മോഡേൺ ഫ്ലാറ്റ് ഇന്റീരിയർ

സമകാലിക ശൈലിയുടെ കൃത്യമായ നിർവ്വചനം. ആധുനിക സങ്കേതങ്ങളും സാമഗ്രികളും കൊണ്ട് ഫങ്ങ്ഷണലാക്കിയിരിക്കുന്ന വീട്ടകം. ഗുണമേന്മയുള്ള സാമഗ്രികൾ കൃത്യമായി ഇണക്കി ഒരുക്കിയിരിക്കുന്ന വീട്ടകത്ത് നിന്നും കാണാൻ കഴിയുന്നത് അനുഭവ സമ്പന്നനായ ഒരു വാസ്തു ശില്പിയുടെ കയ്യൊപ്പ് ആണ്. ഔറംഗാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിസൈൻ ക്വോസ്റ്റ് കോർപ്പറേഷന്റെ ചീഫ് ആർക്കിടെക്റ്റ് സെയ്ദ് അസ്മത്ത് ചിട്ടപ്പെടുത്തിയതാണ് ഈ അകത്തളം.

മൂന്ന് നിലയുള്ള ഒരു ബംഗ്ലാവ്. അതിന്റെ ഓരോ നിലയിലും താമസക്കാർ സഹോദരങ്ങളാണ്. അതിൽ സിറാജ് കാദറിനും കുടുംബത്തിനുമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഫ്ലാറ്റ് ആധുനിക സൗകര്യങ്ങളും കാലിക സാമഗ്രികളും സമ്മേളിക്കുന്നതാണ്. ആയിരം ചതുരശ്രയടി വിസ്തീർണത്തിൽ സ്വീകരണമുറി, ഡൈനിങ്, കിച്ചൻ, ഫാമിലി സിറ്റിങ് സ്പേസ്, മൂന്ന് കിടപ്പുമുറികളും അടങ്ങുന്നതാണ്.കുറഞ്ഞ ഫർണിച്ചർ ലളിതമായിട്ടുള്ള നിർമാണ സാമഗ്രികൾ ഒപ്പം ഇളം നിറങ്ങളും കാരണം കുടുംബാംഗങ്ങളുടെ ആവശ്യം അലങ്കോലമാവാത്ത തരത്തിലുള്ള ഇന്റീരിയർ എന്നതായിരുന്നു. എളുപ്പത്തിൽ ആവശ്യങ്ങൾ നടക്കണം ഈസിയായിട്ടുള്ള ട്രാഫിക്കും ഒരുക്കണം എന്നിങ്ങനെയായിരുന്നു കുടുംബാംഗങ്ങളുടെ മറ്റ് ഡിമാന്റ്.

മാർബിളിന്റെ മനോഹാരിതയാണ് ഫ്ലോറിൽ. ഗ്രേ ഷെയിഡാണ് ചുമരുകൾക്ക്. മൂന്ന് നിലകളേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഒരു ഷോവാൾ തീർത്തിട്ടുണ്ട്. ഇതിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിരിക്കുന്നത് ഈ വീട്ടിൽ നിന്നുള്ള കൗതുക കാഴ്ചകളിൽ പ്രധാനപ്പെട്ടതാണ്. ഫ്ലാറ്റിലേക്ക് പ്രവേശിക്കുമ്പോൾ ഇടത് വശത്താണ് ഈ ഷോവാൾ. ജി.ഐ റെയിലും വുഡൻ സീറ്റിങ്ങും നൽകിയിട്ടുണ്ട് ഈ ഭാഗത്ത്. ഗ്രിൽ നൽകി സുരക്ഷയും ഒരുക്കിയിട്ടുണ്ട്.സോഫ സീറ്റിങ്ങാണ് ലിവിങ്ങിൽ. ലെതർ കൊണ്ടാണ് സോഫ. ഗ്രിൽ പാർട്ടീഷൻ വാളിലാണ് ടി.വി യൂണിറ്റ്. ടി.വി യൂണിറ്റിനൊപ്പം സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്ലാസ് വാളും കാർട്ടനുമാണ് മുറിയിലെ പ്രകാശ നിയന്ത്രണം സാധ്യമാക്കുന്നത്. മച്ചിൽ ജിപ്സം ബോർഡ് കൊണ്ട് ഫോൾസ് സീലിങ് ഒരുക്കിയിട്ടുണ്ട്.

ഡൈനിങ് റൂമിന് അഭിമുഖമായിട്ടാണ് വെർട്ടിക്കൽ ഗാർഡനുള്ള ഷോവാൾ. ഇടനാഴിക്ക് അഭിമുഖമായിട്ടാണ് സന്ദർശകമുറിയും ഡൈനിങ്ങും ക്രമീകരിച്ചിരിക്കുന്നത്. സമകാലിക ശൈലിയിലുള്ളതാണ് ഡൈനിങ് ടേബിൾ. ഭിത്തിയിൽ ബ്രിക്ക് ക്ലാഡിങ് നൽകി. സീലിങ്ങിൽ വാൾപേപ്പറാണ്. ബേ വിൻഡോ നൽകി ഇരിപ്പിടവും സ്റ്റോറേജും ഷോക്കേസും ഒരുക്കിയിട്ടുണ്ട്.കുറഞ്ഞ സ്പേസിൽ സൗകര്യങ്ങൾ ക്രമീകരിക്കുന്നവർക്ക് ഒരു അനുകരണീയ മാതൃകയാണ് ഈ ബേ വിൻഡോയുടേത്. ഗ്ലാസ് വാളിന് കർട്ടനിട്ടിരിക്കുകയാണ് ഇവിടെയും. പൊതുഇടങ്ങളിലേക്ക് പരമാവധി വെളിച്ചമെത്തിക്കാൻ ഗ്ലാസ് വാൾ സഹായിക്കുന്നുണ്ട്. വാഷ് ഏരിയ ഹൈലൈറ്റ് ചെയ്യുന്നത് കടുംവർണത്തിന്റെ തിളക്കത്തിലാണ്.


ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് അടുക്കള. സ്റ്റോറേജിന്‌ കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട് ഇവിടെ. ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിൽ. പാചകം എളുപ്പമാക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഇവിടുണ്ട്.മൂന്ന് കിടപ്പുമുറികളാണ് ഇവിടുള്ളത്. കുട്ടികളുടെ മുറിയാണ് ഏറ്റവും കളർഫുൾ. വൈറ്റ്-റെഡ്-ഗ്രേ നിറങ്ങളുടെ കോംപിനേഷനിലാണ് കുട്ടികളുടെ മുറി. പഠന സൗകര്യവും സ്റ്റോറേജ് സജ്ജീകരണങ്ങളും ഈ കിടപ്പുമുറിയുടെ ഭാഗമായിട്ടുണ്ട്.വെവ്വേറെ പാറ്റേണിലാണ് കിടപ്പുമുറികൾ ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്ബോർഡിലുള്ള വുഡൻ പാനലിങ് ആണ് മാസ്റ്റർ ബെഡ്‌റൂമിനെ ആകർഷകമാക്കുന്നത്. ബാത്ത് അറ്റാച്ചിഡാണ് കിടപ്പുമുറികൾ. വൈറ്റ് ഡ്രൈ പാർട്ടീഷനോട് കൂടിയതാണ് ബാത്ത്റൂമുകൾ.ആധുനിക സൗകര്യങ്ങൾ, കാലികമായ സാമഗ്രികൾ, മികച്ച പ്ലാനിങ് എന്നിങ്ങനെ ഒരു മോഡേൺ ഫ്ലാറ്റ് ഇന്റീരിയറിന്റെ ചേരുവകളെല്ലാം കൃത്യമായി യോജിക്കുന്നതാണ് ഈ അകത്തളം.Client – Siraj Kadar
Location – Aurangabad
Area – 1000 sqft

Design – Ar.Sayed Azmat
Design Quest Corporation,

Aurangabad
www.syedazmat.com

«