മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ആലുവയിലെ വ്യത്യസ്തമായ ബുക്ക്ഷോപ്പ് വിശേഷങ്ങൾ

ഒരു വട്ടം സന്ദർശനം നടത്തണമെന്ന് എല്ലാ പുസ്തകപ്രേമികളും, ചുമ്മാതാണെങ്കിലും ഒന്ന് കണ്ടിരിക്കണമെന്ന് പുസ്തക വിരോധികളും ആഗ്രഹിക്കുന്നതാണ് ഈ ബുക്ക്ഷോപ്പിനെ വേറിട്ടതാക്കുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതമായ നാല് പ്രശസ്ത ബുക്കുകളുടെ കവർപേജ് കൊണ്ട് തല ഉയർത്തിനിൽക്കുന്ന ഈ ബുക്ക് ഷോപ്പ് നവമാധ്യമങ്ങളിൽ തരംഗമാണ്. ഡിസൈനിലും നിർമാണത്തിലും കൈകൊണ്ടിരിക്കുന്ന മൗലികാശായാവിഷ്‌ക്കാരമാണ് പണിപൂർത്തിയാകും മുന്നേ ഈ ബുക്ക്ഷോപ്പിനെ താരമാക്കി മാറ്റിയിരിക്കുന്നത്. എറണാകുളം നോർത്ത് പറവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർ.ടി ഗ്രൂപ്പിന്റെ ചീഫ് ഡിസൈനർ റോയ് തോമസാണ് ഈ ബുക്ക് ഷോപ്പിന്റെ സംരചന നിർവ്വഹിച്ചിരിക്കുന്നത്. നിർമാണം നടത്തിയിരിക്കുന്നത് ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വി.ആർ ഗ്രൂപ്പിലെ വിനോദ് കെ.കെ ആണ്. ബുക്ക്ഷോപ്പിന്റെ ഉടമസ്ഥർ അജികുമാറും മഞ്ജുവുമാണ്.

ആലുവ പവർഹൗസിന് സമീപത്താണ് ഈ ബുക്ക്ഷോപ്പ്. അത്ര തിരക്കേറിയ സ്ഥലത്തല്ല ഇത്. അതുകൊണ്ടുതന്നെ ബുക്ക്ഷോപ്പാണെന്ന് മനസ്സിലാക്കി ആളുകൾ എത്തണം. ആദ്യകാഴ്ചയിൽ തന്നെ ആശയം മനസിലാക്കാനും ആളുകൾക്ക് എത്താനും കഴിയുന്ന തരത്തിലുള്ളതാവണം ഡിസൈൻ എന്നതായിരുന്നു ചിന്ത. അങ്ങനെയാണ് ലോകപ്രശസ്തമായ നാല് ബുക്കുകളുടെ കവർപേജ് കൊണ്ട് എലിവേഷൻ തീർക്കാനും ലോകത്തിന്റെ ശ്രദ്ധ കവരാനും സാധിച്ചത്.

പ്രധാന നിരത്തിനരുകിലുള്ള നാലര സെന്റ് സ്ഥലത്താണ് മൂന്ന് നിലയിൽ 3400 ചതുരശ്രയടി വിസ്തീർണത്തിൽ തീർത്തിരിക്കുന്ന ബുക്ക്ഷോപ്പ്. ഉടമസ്ഥനായ അജികുമാറിന്റെ വീട് ഡിസൈൻ ചെയ്തതും റോയ് ആണ്. ആ ബന്ധമാണ് ബുക്ക്ഷോപ്പിലേക്ക് എത്തിച്ചത്. ആർ.സി.സി യിലും സോളിഡ് ബ്ലോക്കിലും സ്ട്രക്ച്ചർ തീർത്ത ശേഷം വി.ബോർഡും എ.സി.പി യും ഗ്ലാസും കൊണ്ടാണ് മുൻഭാഗത്തെ ബുക്കുകളുടെ പ്രതലം തീർത്തത്. അതിലേക്ക് വിനൈയിൽ പോസ്റ്റർ ലാമിനേറ്റ് ചെയ്താണ് കവർപേജിന്റെ രൂപം തയ്യാറാക്കിയിരിക്കുന്നത്. ബാക്കിഭാഗത്ത് ടെക്സ്ച്ചർ പെയിന്റാണ്. ഒറ്റനോട്ടത്തിൽ നാല് കൂറ്റൻ ബുക്കുകൾ ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്നതാണെന്നേ തോന്നുകയുള്ളൂ.

ഫ്ലോറിങ്ങിന് സിമന്റ് ഫിനിഷിലുള്ള ടൈലാണ്. ക്യാഷ് കൗണ്ടർ പ്ലൈവുഡിലാണ്. ഒരുവശത്തെ ബുക്ക് ഷെൽഫും റാക്കുമൊക്കെ ജി.ഐ യും പെർഫറേറ്റഡ് ഷീറ്റും കൊണ്ടാണ് മറുവശത്ത് സിമന്റിൽ കരിങ്കല്ലിന്റെ ടെക്സ്ച്ചർ ഫിനിഷിലുള്ള ഷെൽഫ് തീർത്താണ്. കോളത്തിന് വുഡൻ ടെക്സ്ചറാണ് നൽകിയിരിക്കുന്നത്. ബേസ്മെന്റിലേക്കുള്ള ഡോർ പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഷോക്കേസാക്കി മാറ്റിയിരിക്കുന്നു.

ഷോപ്പിലെത്തുന്നവർക്ക് ഇരുന്ന് ബുക്കുകൾ മറിച്ച് നോക്കുന്നതിനുള്ള ഇരിപ്പിടങ്ങൾ ഡ്രം കട്ട് ചെയ്തു നിർമിച്ചതാണ്. എക്സ്റ്റീരിയറിലെ കൗതുകം ഇന്റീരിയറിലും നിലനിർത്തിയിട്ടുണ്ട്. ക്യാഷ് കൗണ്ടറിന് മുകളിൽ തന്ത്രിക് ഡിസൈനും ലാംപ് ഷെയിഡുകൾക്ക് ബുക്കിന്റെ പുറംചട്ടയുടെ ആവിഷ്കാരവുമായതോടെ കെട്ടിടം അടിമുടി ഒരു പുസ്തകക്കടയായി.

ആദ്യ രണ്ട് നിലകളിൽ ബുക്കുകൾ സൂക്ഷിക്കുന്നതിനും ഏറ്റവും മുകളിൽ ബുക്ക് വായനയ്ക്കും ഇടം നൽകുന്ന വിധത്തിലാണ് ബുക്ക്ഷോപ്പിന്റെ രൂപഘടനയും സ്പേസ് പ്ലാനിങും. മുകൾ നിലകളിലേക്ക് വഴിയൊരുക്കുന്നത് സ്റ്റെയറാണ്. വെർട്ടിക്കൽ റെയിൽ കൊണ്ടാണ് കൈവരി. പ്ലൈവുഡ് ബോക്സുകളിൽ ബുക്കുകൾ നിരത്തിയിരിക്കുന്നതിനാൽ മുകളിലേക്കുള്ള യാത്രയിലും ബുക്കുകൾ തിരയുന്നതിന് അവസരമുണ്ട്. പുസ്തകങ്ങൾ അടുക്കിയിരിക്കുന്ന റാക്കുകൾ മാറ്റിയിടാവുന്നതാണ്.

ലോകപ്രശസ്ത എഴുത്തുകാരായ പൗലോ കൊയ്‌ലോ, ജെ.കെ റൗളിംഗ്, ബെന്യാമിൻ, ഹെർമൻ മെൻവില്ലി എന്നിവരുടെ അതിപ്രശസ്തമായ ബുക്കുകളുടെ കവർപേജാണ് ഈ ബുക്ക്ഷോപ്പിന്റെ എലിവേഷനിൽ നിറയുന്നത്. സൃഷ്ടാവിനേക്കാൾ ലോകപ്രശസ്തമായ സൃഷ്ടികളാണ് ഈ നാല് ബുക്കുകളും. ശിൽപിയേക്കാൾ ഉയരത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു ഈ വാസ്തുശില്പവും ഇതിന്റെ ആവിഷ്കാരവും. സംരചനയുടെ സവിശേഷത കൊണ്ടുമാത്രം പ്രശസ്തമായ വാസ്തുശില്പങ്ങളുടെ ശ്രേണിയിലാണ് ഈ ബുക്ക്ഷോപ്പും ഇടം നേടുന്നത്.

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas