അറബിക് ഇന്റീരിയർ

കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള മെഹറബ് മന്തി റെസ്‌റ്റോറന്റിൽ പോയാൽ അറബിക് വിഭവങ്ങളുടെ രുചിമേളത്തിനൊപ്പം അറബിക് ഇന്റീരിയറിന്റെയും തനതു അറബിക് ശൈലിയുടെയും തനിമയും മേന്മയും ആസ്വദിച്ച് ഭക്ഷണം കഴിക്കാം. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർട്ടിസ്റ്ററി ഡിസൈനേഴ്സ്+പ്ലാനേഴ്‌സിന്റെ അമരക്കാരായ നഹൽ അഹമ്മദും അനസ് മുഹമ്മദുമാണ് അറബിക് ശൈലിയുടെ തനിമ നിലനിർത്തി ഈ റെസ്റ്റോറന്റിന്റെ അകത്തളം ഡിസൈൻ ചെയ്തിരിക്കുന്നത്.ഭക്ഷണത്തിന് ഏറെ പേരുകേട്ട നഗരമാണ് കോഴിക്കോട്. അറബി വ്യാപാരബന്ധത്തിലൂടെ മലയാള മണ്ണിലെത്തിയ വിഭവങ്ങൾ കലർപ്പില്ലാതെ വിളമ്പാനൊരിടം അതായിരുന്നു ക്ലൈന്റിന്റെ ആവശ്യം. അറബിക് വിഭവങ്ങളടങ്ങുന്ന മെനുവിൽ നിന്നാണ് ഇന്റീരിയർ ഡിസൈനിങ്ങിന്റെ പ്രമേയം കൈകൊണ്ടിരിക്കുന്നത്.1800 ചതുരശ്രയടി വിസ്തീർണത്തിലാണ് അറബിക് സംസ്കാരത്തിന്റെ പ്രതിഫലനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റിസപ്ഷനും കിച്ചനും വാഷ് ഏരിയയും ഓപ്പൺ ഡൈൻ ഹാളും മജലിസും അടങ്ങുന്നതാണ് ഈ റെസ്‌റ്റോറന്റ്. ഒരിക്കൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ഭക്ഷണത്തിന്റെ രുചി പോലെ തന്നെ റെസ്‌റ്റോറന്റിന്റെ ആംബിയൻസും ഓർമയിൽ തങ്ങുന്ന വിധത്തിലാണ് അകത്തളം ചമച്ചിരിക്കുന്നത്.

അടിമുടി അറബിക് ശൈലിയിലാണ് റെസ്‌റ്റോറന്റ്. ഫ്ലോറിങ് വിട്രിഫൈഡ് ടൈൽ കൊണ്ടാണ്. റെസ്‌റ്റോറന്റിന്റെ ഫോക്കൽ പോയിന്റ് ഭിത്തിയിൽ രചിച്ചിരിക്കുന്ന ചിത്രമാണ്. അക്രിലിക്കിൽ വരഞ്ഞിരിക്കുന്ന ഈ ചിത്രം യെമന്റെ തനതു കെട്ടിടവും കാലിക്കറ്റിന്റെ തീരവും അവിടെയെത്തുന്ന ഉരുവുമൊക്കെയാണ് ചിത്രീകരിച്ചിരിക്കുന്നത്.നാച്യുറൽ വുഡിലാണ് ടേബിളും ചെയറും. കസേര ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്തതാണ്. ഓപ്പൺ ഡൈൻ സ്പേസ് കൂടാതെ ചെറിയ ക്യാബിനറ്റുകളും തീർത്തിട്ടുണ്ട്. കുടുംബമായിട്ടും കൂട്ടുകൂടിയും എത്തുന്നവർക്ക് ആഹാരം കഴിക്കാനായി ഒരുക്കിയിരിക്കുന്ന ഈ ക്യാബിനുകൾ ‘മജലിസ്’ പോലെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. റെസ്‌റ്റോറന്റിന്റെ ഒരു വശത്തായിട്ടാണ് മജലിസ് തീർത്തിരിക്കുന്നത്.മൾട്ടിവുഡിൽ സി.എൻ.സി കട്ടിങ് ചെയ്താണ് മജലീസിന്റെ പാർട്ടീഷൻ തീർത്തിരിക്കുന്നത്. മരുഭൂമിയിൽ തയ്യാറാക്കുന്ന രീതിയിലാണ് ഇതിന്റെ കെട്ടും മട്ടും എല്ലാം. ഭിത്തിയിൽ അപ്ഹോൾസ്റ്ററി ചെയ്തിരിക്കുകയാണ്. ഫ്ലോറിൽ കാർപ്പെറ്റും റൗണ്ട് കുഷ്യനും. ഭിത്തിയിൽ മഡിന്റെ നിറമുള്ള ടെക്സ്ച്ചറാണ് ഉപയോഗിച്ചിരിക്കുന്നത്. മരുഭൂമിയിലെ ടെന്റുകളുടെ തനത് രൂപത്തിലാണ് മജലീസിന്റെ ഇന്റീരിയർ ക്രമീകരണം. സി.എൻ.സി ജാളി വർക്കുകളിൽ ഓട്ടോമോട്ടീവ് പെയിന്റാണ്. മികച്ച ഫിനിഷ് കൈവരിക്കുന്നതിന് ഇത് സഹായിക്കുന്നു.മജലീസിന്റെ സീലിങ് മികച്ച ഗുണമുള്ള സാറ്റിൻ ഫാബ്രിക് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. സീലിങ്ങിലെ ബാക്കി ഭാഗം അലുമിനിയം ചാനലിൽ ബ്ലാക്ക് പെയിന്റ് ചെയ്താണ് ഒരുക്കിയിട്ടുള്ളത്. ജാളി വർക്കിൽ ഗോൾഡൻ കളറും കോപ്പർ കളറുമാണ് ഉപയോഗിച്ചിരിക്കുന്നത്. അറബിക് ആശയത്തിന്റെ തനിപ്പകർപ്പ് കൈവരിക്കുന്നതിൽ നിറ വിന്യാസത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.

അറബിക് വാം ടോൺ നൽകുന്നത് പ്രൊഫൈൽ ലൈറ്റും ഹാങ്ങിങ് ലൈറ്റും വാൾ ലൈറ്റും ഉപയോഗിച്ചാണ്. ലൈറ്റ് ഫിക്സ്ച്ചറുകൾ പ്രത്യേകം ഡിസൈൻ ചെയ്തെടുത്തിരിക്കുന്നതാണ്. മെറ്റൽ കൊണ്ടാണ് ലൈറ്റ് ഫിക്‌സ്ച്ചറുകൾ. ഇരുളും പ്രകാശവും ഇടകലർന്നു നിൽക്കുന്ന അന്തരീക്ഷം പകരുന്ന വിസ്മയം അനുഭവിച്ചറിയേണ്ടത് തന്നെയാണ്.വാഷ് റൂമും കിച്ചൻ ഏരിയയും വേർതിരിക്കുന്നത് ഇൻഡസ്ട്രിയൽ ഫ്രയിമും കളേർഡ് ഗ്ലാസും കൊണ്ടുള്ള പാർട്ടീഷൻ ഉപയോഗിച്ചാണ്. ക്യാഷ് കൗണ്ടറിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത് പ്ലൈവുഡും വെനീറും ഉപയോഗിച്ചാണ്.ഭക്ഷണത്തിനൊപ്പം ഒരു സംസ്കാരത്തിന്റെ തനിമയും ആസ്വദിക്കുന്നതിനുള്ള അവസരമാണ് ഈ റെസ്‌റ്റോറന്റിലേക്ക് എത്തുന്നവരെ കാത്തിരിക്കുന്നത്. പ്രമേയം കേന്ദ്രികൃത്യമായി ഡിസൈൻ ചെയ്യുമ്പോൾ പുലർത്തേണ്ടുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട് ഇതിന്റെ ഡിസൈനേഴ്സ്. ആശയത്തോട് 100 ശതമാനം നീതി പുലർത്തിയാണ് ഈ റെസ്‌റ്റോറന്റ് തയ്യാറാക്കിയിരിക്കുന്നത്.Client – Mehrab Mandi Restaurant
Location – Calicut
Area – 1800 sqft

Design – Nahal Ahamed & Anas Mohammed
Artystry Designers + Planners
, Calicut
Phone – 90616 07607 / 80896 07607

Picture Credits – Pressy Xpressions

«
»