"വസുധ" ഇതാണ് വീടിന്റെ പേര് - അച്ഛനും അമ്മയ്ക്കും മകൻ നൽകിയ സമ്മാനം

This article has been viewed 2316 times
ജീവിതത്തിലെ ഏറിയ പങ്കും മക്കൾക്ക് വേണ്ടി ചിലവഴിച്ചും എല്ലാ മക്കളുടേയും ഇഷ്ടങ്ങൾ സാധിച്ചു കൊടുത്തും വാർദ്ധ്യക്യത്തിലേയ്ക്ക് കടന്നപ്പോൾ സുഖമായി സ്വസ്ഥമായി വിശ്രമിക്കാൻ ഒരിടം. ആർക്കിടെക്റ്റ് കൂടിയായ മകന് മറ്റെന്താണ് അച്ഛനും അമ്മയ്ക്കുമായി നൽകാനുള്ളത്. 3000 സ്‌ക്വർ ഫീറ്റിൽ എല്ലാ ആവശ്യങ്ങളും നിവർത്തിച്ച് സ്വഛവും സുന്ദരവുമായ ഒരു വീട് പണിതു കൊടുത്തു. കുട്ടനാടിനടുത്ത് കാവാലം ചെറുകര എന്ന സ്ഥലത്ത് പഴയ തറവാട് വീട് പൊളിച്ചു മാറ്റി അൽപ്പം മുന്നോട്ട് നീക്കിയാണ് പുതിയ വീട് പണിതത്.

വീടിനോട് ചേർന്ന് കിഴക്ക് വശത്തായി ഒരു തോട് ഉണ്ട്. ഇത് പ്രദേശത്തിന്റെ കാഴ്ചഭംഗി ഇരട്ടിയാക്കുന്നു. പടിഞ്ഞാറ് വശത്താണ് റോഡ്. റോഡിൽ നിന്നും താഴ്ന്നാണ് പ്ലോട്ട് നിലനിന്നിരുന്നതിനാൽ പ്ലോട്ട് ലെവൽ ആക്കിയാണ് വീട് പണി തുടങ്ങിയത്. സ്വന്തം വീടായതിനാൽ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒന്നും പരിമിതികൾ ഉണ്ടായിരുന്നില്ല എന്ന് ആർക്കിടെക്റ്റ് സുജിത് പറയുന്നു.

കുട്ടനാടിനോട് ചേർന്നുള്ള പ്രദേശമായതുകൊണ്ടു തന്നെ വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലമാണ്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറുകയും ചെയ്തു. എന്നാൽ വീടിനോ ഫൗണ്ടേഷനോ യാതൊരു കേടുപാടും സംഭവിച്ചില്ല. വീടിന്റെ 40 ശതമാനവും ആർ.സി.സി സ്ട്രക്ച്ചർ ആണ്. ബാക്കി സ്റ്റീൽ സ്ട്രക്ച്ചറും പൈൽ ഫൗണ്ടേഷൻ ആണ് ഇവിടെ. എലിവേഷനിൽ ഭംഗി തോന്നിപ്പിക്കാൻ വേണ്ടി യാതൊരുവിധ രീതികളോ നയങ്ങളോ സ്വീകരിച്ചിട്ടില്ല. അകത്തും അങ്ങനെ തന്നെ. അകംപുറം വിശാലമായ ഡിസൈൻ നയങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.

ഇടഭിത്തികളെല്ലാം പാടേ ഒഴിവാക്കി എല്ലാം ഒരൊറ്റ മൊഡ്യുളിൽ നൽകിയതാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഫ്രീ ഫ്ലോയിങ് ഓപ്പൺ സ്പേസുകൾ ഈ രീതിക്ക് മുൻ‌തൂക്കം നൽകി. ഗ്ലാസ്സിന്റെ ഓപ്പണിങ്ങുകളും നൽകി. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, 4 കിടപ്പുമുറികൾ എന്നിങ്ങനെ ആണ് വിന്യാസങ്ങൾ. പൊതു ഇടങ്ങളിൽ ഗ്ലാസ് ഭിത്തിയാണ് കൊടുത്തിട്ടുള്ളത്. പ്രധാന ഇടങ്ങളിലെല്ലാം തറയിൽ സിമന്റ് ആണ് നൽകിയിരിക്കുന്നത്.

സിമന്റും മാർബിൾ പൊടിയും അരിച്ചെടുത്ത മണലും തുല്യ അനുപാതത്തിൽ മിക്സ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ മാർബിൾ പോളിഷ് ചെയ്യുന്ന മെഷീൻ ഉപയോഗിച്ച് പോളിഷ് ചെയ്തു. ശേഷം വാക്സ് പോളിഷ് നൽകി. 1200 സ്‌ക്വർ ഫീറ്റ് ഫ്ലോറിങ്ങിന് ഈ രീതിയാണ് പിന്തുടർന്നിരിക്കുന്നത്.

കോൺക്രീറ്റ്, സിമന്റ് നിറങ്ങളോടുള്ള ഇഷ്ട്ടം വീടിന്റെ പലഭാഗത്തും കാണാം. സ്ലാബുകളെല്ലാം എക്സ്പോസ്ഡ് കോൺക്രീറ്റ് ആണ്. അപ്പച്ചട്ടിയുടെയും ടെറാകോട്ട ഫിനിഷിന്റെയും കോംപിനേഷൻ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഘടകങ്ങളാണ്. അപ്പച്ചട്ടി കമഴ്ത്തിവെച്ച് പില്ലർ സ്ലാബ് ചെയ്തിരിക്കുന്നു. സീലിങ്ങിലും ഇതേ രീതി തന്നെയാണ്.

സൂര്യപ്രകാശം ഉള്ളിലേക്ക് എത്തിക്കുക എന്നൊരു ഉദ്ദേശത്തോടുകൂടിയാണ് വീടിനകത്ത് ഓപ്പൺ കോർട്ട്യാഡുകൾ നൽകുന്നത്. എന്നാൽ ഇവിടെ വലിയ ജനാലകളും ഗ്ലാസ് ഭിത്തികളും ആ കർമ്മം നന്നായി നിർവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോർട്ട്യാർഡ് അൽപ്പം വ്യത്യസ്തമാക്കാം എന്നു കരുതി. 120 വൈൻ ബോട്ടിലാണ് കോർട്ട്യാർഡിൽ ഉപയോഗിച്ചിട്ടുള്ളത്. മെറ്റൽ ഷീറ്റിൽ 120 വൈൻ ബോട്ടിൽ ഡിസൈൻ അടിച്ച് കട്ട് ചെയ്ത് ഉറപ്പിച്ചു ഇതൊരു പെർമനെന്റ് ഷട്ടറിങ് രീതിയാണ്. കുപ്പി ഇറക്കിയിരിക്കുന്ന അത്ര ആഴത്തിൽ പ്ലൈവുഡിന്റെ തട്ടടിച്ചു അതിനാൽ കുപ്പിക്ക് ഇളക്കവും സംഭവിക്കില്ല. ബോട്ടിലിന്റെ മുകൾഭാഗം സൂര്യപ്രകാശത്തിലേക്ക് ഓപ്പൺ ആക്കി അതിനു മുകളിൽ സുരക്ഷയ്ക്ക് വേണ്ടി ഇരുമ്പിന്റെ മെഷ് അടിച്ചു. ഇത് സൂര്യപ്രകാശം കടത്തിവിടുന്ന വിധമുള്ളതാണ്.


വിശാലമായ ഡിസൈൻ രീതികളാണ് കിടപ്പുമുറികളിൽ. ശാന്തസുന്ദരമായ അന്തരീക്ഷം ആകെ നിറയുന്നത് നമ്മുക്ക് കാണാനാവും. ബെഡ്‌റൂമിനെല്ലാം തെങ്ങിൻ തടിയാണ് തറയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. ഇവിടെ നൽകിയിട്ടുള്ള വലിയ ജനാലകൾ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നതിനൊപ്പം കാഴ്ചവിരുന്നും സാധ്യമാക്കുന്നു.

ഓപ്പൺ കിച്ചനാണ് ഇവിടെ സ്ഥാനം കൊടുത്തത്. അതിനോട് ചേർന്ന് വർക്ക് ഏരിയയ്ക്കും സ്ഥാനം നൽകിയിരിക്കുന്നു.

"ഇങ്ങനെ എല്ലാം ഒരു വേറിട്ട രീതിയിൽ കൊണ്ടുവരണമെന്ന് ആഗ്രഹത്തിൻമേലാണ് സ്വന്തം വീടിനെ മനോഹരമാക്കിയത്. ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അച്ഛനും അമ്മയും ആണ്. അമ്മയുടെ പേരാണ് വീടിന് ഇട്ടിരിക്കുന്നത് വസുധ "- ആർക്കിടെക്റ്റ് സുജിത് കെ നടേഷ് പറയുന്നു.തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് - ടി.ആർ. നടേശൻ
സ്ഥലം - ചെറുകര, കാവാലം
പ്ലോട്ട് - 40 സെൻറ്
വിസ്തീർണം - 3000 സ്ക്വർ ഫീറ്റ്
പണി പൂർത്തീകരിച്ച വർഷം - 2018

ഡിസൈൻ - സുജിത് കെ നടേഷ്
സൻസ്കൃതി ആർക്കിടെക്സ്, എരൂർ, തൃപ്പുണിത്തറ
ഫോൺ : 94959 59889