ഹൃദയാഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്ന ഇന്റീരിയർ

പാരമ്പര്യത്തിന്റെ പകിട്ടിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് ബാംഗ്ലൂർ ബ്രിഗേഡ് എക്സോട്ടിക്കിലുള്ള ഈ ഫ്ലാറ്റ്. എടുത്ത് പറയാവുന്ന ഒന്നോ രണ്ടോ സവിശേഷതയല്ല ഈ ഫ്ലാറ്റിനെ വ്യത്യസ്തമാക്കുന്നത്. അകത്തളത്തിന്റെ സർവ്വകോണിലും വിശേഷങ്ങൾ സമ്മേളിപ്പിച്ചു കൊണ്ടാണ് ഡിസൈനർ സ്വാതി ഈ ഫ്ലാറ്റകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആധുനിക ജീവിത ശൈലിക്ക് ഇണങ്ങുന്നതാവണം ഒപ്പം ട്രഡീഷണൽ സൗന്ദര്യത്തിന് പ്രാമുഖ്യവും വേണം എന്നായിരുന്നു വീട്ടുടമസ്ഥരുടെ ആവശ്യം. മുഖ്യ പ്രമേയത്തോട് നീതി പുലർത്തിയാണ് ഡിസൈനർ സ്വാതി അകത്തളം ഒരുക്കിയിരിക്കുന്നത്.സമകാലിക ജീവിത സൗകര്യങ്ങൾ സാധ്യമാക്കുന്നതിന് ട്രഡീഷണൽ നിർവ്വചനത്തിലുള്ള രൂപകല്പനയാണ് സ്വാതി ഒരുക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങൾക്ക് മുൻഗണന നൽകിയാണ് ഓരോ ചെറിയ കാര്യവും സാക്ഷാത്കരിച്ചിരിക്കുന്നത്. നിസാരമെന്ന് കരുതുന്ന ഡീറ്റെയിൽസ് പോലും അവഗണിക്കാതെയാണ് സ്വാതി അകത്തളം ഒരുക്കിയിട്ടുള്ളത്. സ്വഭാവിക സാമഗ്രികളുടെ സമ്മേളനമാണ് അകത്തളത്തിൽ. കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങളുടെ പ്രതിഫലനമാണ് അകത്തള സൗകര്യത്തിൽ കാണാനാവുക.പൊതു ഇടത്തെ തുറന്നിടുന്ന രീതി തന്നെയാണ് ഈ ഫ്ലാറ്റിലും അവലംബിച്ചിരിക്കുന്നത്. ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ ഒരുമിച്ചാണ്. അകത്തളം ആദ്യ കാഴ്ചയിൽ വിശാലമാക്കുന്നത് ഇടങ്ങളുടെ ഈ ഏകോപനമാണ്. ആധുനിക ഇരിപ്പിട സംവിധാനത്തിന് ട്രഡീഷണൽ നിർവ്വചനമാണ്. റെസ്റ്റിക് ഭിത്തിയിൽ മ്യൂറൽ ചിത്രത്തിന്റെ അഴകാണ്. ലൈറ്റിന്റെ സവിശേഷത സ്വീകരണ മുറിയുടെ ഓരോ കോണിലും വെളിച്ചമെത്താൻ സഹായിക്കുന്നു.


അമ്പലത്തിന്റെ ഒരു മിനിയേച്ചർ രൂപമാണ് പൂജ മുറിയാക്കിയിരിക്കുന്നത്. ഗ്രേ സ്റ്റോൺ (തദ്ദേശികമായി ലഭിക്കുന്ന സാമഗ്രി) കൊണ്ടാണ് പൂജാമുറിയുടെ വാതിൽ.

ഫാമിലി ലിവിങ്ങും ഫോർമൽ ലിവിങ്ങും തമ്മിൽ വേർതിരിക്കുന്നത് വുഡൻ പാർട്ടീഷനാണ്. ട്രഡീഷണൽ നിർവ്വചനത്തിലാണ് ഈ വുഡൻ പാർട്ടീഷനും. ലൂവർ ശൈലിയിലുള്ളതാണ് പാർട്ടീഷൻ. ദൃശ്യ തുടർച്ച മുറിയുന്നുവെങ്കിലും വായു പ്രവാഹം ഉറപ്പുവരുത്തുന്നതാണ് ഈ പാർട്ടീഷൻ.


അടുക്കളയും ഡൈനിങ്ങും അടുത്തടുത്താണ്. ഓപ്പൺ ആശയത്തിലാണ് അടുക്കള. പാചകവും ഭക്ഷണവും ഒരുമിച്ചാകാം. ഡൈനിങ് ടേബിൾ വുഡും നാച്ചുറൽ സ്റ്റോണും കൊണ്ടാണ്. ട്രഡീഷണൽ രീതിയിലാണ് രൂപകല്പന. കിച്ചണിൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ബാക്ക് പെയിന്റഡ് ഗ്ലാസ് കൊണ്ടാണ് ക്യാബിനറ്റ് ഷട്ടറുകൾ. ഭിത്തിയിൽ ടൈലാണ്.ഷാംപെയിൻ നിറാശയത്തിലാണ് അടുക്കള. കൗണ്ടർ ടോപ്പിന് നാച്ചുറൽ സ്റ്റോൺ ആണ്. സ്റ്റോറേജിന്‌ പരമാവധി സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധുനിക പാചക സംവിധാനങ്ങളാണ് അടുക്കളയിൽ. നവീന സങ്കേതങ്ങൾ മാത്രം ഉപയോഗിച്ചിരിക്കുന്നത് ഈ അടുക്കളയിൽ മാത്രമാണ്.മാസ്റ്റർ ബെഡ്‌റൂമിൽ കനോപ്പി ബെഡാണ്. ഇരുണ്ട നിറത്തിലുള്ള വുഡൻ ടൈൽ കൊണ്ടാണ് ഫ്ലോറിങ്. വെൺ ചാരുതയാണ് സീലിങ്ങിൽ. കിടപ്പുമുറിയിൽ ഒരു ടു സീറ്റർ സോഫയും നൽകിയിട്ടുണ്ട്. ഫുൾ ലെങ്ത് വാർഡ്രോബാണ് ബെഡ്‌റൂമിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റോറേജിന്‌ ഇത് കൂടുതൽ സൗകര്യം നൽകുന്നുണ്ട്. ട്രഡീഷണൽ ഘടകങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് സ്റ്റഡി ടേബിളും സീലിങ്ങും ചുമരുകളും ക്രമീകരിച്ചിരിക്കുന്നത്.കസ്‌റ്റം മെയിഡ് ഫർണിച്ചറാണ് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുറികളുടെ ഫങ്ഷൻ പൂർണതയിലെത്തിക്കാൻ കഴിയുന്നുണ്ട്. കുട്ടികളുടെ മുറിയിൽ സ്റ്റഡി ഏരിയയും ലൈബ്രറിയും ഉറക്കറയും ഒരോ പ്രാധാന്യത്തോടെയാണ്. പിങ്കിന്റെ വൈവിധ്യമാണ് ചുമരിൽ.പ്രകൃതിയുമായി അകത്തളം ചേർത്തു വെയ്ക്കുന്നത് ബാൽക്കണിയാണ്. ഊഞ്ഞാലും ഇൻ ബിൽറ്റ് ഇരിപ്പിടവും പ്ലാന്റർ ബോക്‌സും ഈ ബാൽക്കണിയെ ഫ്ലാറ്റിന്റെ അഭിവാജ്യ ഘടകമാക്കുന്നു.


ആധുനിക ജീവിത ശൈലിക്ക് ഇണങ്ങുന്ന രീതിയിൽ ട്രഡീഷനെ എങ്ങനെ നിർവ്വചിക്കാം എന്നതാണ് ഈ ഫ്ലാറ്റും ഇതിന്റെ അകത്തളവും കാണിച്ചു തരുന്നത്. അന്തേവാസികളുടെ ഹൃദയാഭിലാഷങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഫ്ലാറ്റകം.

Project – Brigade Exotica
Location – Bangalore

Design – Swati Seraan
By the Riverside
, Bangalore
Ph – 9886439281

«