കപ്പൽ വീട്

This article has been viewed 1220 times
കപ്പലിൽ ക്യാപ്റ്റന്മാരായി ജോലി ചെയ്യുന്ന രണ്ട് ആൺമക്കൾ വികാസും കുടുംബവും ഡെന്നിസും കുടുംബവും. രണ്ട് പേർക്കും കൂടി ഒരു വീട് എന്ന ആശയത്തിൻമേൽ ഉരുത്തിരിഞ്ഞാണ് കണ്ടംപ്രററി ഹോം പണി കഴിപ്പിച്ചത്. 13 സെന്റിൽ 6910 സ്ക്വയർഫീറ്റിൽ ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കപ്പൽ നങ്കൂരമിട്ടാൽ എങ്ങനെയിരിക്കും അതുപോലെയാണ് വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്.

ചുറ്റുമുള്ള നിറഞ്ഞ പച്ചപ്പും നഗരവാരിധിയുടെ അതിശയകരമായ കാഴ്ചകളും ഉള്ള കുന്നിന്റെ ഏറ്റവും മുകളിലായിട്ടാണ് വീട് പണിതിരിക്കുന്നത്. ചുറ്റിലും നിറയുന്ന പച്ചപ്പിന്റെ മനോഹാരിത ഒട്ടും ചോരാതെ ആസ്വദിക്കാൻ തക്കവിധം ഗ്ലാസിന്റെ ഓപ്പണിങ്ങുകൾ നൽകിയതാണ് ഇന്റീരിയറിന്റേയും എക്സ്റ്റീരിയറിന്റേയും ഹൈലൈറ്റ്. ഉള്ള സ്പേസിലെ ലാൻഡ്സ്കേപ്പിങ്ങും കാർപോർച്ചും കോംപൗണ്ട് വാളും ഗേറ്റും എല്ലാം എലിവേഷന്റെ ആഢ്യത്വം ഇരട്ടിയാക്കുന്നുണ്ട്.

തുറന്നതും വിശാലവുമായ നയം പിന്തുടർന്നുകൊണ്ട് രണ്ട് ബ്ലോക്കുകളിലായിട്ടാണ് എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ളത്. ആദ്യത്തെ ബ്ലോക്കിൽ കാർ പാർക്കിങ്, ഡബിൾഹൈറ്റ് സ്പേസ് ഫോർമൽ ലിവിങ് റൂം ഏരിയ, മാസ്റ്റർ ബെഡ്‌റൂം എന്നിങ്ങനെയും രണ്ടാമത്തെ ബ്ലോക്കിൽ അടുക്കള, ഡൈനിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ്‌റൂം, ഹോം തീയേറ്റർ, വർക്ക് ഔട്ട് സോൺ എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.

റോസ് വുഡിനൊപ്പം വൈറ്റിന്റേയും ഗ്രേ നിറത്തിന്റേയും മോണോക്രോമാറ്റിക് കളർ തീമിനെ പിന്തുടർന്നു കൊണ്ടാണ് അകത്തളങ്ങളെ ഒരുക്കിയിട്ടുള്ളത്. സോളാർ പാനലുകളെ ഉൾക്കൊള്ളുന്ന കൂർത്ത മേൽക്കൂരയും പ്രത്യേകതയാണ്. വീടിനകത്തേക്ക് പ്രവേശിച്ചാൽ വിശാലമായ സ്പേസുകളുടെ കൂടിച്ചേരലുകൾ വളരെ ഭംഗിയോടെ ക്രമപ്പെടുത്തി. ഇന്റീരിയറിൽ കണ്ണുടക്കുന്നത് ഓപ്പൺ കോർട്ടിയാർഡിലേക്കും പുറത്ത് നൽകിയിരിക്കുന്ന സ്വിമ്മിങ് പൂളിലേക്കും ആണ്.

ഇന്റീരിയറിലെ ഏതൊരു കോണിൽ നിന്നും കോർട്ടിയാർഡിന്റേയും പൂളിന്റേയും കാഴ്ചഭംഗി ആസ്വദിക്കാൻ സാധ്യമാണ് എന്നുള്ളതാണ് ഹൈലൈറ്റ്. ഇന്റീരിയറിന്റെ അഴകളവുകൾക്കൊത്ത് പണിതെടുത്ത ഫർണിച്ചറുകൾ അകത്തളങ്ങളെ ആഡംബരപൂർണമാക്കുന്നുണ്ട്. ആർട്ടിഫാക്ടുകളും ക്യൂരിയോസുകളും പെയിന്റിങ്ങുകളും എല്ലാം പ്രത്യേകമായി തിരഞ്ഞെടുത്തവയാണ്. ഗ്ലാസിന്റെ മാസ്മരികത ചൂടിനെ ഒട്ടും അകത്തേക്ക് കൊണ്ടുവരുന്നില്ല. ചൂട് അടിക്കാത്ത ടഫൻറ് ഗ്ലാസാണ് ആകെ കൊടുത്തിരിക്കുന്നത്.

ഡബിൾ ഹൈറ്റ് സ്പേസിലെ ഗസ്റ്റ് ലിവിങും , വുഡൻ ഫ്ലോറിങ്ങും ഫർണീച്ചറുമെല്ലാം ലിവിങ്ങിന്റെ ആംപിയൻസ് കൂട്ടുന്നുണ്ട്. ഫാമിലി ലിവിങ് കം ഡൈനിങ് കം കിച്ചൻ ഓപ്പൺ കൺസപ്റ്റിൽ പണിതു. ഈ സ്പേസുകളുടേയും ഗസ്റ്റ് ലിവിങ്ങിന്റേയും ഇടയിലായിട്ടാണ് കോർട്ടിയാർഡും കോർട്ടിയാർഡിന്റെ ഭാഗമായിത്തന്നെ തോന്നും വിധമുള്ള പുറത്തെ സ്വിമ്മിങ്പൂളും കൊടുത്തത്.

എല്ലാ കിടപ്പുമുറികളിൽ നിന്നും പൂളിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധ്യമാണ്. കിച്ചൻ കം ഡൈനിങ് കം ഫാമിലി ലിവിങ്ങിൽ നൽകിയ വെർട്ടിക്കൽ ഗാർഡൻ ആ സ്പേസിന്റെ ആംപിയൻസ് കൂട്ടുന്നു. ഗ്ലാസിന്റേയും തടിയുടേയും മനോഹാരിതയാണ് സ്റ്റെയർകേസിന് ഏർപ്പെടുത്തിയത്. സ്റ്റെയറിന് താഴെ പച്ചപ്പിന് പ്രാധാന്യം കൊടുത്തു.

താഴെ ഒരു ബെഡ്‌റൂം ബാക്കി മൂന്ന് ബെഡ്റൂമുകൾ മുകൾനിലയിലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. വിശാലതയിലൂന്നിയാണ് ഓരോ സ്പേസും കൊടുത്തത്. വാക് ഇൻ വാഡ്രോബും ഡ്രസിങ് യൂണിറ്റും സൈഡ് ടേബിളും ഹെഡ്ബോർഡും അങ്ങനെ എല്ലാ വസ്തുതകളും അതിന്റെ ഫങ്ഷന് അടിസ്ഥാനപ്പെടുത്തി നിവർത്തിച്ചാണ് കിടപ്പുമുറികൾ സവിശേഷതയാകുന്നത്.

മുകൾ നിലയിലെ ഒരു ബെഡ്‌റൂമിനോട് ചേർന്ന് വിശാലമായ ബാൽക്കണിയും കൊടുത്തു. ഇവിടെ രണ്ട് ചെയറും കോഫി ടേബിളും നൽകി. വെർട്ടിക്കൽ ഗാർഡനും റൂഫിങ്ങിലെ പച്ചപ്പും ബാൽക്കണിയിലും ബെഡ്റൂമിലും ആംപിയൻസ് നിലനിർത്തുന്നു.

ഐലന്റ് ഹൈ എന്റ് കിച്ചനാണിവിടെ. ഇത് കൂടാതെ വർക്ക് ഏരിയയും യൂട്ടിലിറ്റി സ്പേസുമെല്ലാം കൊടുത്തിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളും സാമഗ്രികളുമാണ് അടുക്കളയ്ക്ക് ചന്തം കൂട്ടൂന്ന ഘടകങ്ങൾ. കൗണ്ടർ ടോപ്പിൽ കൊറിയൻ കൊടുത്തു. മറൈൻ പ്ലൈ ലാമിനേറ്റ്‌സാണ് ഷട്ടറുകൾക്ക് ഏർപ്പെടുത്തിയത്.

ഇങ്ങനെ ഓരോ സ്പേസിനേയും ജീവസുറ്റതാക്കി മാറ്റിയിരിക്കുന്നത് സ്പേസ് പ്ലാനിങ്ങിലൂടെയാണ്. ഓരോ സ്പേസും പരസ്പരം ചേർന്ന് പോകും വിധം ഒരുക്കിയത് ഡിസൈൻ എലമെന്റുകളുടേയും നയങ്ങളുടേയും കൂടിച്ചേരലുകളാണ്. ജംഗ്ഷനിൽനിന്ന് വരുമ്പോഴേ വീടിന്റെ എലിവേഷന്റെ പ്രൗഢി എടുത്തു കാണും വിധം എൽ ഇ ഡി സ്ട്രിപ്പ് നൽകി. ആ വീട് നോക്കാതെ ആരും അതുവഴി കടന്നു പോകാറുമില്ല.


Client - P O Joseph
Location - Palachuvad, Kakanadu
Plot - 13 cent
Area - 6910 sqft

Design - Ar.Manoj Kumar
Illusions Architectural Interiors, Kochi

Phone - 94471 17701

Text courtesy - Resmy Ajesh