വീടുപണിയാനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ

ഒരു വീട് നിർമ്മിക്കണമെങ്കിൽ ആദ്യം നല്ലൊരു സ്ഥലം വേണം. കുടുംബ വിഹിതം കിട്ടിയ പ്ലോട്ടിൽ വീട് നിർമ്മിക്കാൻ എളുപ്പമാണ്, വീടിനുള്ള പണം മാത്രം കണ്ടെത്തിയാൽ മതിയല്ലോ. എന്നാൽ അതില്ലാത്തവർക്ക് സ്ഥലം വാങ്ങാനുള്ള ചെലവുകൂടി കണ്ടെത്തണം. നഗരത്തിയായാലും നാട്ടിൻ പുറത്തായാലും വിലയിൽ ഒരുകുറവുമില്ല.

നോട്ട് നിരോധനം മൂലം ബിസിനസ്സ് വളരെമോശം, കച്ചവടം ഒന്നും നടക്കുന്നില്ല എന്നൊക്ക ചായക്കടയിലും ബാർബർ ഷോപ്പിലും അന്തിചർച്ചകളിലും സംസാരവിഷയമാണെങ്കിലും സ്ഥലം വാങ്ങാൻ പോകുമ്പോൾ ഒരു ഉടമസ്ഥനും വില കുറച്ചു നല്കാൻ തയ്യാറാകില്ല.

കയ്യിലുള്ള പൈസ മുഴുവൻ എടുത്ത് സ്ഥലം വാങ്ങിയവർ വീടുണ്ടാക്കാൻ ഒരു എഞ്ചിനീയറെ സമീപിക്കുമ്പോൾ ആണ് അവർ വിചാരിക്കുന്ന വീടിന്റെ ചെലവ് എത്ര കൂടുതൽ ആണെന്ന് അറിയുന്നത്. തുടർന്ന് അതുവരെയുണ്ടായ താല്പര്യങ്ങൾ എല്ലാം അസ്തമിക്കുകയും ഇനി പണമാകുമ്പോൾ വീടിനെകുറിച്ചു ചിന്തിക്കാം എന്ന് പറഞ്ഞു ഒന്നോ രണ്ടോ വർഷം വീണ്ടും കാത്തിരിക്കുന്നു. ഫലമോ മെറ്റീരിയൽ, ലേബർ ചെലവുകൾ എല്ലാം രണ്ടു വർഷം കൊണ്ട് കൂടിയിരിക്കുന്നു.

സ്ഥലം വാങ്ങി വീട് പണിയുന്നവർ തീർച്ചയായും സ്ഥലം വാങ്ങുന്നതിനു മുൻപുതന്നെ ആകെ ചെലവ് മനസ്സിലാക്കി തങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന ഒരു ബഡ്ജറ്റ് കണ്ടു ആവശ്യങ്ങൾ എല്ലാം വിട്ടുവീഴ്ച ചെയ്ത് ഗൃഹനിർമ്മാണത്തിനായി ഇറങ്ങി തിരിക്കുക.

പത്ത് സെന്റ് വാങ്ങാൻ താല്പര്യമുള്ളവർ എട്ടു സെന്റിൽ തൃപ്തിപ്പെടേണ്ടി വരും. 2000 സ്‌ക്വർ ഫീറ്റ് വീട് വെക്കണം എന്ന് ആഗ്രഹിച്ചവർ 1800 സ്‌ക്വർ ഫീറ്റ് ആക്കി ഏരിയ കുറച്ചു നിർമ്മിക്കാൻ തയ്യാറാകേണ്ടിവരും, എങ്കിൽ ഒരു പരിധിവരെ വീട് നിർമ്മാണ സമയത്തുള്ള ടെൻഷൻ ഒഴിവാക്കാം.

സ്ഥലം വാങ്ങാൻ ഇറങ്ങിപുറപ്പെട്ടവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. തറവാട് വിഹിതം കിട്ടിയ പ്ലോട്ടിന്റെ ഭംഗിയോ, ആകൃതിയോ അതിന്റെ മൂല്യമോ ഒന്നും ആർക്കും പ്രശ്നമല്ല, എന്നാൽ പൈസ കൊടുത്തു വാങ്ങുന്നതു അബദ്ധം ആകാൻ പാടില്ലല്ലോ.

സ്ഥലത്തെ ബ്രോക്കറും ഉടമസ്ഥനും അയൽവക്കകാരും ഒരു ഭാഗത്തും സ്ഥലം വാങ്ങാൻ വരുന്നയാൾ മറുഭാഗത്തും ആയിരിക്കും എപ്പോഴും. അല്ലെങ്കിൽ വില്പനക്കാരനോട് ശത്രുതയുള്ള ആരെങ്കിലും അവിടെ ഉണ്ടാകണം അവിടുത്തെ പ്രശ്നങ്ങൾ പറഞ്ഞു തരാൻ. ചിലപ്പോൾ നല്ല സ്ഥലം ആണെങ്കിലും അത് നമുക്ക് ശരിയാകില്ല വേറെ കാണിച്ചു തരാം എന്നും ഇക്കൂട്ടർ പറയാൻ സാധ്യതയുണ്ട് .

ഒരു പ്ലോട്ട് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം

ഏറ്റവും പ്രധാനം വാഹന സൗകര്യം തന്നെയാണ്. വീതിയുള്ള റോഡ് അത്യാവശ്യമാണ്. നഗരത്തിൽ എല്ലാ കട്ട് റോഡുകളും നിസ്സാൻ റോഡുകളാണ്. നിസ്സാൻ ലോറി അതിലെപോകും എന്ന് സാരം. എന്നാൽ ഈ വഴികളിലൂടെ കുറെയേറെ ദൂരം വളവും തിരിവുമായി സഞ്ചരിക്കാനുണ്ടെങ്കിൽ വാഹനവുമായി പോകുമ്പോൾ പണി കിട്ടും. പ്രത്യേകിച്ച് വലിയ വാഹനങ്ങൾ ഉള്ളവർക്ക്. അതുകൊണ്ടു റോഡ് സൗകര്യം നോക്കി വേണം സ്ഥലം മേടിക്കാൻ.

കഴിയുന്നതും ചതുരം അല്ലെങ്കിൽ ദീർഘ ചതുരം പ്ലോട്ടുകൾ എടുക്കുക. ബിൽഡ് അപ്പ് ഏരിയ കൂടുതൽ കിട്ടാൻ ഇത് ഉപകരിക്കും. 90 ഡിഗ്രി അല്ലാത്ത ചെരിഞ്ഞ പ്ലോട്ട് ആണെങ്കിൽ വീട് പണി കഴിഞ്ഞു വീടിനു പാരലൽ അല്ലാതെ മതിൽ ചെരിഞ്ഞു പോകുന്നതായി കാണും. ഇത് പുറത്തെ യാർഡ് ലാൻഡ്സ്കേപ് എല്ലാം കഴിയുമ്പോൾ അഭംഗി ഉണ്ടാക്കും. മൂന്നോ നാലോ സെന്റ് വാങ്ങി വീടുവെക്കുന്നവർ തീർച്ചയായും ഇത്തരം പ്ലോട്ടുകൾ വാങ്ങാതിരിക്കുക.

ചെറിയ പ്ലോട്ട് വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീടിന്റെ രണ്ടു അതിരുകളോട് ചേർന്ന് നടവഴി ഉണ്ടോ എന്നതാണ്. അവിടെ നിന്നും മുനിസിപ്പൽ റൂൾ പ്രകാരം സെറ്റ്ബാക്ക് വിട്ടുകഴിഞ്ഞാൽ ബിൽഡ് അപ്പ് ഏരിയ കുറെ നഷ്ടപ്പെടും.

വാങ്ങുന്ന സ്ഥലം റോഡിന്റെ ലെവലോ ഉയർന്നിട്ടോ ആണ് നല്ലത്. കഴിഞ്ഞ ദിവസം ഒരാൾ ഒരു സംശയം ചോദിച്ചു വാട്സാപ്പ് വോയ്സ് ക്ലിപ്പ് അയച്ചു. അദ്ദേഹത്തിന്റെ കൈവശം പത്ത് ലക്ഷം രൂപയുണ്ട്. പ്ലോട്ട് ഒരാൾ പൊക്കത്തിൽ റോഡിൽ നിന്ന് താഴ്ന്നാണ് ഉള്ളത്.പില്ലർ ചെയ്യണം, വരുന്ന കരാറുകാർ ഒക്കെ ഇരുപതും ഇരുപത്തഞ്ചും ലക്ഷമാണ് ചോദിക്കുന്നത്. പത്തു ലക്ഷത്തിനു തീർക്കാൻ ഞാൻ എന്ത് ചെയ്യും, അതിൽ കൂടുതൽ എനിക്ക് ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ഈയൊരു പ്രശ്നം എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. തൊട്ടടുത്ത പ്ലോട്ടിനെക്കാൾ ചിലപ്പോൾ സ്ഥലത്തിന് നല്ല വില കുറച്ചു കിട്ടുമ്പോൾ ഇത് വാങ്ങാൻ ചിലർ തയ്യാറാകും. അപ്പോഴത്തെ ലാഭമാണ് ഇവർ നോക്കുന്നത്. എന്നാൽ വീട് നിർമ്മാണ സമയത്ത് നല്ലൊരു തുക അധികം ചെലവഴിക്കാൻ ഇവർ തയ്യാറാകേണ്ടി വരും.

റോഡിനോട് ചേർന്നുള്ള ഭാഗം ലെവൽ ആണെങ്കിലും പിറകിലേക്ക് ചെരിഞ്ഞു പോകുന്ന ഭൂമിയാണെങ്കിലും ഫൗണ്ടേഷൻ സമയത്ത് ഇത് ലെവൽ ചെയ്ത് ബഡ്ജറ്റ് കൂടാൻ സാധ്യത ഉണ്ട്. പല ലെവലിൽ ചെയ്യാമല്ലോ എന്നൊക്കെ ചിലപ്പോൾ തോന്നും. പിന്നീട് ചെലവ് കൂടും എന്നുറപ്പാണ്.

റോഡിൽ നിന്നും സെക്കൻഡ് പ്ലോട്ട് ആണെങ്കിൽ അതിന് ശേഷമുള്ള പ്ലോട്ട് ഉയർന്നാണെങ്കിൽ തീർച്ചയായും മെയിൻ റോഡിന്റെ ഉയരം നോക്കി ഫൗണ്ടേഷൻ ലെവൽ കാണേണ്ടി വരും, അല്ലെങ്കിൽ മഴക്കാലത്ത് പറമ്പിൽ വെള്ളം കെട്ടികിടക്കും. ഇങ്ങനെ വരുമ്പോൾ വീടിന്റെ ഫൗണ്ടേഷൻ , മണ്ണ് ഫില്ലിങ്, കോമ്പൗണ്ട് വോൾ ഫൗണ്ടേഷൻ ഒക്കെയായി അധികചെലവ് ഉണ്ടാകും എന്നോർക്കുക.

വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങുമ്പോൾ പലർക്കും ഉള്ള സംശയമാണ് എത്ര സെന്റ് വേണം എത്ര വീതിവേണം പ്ലോട്ടിന് എന്നൊക്കെ.

നല്ലൊരു ഡിസൈനറെ സംബന്ധിച്ച് ഏതു പ്ലോട്ട് ഏതു അളവിൽ കിട്ടിയാലും അതിൽ നല്ലൊരു പ്ലാൻ ഡിസൈൻ ചെയ്യാൻ സാധിക്കും. എങ്കിലും വളരെ വീതി കുറഞ്ഞ പ്ലോട്ടുകളിൽ ഡിസൈൻ ചെയ്യാൻ എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. രണ്ടു ഗ്രിഡ്, അതായത് ഇടതും വലതുമായി രണ്ടു റൂമുകൾ ചെയ്യാനുള്ള സ്ഥലം അത്യാവശ്യമാണ്.

മൂന്ന് മീറ്റർ വീതിയുള്ള രണ്ടു റൂമുകൾ ചെയ്യണം എന്നുണ്ടെങ്കിൽ രണ്ടു റൂമുകൾക്കു ആറു മീറ്റർ, മൂന്ന് ചുമരുകൾക്കായി 60 സെന്റി മീറ്റർ വീടിന്റെ രണ്ടു വശങ്ങളിൽ വിടേണ്ട സ്ഥലം 120 + 100 cm ആകെ 880 cm നിർബന്ധമായും ഉണ്ടെങ്കിൽ കുറച്ചു എളുപ്പമാകും ഡിസൈൻ എന്ന് പറയാം.

360 ആണ് റൂമുകളുടെ വീതി വേണ്ടതെങ്കിൽ 120 cm കൂടി അധികം വേണം. അപ്പോൾ വീതി 10 മീറ്റർ ആവശ്യമാണ്. ഈ പ്ലോട്ടിന്റെ നീളം എത്ര വേണമെന്ന് ഓരോരുത്തരുടെയും ആവശ്യങ്ങൾ അനുസരിച്ചു നിശ്ചയിക്കാവുന്നതാണ്.

എത്ര സെന്റ് പ്ലോട്ട് വേണം എന്നത് വീട് നിർമ്മിക്കുന്നവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ആണ് നിശ്ചയിക്കേണ്ടത്. മുൻപൊക്കെ ഒരു വീട് നിർമ്മിക്കാൻ പത്ത് സെന്റ് എങ്കിലും വേണം എന്നൊരു കാഴ്ചപ്പാടിൽ ആയിരുന്നു സ്ഥലം വാങ്ങിയിരുന്നത്. എന്നാൽ ഇന്ന് ലാൻഡ് വാല്യൂ കൂടിയ കോർപറേഷൻ ഏരിയകളിൽ അഞ്ചോ ആറോ സെന്റ് പ്ലോട്ട് മാത്രമേ വാങ്ങാൻ പലർക്കും കഴിയുകയുള്ളു.

അവരവരുടെ സാമ്പത്തിക സ്ഥിതി നോക്കാതെ വലിയ പ്ലോട്ടുകൾ വാങ്ങുമ്പോൾ വീട് നിർമ്മാണത്തിന് പൈസ തികയാതെ ബഡ്ജറ്റ് താറുമാറാകുന്ന സ്ഥിതി വിശേഷം ഉണ്ടാകും എന്നോർത്തുകൊണ്ടായിരിക്കണം സ്ഥലം വാങ്ങേണ്ടത്.

വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം ഏതു സോണിൽ ആണെന്ന് റീജിണൽ ടൗൺ പ്ലാനിങ് ഓഫീസിൽ പോയി മനസ്സിലാക്കി വേണം വാങ്ങാൻ. അല്ലാത്ത പക്ഷം പ്ലാൻ സമർപ്പിക്കുമ്പോൾ നിർമ്മാണ അനുമതി നിഷേധിക്കാൻ സാധ്യതയുണ്ട്. അതിരുകളോട് ചേർന്ന് വലിയ ഓവുചാനലുകൾ, കനാൽ എന്നിവ ഉണ്ടെങ്കിൽ വൈഡനിങ് എന്തെങ്കിലും ഉണ്ടോ എന്ന് ബന്ധപ്പെട്ട ഡിപ്പാർട്മെന്റിൽ പോയി അന്വേഷിക്കണം.

വാങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള പ്രധാന റോഡുകളും ചിലപ്പോൾ ഭാവിയിൽ വൈഡനിങ് ഉള്ളതാണോ എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പ്ലോട്ടിലൂടെ കടന്ന് പോകുന്നുണ്ടോ എന്ന് നോക്കുക.

ആധാരം നല്ലൊരു വക്കീലിനെ കാണിച്ചു രേഖകൾ പരിശോധിക്കുക. ആധാരത്തിൽ വയൽ ആണോ ആണെങ്കിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നൊക്കെ ശ്രദ്ധിച്ചു വേണം സ്ഥലം വാങ്ങാൻ. ഇതൊക്കെ പ്ലാൻ കിട്ടുന്നതിന് തടസ്സം ഉണ്ടോ, വീട് ഡിസൈൻ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്ക അറിയാനുള്ള കാര്യങ്ങൾ ആണ്.

അല്ലാതെ നാട്ടു നടപ്പനുസരിച്ചുള്ള ചില അന്വേഷങ്ങൾ ഉണ്ടല്ലോ! കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ , നല്ല വെള്ളം ആണോ, കോർപറേഷൻ വെള്ളം ഇവിടെ ലഭ്യമാണോ, വൈദ്യുതി പോസ്റ്റ് അടുത്തുണ്ടോ , മഴക്കാലത്ത് വെള്ളം പോകാൻ ഡ്രൈനേജ് ഉണ്ടോ, പറമ്പിൽ വെള്ളം കെട്ടികിടക്കുമോ എന്നുകൂടി അന്വേഷിച്ചു സ്ഥലം വാങ്ങിയാൽ പിന്നീട് ഇക്കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചില്ലല്ലോ എന്നോർത്ത് ദുഖിക്കേണ്ടി വരില്ല.

«
»