കണ്ടാൽ പറയുമോ ഇതു പുതുക്കി പണിത വീട് ആണെന്ന്?

വീട് എത്ര വലുതാണെങ്കിലും ജീവിത ശൈലിക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തണം എന്നാഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇവിടെ ഇബ്രാഹിമിനും എല്ലാ സൗകര്യങ്ങളും തികഞ്ഞൊരു വീട് ഉണ്ടായിരുന്നു. 17 വർഷത്തെ പഴക്കമാണ് വീടിന്. മക്കളെല്ലാം മുതിർന്നപ്പോൾ അവരുടെ ആവശ്യങ്ങളും ജീവിതരീതിയും കണക്കിലെടുത്ത് വീടൊന്നു പുതുക്കാൻ തീരുമാനിച്ചു. ഇതിനായി സമീപിച്ചത് ആർക്കിടെക്റ്റ് അർഷക് അലിയെയാണ്. ഒറ്റക്കാര്യം മാത്രമേ വീട്ടുടമ ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടത് നിറയെ കാറ്റും വെളിച്ചവും കടക്കത്തക്ക വിശാലമായിരിക്കണം എല്ലാ സ്പേസുകളും എന്ന്.

പഴയ വീടിന്റെ സൗകര്യങ്ങൾ

ലിവിങ്, ഡൈനിങ്, കിച്ചൻ, 4 കിടപ്പുമുറികൾ എന്നിങ്ങനെ 5207 സ്‌ക്വർഫീറ്റിൽ ഇരുനിലകളിലായിട്ടാണ് പഴയ വീട്ടിലെ സൗകര്യങ്ങൾ ഉണ്ടായിരുന്നത്. അകത്തളങ്ങളിലെല്ലാം ഇരുളിമ നിറഞ്ഞിരുന്നു. പഴമയുടെ ശൈലീഘടകങ്ങൾ ചേർന്നൊരുക്കിയതായിരുന്നു പഴയ വീടിന്റെ എലിവേഷൻ.


പരിവർത്തനങ്ങൾ

രൂപത്തിലും ഭാവത്തിലും മാറ്റങ്ങളൊക്കെ വരുത്തി. പെയിന്റ് ഒക്കെ മാറ്റി നൽകി പഴയ എലിവേഷൻ അതേപടി തന്നെ നിലനിർത്തി. മുറ്റം പച്ചപ്പുല്ല് വിരിച്ചു ലാൻഡ്സ്‌കേപ്പിങ് ഭംഗിയാക്കി. ഇതുകൂടാതെ ലൈറ്റ് ഫിറ്റിങ്ങുകൾ എലിവേഷനെ ആഡംബരപൂർണമാക്കുന്നു. ആരുമൊന്ന് നോക്കി പോകും വിധം രൂപമാറ്റം പുറമേ നിന്നു തന്നെ ദൃശ്യമാണിപ്പോൾ. ആർക്കിടെക്റ്റിന് നൽകിയ സർവ്വ സ്വാതന്ത്രം വീടിന്റെ ഭംഗിയുടെയും സൗകര്യങ്ങളുടേയും അടിസ്ഥാനമായി വർത്തിക്കുന്ന ഒന്നാണ്.പ്രധാന വാതിൽ തുറന്ന് അകത്തളങ്ങളിലേക്ക് എത്തുമ്പോൾ ഒരു ഫോയർ സ്പേസാണ്. ഫോയർ സ്പേസ് പുതിയതായി കൂട്ടിച്ചേർത്തതാണ്. ഇവിടെ ആദ്യം കണ്ണിലുടക്കുക സീലിങ്ങിൽ നൽകിയിരിക്കുന്ന പ്ലൈവുഡ് പാനലിങ്ങാണ്. ഈ പാനലിങ്ങിൽ നിന്നും ഒരു ഹാംഗിങ് ലൈറ്റും കൊടുത്തു.ഫാമിലി ലിവിങ് വരുന്നത് ഫോയറിന്റെ വലതുവശത്തായാണ്. പഴയ വീട്ടിലെ ഡൈനിങ് സ്പേസാണ് പുതിയ ഫാമിലി ലിവിങ്ങായി പരിവർത്തിപ്പിച്ചിരിക്കുന്നത്. ഇവിടെ വിശാലമായ സ്പേസാക്കി മാറ്റി. പഴയ ഡൈനിങ്ങിനോട് ചേർന്ന് ഉണ്ടായിരുന്ന മൂന്ന് മീറ്റർ ഉയരമുള്ള രണ്ട് ജനാലകൾ കട്ട് ചെയ്ത് സ്ലൈഡിങ് ഡോറാക്കി മാറ്റി. വലിയ ജനാലകളും ഗ്ലാസ് ഡോറുകളുമെല്ലാം അകത്തളങ്ങളെ പ്രകാശപൂരിതമാക്കുന്നു.ഒന്നും കുറയാതെ

പഴയ സ്റ്റെയർകേസ് അതേപടി നിലനിർത്തി മോടിക്കൂട്ടി. ഫാമിലി ലിവിങ്ങിൽ നിന്നും തന്നെയാണ് സ്റ്റെയറിന്റെ സ്ഥാനം. തേക്കാണ് സ്റ്റെയറിന് ഭംഗി പകരുന്നത്. ഫാമിലി ലിവിങ്ങിലെ സീലിങ് പ്ലൈവുഡിൽ വെനീർ ഫിനിഷ് നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഡൈനിങ്ങിനോട് ചേർന്നാണ് വാഷ് കൗണ്ടറിനും കോമൺ ടോയ്‌ലറ്റിനും സ്ഥാനം കൊടുത്തത്. ഫാമിലി ഡൈനിങ്ങും അതിനോട് ചേർന്നൊരു ലേഡീസ് സിറ്റിങ്ങും കൊടുത്തു. സീലിങ്ങിലും ഭിത്തിയിലും പിന്തുടർന്നിട്ടുള്ള ടെക്സ്ചർ ഫിനിഷിങ് വ്യത്യസ്തത നൽകുന്നുണ്ട്.വീടിനോട് ചേർന്നുതന്നെ ഒരു സ്വിമ്മിങ് പൂളും പണിതു. കൂടാതെ ഒരു ജിംനേഷ്യവും ആർട്ട് ഗ്യാലറിയും കൂട്ടിച്ചേർത്തു. വീട്ടുടമയുടെ ഒരു മകൾ നന്നായി വരയ്ക്കും, ഈ മകൾക്ക് വേണ്ടിയാണ് ഗ്യാലറി ഒരുക്കിയത്. ഇവ കൂടാതെ ഒരു നിസ്കാര മുറിയും കോമൺ ടോയ്‌ലെറ്റും പുതിയതായി കൂട്ടിച്ചേർത്തതാണ്.

ഇന്റീരിയറിന്റെ ഹൈലൈറ്റ് എന്നു പറയുന്നത് വിശാലമായ സ്പേസിൽ ഒരുക്കിയ ഗസ്റ്റ് ഡൈനിങ്ങാണ്. ഡബിൾ ഹൈറ്റ് സ്പേസിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. താരനിരപ്പിൽ നിന്നും 6 മീറ്റർ ഉയരമാണ് ഡൈനിങ് ഏരിയയ്ക്ക് ഉള്ളത്. ഇവിടെ നിന്നും പുറത്തെ പൂളിലേക്ക് കാഴ്ച എത്തും വിധം ഡൈനിങ് ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി ഗ്ലാസിന്റെ വലിയ ഓപ്പണിങ് നൽകി. മച്ച് എന്ന ആശയത്തിന് മുൻ‌തൂക്കം നൽകി ഒരുക്കിയ സീലിങ്ങും അതിനു ചേർന്ന് പോകുംവിധം നൽകിയ ഫ്ലോറിങ്ങുമാണ് പ്രത്യേകത. എവിടെ തൂക്കിയിട്ടിരിക്കുന്ന ഷാന്റിലിയർ വിസ്മയമാണ്.പഴയ കിച്ചനെ പാർട്ടീഷനുകൾ ഏർപ്പെടുത്തി സിറ്റിങ് സ്പേസും പാൻട്രി സ്പേസും കൂടി പുതിയ വീട്ടിൽ നൽകി. ഫാമിലി ലിവിങ്ങിൽ നിന്നും ഗസ്റ്റ് ഡൈനിങ്ങിലേക്കും പാൻട്രിലേക്കും പോകാവുന്ന വിധം ക്രമീകരിച്ചു. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചൻ കൂടി കൂട്ടിയെടുത്തു. ഈ ഷോ കിച്ചനും വർക്കിങ് കിച്ചനും ഇടയിലായി ഒരു നടപ്പാതയും ഒരു കിണറും കൊടുത്തു. പുറത്തുനിന്നും ഈ സ്പേസിലേക്ക് പ്രവേശിക്കാവുന്നതാണ്.

ആഢംബരത്തികവോടെ ആവിഷ്കാരങ്ങൾ

ആറ് കിടപ്പുമുറികളാണ് മുകളിലും താഴെയുമായിട്ടുള്ളത്. സൗന്ദര്യ ശാസ്ത്രത്തിലൂന്നിയുള്ള ഡിസൈൻ രീതികളും നയങ്ങളുമാണ് എല്ലാ മുറികളിലും പിന്തുടർന്നിട്ടുള്ളത്. പരമ്പരാഗത ശൈലി ഘടകങ്ങളും സമകാലീന ഘടകങ്ങളും എല്ലാം കൂട്ടിയിണക്കിയിരിക്കുന്നത് കാണാം. ടെക്സ്ചർ ഫിനിഷിങ്ങുകളും സീലിങ് പാറ്റേണുകളും എല്ലാം മുറികളുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നു. സ്റ്റോറേജ് സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും എല്ലാ മുറികളിലും നൽകി.മോഡേൺ കിച്ചനാണ്. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചനും ഉണ്ട്. അത്യാധുനിക മെറ്റീരിയലുകളും ഫിനിഷിങ്ങുകളുമാണ് അടുക്കളയിൽ കൊടുത്തിട്ടുള്ളത്. ഭിത്തിയുടെ ഒരു ഭാഗത്ത് 3 വാൾ ടൈൽ ണ് നൽകി ഹൈലൈറ്റ് ചെയ്തു. എൽ.ഇ.ഡി സ്പോട്ട് ലൈറ്റുകളും കോവ് ലൈറ്റുകളുമെല്ലാം അടുക്കളയിൽ ആംപിയൻസ് നിറയ്ക്കുന്നു.ഇങ്ങനെ അധികം പൊളിച്ചു നീക്കലുകൾ ഇല്ലാതെ അകംപുറം ഏറ്റവും നൂതനാശയങ്ങളും പുതുപുത്തൻ സാമഗ്രികളും ഉപയോഗിച്ച് പരിവർത്തിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ് വീടിന്റെ ഹൈലൈറ്റ്.

Client – Ibrahim
Location – Tiroorkad, Perinthalmanna
Plot – 3 acer
Area – 6788(new) , 5207(old)

Design – Ar. Arshak Ali
Niraman Architects,
Manjeri
Phone – 90722 23412

«