കോർപ്പറേറ്റ് ഇന്റീരിയർ

പല വൻകിട പ്രൊജക്റ്റുകളുടേയും ബ്ലൂ പ്രിന്റ് രൂപപ്പെടുന്നത് കോർപ്പറേറ്റ് കമ്പിനികളുടെ ഡിസ്കഷൻ ടേബിളിലാണ്. നൂതനാശയങ്ങളുടെ ഉറവിടമാണ് ഇത്തരത്തിലുള്ള ഓഫീസുകൾ. ഔപചാരികതയും പ്രായോഗികതയും ക്രീയാത്മക സൗന്ദര്യവും കൃത്യമായ അനുപാതത്തിൽ സമ്മേളിക്കുന്നതാണ് കോർപ്പറേറ്റ് ഓഫീസുകളുടെ ഇന്റീരിയർ. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ്സ് പാർക്കിലുള്ള ഫെസ് ഇൻ പ്രൊജക്റ്റ്സിന്റെ കോർപ്പറേറ്റ് ഓഫീസ്, കോർപ്പറേറ്റ് ഇന്റീരിയറിന്റെ എല്ലാ ഔദ്യോഗിക ചേരുവകളും ഉൾക്കൊള്ളുന്നതാണ്. കോർപ്പറേറ്റ് ഇന്റീരിയറിന്റെ എല്ലാ ചിട്ടവട്ടങ്ങളും വിളക്കിച്ചേർത്ത് ഈ പ്രൊജക്റ്റ് സാക്ഷാത്കരിച്ചിരിക്കുന്നത് ഹൈലൈറ്റ് ഇന്റീരിയേഴ്‌സാണ്.

സൗകര്യസമ്പന്നം
കുറഞ്ഞ സ്ഥലത്ത് കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുക എന്ന ഓഫീസ് ഇന്റീരിയറിന്റെ ആശയം തന്നെയാണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. പക്ഷേ അതിനായി ഉപയോഗിച്ചിരിക്കുന്ന സംരചനാശയവും സാമഗ്രികളുടെ വിനിയോഗവുമാണ് ഈ ഓഫീസ് ഇന്റീരിയർ നൂതനമാക്കുന്നത്. ഓഫീസിന് കാർപ്പെറ്റ് ഏരിയയായി ലഭിക്കുന്നത് കേവലം 800 ചതുരശ്രയടിയാണ്. റിസപ്ഷൻ, ഡിസ്കഷൻ ഹാൾ, വെയ്റ്റിങ് ലോഞ്ച്‌, പ്രൈവറ്റ് കോൺഫ്രൻസ്, ഡയറക്ടേഴ്സ് ക്യാബിൻ എന്നിവയാണ് ഓഫീസിനുള്ളിലെ സൗകര്യങ്ങൾ. ഹോട്ടൽ, കൺവെൻഷൻ സെന്ററുകളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് ഫെസ് ഇൻ. ഹൈ എൻഡ് ക്ലൈൻറ്റുകൾക്ക് വരാനും ചർച്ചകൾ നടത്താനും വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചാണ് ഇന്റീരിയർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്ന പ്രധാന സാമഗ്രി. ഹൈലൈറ്റ് ചെയ്യേണ്ടിടത്ത് മാത്രം വുഡൻ ഫ്ലോറിങ്ങും അപ്പോക്സി ഫിനിഷും നൽകിയിട്ടുണ്ട്. റിസപ്ഷനിൽ ഭിത്തിക്ക് പാനലിങ് നൽകി ഫിനിഷ് ചെയ്തു. കാഴ്ചയിൽ പാനലിങ് എന്നു തോന്നുമെങ്കിലും ഇതെല്ലാം ഷെൽഫുകളാണ്. ഹാന്റിലുകൾക്ക് പകരം പുഷ് ബട്ടൺ നൽകിയിരിക്കുന്നതിനാൽ ഇത് ഷെൽഫാണെന്ന് എളുപ്പത്തിൽ മനസ്സിലാവുകയില്ല.അടിമുടി നൂതനാശയങ്ങൾ
റിസപ്ഷനോട് ചേർന്നാണ് മാനേജേഴ്സിന്റെ സ്പേസും വർക്ക് സ്റ്റേഷനും. ഇവ തമ്മിൽ വേർതിരിക്കുന്നത് കോട്ടൺ റോപ്പാണ്. വുഡൻ ഫ്ലോറിങ്ങാണ് ഇവിടെ. പ്ലൈവുഡും വെനീറും ഉപയോഗിച്ചാണ് ഈ ഭാഗത്ത് സീലിങ് ചെയ്തിരിക്കുന്നത്. സീലിങ്ങിന്റെ ഉയരം കുറച്ച് മുറിക്ക് വലുപ്പം കൈവരിക്കാം എന്ന ശാസ്ത്രീയ രീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. വർക്ക് സ്റ്റേഷന്റെ പിൻഭാഗത്തെ ഭിത്തിയിലും സ്റ്റോറേജിനായി ഷെൽഫുകൾ തീർത്തിരിക്കുകയാണ്.സീലിങ്ങിൽ നിന്ന് തൂങ്ങുന്ന തൂക്ക് വിളക്കുകൾ ഡയറക്ടേഴ്സ് ക്യാബിനിൽ നിന്നുള്ള മറ്റൊരു കൗതുക കാഴ്ചയാണ്. പി.യു ലെതർ കോട്ടിങ് കൊണ്ടാണ് ഇരിപ്പിടങ്ങൾ. എം.സ് ഫ്രെയിമിൽ പ്ലൈവുഡും ലാമിനേറ്റും കൊണ്ടാണ് ടേബിൾ തീർത്തിരിക്കുന്നത്. ഇടനാഴിയുടെ ചുമരിൽ ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. പരിചരണം ആവശ്യമില്ലാത്ത ആർട്ടിഫിഷ്യൽ ഗ്രീനറിയാണ് ഒരുക്കിയിട്ടുള്ളത്.പ്രൈവറ്റ് കോൺഫ്രൻസ് ഹാൾ വേർതിരിച്ചിരിക്കുന്നത് ഗ്ലാസും അലുമിനിയവും കൊണ്ടുള്ള പാർട്ടീഷൻ ഉപയോഗിച്ചാണ്. ഫ്ലോറിൽ അപോക്സി ഫിനിഷാണ്. ഇവിടെ ആകെ ഉപയോഗിച്ചിരിക്കുന്ന നിറം ഈ മാംഗോ യെല്ലോ ആണ്. മറ്റു മുറികളിൽ നിന്ന് വ്യത്യസ്തമായി ടേബിൾ ടോപ്പ് വൈറ്റ് നിറത്തിലാണ്. പത്തുപേരെ ഉൾക്കൊള്ളാനാവുന്ന വിശാലമായ ടേബിളാണ് ഇത്. ചുമരിൽ പൂർത്തീകരിച്ച പ്രൊജക്റ്റുകളുടെ ഇമേജുകളാണ് പ്രോജക്റ്റ് ചെയ്യുന്നത്. ഇവിടുത്തെ തൂക്കുവിളക്കുകളുടെ ആകൃതിയും കൗതുകകരമാണ്.ഫ്ലോർ ലെവൽ അൽപ്പം ഉയർത്തിയാണ് എം.ഡി യുടെ ക്യാബിൻ. ഇതിനോട് ചേർന്ന് ഒരു സ്വകാര്യ വിശ്രമയിടവും സ്റ്റോറേജ് സൗകര്യവും നൽകിയിട്ടുണ്ട്. വുഡൻ ഫ്ലോറിങ്ങാണ് ഇവിടെ. ഷെൽഫുകൾക്ക് മഞ്ഞ നിറമാണ്. പുഷ് ബട്ടൺ നൽകിയിരിക്കുന്നതിനാൽ ഈ ഷെൽഫുകൾക്ക് ഹാൻഡിൽ ആവശ്യമില്ല. ഒറ്റ നോട്ടത്തിൽ ഇവ വുഡൻ പാനലിങ് ആണെന്നേ കാഴ്ചക്കാർക്ക് തോന്നുകയുള്ളൂ.ലഭ്യമായ സ്ഥലം പരമാവധി വിശാലമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. സാമഗ്രികളുടെ ഉപയോഗവും പാർട്ടീഷന് കോട്ടൺ റോപ്പ് ഉപയോഗിച്ചതും മുറികൾ വിശാലമാകുന്നതിന് സഹായകമായിട്ടുണ്ട്. എല്ലാ ഭാഗത്തും സീലിങ് ചെയ്യാതെ കുറച്ച് ഭാഗം മാത്രം ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. എം.ഡി ക്യാബിൻ സീലിങ് ചെയ്തിരിക്കുന്നത് ജിപ്സം ബോർഡുകൊണ്ടാണ്. ഡയറക്ടേഴ്സ് ക്യാബിനിൽ പ്ലൈവുഡും വെനീറുമാണ്. ബാക്കി ഭാഗത്ത് സീലിങ്ങിൽ മാറ്റ് ബ്ലാക്ക് പെയിന്റിംഗ് നടത്തി ലൈറ്റ് ഫിക്സ് ചെയ്തപ്പോൾ സീലിങ്ങിൽ നിന്ന് താഴ്ത്തി ഉറപ്പിച്ചതിനാൽ പെയിന്റടിച്ച ഭാഗം കൂടുതൽ ഉയരത്തിലുണ്ടെന്ന തോന്നൽ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്.

ഫങ്ങ്ഷനും സൗന്ദര്യത്തിനും തുല്യ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ഓഫീസ് ഇന്റീരിയർ പ്രൊഫഷണലിസത്തിന്റെയും ക്രീയാത്മകതയുടേയും നേർരൂപമാണ്.

തയ്യാറാക്കിയത് – രതീഷ് ജോൺ

ക്ലൈന്റ് – ഫെസ് ഇൻ
സ്ഥലം – കോഴിക്കോട്

ഡിസൈൻ – ഹൈലൈറ്റ് ഇന്റീരിയേഴ്സ്,
ഹൈലൈറ്റ് സിറ്റി, കോഴിക്കോട്

ഫോൺ – 81570 99111, 81579 00088

ഫോട്ടോ – അഗിൻ കൊമാച്ചി

«
»