
മരം മുറിക്കാതെ, കുന്നിടിച്ച് നിരത്താതെ, കൂറ്റൻ ഫൗണ്ടേഷനില്ലാതെ വീട് നിർമ്മിക്കാൻ അറിയാത്ത മലയാളി ഗൃഹ സങ്കല്പത്തിന്റെ പൊളിച്ചെഴുത്താണ് ഈ വീട്. കോൺക്രീറ്റിന്റെ ഒരംശം പോലും ഉപയോഗിക്കാതെ സീറോ കോൺക്രീറ്റ് വീട്. കോഴിക്കോട് മായനാടുള്ള ഡോ.പ്രസാദിന്റെയും കുടുംബത്തിന്റെയും പുതിയ ഭവനം ഭവന മോഹികൾക്ക് ഒരു തിരിച്ചറിവാണ്. പരിസ്ഥിതിയെ പങ്കിലപ്പെടുത്താതെ എങ്ങനെ വീടൊരുക്കാം എന്ന് കാണിച്ചു തരുന്നു ഈ വീട്. വീടിന്റെ രൂപകല്പനയും സാക്ഷാത്കാരവും നിർവ്വഹിച്ചിരിക്കുന്നത് ഡിസൈനർ വജിദ് റഹ്മാനാണ്.
5 സെന്റിന്റെ പ്ലോട്ട്. റോഡ് നിരപ്പിൽ നിന്നും രണ്ട് മീറ്ററിലേറെ ഉയർന്ന് കിടക്കുന്നു. പ്ലോട്ടിന്റെ ഒത്തനടുക്ക് ഒരു കിണറും പതിവ് രീതിയിലൊരു വീടിന് ബുദ്ധിമുട്ടായതോടെയാണ് നവീന സാങ്കേതികതയുടെയും നിർമാണ രീതികളുടെയും തോഴനായ വജീദിനെ ഡിസൈനിങ്ങും നിർമാണവും ഏൽപ്പിച്ചത്. 2100 ചതുരശ്രയടിയിൽ രണ്ട് നിലകളിലാണ് കോൺക്രീറ്റില്ലാതെ ഈ വീട് തയ്യാറാക്കിയിരിക്കുന്നത്.
മൈൽഡ് സ്റ്റീൽ കൊണ്ടാണ് വീടിന്റെ ചട്ടക്കൂട്. ജി.ഐ കൊണ്ട് പാർട്ടീഷൻ ചുമരുകൾക്ക് ബലം നൽകി. ഭിത്തിയും തറയുമൊക്കെ വിവിധ കനത്തിലുള്ള സിമന്റ് ബോർഡ് കൊണ്ടാണ്. കുറഞ്ഞ ഭാരം എളുപ്പത്തിലുള്ള പരിപാലനം, ആവശ്യമെങ്കിൽ അഴിച്ച് മാറ്റി സ്ഥാപിക്കാം ഇതാണ് ഇത്തരം വീടുകളുടെ ഗുണം.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ബെഡ്റൂം, മെയ്ഡ് റൂം എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മുകളിൽ അപ്പർ ലിവിങും മൂന്ന് കിടപ്പുമുറിയുമാണ് ഒരുക്കിയിരിക്കുന്നത്. സിന്തറ്റിക് വുഡൻ ഫ്ലോറിങ്ങാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. കട്ടിളയും ജനലുമൊക്കെ ജി.ഐ അലുമിനിയം എന്നിവയിലാണ്.
ഇൻബിൽറ്റ് ഇരിപ്പിടങ്ങളാണ് സ്വീകരണമുറിയിൽ. റബ് വുഡിലാണ് ഫർണിച്ചർ. സ്വഭാവിക വെളിച്ചവും കാറ്റും ഇന്റീരിയറിൽ എത്തും വിധമാണ് വീടിന്റെ രൂപകൽപന. സന്ദർശക മുറിയിൽ ഓവർ ഹെഡ്ക്യാബിനറ്റുകൾ നൽകിയാണ് സ്റ്റോറേജ്.
ലിവിങും ഡൈനിങ്ങും തുറന്നു കിടക്കുന്ന രീതിയിലാണ്. ഡൈനിങ്ങിൽ നിന്നാണ് സ്റ്റെയർക്കേസ്. ഇൻബിൽറ്റ് ഇരിപ്പിടങ്ങളാണ് ഡൈനിങ് ടേബിളിനും. വാഷ് ഏരിയ സ്റ്റെയറിന്റെ അടിഭാഗത്താണ്. ഡൈനിങ്ങിലും സ്റ്റോറേജ് സൗകര്യം നൽകിയിട്ടുണ്ട്. എളുപ്പത്തിലുള്ള൦ ട്രാഫിക് സാധ്യമാകുന്നരീതിയിലാണ് ഇന്റീരിയറിന്റെ സ്പേസ് മാനേജ്മെന്റ്. ഡൈനിങ്ങിലാണ് ടി.വി യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്.
മിനിമം സ്പേസിലാണ് സ്റ്റെയർക്കേസ്. ജി.ഐ കൊണ്ട് ഫ്രെയിം തീർത്ത് അതിൽ റബ് വുഡ് കൊണ്ട് പടികൾ ഒരുക്കിയാണ് സ്റ്റെയർക്കേസ്. എളുപ്പത്തിൽ ഒരുക്കാമെന്നതും കുറഞ്ഞ സ്പേസുമാണ് ഇത്തരത്തിലുള്ള ഗോവണിയുടെ നേട്ടങ്ങൾ.
അപ്പർ ലിവിങ്ങിൽ വായനയുടെ ലോകമാക്കി മാറ്റിയിരിക്കുകയാണ്. ലൈബ്രറിയും ഇരിപ്പിടങ്ങളുമൊക്കെ സ്വസ്ഥത ലഭിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ലളിതഘടനയിലുള്ള മലബാർ കിച്ചനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അലുമിനിയത്തിലാണ് ഇവയുടെ നിർമാണം. കൗണ്ടർടോപ്പിന് ഗ്രാനൈറ്റിലാണ്. ചെറുതെങ്കിലും സ്റ്റോറേജിന് കൂടുതൽ സൗകര്യം നൽകിയിട്ടുണ്ട് കിച്ചനിൽ.
മുകളിലും താഴെയുമായി നാല് കിടപ്പുമുറികളാണ് ഇവിടെ. പരമാവധി വെന്റിലേഷൻ ലഭിക്കത്തക്ക വിധത്തിലാണ് കിടപ്പുമുറികളുടെ ക്രമീകരണം. കിടപ്പുമുറികളെല്ലാം ബാത്ത്അറ്റാച്ച്ഡ് ആണ്. വാർഡ്രോബുകളും സെറ്റ് ചെയ്തിട്ടുണ്ട്. മുകളിലെ കിടപ്പുമുറികൾക്ക് ബാൽക്കണിയും നൽകിയിട്ടുണ്ട്. മേൽക്കൂര മെറ്റൽ ചട്ടക്കൂടിൽ ഡബിൾ ലെയർ ഓട് വിരിച്ചാണ്.
മുപ്പത് ലക്ഷം രൂപയ്ക്കാണ് ഇരുനിലകളിൽ 2100 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഈ വീടിന്റെ സർവ്വ ജോലികളും തീർത്തിരിക്കുന്നത്. ആധുനിക സൗകര്യങ്ങളും ഏത് വീടിനോടും കിടപിടിക്കുന്ന ആരോഗ്യവും ആയുസുമുള്ള ഇത്തരം വീടുകൾ തീർക്കുന്നത് പ്രകൃതി സൗഹാർദ്ദത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ്.
പ്രീഫാബ് വീടുകൾ തീർക്കുന്നതിന്റെ ഗുണങ്ങൾ
* കുറഞ്ഞ ചെലവ്
* എളുപ്പത്തിലുള്ള മെയിന്റനൻസ്
* ഇലക്ട്രിക് - പ്ലംബിങ് ജോലികൾ എളുപ്പമാക്കുന്നു
* നിർമാണത്തിന് കുറഞ്ഞ സമയം
* പ്രകൃതി സൗഹാർദ്ദ സാമഗ്രികൾ
* പുനരുപയോഗത്തിന്റെ സാധ്യതകൾ
* സീറോ കോൺക്രീറ്റ് വീടുകൾ പ്രകൃതിദത്ത സാമഗ്രികളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നു.
Client - Dr.Prasad
Location - Mayanad, Calicut
Plot - 5 cent
Area - 2100 sqft
Design- Vajid Rahman
Hier Architects, Malappuram.
Year of completion - 2020
Budget - 30 Lakhs
Photo coutersy - Ajeeb Komachi