പരിമിതികൾക്കിടയിൽ നിന്നും ഏഴ് അഴകുള്ളൊരു വീട്

This article has been viewed 3481 times
പത്ത് സെന്റ്‌ പ്ലോട്ടുണ്ടെങ്കിലും ഏഴ് മീറ്റർ വീതിയേ സ്ഥലത്തിനുള്ളു. ഒരു വശത്ത് പ്രധാന റോഡും മറുവശത്ത് പഴയ തറവാടും. പരിമിതികൾ നിരയിട്ടു നിൽക്കുന്ന ഈ പ്ലോട്ടിൽ വീടൊരുക്കാൻ പല ഡിസൈനർമാരേയും കണ്ടു വീട്ടുടമസ്ഥൻ ഷെഹീർ. പ്ലോട്ട് കണ്ടവരൊക്കെ ബുദ്ധിമുട്ട് അറിയിച്ചു മടങ്ങി. അവസാനമാണ് ആർക്കിടെക്റ്റ് ജോസ്‌ന റാഫേലിനെ കണ്ടത്. പ്ലോട്ടിന്റെ പരിമിതികൾ അവസരമാക്കിയതോടെ ഏഴ് മീറ്ററിന്റെ പരിമിതിയിൽ ഏഴ് അഴകുള്ള വീടൊരണ്ണം തീർന്നു.

പുതിയ കാലത്തിന്റെ ഡിസൈൻ
തൃശൂർ പാടൂർ ആണ് ഈ വീട്. പ്ലോട്ടിന്റെ പരിമിതികളെ മറികടക്കാൻ കഴിയും വിധം ഡിസൈൻ ചിട്ടപ്പെടുത്തുന്നതിനുള്ള സ്വാതന്ത്രം ഷെഹീർ ആർക്കിടെക്റ്റ് ജോസ്‌ന റാഫേലിന് നൽകി. വർത്തമാനകാല ജീവിത ശൈലിക്ക് ഇണങ്ങുന്ന ഡിസൈനിലേക്ക് എത്തിച്ചത് ക്ലൈന്റ് നൽകിയ ഈ സ്വാതന്ത്രമാണ്. കർവും ബോക്സും ഫ്ലാറ്റ് സ്ലാബും ഇടകലർത്തി കാലിക ശൈലിയിലാണ് വീടിന്റെ എലിവേഷൻ. ഡിസൈനിലെ പുതുമയാണ് വീടിനെ വ്യത്യസ്തമാക്കുന്നത്. വേറിട്ട രൂപഘടനയ്ക്കൊപ്പം മേൽക്കൂരയിലെ ഷിംഗിൾസും ഭിത്തിയിലെ നാച്വറൽ സ്റ്റോൺ ക്ലാഡിങ്ങുമാണ് വീടിനെ ആകർഷകമാക്കുന്നത്.

വൈറ്റ്- ബ്രൗൺ നിറാശയത്തിലാണ് വീടിന്റെ എക്സ്റ്റീരിയർ. മുറ്റത്ത് ഫ്ലെയിംഡ് ഗ്രാനൈറ്റ് വിരിച്ചിരിക്കുകയാണ്. ചെറുതെങ്കിലും ഒരു പച്ചത്തുരുത്ത് വീടിന് അലങ്കാരമാകും വിധം മുറ്റത്തൊരുക്കിയിട്ടുണ്ട്. വീടിന്റെ ആകൃതിക്ക് മാറ്റ് കൂട്ടും വിധത്തിൽ സ്ലിറ്റ് പോലെയാണ് ജാലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കർവ്ഡ് റൂഫിനെ ഒരു വശത്തേക്ക് താഴ്ത്തിയെടുത്തതോടെ കാർപോർച്ചിനും ഇടമായി. വീടിന്റെ സുരക്ഷയ്ക്ക് ആധുനിക രീതിയിലൊരു കോംപൗണ്ട് വാളും തീർത്തിട്ടുണ്ട്.

മികവുറ്റ സ്പേസ് പ്ലാനിങ്
നാലു കിടപ്പുമുറികൾ, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രയർ സോൺ, കോർട്ടിയാർഡ്, ഡൈനിങ്, കിച്ചൻ എല്ലാ സൗകര്യങ്ങളും കൂടി 3000 ചതുരശ്രയടി വിസ്തീർണ്ണം. ഡബിൾ ഹൈറ്റിലാണ് ലിവിങ്. ചുമരിൽ അലങ്കാരമാക്കുന്നത് വാൾപേപ്പറാണ്. ഫ്ലോറിൽ വിട്രിഫൈഡ് ടൈലാണ്. യു.പി.വി.സി കൊണ്ടാണ് ജാലകങ്ങൾ.

ലിവിങ്ങിൽ നിന്ന് രണ്ട് സ്റ്റെപ് താഴ്ത്തിയാണ് മറ്റു സൗകര്യങ്ങൾ. ഇന്റീരിയർ മോടിയാക്കുന്നതിന് ഭിത്തിയിൽ ക്ലാഡിങ്ങും, സീലിങ്ങിൽ ജിപ്സവും, പ്ലൈവുഡും, വെനീറും വിവിധ പാറ്റേണിൽ ഉപയോഗിച്ചിട്ടുണ്ട്. ഇടഭിത്തികൾ ഒഴിവാക്കി അകത്തളം വിശാലമാക്കി. എളുപ്പത്തിലുള്ള ട്രാഫിക്കിനും ഇത് സഹായിക്കുന്നു.

പ്രയർ റൂമിന് പ്ലൈവുഡ് ജാളിവർക്ക് പാർട്ടീഷനാണ്. കോർട്ടിയാർഡ് സ്റ്റെയറിന് അടിഭാഗത്താണ്. സിന്തെറ്റിക് ഗ്രാസും പെബിൾസുമാണ് നടുമുറ്റം സുന്ദരമാക്കുന്നത്. പ്രാർത്ഥന മുറിയോട് ചേർന്നാണ് ഫാമിലി ലിവിങ്. ഇവിടുത്തെ ഫുൾ ലെങ്ത് ജനലുകൾ തുറന്നിട്ടാൽ ഈ ഭാഗം പാഷിയോ ആയിമാറും.

റൂഫിൽ പർഗോള നൽകി സ്കൈലൈറ്റ് എത്തിച്ചതോടെ അകത്തളത്തിൽ ആവശ്യത്തിന് വെളിച്ചമായി. വുഡും ഗ്ലാസും മിക്സ് ചെയ്താണ് സ്റ്റെയറിന്റെ കൈവരികൾ. അപ്പർ ലിവിങ് ഒരു ബ്രിഡ്ജ് പോലെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗത്ത് ഫ്ലോറിൽ വുഡൻ ടൈലാണ്.

അടുക്കളയോട് ചേർന്നാണ് ഡൈനിങ്. വുഡൻ ഫർണിച്ചർ ആണ് ഡൈനിങ്ങിൽ. ഓപ്പൺ കിച്ചനാണ് വീട്ടിലുള്ളത്. ഓപ്പൺ കിച്ചനിൽ സെമി പാർട്ടീഷനാകുന്നത് ബ്രേക്ഫാസ്റ്റ് കൗണ്ടറാണ്. വീടിന്റെ കാലികശൈലിക്ക് യോജിക്കുന്നതാണ് കിച്ചൻ ഡിസൈനും. കിച്ചനിലേക്കുള്ള ഓപ്പണിങ് ആർച്ച് ആകൃതിയിലാണ്. ഇതിനൊപ്പമാണ് സ്റ്റോറേജ്. പ്ലൈവുഡിലാണ് കിച്ചൻ കൗണ്ടർ. കൊറിയൻ ടോപ്പാണ് കൗണ്ടറിന് മുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു വർക്കിങ് കിച്ചനും വീടിന്റെ ഭാഗമാണ്.

ഇരുനിലകളിലുമായി നാല് കടപ്പുമുറികളുണ്ട് ഇവിടെ. പ്ലൈവുഡിലാണ് ബെഡ്‌റൂം ഫർണിച്ചർ. നിറഭേദമാണ് കിടപ്പുമുറികളെ വ്യത്യസ്തമാക്കുന്നത്. ഗ്രേ, വൈറ്റ്, ബ്ലാക്ക് കളർ സ്കീമിലാണ് മാസ്റ്റർ ബെഡ്‌റൂം. ഹെഡ് ബോർഡും വാൾ പേപ്പറും സീലിങ് സവിശേഷതകളുമാണ് കിടപ്പുമുറികൾ സവിശേഷമാക്കുന്നത്.

വൈദഗ്ധ്യമുള്ള ഒരു ആർക്കിടെക്റ്റിന് പ്ലോട്ടും ബഡ്ജറ്റും പ്ലോട്ടിന്റെ പരിമിതികളും ഒന്നും ഒരു വീട് തീർക്കുന്നതിന് തടസമല്ല എന്നാണ് ഈ പാർപ്പിടം കാണിച്ചുതരുന്നത്.


തയ്യാറാക്കിയത് - രതീഷ് ജോൺ

ക്ലൈന്റ് - ഷെഹീർ
സ്ഥലം - പാടൂർ, തൃശൂർ
പ്ലോട്ട് - 10 സെൻറ്
വിസ്തീർണം - 3000 സ്ക്വർ ഫീറ്റ്

ഡിസൈൻ - ആർക്കിടെക്റ്റ് ജോസ്‌ന റാഫേൽ
കാവ്യം, തൃശൂർ

ഫോൺ : 98476 32116