മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ചെറിയ പ്ലോട്ടിലുമാകാം ലാന്‍ഡ്സ്കേപ്പ്

പ്ലോട്ട് വലുതോ ചെറുതോ ആകട്ടെ. ലാന്‍ഡ്സ്കേപ്പ് ഒഴിച്ചുകൂടാത്തതായിരിക്കുന്നു അടുത്ത കാലത്തായി. വിശാലമായ പ്ലോട്ടിന്‍റെ ആഢംബരം ഉള്ളവര്‍ക്ക് ഇതൊരു വെല്ലുവിളിയേ അല്ല എന്നാല്‍ രണ്ടു മുതല്‍ അഞ്ച് സെന്‍റ് വരെ മാത്രം സ്ഥലം ഉള്ളവര്‍ക്ക് നിശ്ചിത പ്ലാനില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ തന്നെ ഉള്‍ക്കൊള്ളാന്‍ പാടുപെടുന്നവര്‍ക്ക് ലാന്‍ഡ്സ്കേപ്പ് എന്നത് ഒരു നടക്കാത്ത സ്വപ്നമായിരുന്നു. ആ സ്ഥിതി മാറി. ആര്‍ക്കും ലാന്‍ഡ്സ്കേപ്പൊരുക്കാം പ്ലോട്ടിന്‍റെ വലുപ്പ ചെറുപ്പം എന്നത് തികച്ചും അപ്രസക്തമാണിന്ന്.

 

ഗ്രൂപ്പ് പ്ലാന്‍റിങ്

ഇടവിട്ടും വരി ഒപ്പിച്ചുമെല്ലാം ചെടികള്‍ പരത്തി നട്ടിരുന്ന പഴയ രീതി ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനായി. പ്ലാന്‍റിങ് എന്നതിന്‍റെ പ്രധാന തത്വം തന്നെ ഒരു തുരുത്തു പോലെ കൂട്ടത്തോടെ ചെടികള്‍ വെയ്ക്കുകയെന്നതാണ്. കുറഞ്ഞ സ്ഥലത്ത് പൂന്തോട്ടമൊരുക്കാന്‍ ഇതൊരു നല്ല രീതിയുമാണ്. കൂടാതെ പോക്കറ്റ് പ്ലാന്‍റിങ്, ബെഡ് പ്ലാന്‍റിങ് എന്നിവയെല്ലാം ചെറിയ പ്ലോട്ടില്‍ ഏറെ അനുയോജ്യമാണ്.

 

ബഫര്‍സോണ്‍

ചെറിയ പ്ലോട്ടുകളിലെ പ്രധാന വെല്ലുവിളി തൊട്ടടുത്ത വീടുകളില്‍ നിന്ന് സ്വകാര്യത ഉറപ്പാക്കലാണ്. ചുറ്റുമതില്‍ ചിലപ്പോള്‍ പോരാതെ വരും ഈ സാഹചര്യത്തില്‍ കോമ്പൗണ്ടു വാളിനോട് ചേര്‍ന്ന് ബഫര്‍സോണ്‍ പോലെ ചെടിനടാം. ബഡ്ജറ്റ് കുറവാണെങ്കില്‍ മള്‍ട്ടിപ്ലക്സ് ബാംബുവോ അല്ലാത്ത പക്ഷം ഗോള്‍ഡന്‍ ബാംബുവോ ഉപയോഗിക്കാം. കെന്‍റിയ പാം ആണ് മറ്റൊന്ന്. ഗോള്‍ഡന്‍ ബാംബുവിനെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലം മതിയാകും മള്‍ട്ടിപ്ലക്സ് ബാംബുവിന്. മതില്‍ ഇല്ലെങ്കില്‍ പോലും സ്ക്രീനിങ് പോലെ ഉപയോഗപ്പെടുത്താം ഇവയെ.

ഗസീബോ

ചെറിയ പ്ലോട്ടാണെങ്കിലും ഒരു ഗസീബോ ഉണ്ടെങ്കില്‍ ലാന്‍ഡ്സ്കേപ്പില്‍ ഒരു ആഢംബര പ്രതീതി ഉണ്ടാകും. സ്ഥലം അനുസരിച്ച് ത്രീ മീറ്റര്‍ ബൈ ത്രീ മീറ്റര്‍, അല്ലെങ്കില്‍ 2.5 മീറ്റര്‍ ബൈ 2.5 മീറ്ററിലെല്ലാം ഇതൊരുക്കാം. തറയില്‍ സ്റ്റോണ്‍ പതിച്ചാല്‍ നിലവാരം തോന്നും. അഴികള്‍ ഉള്ള റൂഫാണ് ഗസീബോയ്ക്ക് എങ്കില്‍ ഇതില്‍ ക്രീപ്പര്‍ പടര്‍ത്തിയാല്‍ ഒരു വള്ളികുടില്‍ പോലെ സുന്ദരമാകും. സിറ്റൗട്ടിന്‍റെ എക്സ്റ്റന്‍ഷന്‍ പോലെയോ മുന്‍ ഭാഗത്ത് സ്ഥലമിലെങ്കില്‍ ബാക്കയാര്‍ഡിലോ സ്ഥാനപ്പെടുത്താം. ഔട്ട്ഡോര്‍ ഫര്‍ണിച്ചറിട്ടാല്‍ വീട്ടുകാര്‍ക്ക് വന്നിരിക്കാന്‍ നല്ലൊരിടവുമാണ്.

ഗാര്‍ഡന്‍ ലൈറ്റ്സ്

മുറ്റം ചെറുതാണെങ്കിലും ചെറിയ ബൊള്ളാര്‍ഡ് ലൈറ്റു പോലുള്ളവ നല്ലൊരു അന്തരീക്ഷം തോന്നാന്‍ വേണ്ടി ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാക്കാം.

 

വാക്ക് വേ

ചെറിയ പ്ലോട്ടാകുമ്പോള്‍ ഔട്ട്ഡോറില്‍ മതിലിനും വീടിനും ഇടയില്‍ ചെറിയ പാസേജ് ആയിരിക്കും ഉണ്ടാകുന്നത്. വീടിനു ചുറ്റും പല കാര്യങ്ങള്‍ക്കായി നടക്കേണ്ടി വരുമല്ലോ. ഇവിടെ ചെറിയ വാക്ക് വേ കൊടുക്കാം. വലിയ സ്റ്റോണ്‍ ഇടാന്‍ പറ്റില്ല. 2ഫീറ്റ് നീളം, വണ്‍ഫീറ്റ് വീതിയില്‍ ഈ നടപ്പാത ചെയ്യാം. സ്റ്റോണുകള്‍ക്കിടയില്‍ 10 സെന്‍റീമീറ്റര്‍ അകലം വെച്ച് ഇട്ട്, ഇടയില്‍ പെബിള്‍സിടാം. പഴലകാലത്തെ റിവര്‍ പെബിള്‍സ് പോലെയുള്ള പോണ്ടിച്ചേരി പെബിള്‍സ് ഇതിനായി ഉപയോഗിക്കാം. ഒരു കിലോയ്ക്ക് അഞ്ച് രൂപയ്ക്ക് ഇവ ലഭ്യമാണ്. ഒരു സ്ക്വയര്‍ഫീറ്റ് ചെയ്യാന്‍ ആറു കിലോ വേണ്ടി വരും. അപ്പോള്‍ 30 രൂപയ്ക്ക് ഒരു സ്ക്വയര്‍ഫീറ്റ് ചെയ്യാനാകും.

അലങ്കാരത്തിന് സ്റ്റോണ്‍

എത്ര കുറഞ്ഞ പ്ലോട്ടിലും, അലങ്കാരവും ഒറ്റ നോട്ടത്തില്‍ തന്നെ നല്ല വെടിപ്പും ഉറപ്പാക്കുന്നതാണ് ലാന്‍ഡ്സ്കേപ്പിലെ സ്റ്റോണ്‍ പേവ്മെന്‍റുകള്‍. ബാഗ്ലൂര്‍ സ്റ്റോണ്‍, സിമന്‍റ് കോബിള്‍ സ്റ്റോണ്‍, നാച്വറല്‍ കോബിള്‍ സ്റ്റോണ്‍ എന്നിങ്ങനെ പോകുന്നു അവ. ബാഗ്ലൂര്‍ സ്റ്റോണ്‍ ഉപയോഗിക്കുമ്പോള്‍ സ്ക്വയര്‍ഫീറ്റിന് 150 രൂപ മുതലാണ് ചെലവ്. സിമന്‍റ് കോബിള്‍ സ്റ്റോണ്‍ ആണെങ്കില്‍ 100 – 110 രൂപ വരെയാണ്. വാക്ക് വേ മാത്രമാണെങ്കില്‍ കടപ്പ് സ്റ്റോണ്‍ മതിയാകും. കാര്‍പോര്‍ച്ചിലോ വണ്ടി കയറുന്നിടത്തോ കോബിള്‍ സ്റ്റോണോ ബാഗ്ലൂര്‍ സ്റ്റോണോ ആണ് ഉത്തമം.

പുല്‍തുരുത്ത്

വീടിന്‍റെ കോര്‍ണര്‍ ഏരിയയില്‍ ഹില്‍ ഡിസൈനില്‍ ഗ്രാസു കൊണ്ടുള്ള തുരുത്ത് ഒരുക്കാവുന്നതാണ്. കുറച്ചു സ്ഥലം മതിയെന്നത് മാത്രമല്ല കാഴ്ചയില്‍ ഹൃദ്യവുമാണ്. വാക്ക് വേ ഫില്ലറായി പെബിള്‍സ് താത്പര്യമില്ലാത്തവര്‍ക്ക് പേള്‍ഗ്രാസ് വെയ്ക്കാം. ഇവ കാര്‍പ്പെറ്റ് ആയോ, പ്ലഗ് രീതിയിലോ നല്‍കാനാകും. താരതമ്യേന പരിചരണം കുറവുള്ളതാണ് പേള്‍ ഗ്രാസ്. തണലിലും പ്രകാശത്തിലും ഒരു പോലെ നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ മെക്സിക്കന്‍ ഗ്രാസ് നന്നായി വളരണമെങ്കില്‍ സൂര്യപ്രകാശം സുലഭമായി വേണം.

ഫ്ളവറിങ് പ്ലാന്‍റ്സ്

ചെറിയപ്ലോട്ടില്‍ ഭിത്തിയോട് ചേര്‍ന്ന ഭാഗത്ത് സണ്‍ലൈറ്റ് കിട്ടുന്നുണ്ടെങ്കില്‍ പൂക്കളുണ്ടാകുന്ന ചെടികള്‍ വെയ്ക്കാം. പ്രകാശം ഇല്ലാത്ത ഇടമാണെങ്കില്‍ ഷെയ്ഡ് ലവിങ് പ്ലാന്റുകൾ വെയ്ക്കാം. ഗ്രൂപ്പ് അല്ലെങ്കില്‍ ബഞ്ച് ആയി ചെറിയ ഇട നല്‍കി കൂട്ടതോടെ നല്‍കുമ്പോള്‍ ആണ് കൂടുതല്‍ ആകര്‍ഷകം. പീസ് ലില്ലിയാണെങ്കില്‍ തണലുള്ളിടത്ത് വളരും. തണലത്തും വെയിലത്തും വളര്‍ത്താവുന്ന ഫിംഗര്‍ പാം, വ്യത്യസ്തമായ റിബണ്‍ ഗ്രാസുകള്‍, ഔട്ട്ഡോര്‍ പോതോസുകള്‍, അരീക്ക പാം ഇവയിലേതെങ്കിലും ഗ്രൂപ്പ് പ്ലാന്‍റിങ് രീതിയില്‍ ഒരുക്കാം. പ്രകാശം കിട്ടുന്നിടത് ബോഗേന്‍ വില്ല, ഹെലിക്കോണിയ, മിനി ഇക്സോറ, കനാ ഇന്‍ഡിക്ക തുടങ്ങിയ പ്ലാന്‍റുകള്‍ അനുയോജ്യമാണ്.

 

കലാത്തിയ ലൂട്ടിയ, അലോക്കേഷ്യ, ഹെലിക്കോണിയ

ഈ പേരുകള്‍ ഇന്ന് ഏറെ സുപരിചിതമാണ്. ട്രെന്‍ഡ് ആയി കൊണ്ടിരിക്കുന്ന ഈ ചെടികളാണ് ഗ്രൂപ്പ് പ്ലാന്‍റിങ്ങിലെ താരം. തണലത്തും വെയിലത്തും ഒരു പോലെ വളരുന്നു. പരിചരണം കുറവ് മതിയെന്നത് ഇവയെ കൂടുതല്‍ ജനകീയമാക്കുന്നു. എത്ര ചെറിയ പ്ലോട്ടിലും ഗ്രൂപ്പ് പ്ലാന്‍റിങ് ചെയ്യാമെന്നതാണ് ഏറ്റവും ശ്രദ്ധേയം.

വള്ളിച്ചെടികള്‍

സ്ഥലം കുറവുള്ളവര്‍ക്കും പാരപ്പറ്റിലും ടെറസിലും ഒരു ഗ്രീനറി ഒരുക്കാന്‍ വള്ളിച്ചെടികള്‍ പടര്‍ത്താം. കര്‍ട്ടന്‍ ക്രീപ്പര്‍ ടെറസില്‍ നിന്ന് ഹാങ്ങ് ചെയ്തു നില്‍ക്കുന്ന രീതിയാല്‍ വളര്‍ത്തിയാല്‍ കാഴ്ചയില്‍ മനോഹരമാണ്‌. മോര്‍ണിങ് ഗ്ലോറി ഗേറ്റിനോട് ചേര്‍ന്നോ സിറ്റൗട്ടിന് പുറത്ത് സപ്പോര്‍ട്ട് ഗ്രില്ല് നല്‍കിയോ നടാം. പാരപ്പറ്റിന്‍റെ സൈഡില്‍ പോട്ട് വെച്ച്, ഇത് പുറത്ത് കാണാത്ത രീതിയില്‍, ഫ്ളവറിങ് പ്ലാന്‍റോ ക്രീപ്പറോ നല്‍കാം. ബാല്‍ക്കണിയുണ്ടെങ്കില്‍ പോട്ടുകളില്‍ ക്രീപ്പറും മറ്റു ചെടികളും ഒരു പോലെ വളര്‍ത്താം.

 

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്ന ഗ്രീന്‍ വാള്‍

ഒരു ഭിത്തി മതി ഗ്രീന്‍ വാള്‍ എന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്. വീടിനു പുറമേ വരുന്നത്, ചുറ്റുമതില്‍ മാത്രമാണെങ്കിലും അവിടെ ഒരു ലൈവ് ഗ്രീന്‍ വാള്‍ ഒരുക്കാനാകും. പ്ലാന്‍റുകള്‍ വളരുന്നതിനുസരിച്ച് ഈ ഗാര്‍ഡന്‍ വലുതാകുന്നതിനാല്‍ കാലക്രമേണ രൂപഭാവങ്ങള്‍ മാറി കൊണ്ടിരിക്കും. കൃത്യമായ പരിചരണമുണ്ടെങ്കില്‍ ഇവ വേഗത്തില്‍ കനത്തോടെ തഴച്ചു വളരുകയും ചെയ്യും. ടൈമര്‍ വഴിയുള്ള ഡ്രിപ്പ് ലൈന്‍ ഇറിഗേഷനാണ് ഓട്ടോമാറ്റിക്കായി ഗാര്‍ഡന്‍ നനയ്ക്കാനുള്ള ഏറ്റവും സ്വീകാര്യമായ മാര്‍ഗ്ഗം. താമസക്കാര്‍ എപ്പോഴും വീട്ടിലുണ്ടെങ്കില്‍ ചെറിയ സ്പ്രിങ്ക്ളര്‍ പൈപ്പ് ഉപയോഗിച്ചും നനയ്ക്കാം. മുകളിലേക്ക് പടര്‍ന്ന് പിടിക്കുന്ന ഐവി പോലുള്ള ചെടികള്‍ നല്ലൊരു തെരഞ്ഞെടുപ്പാണ്.

ടെറസ് ഗാര്‍ഡന്‍

ഏറെ ജനകീയമായി കൊണ്ടിരിക്കുന്ന ലാന്‍ഡ്സ്കേപ്പിങ് രീതിയാണ് റൂഫ് ഗാര്‍ഡന്‍ അല്ലെങ്കില്‍ ടെറസ് ഗാര്‍ഡന്‍. പരിമിതിയില്ലാത്ത സൂര്യപ്രകാശം ഉളളതു കൊണ്ടു തന്നെ പരിചരണം കുറവുള്ള ബൊഗേന്‍ വില്ല പോലെയുള്ള ചെടികള്‍ ബ്യൂട്ടിഫിക്കേഷനു വേണ്ടി ഉള്‍പ്പെടുത്താം. പല നിറങ്ങളില്‍ ലഭ്യമായ ഇവ ചട്ടികളില്‍ നട്ടു വളര്‍ത്താം.

 

പ്ലാനിങ് ഘട്ടത്തിലേ ശ്രദ്ധിക്കാം

വീടു പ്ലാന്‍ ചെയ്യുന്ന ഘട്ടത്തില്‍ തന്നെ സിറ്റൗട്ടിനോട് ചേര്‍ന്ന് ചെറിയൊരു കോര്‍ട്ട്യാര്‍ഡ്, ഡൈനിങ് ഏരിയയില്‍ നിന്നോ ലിവിങ്ങില്‍ നിന്നോ ഇറങ്ങാവുന്ന മിനി പാഷ്യോ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാല്‍ ചെറിയ പ്ലോട്ടാണെങ്കിലും അടിസ്ഥാനപരമായ ഒരു ലാന്‍ഡ്സ്കേപ്പ് ഒരുക്കാനാകും. സിറ്റൗട്ടിന്‍റെ അരികില്‍ ഹാങ്ങിങ് പോയിന്‍റുകള്‍ നല്‍കിയാല്‍ വളളികളായി വളരുന്ന ചെടിച്ചട്ടികള്‍ തൂക്കിയിടാം. പുറത്തേക്ക് ഇറങ്ങാവുന്ന ഇടങ്ങളില്‍ ഒരു കട്ടിങ് നല്‍കി ചെടികളുടെയും പെബിളുകളുടെയും ഒരു കോമ്പിനേഷന്‍ ഒരുക്കിയാലും മനോഹരമായിരിക്കും.

 

വിവരങ്ങൾക്ക് കടപ്പാട്:

Jayaraj Pillai

Gardenia Landscape,

Kochi

Phone – 8129490264

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas