ഫാംഹൗസ് പോലെ

മുഖശ്രീയുള്ള ഒരു നിര്‍മ്മിതിയുടെ ഡിസൈനു പിന്നില്‍ പുറത്തറിയാത്ത നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടാവും. വരയ്ക്കലും മായ്ക്കലും, കൂട്ടിച്ചേര്‍ക്കലും, എടുത്തുമാറ്റലും എല്ലാമായി ആരുമറിയാത്ത പരിശ്രമങ്ങള്‍. അതിനെല്ലാമൊടുവിലാവും കാച്ചിക്കുറുക്കിയെടുത്തപോലെ, പ്രഥമ ദൃഷ്ട്യാ കണ്ണുകളെ പിടിച്ചു നിര്‍ത്തുന്ന നിര്‍മ്മിതികളുടെ പിറവി നടന്നിട്ടുണ്ടാവുക. ഇത്തരം ദൃശ്യഭംഗി ആ നിര്‍മ്മിതിയുടെ നാലുവശത്തുനിന്നുമാവുമ്പോള്‍ അതിനു പ്രാധാന്യമേറുകയായി. മഞ്ചേരിയില്‍ കളത്തുംപടിയിലുള്ള, അഡ്വ. ബാബുനായരുടെയും കുടുംബത്തിന്റെയും വീട് ഏതുവശത്തുനിന്നു നോക്കിയാലും മുഖശ്രീയുള്ള ഒന്നാകുന്നു. മുന്നില്‍ നിന്നും വീതി കുറഞ്ഞ് പുറകോട്ട് വരും തോറും വീതി കൂടി വരുന്ന 9 സെന്റ് സ്ഥലം. അതില്‍ ഫാം ഹൗസിനെ അനുസ്മരിപ്പിക്കുന്ന വീട്. അതിന് നാലു വശത്തുനിന്നും പ്രവേശന മാര്‍ഗ്ഗങ്ങള്‍. പ്ലോട്ടിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി കൊണ്ടുള്ള ഡിസൈന്‍ എന്ന് ആദ്യകാഴ്ചയില്‍ തന്നെ മനസ്സിലാവും. വീടിന്റെ അകവും പുറവുമെല്ലാം ജീവസുറ്റതാക്കി മാറ്റിയിരിക്കുന്നത് കൊച്ചിയിലെ ന്യൂ ആര്‍ക്ക് ഡിസൈനേഴ്‌സിലെ ഡിസൈനര്‍ രമേഷ് പൊതുവാള്‍ ആണ്.

കര്‍വുകള്‍ ഇല്ലാതെ
പ്ലോട്ട് ഇടുങ്ങിയതെങ്കിലും കര്‍വുകള്‍ ഇല്ലാത്ത ഡിസൈനാണ് വീടിന്റേത്. സ്ട്രക്ചറിന്റെ നിര്‍മ്മിതി കൊണ്ടുള്ള ഭംഗിയും ഗാംഭീര്യവുമാണീ വീടിന്. പൊതുവെ ഉയര്‍ന്ന പ്ലോട്ടാണ്. കൂടാതെ ഉയരം കൂട്ടി തന്നെ സ്ട്രക്ചര്‍ പണിതു. ലെവല്‍ വ്യതിയാനം സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി അറിയുവാന്‍ കഴിയുന്നുണ്ട്. പടിപ്പുരയുടെ ഒരു മോഡേണ്‍ പതിപ്പിനുള്ളിലൂടെയാണ് വീട്ടിലേക്കുള്ള ഒരു പ്രവേശനമാര്‍ഗ്ഗം. പടിപ്പുരയോടനുബന്ധിച്ച് ഇരിപ്പിട സൗകര്യവും ഒരുക്കിയിരിക്കുന്നു. സ്ഥിരതാമസം എറണാകുളത്താകയാല്‍ ഈ വീട് ബാബുവിനും കുടുംബത്തിനും ഒരു വീക്കെന്റ് ഹോമാണ്. പ്രകൃതിയേയും പച്ചപ്പിനേയും എല്ലാം സ്‌നേഹിക്കുന്ന ഈ ഗൃഹനാഥന്‍ ലാന്‍ഡ്‌സ്‌കേപ്പിനായി നല്ലൊരു തുക തന്നെ ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ ശ്രമം ഫാം ഹൗസ് പോലെയുള്ള വീട് എന്ന സങ്കല്പത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുണ്ട്. ചുറ്റിനുമുള്ള പരവതാനി വിരിച്ചതുപോലുള്ള പുല്ലും ചെടികളും, പച്ചക്കറിക്കൃഷിയുമെല്ലാം ഈ ശ്രമത്തിന്റെ ഭാഗമാണ്.

ഇക്കോണമി ഇന്റീരിയര്‍
അകത്തളങ്ങളുടെ നിര്‍മ്മാണത്തിന് പ്രത്യേകിച്ച് ഒരു ശൈലി ഇല്ല. പഴമയെന്നോ, പുതുമയെന്നോ, കന്റംപ്രറിയെന്നോ. എന്നാല്‍ ഈ പറഞ്ഞ ശൈലികളുടെയെല്ലാം പ്രത്യേകതകള്‍ ഈ വീടിനുണ്ടുതാനും. ”സാധാരണയില്‍ നിന്നും വ്യത്യസ്തമായ ഒരു പ്ലോട്ടില്‍ ആ പ്ലോട്ടിന്റെ സാധ്യതകളെ മുതലെടുത്തു കൊണ്ടുള്ള ഒരു ഡിസൈന്‍. വീടുപണിയാന്‍ എല്ലാവരും പലപ്പോഴും തെരഞ്ഞെടുക്കുക വലിയൊരു സ്‌ക്വയര്‍ പ്ലോട്ടാണ്. എന്നാല്‍, വ്യത്യസ്ത ആകൃതിയുള്ള പ്ലോട്ടുകളില്‍ വലിയ ഡിസൈന്‍ സാധ്യതകളാവും ഒളിഞ്ഞു കിടക്കുന്നത്. ഇത്തരം പ്ലോട്ടുകളില്‍ നിര്‍മ്മാണം നടത്താനാണ് എനിക്കെപ്പോഴും താല്പര്യം. കാരണം ഒരു പ്ലോട്ടിന്റെ പരിമിതികള്‍ കൂടുമ്പോള്‍ വേറിട്ട ഡിസൈന്‍ സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നു” വീടിന്റെ ഡിസൈനര്‍ രമേഷ് പൊതുവാള്‍ പറയുന്നു.

ആര്‍ഭാടവും അലങ്കാരവും കുത്തിനിറച്ചിട്ടുള്ള അകത്തളങ്ങള്‍ അല്ല ഈ വീടിന്റേത്. മിതത്വവും, സ്വച്ഛതയും, സ്ട്രക്ചര്‍ നിര്‍മ്മാണത്തിലെ സ്വാഭാവികതയും കൊണ്ട് ഒരുക്കിയിരിക്കുന്ന വീട്ടകം. വാഹനമില്ലാതെ വീട്ടിലേക്കു വരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് മുന്‍ഭാഗത്ത് പടിപ്പുരയിലൂടെയുള്ള പ്രവേശനമാര്‍ഗ്ഗം. വാഹനത്തിലെത്തുന്നവര്‍ക്ക് വീടിന്റെ പുറകിലെ ഗേറ്റ് വഴി വീടിനുള്ളിലേക്ക് പ്രവേശിക്കാം. ഇവിടെയാണ് ഫോയര്‍. ഇവിടെ നിന്നും വീടിനുള്ളിലേക്ക് കടക്കുന്നത് ഡൈനിങ്ങിന്റെ ഭാഗത്തേക്കാണ്. സ്‌കൈലൈറ്റ് കോര്‍ട്ട്‌യാര്‍ഡിന്റെയും, സ്റ്റെയര്‍കേസിന്റെയുമെല്ലാം സ്ഥാനം ഇവിടെത്തന്നെയാണ്. സ്‌കൈലൈറ്റിനു പുറമെ ഗ്ലാസിന്റെ സമൃദ്ധമായ ഉപയോഗം വീടിനുള്ളില്‍ വെളിച്ചമെത്തിക്കുവാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് സ്റ്റെയര്‍കേസിന്റെ ഭാഗത്ത്. ജനാലകള്‍ക്കു പുറമെ വീടിനു വെന്റിലേഷനുകള്‍ നല്‍കിയിരിക്കുന്നത് മുറികളുടെ മുകളില്‍ റൂഫിനോടു ചേര്‍ന്നാണ്. വീടിനുള്ളിലെ ചൂടുവായുവിനെ പുറംതള്ളാന്‍ കൂടി ഉപകരിക്കുന്നുണ്ട് ഈ വെന്റിലേഷനുകള്‍.

പൊതുഇടങ്ങളും സ്വകാര്യഇടങ്ങളും
ഇതൊരു സെന്‍ട്രല്‍ ഫോയര്‍ വീടാണ്. നാലുവശത്തു നിന്നും പ്രവേശന മാര്‍ഗ്ഗവും, മുകളിലും താഴെയുമായി സിറ്റൗട്ടും ബാല്‍ക്കണികളുമെല്ലാമായി പ്രകൃതിയെ അടുത്തറിഞ്ഞു കൊണ്ട് ജീവിക്കാനുതകുന്ന തരം വീട്. റോഡിന്റെ പ്രത്യേകത കൊണ്ട് വീടിന് ചുറ്റിനും കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ട് ഡ്രെയ്‌നേജ്‌പൈപ്പ്, സ്വീവേജ് തുടങ്ങിയവയൊന്നും പുറത്തു കാണാത്തവിധം മറച്ചു കൊണ്ടുവേണ്ടിയിരുന്നു ഡിസൈന്‍ ചെയ്യുവാന്‍. പിന്നെ പ്ലോട്ടിന്റെ പ്രത്യേകത കൊണ്ടു തന്നെ വീടിനു കാഴ്ചഭംഗിയും കൈവരുന്നു.

”ഉയരക്കൂടുതല്‍ എപ്പോഴും ശ്രദ്ധയാകര്‍ഷിക്കും; അത് വീടായാലും മറ്റുനിര്‍മ്മിതികള്‍ ആയാലും. ഇവിടെ പ്ലോട്ട് ഉയര്‍ന്നതാണ്. അതിനാല്‍ സ്ട്രക്ചറിന്റെ ഡിസൈനില്‍ മുന്‍ഭാഗം സാധാരണ പൊക്കത്തിലും പിന്നീട് പടിപടിയായി ഉയരം കൂട്ടിയും പണിതു. പുറംകാഴ്ച ശ്രദ്ധയാകര്‍ഷിക്കുന്നതാകണമെങ്കില്‍ മുന്‍പില്‍ അമിത ഉയരം പാടില്ല. എന്നാല്‍ പുറകിലോട്ടു വരുംതോറും ഉയരം കൂടിയും വരണം. ഈ ഡിസൈന്‍ ബോധപൂര്‍വ്വം സ്വീകരിച്ചതാണ്; ഒരു കാഴ്ചവിരുന്ന് ഉദ്ദേശിച്ചുതന്നെ” ഡിസൈനര്‍ രമേഷ് പൊതുവാള്‍ വിശദമാക്കി.
വുഡന്‍ ബ്രൗണ്‍ നിറത്തിനു പുറമെ ഫര്‍ണിഷിങ്ങില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ വിന്യാസമാണ് അകത്തളങ്ങളിലെ അലങ്കാരം. ചുമര്‍ അലങ്കാരത്തിനുപയോഗിച്ചിരിക്കുന്നത് വീടുനിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ ഫ്രെയ്മിനുള്ളിലാക്കിയാണ്. നാലുബെഡ്‌റൂമുകള്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍, ചുറ്റിനും ബാല്‍ക്കണികള്‍ എന്നിവയെല്ലാമുള്‍പ്പെടെ 2620 സ്‌ക്വയര്‍ഫീറ്റിലുള്ള വീടിന് പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളുമായി തിരിച്ചു കൊണ്ടുള്ള ഡിസൈനാണ് രമേഷ് തെരഞ്ഞെടുത്തിരിക്കുന്നത്. ഫാമിലി ഏരിയയ്ക്ക് മറ്റ് മേഖലകളുമായി അകലം പാലിക്കുവാനും അതുവഴി സ്വകാര്യത കൊണ്ടുവരുവാനും കഴിഞ്ഞിരിക്കുന്നു.

”നാലു ബെഡ്‌റൂമുകള്‍ വേണം; കാറ്റും വെളിച്ചവും വേണം; പ്ലോട്ടിന്റെ ഗുണങ്ങള്‍ ഡിസൈനില്‍ പ്രയോജനപ്പെടുത്തിയിരിക്കണം. വെളിയില്‍ നിന്നും നോക്കുമ്പോള്‍ പഴയതായി തോന്നരുത്. എന്നിങ്ങനെ ചില നിര്‍ദ്ദേശങ്ങള്‍” മാത്രമാണ് ഗൃഹനാഥനായ അഡ്വ. ബാബു ഡിസൈനറായ രമേഷിനോട് ആവശ്യപ്പെട്ടത്. അതിനാല്‍ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു രമേഷിന്. ആ സ്വാതന്ത്ര്യമെടുത്തു കൊണ്ട് രമേഷ് നടത്തിയ ഡിസൈനിങ്ങില്‍ തന്റെ വീട് എങ്ങനെയാകണമെന്നാണോ ക്ലൈന്റ് ആഗ്രഹിച്ചത് അതിനേക്കാള്‍ ഒരുപടി കൂടി മുന്നില്‍ നില്‍ക്കുംവിധം പണിതീര്‍ക്കുവാന്‍ സാധിച്ചു എന്നത് ഇരുകൂട്ടര്‍ക്കും സന്തോഷവും സംതൃപ്തിയും പകര്‍ന്നു നല്‍കുന്ന കാര്യമാണ്.

കുറച്ചുമാത്രം വര്‍ണ്ണങ്ങള്‍, ചുറ്റിനുമുള്ള പ്രകൃതിഭംഗി; നാലുവശത്തുനിന്നുമുള്ള കാഴ്ചയ്ക്കു കിട്ടിയ പ്രാധാന്യം- എല്ലാം ചേര്‍ന്ന് ഈ വീടിനെ വേറിട്ടതാക്കുന്നു. അകത്തും പുറത്തുമുള്ള തുറസായ നയം ഗൃഹാന്തരീക്ഷത്തെ കൂടുതല്‍ അടുപ്പമുള്ളതും ആസ്വാദ്യകരവുമാക്കുന്നുണ്ട്. ഈ വീടിന്റെ ഒരിഞ്ചു സ്ഥലം പോലും ഉപയോഗയോഗ്യമല്ലാതായിട്ടില്ല. വീട്ടുകാര്‍ ഈ വീടിന്റെ അകവും പുറവും ഒരേപോലെ ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു ഒരു ഫാംഹൗസ് പോലെ.

»