പ്രകൃതിയുടെ സ്വന്തം വീട്

കുന്നിടിച്ചും മരം മറിച്ചും വീട് വയ്ക്കുന്നവർക്കും വച്ചവർക്കും ഒരു പാഠമാണ് ഈ വീട്. പരിചയപ്പെടാം കോയമ്പത്തൂരുള്ള പാണ്ടുരങ്കനെയും കുടുംബത്തേയും. ഒരു മാവിനെ സംരക്ഷിക്കാൻ വീടിന്റെ ഡിസൈൻ മരത്തിന് ചുറ്റുമാക്കി മാറ്റിയിരിക്കുന്നു. ഈ വീടും പ്രകൃതിയുമായുള്ള താളം മുറിയാതെ വാസയിടം തീർത്തിരിക്കുന്നത് ആർക്കിടെക്റ്റ് ശ്രീകൃഷ്ണനാണ്. പ്രകൃതിയുടെ സ്വഭാവിപ്രതിഭാസങ്ങളെല്ലാം ഈ വീടിന്റെ കൂട്ടുകാരാണ്.

മാവ് മുറിക്കാതെ വീട് ചിട്ടപ്പെടുത്തണം. മാവിനെ സംരക്ഷിക്കാനും പരിചരിക്കാനും പറ്റും വിധത്തിൽ വേണം വീട് നിർമിക്കാൻ എന്നതായിരുന്നു വീട്ടുടമസ്ഥന്റെ ആവശ്യം. കുടുംബനാഥൻ പാണ്ടുരങ്കന്റെ ആവശ്യത്തോട് ആർക്കിടെക്റ്റ് ശ്രീകൃഷ്ണനും യോജിച്ചതോടെ ട്രീ ഹൗസ് യാഥാർത്ഥ്യമായി. തദ്ദേശീയ വാസ്തുകലാ രീതികളും സാമഗ്രികളുമാണ് ഈ ഭവനം യാഥാർത്ഥ്യമാക്കുന്നതിനായി ആർക്കിടെക്റ്റ് ശ്രീകൃഷ്ണൻ പ്രയോഗിച്ചിരിക്കുന്നത്.കോയമ്പത്തൂരിന്റെ കാലാവസ്ഥ പരിഗണിച്ചും ഈ ഭാഗത്ത് പ്രബലമായിട്ടുള്ള പരമ്പരാഗത രീതിയിലാണ് വീടിന്റെ എലിവേഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. അകലക്കാഴ്ചയിൽ ഒറ്റനില വീടിന്റെ ഫീലാണെങ്കിലും ക്ലോസ് ഫ്രെയിമിൽ മനസിലാക്കാം ഈ വീട് ഇരുനിലയാണെന്ന്‌. കോംപൗണ്ട് വാളും കാർ പോർച്ചും വീടിന്റെ ചുമരും പല ലെവലിലാണ്. ഇതാണ് വീടിന്റെ ഉയരം കൺഫ്യൂസ് ചെയ്യുന്നത്. കോംപൗണ്ട് വാളും പാരപ്പെറ്റ് വാളും ചെരിച്ച് നിർമ്മിച്ചിരിക്കുന്നതും ഒരു കാരണമാണ്.

പൊറോതേം ബ്രിക്ക് കൊണ്ടാണ് വീടിന്റെ നിർമാണം. ബ്രിക്കിന്റെ സ്വഭാവിക ഭംഗി നിലനിർത്തിയതിനാൽ ചുമരുകൾ പ്ലാസ്റ്ററിങ് നടത്തിയില്ല. ജി.ഐ കൊണ്ടാണ് കാർപോർച്ച്. ഭാവിയിൽ ക്രീപ്പർ ഫെൻസിങ് തീർക്കുന്നതിനാണ് കാർ പോർച്ചിന്റെ നിർമാണം ഇങ്ങനെയാക്കിയത്.വീടിരിക്കുന്നത് 5.5 സെന്റ് സ്ഥലത്താണ്. പോർച്ച്, ഇടനാഴി, നടുമുറ്റം, ലിവിങ്, ഡൈനിങ്, സ്റ്റെയർ, കിച്ചൻ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. അപ്പർ ലിവിങ്, ബാൽക്കണി, ബ്രിഡ്ജ്, ടെറസ് എന്നിവയാണ് മുകൾ നിലയിൽ. 2000 സ്ക്വയർഫീറ്റിൽ ആണ് വീട്ടകത്തെ സൗകര്യങ്ങൾ. പോർച്ചിലും മുറ്റത്തും നാച്ചുറൽ സ്റ്റോൺ പേവ് ചെയ്തിരിക്കുന്നു. സിറ്റൗട്ടിൽ ഗ്രാനൈറ്റാണ്.ഇന്റീരിയർ സ്പേസ് ക്രമീകരിച്ചിരിക്കുന്നത് നടുമുറ്റം കേന്ദ്രീകരിച്ചാണ്. കോർട്ടിന്റെ നടുവിലാണ് മാവ്. കോർട്ടിൽ നാടൻ ചെടികളും പെബിൾസും ഔട്ട് ഡോർ ഫർണിച്ചറും ഇട്ടിട്ടുണ്ട്. കോർട്ടിന്റെ മുകൾ ഭാഗത്ത് ജി.ഐ പർഗോളയാണ്. ഇടനാഴിയുടെ അറ്റത്താണ് ഡൈനിങ്. സ്വീകരണ മുറി ഫ്ലോർ ലെവൽ താഴ്ത്തിയാണ്. കുറഞ്ഞ ഫർണിച്ചറേ മുറികളിലുള്ളു.നാച്ചുറൽ സ്റ്റോൺ കൊണ്ടാണ് ഫ്ലോറിങ്. കാന്റിലിവർ സ്റ്റെയറാണ് ഇരുനിലകളും തമ്മിൽ യാത്ര സാധ്യമാക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ തയ്യാറാക്കാവുന്നതാണ് ഇത്തരം ഗോവണി. ഗോവണിക്കടിയിലാണ് കിച്ചൻ. ഒട്ടും സ്ഥലം പാഴാക്കാതെ തയ്യാറാക്കിയതാണ് ഈ അടുക്കള. കുറഞ്ഞ സ്ഥലത്ത് കിച്ചൻ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാണ് ഈ അടുക്കള.മൂന്ന് കിടപ്പുമുറികളാണ് ഇവിടെ. ഇരുനിലകളിലുമായിട്ടാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കിടപ്പുമുറിയ്ക്ക് ആവശ്യമായ ഫർണിച്ചർ മാത്രമേ ഇവിടെയുള്ളൂ.അപ്പർ ലിവിങും ടെറസും തമ്മിൽ ബന്ധിപ്പിക്കുന്നത് ഒരു ബ്രിഡ്ജാണ്. നടുമുറ്റത്തിന് മുകളിലൂടെയാണ് ഈ ബ്രിഡ്ജ്.പരമ്പരാഗത മദ്രാസ് ടെറസ് റൂഫിങ് രീതിയിലാണ് വീടിന്റെ മേൽക്കൂര. വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുന്നതിനും തൊഴിൽ ചെലവ് കുറയ്ക്കുന്നതിനും ഈ നിർമാണ രീതി ഗുണകരമാണ്. തദ്ദേശീയ സാമഗ്രികളും പ്രാദേശിക നിർമാണ രീതികളും പ്രകൃതിയുമായി രമ്യതപ്പെട്ടുള്ള നിർമാണ രീതിയും പാണ്ടുരങ്കന്റെ വീടിനെ ജൈവിക ഭവനമാക്കി മാറ്റുന്നു.Client – Pandurangan
Location – Coimbatore
Plot – 5.5 cent
Area – 2000 sqft

Design – Ar.Srikrishnan
PG Associates, Coimbatore

Phone – 98432 77678

«
»