ലളിതസമവാക്യം സുന്ദരമാക്കുന്ന ഓഫീസ്

ലഭ്യമായ സ്ഥലത്ത് പ്രവർത്തന സൗകര്യം ഒരുക്കുക- ഓഫീസ് ഇന്റീരിയറിന്റെ അടിസ്ഥാന ഡിസൈനിങ് ആശയം ഇതായിരുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ ആരേയും ആകർഷിക്കണം. സേവന ദാതാക്കളുടെ നിലവാരവും പ്രൊഫഷണലിസവും കാര്യശേഷിയും പ്രകടമാക്കണം എന്നിങ്ങനെ ഓഫീസ് ഇന്റീരിയറിന്റെ അടിസ്ഥാനാശയങ്ങളെല്ലാം സമ്മേളിപ്പിച്ചിരിക്കുന്നതാണ് ഈ ഓഫീസിനെ ഹൃദ്യമാക്കുന്നത്. ആർക്കിടെക്റ്റ് രുചീർ ഷേത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിസൈൻ സ്റ്റുഡിയോ അസ്സോസിയേറ്റ്സ് ചിട്ടപ്പെടുത്തിയതാണ് ഈ ഓഫീസ്.റിസപ്ഷൻ, അക്കൗണ്ട് ക്യാബിൻ, ലോഞ്ച് ഏരിയ, രണ്ട് ക്യാബിൻ, പാൻട്രി, ടോയ്‌ലെറ്റ് ഇങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടി 1400 ചതുരശ്രയടി വിസ്തീർണത്തിലാണ് ഒരുക്കിയിരിക്കുന്നത്. റിസപ്ഷനിൽ സ്വീകരണ സൗകര്യം മാത്രമല്ല വെയ്റ്റിങ് ഏരിയയും നൽകിയിട്ടുണ്ട്. നവീന വാസ്തുകലാ സങ്കേതങ്ങളാണ് ആശയ പ്രകാശത്തിനായി ആർക്കിടെക്റ്റ് ഉപയോഗിച്ചിരിക്കുന്നത്.വാൾനട്ട് കളർ വെനീർ കൊണ്ടാണ് ചുമരുകൾ പാനലിങ് ചെയ്തിരിക്കുന്നത്. ആർ.സി.സി ടെക്സ്ച്ചറാണ് ചുമരിന്റെ കുറച്ച് ഭാഗത്ത്. മെറ്റലിലുള്ള കൊത്തുപണികൾ ചുമരിന് കൂടുതൽ ആകർഷണം നൽകുന്നുണ്ട്. ഫങ്ങ്ഷന് പ്രാമുഖ്യം നൽകുന്ന ഫർണിച്ചറാണ് റിസപ്ഷനിൽ നൽകിയിരിക്കുന്നത്. നാച്ചുറൽ സ്റ്റോൺ കൊണ്ടാണ് ഫ്ലോറിങ്. ജിപ്സവും വെനീറുമാണ് ഫോൾസ് സീലിങ് ആകർഷകമാക്കുന്നത്.നീളൻ ഇടനാഴിക്ക് ഇരുപുറവുമായിട്ടാണ് മറ്റ് സ്പേസുകൾ ഒരുക്കിയിരിക്കുന്നത്. ഗ്ലാസാണ് പാർട്ടീഷന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ലൈറ്റ് നിറാശയം ഇന്റീരിയറിന് കൂടുതൽ വിശാലത നൽകുന്നു. തൂക്ക് വിളക്കുകളും അവയുടെ ഫിക്സ്ച്ചറുകളും ഫർണിച്ചറിനോട് ഇണങ്ങി നിൽക്കുന്നതാണ്. ഗ്ലാസ് ഫിലിം ഉപയോഗിച്ചാണ് ഗ്ലാസുകൾ അതാര്യമാക്കിയിരിക്കുന്നത്.ചെറിയ കാര്യങ്ങളിൽ പോലും പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് ഇന്റീരിയർ സാക്ഷാത്കരിച്ചിരിക്കുന്നത്. സന്ദർശകർക്ക് കൺഫ്യൂഷൻ ഉണ്ടാകാതെ തങ്ങൾക്ക് ആവശ്യമായവരുടെ അടുത്തേക്ക് എതാനും കാര്യങ്ങൾ എളുപ്പത്തിൽ നടത്താനും സഹായിക്കുന്ന വിധത്തിലാണ് ഇന്റീരിയറിന്റെ സ്പേസ് മാനേജ്മെന്റ് നിർവ്വഹിച്ചിരിക്കുന്നത്.പ്രധാന ഓഫീസ് ക്യാബിനോടൊപ്പം ഒരു മീറ്റിങ് സ്പേസ് കൂടി ഒരുക്കിയിട്ടുണ്ട്. വെനീർ പാനലിങ്ങും സിമന്റ് ടെക്സ്ച്ചറും കലാ കൗതുകങ്ങളും മുറിയെ ആകർഷകമാക്കുന്നു. ചുമരിലെ ഷോകേസ് നിറയെ ക്ലൈന്റ് നേടിയ പുരസ്കാരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. വുഡും മെറ്റലും കൊണ്ടാണ് ഈ ഓപ്പൺ ഷെൽഫ് തയ്യാറാക്കിയിരിക്കുന്നത്. ഷെൽഫിന്റെ അടിഭാഗത്ത് പെബിൾ കോർട്ടും നാച്ചുറൽ പ്ലാന്റ് കൊണ്ടൊരു ഗ്രീനറിയും ഒരുക്കിയിട്ടുണ്ട്.ക്യാബിനിൽ നിന്നും കിട്ടുന്ന ലേക്കിന്റെ കാഴ്ച ക്യാബിനെ കൂടുതൽ ലൈവാക്കി മാറ്റുന്നുണ്ട്. ഡ്രൈ ബാംബുവും ക്യാബിന് അലങ്കാരമാകുന്നുണ്ട്. സ്റ്റോറേജ് സ്പേസ് വെനീർ പാനലിന്റെ പിന്നിൽ കൺസീൽഡാക്കിയാണ് ഒരുക്കിയിട്ടുള്ളത്.എൽ.ഇ.ഡി ലൈറ്റാണ് ഓഫീസിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസും ലൈറ്റും ഇന്റീരിയറിനെ പരമാവധി വിശാലമാക്കുന്നു. ഫർണിച്ചർ, നിർമാണ സങ്കേതങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ മികച്ച ഭംഗിയോടെയാണ് സമ്മേളിപ്പിച്ചിരിക്കുന്നത്. ഇടങ്ങൾ തമ്മിലുള്ള പൊരുത്തം നിലനിർത്തുന്നതിന് സാമഗ്രികളുടെ ഉപയോഗം സഹായിക്കുന്നുണ്ട്.ആദ്യകാഴ്ചയിൽ തന്നെ ഹൃദയം കവരുന്ന കാഴ്ചയാണ് ഈ ഓഫീസ് സന്ദർശകർക്ക് നൽകുന്നത്. ഗുണമേന്മയുള്ള സാമഗ്രികളും സാമഗ്രികൾ തമ്മിലുള്ള ചേർച്ചയും സ്പേസിന്റെ കൃത്യമായ വിന്യാസവും ലളിതമായ ഡിസൈനിങ്ങും ഓഫീസിനെ ആകർഷമാക്കുന്നതിനൊപ്പം അങ്ങേയറ്റം ഫങ്ങ്ഷണലുമാക്കുന്നു. ഭംഗിയും ഫങ്ങ്ഷനും കൃത്യമായി സമ്മേളിക്കുന്നതാണ് ഈ ഓഫീസിനെ ഹൃദ്യമാക്കുന്നത്.

Project name – Vihal Buildcon
Location – Vadodara
Area – 1400 sqft

Design Firm – Design Studio
Architect – Ar.Ruchir Sheth
Design Team – Harsh Gajjar

«