പാരമ്പര്യത്തിന്റെ പുതുനിർവ്വചനം ഈ വീട്

This article has been viewed 1481 times
കേരള ശൈലിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന വീടുകളുടെ മുഖ്യ സവിശേഷത കാലഹരണപ്പെടാത്ത കമനീയതയാണ്. അത്തരത്തിലൊരു വീടാണ് പ്രവാസി ബിസിനസ്സുകാരനായ സിറാജ് പുത്തൻപുരയ്‌ക്കലിന്റേത്. പാരമ്പര്യഭാവങ്ങൾ കാലാനുസൃതമായി സമ്മേളിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ ഭവനം ഹൃദ്യമാക്കുന്നത്. കോഴിക്കോട് നാദപുരത്താണ് ഈ വീട്. ഈ പാർപ്പിടം ഡിസൈൻ ചെയ്തത് കാലിക്കറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇയാമ ഡിസൈനേഴ്സ് & ഡെവലപ്പേഴ്സിന്റെ സാരഥിയായ സി.പി മുഹമ്മദ് അനീസാണ്. ട്രഡീഷണൽ ആശയങ്ങളും മോഡേൺ സൗകര്യങ്ങളും സമ്മേളിപ്പിച്ചിരിക്കുന്നു ഈ വീട്ടിൽ.

നവീന നിർവ്വചനം
പാരമ്പര്യത്തിന്റെ പുതുമയുള്ള നിർവ്വചനമാണ് പാർപ്പിടത്തിന്റെ എക്സ്റ്റീരിയറിന്. 32 സെന്റിന്റെ പ്ലോട്ടിലാണ് 3000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളെല്ലാമുള്ള വീട്. മുറ്റം പൂർണ്ണമായും ഇന്റർലോക്ക് വിരിച്ചിരിക്കുകയാണ്. കോംപൗണ്ട് വാളിനോട് ചേർന്ന് വരുന്ന ഭാഗം ലാൻഡ്‌സ്‌കേപ്പ് ആക്കി മാറ്റിയിരിക്കുന്നു.

സ്ലോപ് റൂഫാണ് വീടിന്. റൂഫിൽ സെറാമിക് ടൈൽ വിരിച്ചിരിക്കുന്നു. ആഷ് - വൈറ്റ് നിറാശയത്തിലാണ് എക്സ്റ്റീരിയർ. നീളൻ വരാന്തയും തൂണുകളുമൊക്കെ മനസ്സിൽ ഗൃഹാതുരത്വം നിറയ്ക്കുന്ന ഘടകങ്ങളാണ്. പോർച്ചിന് ഫ്ലാറ്റ് റൂഫാണ്. പാരപ്പെറ്റ് വാളിന് പകരം എം.എസ് റെയിലാണ്. ഉയരക്കൂടുതലുള്ള ഈ വീട് വഴിയാത്രക്കാരുടെ സംസാരവിഷയം ആകുന്നതിന് കാരണം പണ്ടേ ഹൃദയത്തിൽ കുടിയേറിയ ട്രഡീഷണൽ വീടുകളുടെ കമനീയ രൂപസാമ്യമാണ്.

പ്രൗഢം സുന്ദരം
ഇറ്റാലിയൻ മാർബിൾ പാകിയ വരാന്തയിൽ നിന്നും എത്തുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. ലാമിനേറ്റഡ് വുഡൻ ഫ്ലോറിങ്ങാണ് സ്വീകരണമുറിയിൽ. നീളത്തിലുള്ള സോഫ പരമാവധി ആളുകൾക്ക് ഇരിപ്പിട സൗകര്യമൊരുക്കുന്നു. ബേയ്ജ് കളറിലുള്ള സോഫയ്ക്ക് ലെതർ ഫിനിഷാണ്. വുഡും, പ്ലൈവുഡും, മൈക്ക ഫിനിഷും കൊണ്ടാണ് ടി.വി യൂണിറ്റ്. സിമന്റ് ഷീറ്റിലാണ് ലീഫ് പാറ്റേൺ തീർത്തിരിക്കുന്നത്. സിമന്റ് ഷീറ്റ്, വുഡ് ജിപ്സം കോംപിനേഷനിലാണ് സീലിങ്.

ബ്യൂട്ടി സ്പോട്ട്
ഈ വീട്ടിലെ ബ്യൂട്ടി സ്പോട്ടാണ് സ്റ്റെയർകേസ്. ഒരു സ്പൈറൽ സ്റ്റെയർകേസാണിവിടെ. ഗ്ലാസും വുഡും കൊണ്ടാണ് സ്റ്റെയർ റെയിൽ. അടിഭാഗം കോർട്ടിയാർഡാക്കി മാറ്റി. സിന്തെറ്റിക് ഗ്രാസും ആർട്ടിഫിഷ്യൽ പ്ലാന്റുമാണ് നടുമുറ്റത്തിന് അലങ്കാരം. ഡൈനിങ്ങും സ്റ്റെയറും അഭിമുഖമായിട്ടാണ്. ഡബിൾ ഹൈറ്റിലാണ് സ്റ്റെയർ ഏരിയ. നടുമുറ്റത്തേക്കും ഊണിടത്തിലേക്കും വീടിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രകാശമെത്തിക്കുന്നത് ഈ ഭാഗത്തെ ജാലകങ്ങളാണ്.

എട്ടു പേർക്ക് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാവുന്നത്ര വിശാലമാണ് ഊൺമേശ. ഊണിടത്തിലെ സീലിങ് ഹൈലൈറ്റ് ചെയ്യാൻ പ്ലൈവുഡ്, വെനീർ, ജിപ്സം എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വീകരണ മുറിയിൽ എത്തുന്നവർക്ക് ഡൈനിങ്ങിലെ വിശേഷങ്ങൾ അറിയാതിരിക്കാൻ ഒരു ഗ്ലാസ് പാർട്ടീഷനും നൽകിയിട്ടുണ്ട്.

സ്റ്റെയർ കയറി എത്തുന്ന ലാൻഡിങ്ങിൽ ഒരു ഊഞ്ഞാൽ ഇരിപ്പിടത്തിനും സ്ഥാനം നൽകി. തൂക്കു വിളക്കുകളും ഭിത്തിയിലെ വുഡൻ പാറ്റേണും മിററും ഒക്കെയാണ് ഈ ഭാഗത്തെ അലങ്കാരങ്ങൾ.

ഇരുനിലകളിലായി നാല് കിടപ്പുമുറികളാണ് ഇവിടുള്ളത്. ഉപയോഗിക്കുന്നവരുടെ അഭിരുചിക്ക് പ്രാമുഖ്യം നൽകിയാണ് കിടപ്പുമുറികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ്റ്റർ ബെഡ്‌റൂമിൽ ഹെഡ്‍ബോർഡ് വാൾ മുൾട്ടിവുഡിൽ സി.എൻ.സി നൽകിയും ഹൈഗ്ലോസി മൈക്ക കൊണ്ടും ഹൈലൈറ്റ് ചെയ്തു. കുട്ടികളുടെ ഇഷ്ടത്തിനാണ് കിഡ്സ് റൂം ചിട്ടപ്പെടുത്തിയത്. വാർഡ്രോബുകൾക്ക് സ്ലൈഡിങ് ഡോർ ആണ്. കിഡ്സ് റൂമിൽ സ്റ്റഡി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഈ വീട്ടിലെ അടുക്കള വളരെ വിശാലമാണ്. 'L' ഷേപ്പിലാണ് കിച്ചൻ. സ്റ്റോറേജിന്‌ ആവശ്യത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കബോർഡിന്റെ ഷട്ടറുകൾ കളേർഡ് ലാമിനേറ്റഡ് ഗ്ലാസ്സിലാണ്. കൗണ്ടറിന് കൊറിയൻ ടോപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രൗൺ കളർ സ്കീമിലാണ് കിച്ചൻ തയ്യാറാക്കിയിരിക്കുന്നത്.

വിശാലമായ വീട്ടകത്ത് ലളിതമായ ഇന്റീരിയർ ഡിസൈനിങ് ആണ് നടത്തിയിരിക്കുന്നത്. കുടുംബത്തിന്റെ പ്രൗഢിക്കും അന്തസ്സിനും ചേർന്ന വിധമാണ് ഈ പാർപ്പിടത്തിന്റെ അകവും പുറവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാലത്തിനൊപ്പം നിൽക്കുന്ന സൗന്ദര്യമാണ് ഈ വീടിനെ കാഴ്ചക്കാരുടെ ചർച്ചാ വിഷയമാക്കുന്നതും.


തയ്യാറാക്കിയത് - രതീഷ് ജോൺ

ക്ലൈന്റ് - സിറാജ് പുത്തൻപുരയ്ക്കൽ
സ്ഥലം - നാദപുരം, കോഴിക്കോട്
പ്ലോട്ട് - 30 സെൻറ്
വിസ്തീർണം - 3000 സ്ക്വർ ഫീറ്റ്

ഡിസൈൻ - മുഹമ്മദ് അനീസ്
ഇയാമ ഡിസൈനേഴ്സ് & ഡെവലപ്പേഴ്‌സ്, കോഴിക്കോട്

ഫോൺ :94463 12919

ഫോട്ടോ - അജീബ് കൊമാച്ചി