള്ള അവബോധം ഡിസൈനർമാർക്കു മാത്രമല്ല ക്ലൈന്റുകൾക്കും ഇന്നുണ്ട്.

 

പ്രൈമർ, പുട്ടി, പെയിന്റ് കൂടെ വാട്ടർപ്രൂഫും

പെയിന്റിങ്ങിന്റെ അടിസ്ഥാനപരമായ ലെയറിങ്‌ എന്നു പറയപ്പെടുന്ന പ്രൈമര്‍ – പുട്ടി – പെയിന്റ്‌ സമവാക്യം ഇന്ന്‌ ഏറെകുറേ മാറി. ഇവയെ പിന്നിലാക്കി, ഇപ്പോള്‍ ആദ്യ സ്ഥാനം കൈയടക്കിയിരിക്കുന്നത്‌ വാട്ടര്‍ പ്രൂഫ് ആണ്‌. ബഡ്ജറ്റ്‌ ഒരു വിഷയമല്ലാത്തവര്‍ക്ക്‌ ആദ്യം വാട്ടര്‍പ്രൂഫ്‌ അടിയ്ക്കാം. പ്രൈമറിനു സമാനമായ പെയിന്റാണിത്‌. വെള്ളം ലോക്ക്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ ഇതിന്റെ പ്രത്യേകത.

രണ്ടു കോട്ട് അടിച്ചാല്‍ അതൊരു വാട്ടര്‍ ലോക്കായി പ്രവര്‍ത്തിക്കുന്നു. തറയില്‍ നിന്ന്‌ ഒരു മീറ്ററോ അല്ലെങ്കില്‍ മുക്കാല്‍ മീറ്ററോ മതിയാകും ഈ വാട്ടര്‍ പ്രൂഫിങ്‌. അതിനു ശേഷം മുഴുവനായി പ്രൈമര്‍ പൂശാം. അതിനു മേലെ രണ്ടു കോട്ട്‌ പുട്ടിയിടും. അത്‌ സാന്‍ഡ്‌ പേപ്പര്‍ കൊണ്ട്‌ ഉരച്ചു കളഞ്ഞ്‌ ശരിയാക്കും. ഒരു വട്ടം കൂടി പ്രൈമര്‍ പൂശുന്നു. ഏറ്റവും അവസാനമാണ്‌ രണ്ടു കോട്ട് പെയിന്റു കൊണ്ടുളള ഫിനിഷിങ്‌.

 

ചെലവ്‌ കുറയ്ക്കണമെന്നത്‌ നിര്‍ബന്ധമാണെങ്കില്‍ പുട്ടി ഒഴിവാക്കേണ്ടി വരും. വീടിന്റെ പൊതുവെയുള്ള ഫിനിഷില്‍ ഇത്‌ പ്രതിഫലിക്കും. ഇനി പുട്ടി വേണ്ടന്നാണെങ്കില്‍ മറ്റൊരു വഴിയും ചില പെയിന്റ്‌ കമ്പനികള്‍ പറയുന്നു. വീട പൂര്‍ണമായും ആദ്യം വൈറ്റ്‌ സിമന്റ്‌ ചെയ്ത ശേഷം പ്രൈമര്‍ പൂശിയാലും മതിയാകും. ഒരു പ്രമുഖ കമ്പനിയുടെ പ്രൈമര്‍ അടിച്ച ശേഷം നേരെ പെയിന്റ്‌ അടിക്കാമെന്ന്‌ അവര്‍ അവകാശപെടുന്നുണ്ട്‌. പ്രൈമറും രണ്ടും കോട്ട് പെയിന്റും മതിയെന്നാണ്‌ കമ്പനി പറയുന്നത്‌. ഇങ്ങനെ വരുമ്പോള്‍ ചെലവ്‌ നന്നായി കുറയ്ക്കാം.

 

നിലവില്‍ പ്രൈമര്‍, പുട്ടി, പെയിന്റ്‌ എന്നിവ ചെയ്യാന്‍ ലേബര്‍ ഉൾപ്പെടെ സ്ക്വയര്‍ഫീറ്റിന്‌ 50 രൂപ വരെയാണ്‌ ചെലവ്‌. ഇതേ പ്രക്രിയ പുട്ടി ഒഴിവാക്കി ചെയ്യുമ്പോള്‍ 30 രൂപയില്‍ തീര്‍ക്കാനായേക്കും. ബേസിക്ക്‌ റേഞ്ചില്‍ തുടങ്ങി ഉയര്‍ന്നു പോകുന്നതാണ്‌ ഓരോ കമ്പനികളുടെയും പെയിന്റിങ്‌ പ്രോഡക്റ്റുകള്‍.

 

പുട്ടി ആവശ്യമോ ?

വീടു പണിയുടെ സ്ട്രക്ചര്‍ ഫിനിഷിങ്‌ ഘട്ടത്തില്‍, ബഡ്ജറ്റ്‌ കുറഞ്ഞിരിക്കുന്ന സമയത്ത്‌ പലര്‍ക്കും പെട്ടന്ന്‌ ഒഴിവാക്കാം എന്ന്‌ തോന്നുന്നതാണ്‌ പുട്ടി. ഇത്‌ പൂര്‍ണമായും ആളുകളുടെ ബഡ്ജറ്റിനെ ആശ്രയിച്ചുള്ള തീരുമാനമാണ്‌. അതേ സമയം ഓര്‍ക്കേണ്ട ഒന്നുണ്ട്‌. വെള്ളമൊഴുകാനും ഈര്‍പ്പം കിനിയാനും ഇഷ്ടം പോലെ സാഹചര്യമുള്ള നമ്മുടെ നാട്ടില്‍ പുട്ടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്‌ വാട്ടര്‍പ്രൂഫ്‌ ചെയ്തതിന്‌ ശേഷം മാത്രമാകണമെന്നാണ്‌ പരിചയ സമ്പന്നരായ വാസ്തു ശില്‍പ്പികള്‍ പറയുന്നത്‌. ഇപ്പോൾ മാർക്കറ്റിൽ വാട്ടർ പ്രൂഫ് ബേസ്ഡ് പുട്ടിയും ലഭ്യമാണ്. 

നേരത്തെ ഇറങ്ങിയ ക്രീം പുട്ടിയ്ക്ക്‌ ഒട്ടേറെയായിരുന്നു പോരായ്മകള്‍. വെള്ളം തട്ടിയാല്‍ വേഗം അടര്‍ന്നു വരാന്‍ സാധ്യതയുള്ളതായിരുന്നു ഇത്‌. ഉപയോഗിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ടതില്ലായിരുന്നു. കമ്പനി നേരിട്ട് ഓയില്‍ മിക്സ്‌ ചെയ്ത്‌ കുപ്പികളില്‍ തന്നെയാണിവ മാര്‍ക്കറ്റിലെത്തിച്ചത്‌.

 

ഇപ്പോള്‍ വരുന്നത്‌ വൈറ്റ്‌ സിമന്റിന്റെ അളവു കൂടുതലുള്ള പൗഡര്‍ പുട്ടിയാണ്‌. ആവശ്യത്തിന്‌ വെള്ളം ഒഴിച്ചു വേണം ഇത്‌ മിക്സ്‌ ചെയ്യാന്‍. 40 കിലോഗ്രാമിന്റെ ഒരു ചാക്കിന്‌ 700 രൂപ മുതലാണ്‌ വില. അതേസമയം, വാട്ടര്‍ (പൂഫോടു കൂടിയ എക്സ്റ്റീരിയര്‍ പുട്ടിയാണെങ്കില്‍ 1000 ത്തിന്‌ മുകളിലാണ്‌ വില. ഇത്തരം പുട്ടി ഇട്ട ശേഷം വെള്ളം ഒഴിച്ചാല്‍ വെള്ളം ചേമ്പിലയില്‍ വീണതു പോലെ തെന്നിപോകും.

12 വര്‍ഷം വരെ ഗ്യാരണ്ടി പറയുന്ന വാട്ടര്‍ പ്രൂഫ്‌ എമല്‍ഷനാണ്‌ ഒരു പ്രമുഖ കമ്പനി വില്‍ക്കുന്നത്‌. ഈ എമല്‍ഷന്‍ അടിച്ച ഭിത്തിയില്‍ മഴയത്ത്‌ ചെളി തെറിച്ചാല്‍ വെള്ളത്തില്‍ കഴുകിയാല്‍ മാത്രം മതി. പുതുമ വീണ്ടെടുക്കാനാകും. ഈ പ്രോഡക്റ്റിന്‌, പൈസ കൂടുതലാണ്‌. ഒരു ലിറ്റര്‍ എമല്‍ഷന്‍ 500 രൂപ മുതലാണ്‌ വില വരുന്നത്‌. അളവ്‌ കൂട്ടി വാങ്ങിയാല്‍ കമ്പനികളുടെ പാക്കേജ്‌ അനുസരിച്ച്‌ പൈസ കുറയും.

 

മറ്റൊന്ന്‌ മെഷീനുകളുടെ ആധിപത്യം ആണ്‌. പുട്ടി മിക്സര്‍, പുട്ടി സാന്‍ഡ്‌ ചെയ്യുന്ന പുട്ടി സാന്‍ഡര്‍, സ്പ്രേ ചെയ്യാനായുള്ള കംപ്രസര്‍, പായലും പൂപ്പലും കഴുകി കളയുന്ന പ്രഷര്‍ മോട്ടര്‍, പെയിന്റ്‌ ഭിത്തിയില്‍ തേച്ചു പിടിപ്പിക്കുന്ന റോളര്‍ എന്നിവയെല്ലാം ഈ രംഗത്തെ ജോലി എളുപ്പമാക്കാനായി ഇന്നുണ്ട്‌.

ഡാം പ്രൂഫ് കോഴ്‌സ്‌ (ഡി പി സി)

വെതര്‍കോട്ടുകളില്‍ ഡാം പ്രൂഫുകളുടെ പ്രാധാന്യം വളരെ കൂടിയതായി കാണാം. ഈര്‍പ്പത്തെ പ്രതിരോധിക്കുന്ന സൊലൂഷനുകളാണ്‌ ഇത്‌. മഴ ഭിത്തിയിലേക്ക്‌ പോകുന്നത്‌ തടയുക. ഇന്റീരിയറില്‍ നിന്ന്‌ ചുമരുകളിലുണ്ടായ നനവ്‌ ചുറ്റും പരക്കാതെ തടയുക എന്നതൊക്കെയാണ്‌ ഇത്തരം വെതര്‍കോട്ട്  പ്രോഡക്റ്റുകളുടെ പ്രത്യേകതകള്‍. ഈ രണ്ടു കാര്യങ്ങള്‍ക്കും വൃത്യസ്ത തരത്തിലുള്ള പെയിന്റ്‌ ഉപയോഗിക്കുന്നുണ്ട്‌.

ഡാം പ്രൂഫിന്‌ ഊന്നല്‍ നല്‍കി കമ്പനികള്‍ ഇറക്കുന്ന പ്രോഡക്റ്റുകള്‍ പ്രധാനമായും പ്രൈമര്‍ തന്നെയാണ്‌. പ്ലാസ്റ്ററിങ്‌ കഴിഞ്ഞ പ്രതലത്തില്‍ ആദ്യം വരുന്നത്‌ പ്രൈമറാണ്‌. ഇന്റീരിയറില്‍ അതിനനുസരിച്ചുള്ള പ്രൈമറും എകസ്റ്റീരിയറില്‍ അവിടെ യോജിക്കുന്ന പ്രൈമറും അടിക്കുന്നു. അതിനു മുകളില്‍ പുട്ടി അടിക്കാം, അടിക്കാതിരിക്കാം. പ്രൈമര്‍ അടിക്കുന്നത്‌ അവസാനം അടിക്കുന്ന പെയിന്റ്‌ നന്നായി പിടിച്ച്‌ കിട്ടാനാണ്‌. അതിനാല്‍ പുട്ടിയ്ക്ക്‌ ശേഷം പ്രൈമര്‍ ഒന്നു കൂടി പൂശിയ ശേഷം മാതമേ പെയിന്റ്‌ അടിക്കാവൂ. അവസാന ലെയറിങ്ങായ പെയിന്റ്‌ ഭിത്തിയില്‍ നന്നായി പിടിക്കണമെങ്കില്‍ പ്രൈമര്‍ ഒഴിച്ചുകൂടാനാകാത്തതാണ്‌.

 

ടെറസിനും വേണം പെയിന്റിങ്ങിന്റെ കുട

നേരിട്ട് മഴയും വെയിലും പതിക്കുന്ന ഇടമാണ്‌ വീടിന്റെ ടെറസ്‌. പ്രത്യേകിച്ചും ഫ്ളാറ്റ്‌ റൂഫുള്ള വീടുകളില്‍. ടെറസാണെങ്കിലും സ്ലോപ്പ് ഏരിയ ആണെങ്കിലും ആ ഭാഗത്ത്‌ പെയിന്റ്‌ ചെയ്യുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്‌. കുറച്ചു കാലം മുമ്പു വരെ ഈയൊരു പ്രക്രിയ ആവശ്യമേ ഇല്ലെന്ന്‌ ആളുകള്‍ കരുതിയിരുന്നു. ഇപ്പോഴും ചെയ്യാത്തവരുണ്ട്‌.

പായലും പൂപ്പലും കോണ്‍ക്രീറ്റില്‍ ആഴ്ന്നിറങ്ങി റൂഫ്‌ ഏരിയകളില്‍ കേടുപാടു വരുന്നു. ഒരു കുമ്മായമെങ്കിലും അതിനു മുകളില്‍ അടിച്ചാല്‍ സുഷിരങ്ങളൊക്കെ ഒരു പരിധി വരെ അടയുമെന്നിരിക്കെയാണ്‌, നാം ഇത്‌ ഗൗരവമായെടുക്കാത്തത്‌. മഴക്കാലത്ത്‌ പായലും പൂപ്പലും താഴേക്ക്‌ ഇറങ്ങി വരും. വേനല്‍കാലത്ത്‌ ഉണങ്ങി അവിടെ സുഷിരങ്ങളുണ്ടാക്കും. അടുത്ത മഴ പെയ്യുമ്പോള്‍ ഈ ഫംഗസ്‌ വീണ്ടും താഴോട്ട് ഇറങ്ങുകയും മുകളില്‍ പായലും പൂപ്പലും കാണുപ്പെടുകയും ചെയ്യും. പെയിന്റു ചെയ്യുമ്പോള്‍ അവിടം വരെയുള്ള സുഷിരം കവറായി പോകും.

വൈറ്റ്‌ നിറമുള്ള പെയിന്റുകള്‍ താപത്തിന്റെ ആഗിരണം കുറയ്ക്കുന്നതിനാല്‍ ചൂടും കുറയുന്നു. വാട്ടര്‍ പ്രൂഫിങ്ങ്‌ പോലെ ചൂട് കുറയ്ക്കുന്നത്‌ ലക്ഷ്യമിട്ടും പ്രത്യേക പ്രോഡക്റ്റുകള്‍ കമ്പനികള്‍ ഇറക്കുന്നുണ്ട്‌. ചില കമ്പനികളുടെ ഇത്തരം പ്രോഡക്റ്റുകളില്‍ പ്ലാസ്റ്റിക്കിന്റെ ടെക്സ്ചർ തോന്നിക്കുന്ന കവറിങ്‌ വരെ കാണാന്‍ കഴിയും.  

 

തുടർന്ന് വായിക്കാം

വീട് കളറാക്കാം ! ഏറ്റവും പുതിയ പെയിന്റിങ് ട്രെൻഡുകൾ

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas