ഹൃദയം തൊടുന്ന ഭവനം

This article has been viewed 776 times
സർഗാത്മകമായ സംരചനയിലൂടെ ആർക്കിടെക്ച്ചറിന്റെ ലോകത്ത് അത്ഭുതം തീർക്കുന്ന വാസ്തു ശില്പിയാണ് ഫൈസൽ നിർമാൺ. സൗന്ദര്യവും സൗകര്യവും തികയുന്ന വാസ്തു ശില്പങ്ങളിലൂടെ ഗൃഹമോഹികളുടെ പ്രിയ ഡിസൈനറായി മാറിയ ഫൈസലിന്റെ ക്രിയാത്മകതയിൽ രൂപപ്പെട്ടതാണ് ഈ വീട്. അമീൻ - ഫെബിന ദമ്പതികൾക്കായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ വീട്ടിലും കലയും കാര്യവും ഒരുപോലെ സംഗമിക്കുന്നു.

മൊറയൂരാണ് ഈ വീട്. 30 സെന്റ്‌ സ്ഥലത്ത് 2862 ചതുരശ്രയടിയിലാണ് വീട്ടിലെ സൗകര്യങ്ങൾ. പ്ലോട്ടിന്റെ മധ്യഭാഗത്തേക്ക് മാറ്റിയാണ് വീടിന്റെ സ്ഥാനം. ഗേറ്റ് മുതൽ പോർച്ച് വരെ കോട്ട സ്റ്റോൺ നിരത്തിയിരിക്കുകയാണ്. കോംപൗണ്ട് വാളും ഗേറ്റുമൊക്കെ വീടിന്റെ ആശയത്തിന് ഇണങ്ങുന്നതാണ്. വീട്ടുകാരുടെ ഹൃദയം തൊട്ടുനിൽക്കുന്നതാണ് ഈ വീടിന്റെ ഓരോ കോണും.

പുതുമയുള്ള രൂപഘടനയിലാണ് വീടിന്റെ എലിവേഷൻ. ഫ്ലാറ്റ്-സ്ലോപ്-ഗേബിൾ ഉൾപ്പെടുന്ന ഫ്യൂഷൻ ശൈലിയിലാണ് റൂഫ് ഡിസൈൻ ചെയ്തിരിക്കുന്നത്. മേൽക്കൂരയിൽ ഷിംഗിൾസാണ്. ബ്രൗൺ-വൈറ്റ് നിറാശയത്തിലാണ് വീടിന്റെ നിറ വിന്യാസം. ഭിത്തിയിലും തൂണിലുമൊക്കെ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങാണ്. സോളിഡ് വുഡിലാണ് വാതിലും ജനലുമൊക്കെ തയ്യാറാക്കിയിരിക്കുന്നത്.

സോഫയാണ് സ്വീകരണ മുറിയിൽ. ഫ്ലോറിൽ വുഡൻ ടൈലാണ്. പാർട്ടീഷൻ വാളിൽ വെനീർ ഫിനിഷാണ്. സി.എൻ.സി വർക്കിലാണ് പാർട്ടീഷൻ വാൾ തയ്യാറാക്കിയിരിക്കുന്നത്. പ്രൈവസി ഉറപ്പാക്കുന്നതിനൊപ്പം ഓപ്പൺ ആശയം കൂടി സമ്മേളിപ്പിച്ചാണ് ഈ വീടിന്റെ പൊതുഇടങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഡൈനിങ്ങിനും ലിവിങ്ങിനും അഭിമുഖമായിട്ടാണ് നടുമുറ്റം. ഫ്ലോറിൽ സിന്തെറ്റിക് ഗ്രാസാണ്. നടുമുറ്റത്തേക്ക് സ്കൈലൈറ്റ് എത്തിക്കുന്നതിന് റൂഫ് സ്ലാബിൽ ഓപ്പണിങ് നൽകി ഗ്ലാസ് ഇട്ടിട്ടുണ്ട്. ഇന്റീരിയറിന്റെ പല ഭാഗത്ത് ഇത്തരത്തിൽ സ്കൈലൈറ്റ് എത്തിക്കുന്നുണ്ട്. ഡൈനിങ്ങിനോട് ചേർന്ന് തന്നെ വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്. വാഷ് കൗണ്ടറിന്റെ അടിയിൽ സ്റ്റോറേജിന്‌ സൗകര്യം നൽകിയിട്ടുണ്ട്.

ഡൈനിങ്ങിൽ നിന്നാണ് സ്റ്റെയർക്കേസ്‌. അർദ്ധവൃത്താകാരത്തിലാണ് ഗോവണി. ആദ്യ ലാൻഡിങ് വരെയുള്ള ഭാഗം എം.എസിൽ തയ്യാറാക്കി വുഡും ഗ്ലാസും കൊണ്ടാണ് ചവിട്ടുപടികൾ തീർത്തിരിക്കുന്നത്. എസ്.എസും വുഡും കൊണ്ടാണ് സ്റ്റെയറിന്റെ റെയിൽ. സ്റ്റെയറിന്റെ ലാൻഡിങ് സ്റ്റഡി സ്പേസാക്കി മാറ്റിയിട്ടുണ്ട്.

ഇരുനിലകളിലുമായി നാലു കിടപ്പുമുറികളാണ് ഉള്ളത്. കിടപ്പുമുറികളിൽ ഫങ്ങ്ഷനാണ് പ്രാധാന്യം. സ്റ്റോറേജിനും സൗകര്യം നൽകിയിട്ടുണ്ട്. വിട്രിഫൈഡ് ടൈൽ സ്ലാബാണ് ഫ്ലോറിൽ. ജിപ്സം കൊണ്ട് സീലിങ്ങും ഒരുക്കിയിട്ടുണ്ട്. മുകൾ നിലയിലാണ് കുട്ടികളുടെ മുറി. റോമൻ കർട്ടനാണ് ജാലകങ്ങൾക്ക്.

വിശാലമായ കിച്ചനാണ് ഈ വീട്ടിലേത്. മറൈൻ പ്ലൈവുഡിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റാണ്. വൈറ്റ്-ബ്രൗൺ നിറത്തിലാണ് കിച്ചൻ തയ്യാറാക്കിയിരിക്കുന്നത്. കൗണ്ടർ ടോപ്പ് നീട്ടിയെടുത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. സ്റ്റോറേജിന്‌ പരമാവധി സൗകര്യം ലഭ്യമാണ് കിച്ചനിൽ. സ്കൈലൈറ്റ് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കിച്ചനിലും ഉണ്ട്.

അഴകും ആധുനിക സൗകര്യങ്ങളും സമ്മേളിക്കുന്നതാണ് ഈ വീട്. സൗകര്യങ്ങൾ എല്ലാം ഏറ്റവും ക്രിയാത്മകമായിട്ട് ഒരുക്കുന്നതിനാണ് ഫൈസൽ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കാഴ്ചയിലുള്ള സൗന്ദര്യവും സൗകര്യങ്ങളും ഈ വീടിനെ അതുല്യമാക്കുന്നു.Client - Ameen Morayoor
Location - Morayoor
Plot - 30 cent
Area - 2862 sqft

Design - A M Faizal
Nirman Designs

Manjeri.
Phone - 98959 78900