
കേരളത്തനിമയ്ക്കൊപ്പം ആധുനികതയുടെ ആവിഷ്കാരങ്ങളും നിറയുന്നതാണ് ഈ വീട്. മലപ്പുറം വണ്ടൂരാണ് ബഷീറിന്റെ വീട്. മലയാളി വീടുകളുടെ സിഗ്നേച്ചറായ സ്ലോപ് റൂഫും മാംഗ്ലൂർ ടൈലും, ആധുനിക ഭാവം പകരുന്ന നാച്യുറൽ സ്റ്റോൺ ക്ലാഡിങ്ങും, വെൺ ശോഭയുമാണ് വീടിന് ട്രഡീഷണൽ മോഡേൺ സങ്കലനം സാധ്യമാക്കുന്നത്. ട്രഡീഷണൽ മോഡേൺ എലമെന്റുകൾ ചേർത്ത് ഈ പാർപ്പിടം രൂപകല്പന ചെയ്തിരിക്കുന്നത് നിർമാൺ ഡിസൈൻസിലെ എ.എം ഫൈസലാണ്.
സങ്കലനം
ഒരേക്കറിലധികം വരുന്ന വിശാലമായ പ്ലോട്ടിൽ നിന്നും 48 സെന്റ് വേർതിരിച്ചെടുത്താണ് പാർപ്പിടം തീർത്തിരിക്കുന്നത്. വിവിധ ലെവലിൽ സ്ലോപ് റൂഫ് തീർത്ത് ഓട് വിരിച്ചതോടെ പതിവ് കേരള ശൈലിയിൽ നിന്നും ഭിന്നമായി ഭിത്തിയിലും തൂണുകളിലും സ്റ്റോൺ ക്ലാഡിങ് നൽകിയതോടെ എലിവേഷനും ആധുനികമായി. അഴുക്ക് പിടിച്ചാലും കഴുകി വൃത്തിയാക്കാൻ സാധിക്കുന്നതിനാണ് ക്ലാഡിങ് നൽകിയത്.
കോഫി-ബ്രൗൺ-വൈറ്റ് നിറസങ്കലനമാണ് വീടിന്റെ അകത്തും പുറത്തും പിന്തുടർന്നിരിക്കുന്നത്. വീടിന്റെ മുൻഭാഗം പുൽത്തകിടിയാക്കി. ഹാർഡ് സ്കേപിൽ നാച്യുറൽ സ്റ്റോൺ പാകി. വീടിന്റെ മുഖം മറയാതെ ഒരു വശത്താണ് കാർപോർച്ച്. പോർച്ചിൽ നിന്നും മഴ നനയാതെ സിറ്റൗട്ടിൽ എത്താൻ വഴി തീർത്തിരിക്കുന്നത് ഡെക് വുഡിലാണ്. പോർച്ച് കൂടാതെ വാഹനം സൂക്ഷിക്കുന്നതിന് ഗാരേജും തീർത്തിട്ടുണ്ട്.
വീട്ടുകാരുടെ ആഗ്രഹമെല്ലാം സഫലമാക്കിയതോടെ വീടിന് വിശാലത കൂടി. 4240 ചതുരശ്രയടി വിസ്തീർണത്തിലാണ് അകത്തള സൗകര്യങ്ങൾ. സിറ്റൗട്ട്, ഫോയർ, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചൻ, ഓപ്പൺ കോർട്ട്, പ്രയർ റൂം, 3 കിടപ്പുമുറികൾ എന്നിവയാണ് താഴെ നിലയിൽ മുകളിൽ രണ്ട് കിടപ്പുമുറികളും ബാൽക്കണിയും അപ്പർ ലിവിങും ആണ് ഉള്ളത്.
അൾട്ര മോഡേൺ
എക്സ്റ്റീരിയറിൽ പാരമ്പര്യത്തിന്റെ പുതുഭാവങ്ങളാണെങ്കിൽ ഇന്റീരിയറിൽ അൾട്ര മോഡേൺ സൗകര്യങ്ങളാണ്. വിശാലമാണ് പൂമുഖ വാതിൽ. വാതിൽ താണ്ടിയാൽ ഫോയർ. ഫോയറിന്റെ വലതു ഭാഗത്താണ് ഓപ്പൺകോർട്ട്. ഡെക്ക് വുഡും പെബിൾസുമാണ് കോർട്ടിൽ. മുകളിൽ ഗ്ലാസ് നൽകി സ്കൈലൈറ്റ് എത്തിച്ചിരിക്കുന്നു. റൂഫിൽ നിന്നെത്തുന്ന മഴവെള്ളം കോർട്ടിൽ നിന്നും വഴി തിരിച്ച് വിടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നടുമുറ്റത്തിന്റെ ഭിത്തിയിൽ നിഷ് നൽകി ക്യൂരിയോസ് വച്ചിട്ടുണ്ട്.
ഫോയറിന്റെ ഇടതു ഭാഗത്താണ് ആധുനികതയും ആഢംബരവും ഒന്നിക്കുന്ന സ്വീകരണമുറി. ഇരിപ്പിടങ്ങൾ ലെതർ അപ്ഹോൾസ്റ്ററി ചെയ്തതാണ്. ഫ്ലോറിൽ വുഡൻ ടൈലാണ്. ഭിത്തിയിൽ വോൾ പേപ്പറും ഒട്ടിച്ചിരിക്കുന്നു. ടി.വി യൂണിറ്റും ക്രമീകരിച്ചിട്ടുണ്ട് സ്വീകരണ മുറിയിൽ. കോഫി ബ്രൗൺ-വൈറ്റ് നിറസങ്കലനത്തിലാണ് അലങ്കാരങ്ങൾ. ഫോൾഡിങ് ഡോർ നൽകി ലിവിങ് എൻക്ലോസ്ഡ് ആക്കിയിട്ടുണ്ട്.
ഒരു ഭിത്തിയ്ക്ക് ഇരുപുറവുമായിട്ടാണ് ലിവിങും ഫാമിലി ലിവിങ്ങും. ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് ഇവിടെ. ഭിത്തിയിൽ വെർട്ടിക്കൽ പർഗോള നൽകി പകൽ വെളിച്ചം എത്തിക്കുന്നു. ഡബിൾ ഹൈറ്റിലാണ് ഫാമിലി ലിവിങ്. വുഡൻ ടൈലാണ് ഫ്ലോറിൽ. പോർച്ചിൽ നിന്നും നേരിട്ട് ഇവിടെ എത്താൻ ഒരു എൻട്രിയും ഒരുക്കിയിട്ടുണ്ട്. ഐവറി നിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് മറ്റിടങ്ങളിൽ.
വിശാലം
വിശാലമാണ് ഡൈനിങ്. സോളിഡ് വുഡിലാണ് ഡൈനിങ്ങിലെ ഫർണിച്ചർ. സീലിങ് പ്രത്യേകം ഫീച്ചർ ചെയ്താണ് ഡൈനിങ് ആകർഷകമാക്കിയത്. പ്ലൈവുഡ്, വെനീർ, ജിപ്സം എന്നിവകൊണ്ടാണ് സീലിങ് ഫീച്ചർ ചെയ്തിരിക്കുന്നത്.
ഡൈനിങ്ങിനോട് ചേർന്ന് ഒരു പാഷിയോ ഒരുക്കിയിട്ടുണ്ട്. സിന്തെറ്റിക് ഗ്രാസാണ് ഫ്ലോറിൽ. റൂഫിൽ ഗ്ലാസാണ്. ഗ്രീൻ പാർട്ടീഷനാണ് ഇവിടെ. കെയിൻ ഫർണിച്ചറാണ് പാഷിയോയിൽ.
സെമി സർക്കുലാർ ഷെയ്പിലുള്ളതാണ് സ്റ്റെയർകേസ്. ഇടങ്ങളെ വേർതിരിക്കുന്ന രീതിയിലാണ് സ്റ്റെയറിന്റെ സ്ഥാനം. ഡൈനിങ്ങിൽ നിന്നാണ് സ്റ്റെയർ ആരംഭിക്കുന്നത്. വുഡും മെറ്റലും കൊണ്ടാണ് സ്റ്റെയറിന്റെ റെയിൽ. സ്റ്റെപ്പിൽ തേക്കിന്റെ പലകയാണ്.
സ്റ്റെയർ ലാന്റിങ്ങാണ് ലൈബ്രറി-കം-അപ്പർ ലിവിങ് ആക്കിയിരിക്കുന്നത്. പ്ലൈവുഡ്, വെനീർ എന്നിവയിലാണ് സ്റ്റോറേജ് സൗകര്യങ്ങൾ.
വൈവിധ്യപൂർവ്വം തയ്യാറാക്കിയ അഞ്ച് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ഫ്ലോറിങ്, ഫർണിച്ചർ ഡിസൈൻ, ഹെഡ് ബോർഡ്, ഭിത്തിയുടെ നിറം, സീലിങ് പാറ്റേൺ എന്നിവയാണ് കിടപ്പുമുറിയ്ക്ക് ചേഞ്ച് നൽകുന്നത്. വെന്റിലേഷനും സ്റ്റോറേജിനും സൗകര്യമൊരുക്കിയിട്ടുണ്ട് കിടപ്പുമുറിയിൽ. പഠന സൗകര്യവും പൗഡർ സ്പേസുമൊക്കെ ഉപയോഗിക്കുന്ന ആളിന്റെ ഇഷ്ടത്തിനാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വെൺശോഭയിലാണ് അടുക്കള. അലുമിനിയവും ലക്കേർഡ് ഗ്ലാസും കൊണ്ടാണ് ക്യാബിനറ്റുകൾ. ടോപ്പിൽ കൊറിയൻ സ്റ്റോൺ ആണ്. ഫാമിലി ഡൈനിങ്ങും വാഷ് ഏരിയയും ഡൈനിങ്ങിന്റെ ഭാഗമാണ്.
ആധുനികതയെ പ്രണയിക്കുന്നവർക്കും ട്രഡിഷനെ പിന്തുടരുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഈ വീടിന്റെ മിശ്രിത ശൈലി.
Client - Basheer
Location - Wandoor, Malappuram
Plot - 48 cent
Area - 4240 sq ft
Design - A.M. Faisal
Nirman Designs, Manjeri
Phone - 98959 78900