പകർപ്പുകൾ ഇല്ലാത്ത വീട്

This article has been viewed 2975 times
പതിവ് ശൈലിയുടെ സ്ഥിരം ജ്യാമിതിക്ക്‌ പുറത്താണ് ഈ വീടിന്റെ എലിവേഷനും ഇന്റീരിയറും. പകർപ്പുകൾ ഇല്ലാത്തതും കാലത്തിനൊപ്പം നിൽകുന്നതുമായൊരു വീടെന്നതായിരുന്നു വീട്ടുടമസ്ഥരായ സാദത്തിന്റെയും റെജിലയുടേയും ഭവന സ്വപ്നം. നാട്ടുകാരുടെ നോട്ടപ്പുള്ളിയായി മാറിയ ഈ വീടിന്റെ ഡിസൈനർ നിർമ്മാൺ ഡിസൈനേഴ്സിന്റെ ചീഫ് ഡിസൈനർ എ.എം ഫൈസലാണ്. വടകര വള്ളിയാടാണ് ഈ വീട്.

ആശയം ആകൃതിയില്ലാത്ത പ്ലോട്ടിൽ നിന്ന്
മെക്സിക്കൻ ഗ്രാസും താന്തൂർ സ്റ്റോണും പാകി വേർതിരിച്ചെടുത്തിരിക്കുന്ന 57 സെന്റിന്റെ പ്ലോട്ടിലാണ് വീട്. ഒരേക്കറിന്റെ പ്ലോട്ടിൽ നിന്നും വീട് വയ്ക്കുന്നതിനായി വേർതിരിച്ചെടുത്തതാണ് ഈ ഭാഗം. മെക്സിക്കൻ ഗ്രാസിനൊപ്പം പ്ലോട്ടിലുണ്ടായിരുന്ന മരങ്ങളും നിലനിർത്തിയിട്ടുണ്ട്. അടുക്കളത്തോട്ടവും കുട്ടികൾക്കുള്ള കളിയിടവും വീട്ടുകാർക്ക് ഒത്തുകൂടുന്നതിനുള്ള സ്ഥലവുമൊക്കെ ഈ ലാൻഡ്‌സ്‌കേപ്പിന്റെ ഭാഗമാണ്.

ആകൃതിയില്ലാതിരുന്ന പ്ലോട്ടിന്റെ ആശയം കടംകൊണ്ടാണ് വീടിന്റെ എലിവേഷൻ. പല ലെവലിൽ ചരിഞ്ഞും വളഞ്ഞുമൊക്കെയാണ് വീടിന്റെ മേൽക്കൂര. ചരിവ് പല രീതിയിലാണെങ്കിലും മേൽക്കൂര നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിലാണ്. റൂഫിൽ ഷിംഗിൾസാണ്. വൈറ്റ്- ലൈറ്റ് കോഫി നിറങ്ങളാണ് എക്സ്റ്റീരിയറിൽ. എക്സ്റ്റന്റഡ് ഷെയിഡുകൾ നൽകിയിരിക്കുന്നത് മെറ്റൽ സപ്പോർട്ടിലാണ്.

വീട്ടകത്തെ വിസ്മയങ്ങൾ
3600 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട് തീർത്തിരിക്കുന്നത്. വീടിന്റെ പൂമുഖം നവീനാശയത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പോർച്ചിൽ നിന്നും സിറ്റൗട്ടിലേക്ക് ഒരു നടപ്പാലമാണ്. മെറ്റലും ഡെക്ക് വുഡും കൊണ്ടാണ് നടപ്പാലം. ഈ പാലത്തിന് മുകളിൽ ഗ്ലാസ് റൂഫാണ്. മെറ്റലും ഗ്ലാസും കൊണ്ടാണ് പാലത്തിന്റെ ഹാൻഡ്‌റെയിൽ. സിറ്റൗട്ടിന് സൈഡ് വാൾ ഒഴിവാക്കി മെറ്റൽ സ്ട്രിങ്ങുകളാണ് നൽകിയിരിക്കുന്നത്. ഭാവിയിൽ ചെടികൾ പടർത്താനാണ് ഈ നീക്കം. പൂമുഖം ലാൻഡ്‌സ്‌കേപ്പിന്റെ ഭാഗമായി വരുന്നതുകൊണ്ട് തന്നെ ഒരു പാഷിയോയുടെ ധർമ്മം നിർവ്വഹിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, നടുമുറ്റം, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. പഠനമുറി, ലിവിങ്, മൂന്ന് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമാണ് മുകൾ നിലയിലുള്ളത്. വിശാലമായിട്ടാണ് അകത്തള സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഫോയറിൽ നിന്നാണ് സ്വീകരണ മുറിയിലേക്ക് എത്തുന്നത്. വീടിന്റെ ആധുനിക ഭാവത്തിന് ചേരും വിധമാണ് സ്വീകരണമുറിയും. കാലികശൈലിയുള്ളതാണ് ഇരിപ്പിടങ്ങളും കോഫിടേബിളും. തറയിൽ വുഡൻ ടൈലാണ്. സീലിങ്ങിൽ ജിപ്സവും പ്ലൈവുഡുമാണ്. ലിവിങ്-ഡൈനിങ് എന്നിവയെ വേർതിരിക്കുന്നത് ടി.വി പാനലിങ്ങും സി.എൻ.സി പാർട്ടീഷനുമാണ്. ഡൈനിങ്ങിൽ നിന്നും ലിവിങ്ങിൽ നിന്നും കാണാവുന്ന വിധമാണ് ടി.വിയുടെ ക്രമീകരണം.

മറൈൻ പ്ലൈവുഡ് വെനീർ എന്നിവയിലാണ് ഡൈനിങ് ടേബിളും കസേരകളും. ഐവറി നിറത്തിലുള്ള വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്. തറയിൽ പെബിൽ നിരത്തി ഗ്ലാസിട്ടാണ് ഡൈനിങ്ങിന്റെ ഒരു ഭാഗം അലങ്കരിച്ചിരിക്കുന്നത്.

സ്റ്റെയറിന് അടിഭാഗത്താണ് വാഷ് ഏരിയ. ഫുൾ പെഡസ്റ്റൽ വാഷ്‌ബേസിനും മിററും ചെയ്തിരിക്കുന്നത് പെയിന്റിങ് സ്റ്റാന്റിന്റെ രീതിയിലാണ്. സിന്തെറ്റിക് ഗ്രാസും ഡെക്ക് വുഡും പെബിൾസും ഈ ഭാഗം ഭംഗിയാക്കുന്നു. വെർട്ടിക്കൽ പർഗോള വഴി ധാരാളം വെളിച്ചവും ഈ ഭാഗത്ത് എത്തുന്നു.

കിടപ്പുമുറിക്കും കിച്ചനും ഇടയിലുള്ള ഭാഗം ഒരു ആധുനിക നടുമുറ്റമാക്കി മാറ്റിയിട്ടുണ്ട്. വീട്ടകത്തേക്ക് ധാരാളം വെളിച്ചമെത്തിക്കുന്നതിന് ഈ നടുമുറ്റം സഹായിക്കുന്നു. സ്റ്റെയറിന്റെ മിഡ് ലാന്റിങ്ങാണ് പഠന സ്ഥലം. വായിക്കുന്നതിനും എഴുതുന്നതിനും കുട്ടികളുടെ സാമഗ്രികൾ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യം ഇവിടുണ്ട്.

കിച്ചൻ മൊഡ്യൂളുകൾ തീർത്തിരിക്കുന്നത് മറൈൻ പ്ലൈവുഡിലും വെനീറിലുമാണ്. വെങ്കൈ ഫിനിഷിലാണ് ഇവ. ഫാമിലി ഡൈനിങ് സൗകര്യവും അടുക്കളയുടെ ഭാഗമായിട്ടുണ്ട്. അടുക്കളയും ഡൈനിങ്ങും വേർതിരിക്കുന്നതും സി.എൻ.സി പാർട്ടീഷൻ വഴിയാണ്.

അഞ്ച്‌ കിടപ്പുമുറികളാണ് ഇവിടുള്ളത്. എല്ലാം ഭിന്നാശയത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കട്ടിലും ഹെഡ്ബോർഡും സീലിംഗ് ഫീച്ചേഴ്സുമാണ് കിടപ്പുമുറിയെ വ്യത്യസ്തമാക്കുന്നത്. പരമാവധി സ്റ്റോറേജിനുള്ള സൗകര്യവും എല്ലാ കിടപ്പുമുറികളിലും നൽകിയിട്ടുണ്ട്.

കമനീയത പോലെതന്നെ കാര്യക്ഷമവുമാണ് ഈ വീട്. പഠിക്കാനും പകർത്താനും പലതുമുണ്ട് ഈ വീട്ടിൽ. ഫൈസൽ എന്ന ഡിസൈനറുടെ കൈയ്യൊപ്പ് പതിഞ്ഞ വീടുകളിൽ ഒന്നാണിത്.

തയ്യാറാക്കിയത് - രതീഷ് ജോൺ

ക്ലൈന്റ് - സാദത്ത് & റെജില സാദത്ത്
സ്ഥലം - വള്ളിയാട്, വടകര
പ്ലോട്ട് - 1 ഏക്കർ
വിസ്തീർണം - 3600 സ്ക്വർ ഫീറ്റ്

ഡിസൈൻ - എ.എം ഫൈസൽ
നിർമ്മാൺ ഡിസൈൻസ്,
മലപ്പുറം
ഫോൺ : 98959 78900