വയനാടൻ ഗ്രാമ്യഭംഗിയിലൊരു റിസോർട്ട്

നിറഞ്ഞ പച്ചപ്പിന് നടുവിലൂടെ കാടും പടലും കടന്ന് കാട്ടിലൂടെയാണ് ഈ റിസോർട്ടിലേക്ക് എത്തുന്നത്. ബാണാസുര ഡാമിന്റെ മനോഹാരിത ആവോളം നുകരാൻ സാധ്യമാകുന്ന വിധമാണ് റിസോർട്ടിന്റെ സ്ട്രക്ച്ചറും ഇന്റീരിയറും. കൽപറ്റയിൽ നിന്നും 30 കി.മീറ്ററാണ് ഈ റിസോർട്ടിലേക്ക്.പടിഞ്ഞാറത്തറയുടെ പച്ചപ്പിനുള്ളിൽ കുടികൊള്ളുന്ന റിസോർട്ടിന് പ്രത്യേകതകൾ ഏറെയാണ്. ചെത്തിയും ചെമ്പരത്തിയും, മുളയും പച്ചവിരിച്ച ലാൻഡ്‌സ്‌കേപ്പിന് ഇടയിലൂടെ ഡ്രൈവ് വേയും കാണാം. ചുറ്റിനും നീല നിറം വിതറുന്ന മേഘവും മേഘത്തിനടിയിലെ നീല വെള്ളവും റിസോർട്ടിനുള്ളിൽ എവിടെ നിന്നും ദൃശ്യമാകുന്ന ഈ മനോഹാരിതയുമാണ് റിസോർട്ടിന്റെ ഹൈലൈറ്റ്.നേരെ കയറി ചെല്ലുന്നത് റിസപ്ഷൻ ബിൽഡിങ്ങിലേക്കാണ്. ബ്രൗണിഷ് ബ്യൂട്ടിയിൽ തുറന്നതും വിശാലവുമായ അകത്തളത്തിലേക്ക് പ്രകൃതിയുടെ മനോഹാരിത വിരുന്നെത്തുന്നു. വ്യത്യസ്തമായ സീലിങ് പാറ്റേണും, ഇന്റീരിയറിന്റെ അഴകളവുകൾക്കൊപ്പം പണിതെടുത്ത ഫർണിച്ചറും, ഫർണിഷിങ്ങുകളും, ഓപ്പൺ കോർട്ട് യാർഡും എല്ലാം റിസപ്ഷൻ ഏരിയയെ ഏറ്റവും മനോഹരമാക്കുന്നു.തേക്കിന്റെയും വെനീറിന്റെയും ചന്തമാണ് ആകെ ഭംഗി നിർണയിക്കുന്നത്. പരമ്പരാഗത ശൈലിയുടെ ചേരുവകളാണ് അകത്തെ ഇങ്ങനെ ആകർഷകമാക്കുന്നതെങ്കിലും, ഫ്യൂഷൻ അകത്തളങ്ങളും ഇന്റീരിയറിന്റെ പ്രത്യേകതയാണ്.ഡാമിന്റെ മാസ്മരിക സൗന്ദര്യം ആവോളം നുകരാൻ സാധ്യമാകും വിധമാണ് ആകെ ക്രമീകരണം. പ്രത്യേകം പ്രത്യേകം നൽകിയ ഹട്ടുകൾ കാണാം. താഴെ ഒരു മുറി, മുകളിൽ ഒരു മുറി ഇങ്ങനെയാണ് ഹട്ടിന്റെ ക്രമീകരണം. നടന്നു കയറുന്നത് മുകളിലെ മുറിയിലേക്കും അവിടെ നിന്ന് സ്റ്റെപ്പ് ഇറങ്ങിയാണ് താഴത്തെ മുറിയിലേക്കും എത്തുന്നത്.ഹണിമൂൺ കോട്ടേജുകൾ ആഢംബരപൂർണമായി തന്നെ ഡിസൈൻ ചെയ്തെടുത്തിരിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന സ്വിമ്മിങ്പൂളിൽ നിന്നും നോട്ടം ചെന്നെത്തുന്നത് ഡാമിലേക്കാണ്.വാസ്തുവിലൂന്നിയ നിർമ്മാണവും പരമ്പരാഗത ശൈലി ഘടകങ്ങളും, നാലുകെട്ടും എല്ലാം ഈ റിസോർട്ടിന്റെ ആകർഷണീയതയാണ്. നാച്വറൽ ക്ലാഡിങ് സ്റ്റോണുകളും, തടിയുടെ പാനലിങ് വർക്കുകളും സീലിങ് പാറ്റേണും എല്ലാം അകത്തളങ്ങളെ ആഢംബരപൂർണമാക്കുന്നു. ആർട്ടിഫിഷ്യൽ ആയിട്ടുള്ളതെല്ലാം പരമാവധി മാറ്റി നിർത്തികൊണ്ടുള്ള ഡിസൈൻ രീതികളാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്.വാട്ടർബോഡിയും ആയുർവേദ സ്പായും എല്ലാം വിദേശികളെ ആകർഷിക്കും വിധം ഒരുക്കി. കോൺക്രീറ്റ് നൽകി റൂഫിട്ടാണ് റിസോർട്ടിന്റെ മേൽക്കൂര ചെയ്തിട്ടുള്ളത്.ഓരോ സ്പേസിനേയും ആകർഷണീയമാവിധം ചിട്ടപ്പെടുത്തിയിരിക്കുന്നു. കാടിന്റെ പച്ചപ്പും ഡാമിന്റെ സൗന്ദര്യവും ഏറ്റവും നന്നായി തന്നെ പ്രയോജനപ്പെടുത്തിയാണ് അടിമുടി പണിതിരിക്കുന്നത്.

Location – Contour Island Resort & Spa,
Wayanad

Design – Radhakrishnan
SDC Architects, Trivandrum

Ph – 94472 06623, 0471 2363110

Text courtesy – Resmy Ajesh

«
»