വ്യത്യസ്തത ആഗ്രഹിക്കാത്തവർ ആരാണുള്ളത്?

This article has been viewed 463 times
പ്രദേശത്തെ മറ്റു വീടുകളിൽ നിന്നും എന്തെങ്കിലുമൊക്കെ വ്യത്യസ്തത എന്റെ വീടിന് വേണം എന്നു ആഗ്രഹിക്കയുന്നവരാണ് എല്ലാവരും. ഇവിടെയും അങ്ങനെ ഒരു ആഗ്രഹം വീട്ടുകാർ മുൻ‌കൂർ തന്നെ പറഞ്ഞിരുന്നു. വീട് ആധുനിക ശൈലിയിൽ തന്നെ വേണം. എന്നാൽ കണ്ടു മടുത്ത സ്ഥിരം ഡിസൈൻ നയങ്ങൾ ആവരുത് എന്ന ആവശ്യവും വീടിന്റെ ശില്പിയോട് പറഞ്ഞിരുന്നു. ഈ ഒരു കാര്യത്തിന് ശ്രദ്ധ ചെലുത്തിയാണ് വീട് അടിമുടി പണിതത്.

'H' ആകൃതിയാണ് വീടിന്റെ എലിവേഷന്. വീടിന്റെ കാഴച ഭംഗിയ്ക്ക് തടസമാവാതെയാണ് മടക്കിവെക്കാവുന്ന 'L' ആകൃതിയിലെ ജി.ഐ പൈപ്പും കോംപൗണ്ട് വാളും എല്ലാം പണിതിരിക്കുന്നത്. ഇവയോടെല്ലാം നീതി പുലർത്തുന്ന മനോഹരമായ ലാൻഡ്സ്‌കേപ്പും വീടിന്റെ മനോഹാരിതയാണ്.

വളരെ സുരക്ഷിതമായി ഒരുക്കിയ ആഴം കുറവുള്ള വാട്ടർ ബോഡിയാണ് അകത്തളങ്ങളിലെ ഫോക്കൽ പോയിന്റ്. മറ്റ് എല്ലാ സ്പേസിൽ നിന്നും ഇവിടേയ്ക്ക് കാഴ്ച എത്തും വിധമാണ് ക്രമീകരണം. കോമൺ സ്പേസുകളെല്ലാം പ്രകാശ പൂരിതവും കാറ്റിനെ സ്വാഗതം ചെയ്യുന്നവയുമാണ്. വലിയ ജനാലകളും സ്ലൈഡിങ് ഡോറും വെർട്ടിക്കൽ പർഗോളയുമെല്ലാം അവയുടെ കർത്തവ്യം വളരെ കൃത്യമായി നിർവഹിക്കുന്നു.

'H' ആകൃതിയിൽ ഇടതു വശത്ത് താഴെ കാർപോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് എന്നീ സൗകര്യങ്ങളാണ്. മാസ്റ്റർ ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം, കിച്ചൻ, വർക്ക് ഏരിയ എന്നിങ്ങനെ വലതു വശത്തും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നത് താഴെ നിലയിലെ ഡൈനിങ്ങും അതിനു മുകളിലായി കൊടുത്തിട്ടുള്ള അപ്പർ ലിവിങ് കം സ്റ്റഡി സ്പേസുമാണ്. വ്യത്യസ്തതയും ലാളിത്യവും കാഴ്ച ഭംഗിയും ഓരോ സ്പേസിനേയും മനോഹരമാക്കുന്നുണ്ട്.

നൂതനാശയങ്ങളെ വീട്ടുകാരുടെ ജീവിത ശൈലിയോട് കോർത്തിണക്കി കൊണ്ടാണ് അകത്തെ സൗകര്യങ്ങളെല്ലാം നിവർത്തിച്ചിട്ടുള്ളത്. ഇന്റീരിയറിൽ ആദ്യത്തെ സെക്ഷനെ നാല് തട്ടായിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കാർപോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് എന്നീ സ്പേസുകളെ പല ഹൈറ്റുകളിലാണ് റൂമുകളുടെ സ്ലാബ് കാസ്റ്റ് ചെയ്തിട്ടുള്ളത്. ഇവിടെ ഓരോ ലെവലുകളുടേയും ഇടയിലായി 'L' ആകൃതിയിൽ ഫിക്സഡ് ഗ്ലാസ് കൊടുത്തു. പ്രകൃതിയുടെ സ്രോതസുകളെ മനോഹാരിത ഒട്ടും ചോരാതെ തന്നെ ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

ഡൈനിങ്ങിന്റെ ഒരു വശത്ത് വലിയ ജനലും മറുവശത്ത് മനോഹരമായ പാഷിയോയുമാണ്. ഡൈനിങ്ങിൽ നിന്ന് ഇവിടേക്ക് ഇറങ്ങാൻ സ്ലൈഡിങ് ഡോറാണ് നൽകിയത്. ഡൈനിങ്ങിനോട് ചേർന്ന് കൊടുത്ത സ്റ്റീൽ സ്ട്രക്ച്ചറിൽ തീർത്ത സ്റ്റെയർ ഡിസൈൻ എലമെന്റായി തോന്നും വിധം കൊടുത്തു.

ആധുനിക സൗകര്യങ്ങളോട് ഒരുക്കിയിട്ടുള്ള നാല് ബെഡ്‌റൂമുകളാണ് മുകളിലും താഴെയുമായി ഉള്ളത്. മുറികളിൽ നൽകിയിട്ടുള്ള പെയിന്റിങ്ങുകൾ ആണ് ആംപിയൻസ് നിർണയിക്കുന്നത്.

പുറത്തു നിന്നും അകത്തു നിന്നും പ്രവേശിക്കാവുന്ന വിധം ഒരു ഓഫീസ് മുറിക്കും മുകളിൽ സ്ഥാനം കൊടുത്തു.

സ്പേഷ്യസായി ഡിസൈൻ ചെയ്ത കിച്ചനും കൗണ്ടർ ടോപ്പിന്റെ തുടർച്ചയായി കൊടുത്ത ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും എല്ലാം ഉപയുക്തമായി ഡിസൈൻ ചെയ്തു.

ഇങ്ങനെ പുറംകാഴ്ചകളിലെ വ്യത്യസ്തതയുടേയും മനോഹാരിതയുടേയുമെല്ലാം തുടർച്ച അകത്തളങ്ങളിലും കൊടുത്തു കൊണ്ടാണ് വ്യത്യസ്തത ആഗ്രഹിച്ചവർക്കായി ശിൽപി വീട് സമർപ്പിച്ചത്.

Client - Shimju David
Location - kuriachira, Thrissur
Area - 3500 sqft
Plot - 12 cent

Design - Manaf Karim
MAAD Concepts
, Kochi
Phone - 75580 01111

Text courtesy - Resmy Ajesh