സ്വപ്‌നങ്ങൾ പടുത്തുയർത്താൻ ഉള്ളതാണ്
ഒരു ഡ്രോയിങ് മാഷോ, ഒരു ഫാഷൻ ഡിസൈനറോ? അതിനപ്പുറത്തു ഒരു ലോകത്തേക്ക് എത്തിപ്പെടാൻ ഉള്ള ആഗ്രഹത്തെ സാമ്പത്തിക പരാധീനത മൂലം കഴിയില്ല എന്ന് ഉറപ്പിച്ച നിമിഷം, പോളി ടെക്നിക്കിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ കോഴ്സിന് ചേർന്നു. ഒരു വർഷം കടന്നു പോയി. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന ഇടത്തരം ഫാമിലി ആയതുകൊണ്ട് തന്നെ എൻജിനിയറിങ് പഠനം എന്ന മോഹം ഒക്കെ മാറ്റി വെച്ചു.
തിരിച്ചറിവുകൾ
അവിചാരിതമായി നാട്ടിൽ എത്തിയ ഒരു സുഹൃത്തു സിവിൽ പഠിച്ചു ഇത്രയ്ക്ക് മാർക്ക് വാങ്ങിയിട്ട് നീ ഇതിനാണോ ചേർന്നത് എന്ന ചോദ്യം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. അങ്ങനെ സേലം സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചറിൽ ബി.ആർക്കിനു ചേർന്നു. വരയോടുള്ള താല്പര്യം ബി.ആർക്ക് എന്ന പഠനം ഇന്ററസ്റ്റ് ഉള്ളതാക്കി. ആസ്വദിച്ചു പഠിക്കാൻ കഴിഞ്ഞു. ഫസ്റ്റ് റാങ്ക് ഹോൾഡർ ആയി തന്നെ പാസ് ഔട്ട് ആയി
ആർക്കിടെക്റ്റ് ബ്രിജേഷ് ഷൈജലിന്റെ ഓഫീസിൽ ഇന്റർവ്യൂന് പോകുകയും അവിടെ ട്രെയിനി ആയി ജോയിൻ ചെയ്യുകയും ചെയ്തു. പ്രാക്ടിക്കൽ ആയിട്ടുള്ള കാര്യങ്ങൾ എല്ലാം അവിടെ നിന്ന് പരമാവധി പഠിച്ചെടുക്കാൻ സാധിച്ചു.
സ്വന്തമായി ഒരു വർക്ക് കിട്ടിയത് റെനോവേഷൻ വർക്ക് ആയിരുന്നു. ഒരു നില വീടിന്റെ മുകളിലേക്ക് രണ്ടു മുറി കൂട്ടിയെടുക്കണം, അത്രേ വേണ്ടു. രണ്ടു മുറി കൂട്ടിയെടുത്തുകൊണ്ടു ആ പ്രൊജക്റ്റിൽ ചെയ്യാൻ പറ്റുന്നത് എന്ത് എന്ന് ആലോചിച്ചു ഏറ്റവും ക്രിയേറ്റിവ് ആയി തന്നെ ആ വർക്ക് ഹാൻഡിൽ ചെയ്തു. ക്ലിക്കായി. ആ വർക്ക് കണ്ടിട്ട് നിരവധി പ്രോജക്റ്റുകൾ ചെയ്തു കൊടുക്കാൻ കിട്ടി. എങ്കിലും പെയ്‌മെന്റ് തരുന്നതിൽ പലരും മടി കാണിക്കുന്നതിന്റെ കാരണവും സ്വയം കണ്ടെത്തി. ഇവിടെ നമ്മുടെ ആറ്റിട്യൂഡിന് വലിയ പ്രാധാന്യം ഈ കരിയറിൽ ഉണ്ടെന്നു തിരിച്ചറിഞ്ഞു.
വഴിത്തിരിവുകളുടെ തുടക്കം
“മാറ്റങ്ങൾ എന്റെ ജീവിതത്തിലും അതുപോലെ കരിയറിലും വരുന്നത് ഞാൻ അറിഞ്ഞു തുടങ്ങി.” പിന്നീട് ഗ്രീൻ സ്‌ക്വയർ എന്ന സ്ഥാപനം സ്വന്തമായി തുടങ്ങുകയും ചെയ്തു. എന്റെ ഓഫീസ് എന്റെ സെക്കന്റ് ഹോം ആണ്. ഹരീഷ് പറയുന്നു. ഇതിൽ 1500 സ്‌ക്വയർ ഫീറ്റിൽ ഓഫീസ് സ്‌പേസായും ബാക്കി ഭാഗത്തു നാലു ബെഡ്‌റൂം, ലിവിങ് റൂം, ഹാൾ, ഡൈനിങ്, ബാൽക്കണി എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
പാരമ്പര്യത്തനിമയോടുള്ള പ്രിയം
പരമ്പരാഗത ശൈലി വീടുകളോടായിരുന്നു ഏറെ പ്രിയം. വ്യത്യസ്ത ആശയങ്ങൾ കൂട്ടി ചേർത്ത് പുതുമയേയും പഴമയേയും എല്ലാം ക്ലൈന്റിന്റെ ജീവിത ശൈലിക്ക് അനുസരിച്ചു പണി തീർത്തുകൊടുത്തു. കഠിനാധ്വാനവും ആഗ്രഹവും ആണ് ഈ ഒരു മേഖലയിൽ വളരാൻ സാധിച്ചത്. പടുത്തു ഉയർത്തിയ ഓരോ നിർമ്മിതിക്കൊപ്പം എന്റെ സ്വപ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് ഹരീഷ് പറയുന്നത്.
എന്റെ പല വർക്കുകളും കണ്ടു അതുപോലെ തന്നെ ഒരെണ്ണം വേണം എന്ന് പറഞ്ഞു ക്ലൈന്റ്‌സ് വരും. ബിസിനസ് ആയി ചിന്തിച്ചാൽ അത് ചെയ്തു കൊടുക്കുന്നത് ലാഭം തന്നെ ആണ്. പ്ലാൻ വേറെ വരക്കണ്ട… അങ്ങനെ. എന്നാൽ ഞാൻ അവരെ പറഞ്ഞു മനസിലാക്കുകയാണ് പതിവ്. നിങ്ങൾക്ക് നിങ്ങളുടെ ജീവിത ശൈലിയുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കുന്ന ഇഷ്ടപെട്ട വീട് ഡിസൈൻ ചെയുന്നതാണ് നല്ലതെന്നു പറഞ്ഞു മാറ്റുകയാണ് പതിവ്. ചെയുന്ന ഓരോ വർക്കിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ട് വരണമെന്നും തന്റേതായ കൈയൊപ്പ് പതിയണം എന്നും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ ഓരോ വർക്കിനെയും സമീപിക്കുന്നത് ഏറ്റവും നന്നായി റെഫർ ചെയ്‌തു ആണ്.
കഠിനാധ്വാനം വിജയത്തിലേക്കുള്ള വഴി
തളിപ്പാടം ഗവൺമെന്റ് സ്കൂൾ നിർമ്മാണത്തിലൂടെ നിരവധി സംരചനകൾ വേറിട്ട ശൈലിയിൽ നിർമ്മിക്കാൻ കഴിഞ്ഞു. സ്ഥിരം കണ്ടു വരുന്ന ശൈലികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ആശയങ്ങൾ കൂടിച്ചേർത്തായിരുന്നു സ്കൂളിന്റെ നിർമ്മിതി എന്നത് ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റി. അങ്ങനെ റിസോർട്ടുകളും ഓഡിറ്റോറിയങ്ങളും ഗവൺമെന്റ് പ്രൊജക്റ്റുകളും പടുത്തുയർത്തി.
ഒരു സെന്റിൽ വരെ സ്വപ്ന ഭവനം പൂർത്തീകരിക്കാൻ ആർക്കിടെക്റ്റിന് സാധിച്ചു. വ്യത്യസ്ത രീതികളും ആശയങ്ങളും പരീക്ഷിക്കാൻ പണ്ടേ താല്പര്യമുള്ള ഇദ്ദേഹം മലപ്പുറം ജില്ലയിൽ, ഏത് വേനലിലും മഴ പെയ്തിറങ്ങുന്ന നാലുകെട്ട് പണിതീർത്തു കൊടുത്തു. പരമ്പരാഗത ശൈലിയിൽ പണിതുയർത്തിയ വീടിന്റെ നടുമുറ്റത്തിലാണ് ഇങ്ങനെ മഴ പെയ്യുന്നത്. വീട് നിർമ്മാണത്തിനിടെ തോന്നിയ വേറിട്ട ആശയമാണ് ഇതിലേക്ക് നയിച്ചത്.
പരമ്പരാഗത ശൈലി ആയതുകൊണ്ടുതന്നെ ഓരോന്നും വളരെ സൂക്ഷ്മതയോടെ ചെയ്യണം എന്നാണ് ആർക്കിടെക്റ്റ് ഹരീഷ് പറയുന്നത്. ഓരോന്നിന്റേയും ശാസ്ത്രീയ വശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഓരോ നിർമ്മിതിയും പൂർത്തീകരിക്കേണ്ടത്.
കല്ലുകൊണ്ടൊരു വീട്
10,000 കല്ലുകൾ ഉപയോഗിച്ച് പണിത സ്റ്റോൺ ഹൗസാണ് മറ്റ് നിർമ്മിതികളിൽ നിന്നും തികച്ചും വ്യത്യസ്തമായി നിലകൊള്ളുന്നത്. 2020-ലാണ് കല്ലുകൾ മാത്രം ഉപയോഗിച്ചുള്ള വീടിന്റെ നിർമ്മിതി പൂർത്തിയാക്കിയത്. പ്രകൃതിദത്തമായ കല്ലുകൾ മാത്രമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ബാംഗ്ലൂരിൽ നിന്നാണ് ഈ കല്ലുകൾ ഇറക്കുമതി ചെയ്തത്. കല്ലുകൊണ്ട് നിർമ്മിതമായതുകൊണ്ടു തന്നെ സദാ തണുപ്പ് വീട്ടകങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നു.
ഇനി മറ്റൊരു ഉദ്യമത്തിലേക്ക് കടക്കാൻ ഇരിക്കുകയാണ് ആർക്കിടെക്റ്റ് ഹരീഷ്. കളിമണ്ണ് ഉപയോഗിച്ചുള്ള വീട് എന്ന സംരംഭത്തിന് ഇറങ്ങുകയാണ്. പ്രാദേശികമായി ലഭ്യമാകുന്ന മണ്ണ് ആണ് ഇത്തരം നിർമ്മിതികൾക്ക് അഭികാമ്യം. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള ഇത്തരം നിർമ്മിതികൾ ഉണ്ടാക്കുക എന്നതിലേക്കാണ് ഇനി ശ്രദ്ധ കൊടുക്കുന്നതെന്ന് ആർക്കിടെക്റ്റ് ഹരീഷ് പറയുന്നു.
പലരും സ്വപ്‌നങ്ങൾ പടുത്ത് ഉയർത്തുന്നവർ ആണെങ്കിലും അവ നിറവേറ്റി സാക്ഷാത്കരിക്കുന്നവർ ചുരുക്കം ചിലരായിരിക്കും. ഇവിടെ കലാമൂല്യവും സാമൂഹിക പ്രതിബന്ധതയുമുള്ള നിർമ്മിതികൾ വ്യത്യസ്ത ശൈലികൾ പിന്തുടർന്ന് പണിയുകയാണ് ഈ ആർക്കിടെക്റ്റ്.
“ഹരീഷിൽ നിന്ന് ആർകിടെക്ട് ഹരീഷ് എന്ന് അറിയപ്പെടാൻ തുടങ്ങിയ അന്ന് മുതലാണ് എന്റെ വ്യക്‌തിത്വം ഞാൻ തിരിച്ചറിഞ്ഞത് “ ഹരീഷ് പറയുന്നു. ഭാര്യ ഹർഷ സാറാ തോമസ്, മകൾ നിഹാരികയോടൊത്തു സ്വന്തമായി ഡിസൈൻ ചെയ്ത വീട്ടിൽ ആണ് താമസം. ഒരു ആർക്കിടെക്ടിന്റെ സംബധിച്ചിടത്തോളം ചിലവഴിക്കുന്ന സ്‌പേസ്, വീടായാലും ഓഫീസ് ആയാലും ഏറ്റവും മനോഹരമായിരിക്കണം എന്ന കാഴ്ചപ്പാടാണ് ഹരീഷിന്റേത്.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590