ഇതൊരു കുമ്പളങ്ങി ഷോട്ട്

വീടും സ്ഥലവും നേരത്തേ ഉണ്ടായിരുന്നതാണ്. കായലിനോട് ചേർന്നുള്ള പ്രദേശത്താണ് വീട് നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ വേലിയേറ്റവും വേലിയിറക്കവുമൊക്കെ വീടിനെ സാരമായിത്തന്നെ ബാധിച്ചിരുന്നു. പുതിയൊരു വീട് പണിയുക എന്നത് അവിടെ സാധ്യമല്ലതാനും. ഇനി മുകളിലേക്ക് പണിയാമെന്നു വെച്ചാൽ വീട് താഴേയ്ക്ക് ഇടിയാൻ സാധ്യതയുണ്ട്. പുതിയൊരു വീട് പണിയാമെന്ന ചിന്തയ്ക്ക് വിരാമമിട്ടുകൊണ്ട് മുകളിലേക്ക് പണിയാൻ തന്നെ തീരുമാനിച്ചു. ഇങ്ങനെ പ്രകൃതിയോട് അൽപമെങ്കിലും നീതി പുലർത്താനായത് വീടിന്റെ സാധാരണ കൺസ്ട്രക്ഷൻ രീതിയിൽ നിന്നും മാറി ചിന്തിച്ചതു കൊണ്ടാണ്.

മണലു വാരാതെ, പാറ പൊട്ടിക്കാതെയൊക്കെ ഒരു വീട് ഉണ്ടാക്കാം എന്നതിനൊരു ഉദാഹരണം കൂടിയാണ് ഈ വീട്. 4.5 സെന്റിന്റെ എല്ലാ പരിമിതികളും കണക്കിലെടുത്തു കൊണ്ട് ഒരു സാധാരണ കുടുംബത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഫൈബർ സിമന്റ് ബോർഡ് എന്ന നിർമ്മാണ വാസ്തുവിലൂന്നി നിവർത്തിച്ചു കൊടുത്തത് ഏറ്റസ് ഡിസൈൻ സ്റ്റുഡിയോ ആണ്.


ചുറ്റിനുമുള്ള പച്ചപ്പും, കായലോളങ്ങൾ അലതല്ലുന്നതും, ചീന വലയും, ചെറു വള്ളങ്ങളുമെല്ലാം നയന മനോഹാരിത വർദ്ധിപ്പിക്കുന്നുണ്ട്. ഗ്രൗണ്ട് ഫ്ലോർ തീർത്തും ഉപേക്ഷിച്ചു കൊണ്ട് മുകൾ നിലയിൽ എല്ലാ സൗകര്യവും തീർത്തു. പൈപ്പ് കണക്ഷനും മറ്റും വരുന്നിടത്തു മാത്രമാണ് സിവിൽ വർക്ക് കൊടുത്തത്. ബാക്കി സ്ട്രക്ച്ചർ ഉൾപ്പെടെ എല്ലാം സിമന്റ് ഫൈബർ ബോൾഡാണ് ഉപയോഗിച്ചത്.

ഏതാണ്ട് 5 ശതമാനം മാത്രമാണ് കോൺക്രീറ്റ് ഉപയോഗിച്ചത്. പ്രീ പ്ലാനിങ്ങും എക്സിക്യൂഷനും ആവശ്യമുള്ള ഒരു നിർമ്മാണ രീതിയാണ് ഇത്. കോൺക്രീറ്റിനെക്കാൾ ചിലവും സമയവും ഈ നിർമ്മാണ രീതിയിൽ കുറവാണ് എന്നുള്ളതാണ് ഹൈലൈറ്റ്. വിദഗ്ധ തൊഴിലാളികളാണ് ഈ നിർമ്മാണ രീതിക്ക് അനുയോജ്യവും. സാധാരണ തൊഴിലാളികൾക്ക് ഈ രീതി ചെയ്യാൻ ബുദ്ധിമുട്ടാണ്.

മാറി ചിന്തിക്കാം
മണലും, ചരലും, കല്ലുമൊക്കെ നമുക്ക് ലഭിക്കാനുമാകും. ഫസ്റ്റ് ഫ്ലോർ, സെക്കന്റ് ഫ്ലോർ എന്നിങ്ങനെയാണ് പുതിയ ക്രമീകരണങ്ങൾ. ഫസ്റ്റ് ഫ്ലോറിലാണ് എല്ലാ സൗകര്യങ്ങളും. കോമൺ സ്പേസ്, ലിവിങ്, ഡൈനിങ്, 2 ബെഡ്‌റൂം, അടുക്കള, വർക്ക് ഏരിയ എന്നിങ്ങനെയാണ് ഫസ്റ്റ് ഫ്ലോറിലെ ഒരുക്കങ്ങൾ.മിനിമം സ്പേസുകൾ ആയതിനാൽ ആവശ്യങ്ങൾ മാത്രം ഉൾക്കൊണ്ടുകൊണ്ടുള്ള ഡിസൈൻ രീതികളാണ് നടപ്പിലാക്കിയത്. ന്യൂട്രറൽ നിറങ്ങളാണ് അകമ്പടി നൽകിയത്. ജനാലകൾക്ക് യുപിവിസി ആണ് കൊടുത്തത്. ഡൈനിങ് സ്പേസിൽ സ്ഥല പരിമിതി കണക്കിലെടുത്തു കൊണ്ട് ബെഞ്ചാണ് കൊടുത്തത്.കുറഞ്ഞ സ്പേസിലാണ് കിച്ചൻ ഡിസൈനും. മൾട്ടിവുഡാണ് കബോർഡുകൾക്ക് നൽകിയത്. കിച്ചന്റെകൗണ്ടർ ടോപ്പിനും ഡൈനിങ്ങിന്റെ ടേബിൾ ടോപ്പിനും നാനോ വൈറ്റാണ് ഉപയോഗിച്ചത്.സിംപിൾ ഫോമിലാണ് ബെഡ്റൂമുകൾ ഒരുക്കിയത്. 2 ബെഡ്‌റൂമുകളാണ് ഫസ്റ്റ് ഫ്ലോറിൽ ഇപ്പോൾ ഉള്ളത്. സെക്കന്റ് ഫ്ലോറിൽ ട്രസ് റൂഫ് നൽകി ഇവിടെ ഭാവിയിൽ 3 മുറികൾ വരെ കൂട്ടിയെടുക്കാൻ സാധ്യമാണ്. ഇങ്ങനെ ആവശ്യങ്ങൾക്ക് മുൻ‌തൂക്കം നൽകികൊണ്ടുള്ള രീതികളാണ് ആകമാനം പിന്തുടർന്നത്.താമസ യോഗ്യമായ വാസസ്ഥലം ഒരുക്കാൻ ഫൈബർ സിമന്റ് ബോർഡ് എന്ന നിർമ്മാണ വസ്തുവും വളരെ അനുയോജ്യമാണെന്ന് തിരിച്ചറിയാനുള്ള ഒരു മാതൃകയാണ് ഈ വീട്. ചിലവും സമയവും ഏറെ ലാഭം.Budget – 17 lakhs

Client – Sabu
Location – Kumbalangi, Kochi
Area – 850 sqft
Plot – 4.5 cent

Design – Aetas Design Studio, Kochi
Phone – 98957 57686

«
»