അടുക്കള പരിപാലനം

മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികൾക്ക് അനുസൃതമായ മാറ്റങ്ങൾ ഇന്ന് ഏറ്റവും പ്രകടമാകുന്നത് അടുക്കളയിലാണ്. വീട്ടുകാരുടെ ഇഷ്ടത്തിനും ജീവിത രീതിക്കും അനുസൃതമായിട്ടാണ് അടുക്കള ഒരുക്കുന്നത്. ഒരു വീട്ടുകാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അടുക്കളയിൽ ആയിരിക്കും. അതുകൊണ്ടുതന്നെ അടുക്കളയിൽ നിൽക്കുമ്പോൾ മറ്റു കാര്യങ്ങൾക്ക് കൂടി ശ്രദ്ധ എന്നുള്ളതിനാൽ അടുക്കളയുടെ ക്രമീകരണത്തിൽ ആദ്യമേ തന്നെ തീരുമാനമെടുക്കാം.

മോഡുലാർ കിച്ചൻ, ഓപ്പൺ കിച്ചൻ, ഐലന്റ് കിച്ചൻ, ഷോ കിച്ചൻ, വർക്കിങ് കിച്ചൻ എന്നിങ്ങനെ ഏതൊരു രീതിയും തിരഞ്ഞെടുക്കാം. തുറന്ന നയം സ്വീകരിക്കുന്ന രീതിയാണ് ഇന്ന്. ഡൈനിങ് കം കിച്ചൻ എന്ന ആശയത്തിനാണ് ഇന്ന് മുൻ‌തൂക്കം. കിച്ചനിൽ തന്നെ പാൻട്രി സ്പേസും ബ്രേക്ക്ഫാസ്റ്റ് ടേബിളും ഒക്കെ നൽകിയുള്ള ഡിസൈൻ രീതികളാണ് മുൻപിൽ. ഇനി ഇവ എല്ലാം നമുക്ക് പരിപാലിക്കാനും കഴിയണം. അതുകൊണ്ടുതന്നെ മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിൽ ആദ്യമേ ശ്രദ്ധിക്കാം. വെള്ളം വീണാൽ ഈർപ്പം തങ്ങാതെയും, തെന്നി വീഴാൻ സാധ്യത ഇല്ലാത്തതുമായ ഫ്ലോറിങ് മെറ്റീരിയലുകളും, എളുപ്പം കറ പിടിക്കാൻ സാധ്യത ഇല്ലാത്ത മുന്തിയ ഇനം ടോപ്പുകളും മറ്റും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

ക്യാബിനറ്റുകൾ പലവിധം

തടി, മൾട്ടിവുഡ്, പ്ലൈവുഡ്, യുപിവിസി, എംഡിഎഫ്, ഹൈലംഷീറ്റ്, അലുമിനിയം ഗ്ലാസ് എന്നിവയാണ് പൊതുവേ ക്യാബിനറ്റുകൾ ചെയ്യാൻ ഉപയോഗിക്കുന്നത്. ഏത് മെറ്റീരിയൽ ഉപയോഗിച്ചാലും ഇവ കേടുവരാതെ പരിപാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ക്യാബിനറ്റ് ഷട്ടറുകൾക് അക്രിലിക്കും, ഗ്ലാസും ഉപയോഗിച്ചു വരുന്നു. കാണാൻ ഭംഗിയുള്ളതും വൃത്തിയാക്കാൻ ബുദ്ധിമുട്ടില്ല എന്നതുമാണ് ഇവയുടെ പ്രത്യേകത.

യുപിവിസി ആണെങ്കിൽ വാട്ടർ പ്രൂഫ് മെറ്റീരിയലാണ്. ഇവ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. ചൂടിനെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്. എംഡിഎഫ് ക്യാബിനറ്റുകൾക്ക് പൊതുവേ ചിലവ് കുറവാണ്. വെള്ളം തങ്ങി നിന്നാൽ ഇവ കേടുവരാൻ സാധ്യത ഉള്ളതിനാൽ പരിപാലനം ആവശ്യമാണ്. മൾട്ടിവുഡ് ആണെങ്കിൽ വെള്ളം വീണാലും കേടുവരാനുള്ള സാധ്യത കുറവാണ്.


തടി സാധാരണയായി ഉപയോഗിച്ചു വരുന്നു. ഇവ പുനരുൽപാദിപ്പിക്കാവുന്ന ഒരു ഉല്പന്നം ആയതിനാൽ ഇത് ജനപ്രിയമാണ്. മാത്രമല്ല ഇവ പ്രകൃതിദത്തവും വിഷരഹിതവുമാണ്. സ്‌റ്റെയിൻ മെറ്റീരിയലുകൾ ഉപയോഗിച്ച് വൃത്തിയാക്കാനും എളുപ്പമാണ്. എന്നാൽ ഇവ ശരിയായി പരിപാലിച്ചില്ലെങ്കിൽ ടെർമിറ്റ് ഉണ്ടാകുകയും കേടുവരികയും ചെയ്യുന്നു.

ഈർപ്പം പ്രതിരോധിക്കുന്ന പ്ലൈവുഡാണ് എം.എർ ഗ്രേഡ്. ഇത് ഇന്റീരിയറിൽ കൂടുതലായി ഉപയോഗിക്കുന്നു. അടുക്കളയിലെ ക്യാബിനറ്റുകൾക്ക് മാറ്റ് ഫിനിഷുകൾ ഇന്ന് പ്രചാരമാണ്. കാരണം അവ വൃത്തിയാക്കാൻ എളുപ്പമാണ്. മാറ്റ് ഫിനിഷുകളുടെ സ്വഭാവികതയും റസ്‌റ്റിക് ഫിനിഷും നൽകുന്നതിനൊപ്പം ടെക്സ്ചറുകളുമായി യോജിക്കുകയും ചെയ്യുന്നു.

കൗണ്ടർടോപ്പ്

കാണാൻ ഭംഗിയുള്ളതും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നതുമായ ക്യാബിനറ്റുകൾക്കാണ് പ്രചാരം. ഗ്രാനൈറ്റ്, ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ്, കൊറിയൻ, നാനോ വൈറ്റ്, ലപ്പോത്ര ഗ്രാനൈറ്റ്, ക്വർട്സ് എന്നിങ്ങനെ നിരവധി മെറ്റീരിയലുകൾ ലഭ്യമാണ്. കൗണ്ടർടോപ്പിന് ഉപയോഗിച്ച അതേ മെറ്റീരിയൽ പാൻട്രി ടോപ്പിനും, ബ്രേക്ക്ഫാസ്റ്റ് ടേബിൾ ടോപ്പിനും ഉപയോഗിക്കാറുണ്ട്.

ഗ്രാനൈറ്റാണെങ്കിൽ സ്ക്രാച്ച് വീഴാൻ സാധ്യതയില്ലാത്തതും കറ പിടിക്കാത്തതും അവയുടെ തിളക്കം വർഷങ്ങളോളം നിലനിൽകുകയും ചെയ്യുന്നു. ചൂടിനെ പ്രതിരോധിക്കുന്നതിനാൽ ഗ്രാനൈറ്റ് പ്രതലങ്ങളിൽ നേരിട്ട് ചൂടുള്ള പത്രങ്ങൾ വെക്കാനും, അതുപോലെ തന്നെ പച്ചക്കറികളും പഴങ്ങളും മുറിക്കാനും സാധ്യമാണ്. എന്തെങ്കിലും കെമിക്കലുകളോ മറ്റോ വീണാൽ ഇവയ്ക്ക് കേടുപാട് വരാൻ സാധ്യതയുണ്ട്.


എന്നാൽ കൊറിയൻ ടോപ്പിൽ ആസിഡോ മറ്റ് കെമിക്കലുകളോ വീണുള്ള കേടുപാടിന് സാധ്യതയില്ല. മാത്രമല്ല ഇവ എളുപ്പത്തിൽ വൃത്തിയാക്കാനും സഹായിക്കുന്നു. അക്രിലിക് പോളിമർ, അലുമിനാട്രൈഹൈഡ്രേറ്റ് എന്നിവ പ്രത്യക മിശ്രിതങ്ങളോടൊപ്പം ചേർത്താണ് കൊറിയൻ സ്റ്റോൺ നിർമ്മിക്കുന്നത്. 6 mm, 19 mm കനത്തിലുള്ള ഷീറ്റാണ് കൗണ്ടർടോപ്പിന് അനുയോജ്യം. ഇവ ചൂടാക്കിയാൽ ഏത് ആകൃതിയിലേക്കും വളച്ചെടുക്കാം.

എംഡിഎഫ്, പ്ലൈവുഡ്, പാർട്ടിഷൻ ബോർഡ് എന്നിവയ്ക്ക് ലാമിനേഷൻ നൽകി കൗണ്ടർടോപ്പിന് ഉപയോഗിക്കുന്നു. നിറവും ഫിനിഷിങ്ങിനും സാധ്യതകൾ ഏറെയുള്ളത് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കൂടാതെ നാനോവൈറ്റ്, ക്വർട്സ് എന്നീ ആർട്ടിഫിഷ്യൽ സ്റ്റോണുകളും കൗണ്ടർടോപ്പ് താരങ്ങളാണ്. ഗ്രാനൈറ്റിന്റേതുപോലെ തന്നെ വശങ്ങൾ ഉരുട്ടിയെടുക്കാനും മറ്റും സാധ്യമാണ്. ഗ്രാനൈറ്റിന്റെ മിക്ക സവിശേഷതകളും ഇവയ്ക്കും ഉണ്ട് എന്നതിനാൽ പ്രചാരമേറെയാണ്. ഗ്ലാസ് കൗണ്ടർടോപ്പുകളും ഇന്ന് പുതുമയല്ല. എന്നാൽ ഇവ കൂടുതലായി ഷോ കിച്ചനിൽ മാത്രമാണ് ഉപയോഗിക്കുന്നത്. പെട്ടന്ന് പോറൽ വീഴാനോ പൊട്ടിപോകുവാനോ സാധ്യതയുള്ള ഒന്നാണ് ഗ്ലാസ് കൗണ്ടർടോപ്പ്.

ശ്രദ്ധിക്കാം: ഫ്ലോറിങ്

വെള്ളം എളുപ്പത്തിൽ വീഴാൻ സാധ്യത ഉള്ളതിനാൽ ഫ്ലോറിങ്ങിൽ ശ്രദ്ധിക്കാം. തെന്നി വീഴാൻ സാധ്യത ഇല്ലാത്തതും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ മാറ്റ് ഫിനിഷ് ടൈലുകളോ മറ്റോ വിരിക്കാം. ലെപ്പാത്രോ ഫിനിഷ് ടൈലുകൾ കൂടുതലായി കിച്ചനിൽ ഉപയോഗിച്ചു വരുന്നു. ഗുണമേന്മയുള്ള ഉല്പന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. കിച്ചനിലും വർക്ക് ഏരിയകളിലും ആന്റിസ്കിഡ് ടൈലുകളും ഉപയോഗിക്കാം. ഇവയ്ക്ക് ചിലവും താരതമ്യേന കുറവാണ്. ഗ്ലോസി ഫിനിഷിങ് ടൈലുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. വെള്ളമോ, ഈർപ്പമോ തങ്ങിനിന്നാൽ തെന്നി വീഴാനുള്ള സാധ്യത ഇവയ്ക്ക് കൂടുതലാണ്.


ഇങ്ങനെ ഭംഗിയുള്ള വീടിന് ഭംഗിയുള്ള അടുക്കള ഒരുക്കാൻ ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എത്ര നിസാര കാര്യമായാലും സൂഷ്മതയോടെയും ചിട്ടയോടെയും ക്രമപ്പെടുത്തിയില്ലെങ്കിൽ എളുപ്പം കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉണ്ട്.

വിവരങ്ങൾക്ക് കടപ്പാട് :

«