
മലയാളി മനസ്സിന്റെ ഉമ്മറത്ത് ചിരപ്രതിഷ്ഠ നേടിയ നാടൻ വീടിന്റെ തനി പകർപ്പാണ് ഈ വീട്. കാലത്തിന്റെ ഒഴുക്കിൽ കാലഹരണപ്പെട്ടുപോയ പഴമയുടെ പെരുമയെ പുനരാവിഷ്ക്കരിച്ചതാണ് ഈ പാർപ്പിടം. ആവിഷ്ക്കരണത്തിലെ അപൂർവ്വ ചാരുത ഈ വീടിനെ കാഴ്ചക്കാരന്റെ ഹൃദയത്തിൽ കുടിയിരുത്തുന്നു. പെരിന്തൽമണ്ണ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനെക്സിം എഞ്ചിനീയറിംഗ് കൺസൾട്ടൻസിയിലെ മുഹമ്മദ് അനസും അബ്ദുൽ മുഹീഷുമാണ് ഈ വീടിന്റെ രൂപകല്പന നിർവ്വഹിച്ചതും ഭവനം സാക്ഷാത്ക്കരിച്ചതും.
പെരിന്തൽമണ്ണ, പട്ടിക്കാടാണ് ഈ പാർപ്പിടം. സിദ്ദിഖ്- സെൽമ ദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. വിദേശത്ത് നിന്നും നാട്ടിൽ സ്ഥിര താമസത്തിനെത്തിയപ്പോൾ ആണ് ഹോം സ്റ്റേയുടെ സാധ്യതകൾ മനസ്സിലാക്കിയതും അതിന് പറ്റിയ രീതിയിൽ ഒരു വീട് ഡിസൈൻ ചെയ്തു തരണമെന്നും അനസിനോട് ആവശ്യപ്പെട്ടത്. തികച്ചും മൗലികമായൊരു ഗൃഹ സങ്കല്പത്തിലാണ് അനസും മുഹീഷും ഈ വീടിന്റെ സംരചന നിർവ്വഹിച്ചിരിക്കുന്നത്.
തനിനാടൻ
ഒന്നരയേക്കറോളം വരുന്ന വിശാലമായൊരു പ്ലോട്ടിന്റെ ഒരു ഭാഗത്തായിട്ടാണ് വീട്. പ്ലോട്ടിന്റെ ലെവൽ വ്യതിയാനം നിലനിർത്തി ഗൃഹ നിർമ്മാണം നടത്തിയപ്പോൾ വീട്ടിലേക്ക് വഴിയൊരുക്കാൻ ഒരു കോൺക്രീറ്റ് പാലം തീർക്കേണ്ടി വന്നു. കാഴ്ചക്കാർ പലരും ധരിച്ചിരിക്കുന്നത് ഇതൊരു മൺവീടാണ് എന്നാണ്. എന്നാൽ ഇത് മൺവീടല്ല മറിച്ച് മണ്ണ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന വീടാണ്. ഹോം സ്റ്റേയ്ക്ക് എത്തുന്നവർക്ക് ഒരു വ്യത്യസ്ത ഫീൽ നൽകാനായിരുന്നു ഈ പരീക്ഷണം. പക്ഷേ ഇതിപ്പോൾ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഡിസൈനർമാരും വീട്ടുടമസ്ഥരും.
റബിൾ ഫൗണ്ടേഷനിലാണ് വീട് നിലയുറപ്പിച്ചിരിക്കുന്നത്. ചുമരുകൾ തീർത്തിരിക്കുന്നത് ചെങ്കല്ലിലാണ്. മേൽക്കൂര തയ്യാറാക്കിയിരിക്കുന്നത് ജി.ഐ ട്രെസ്സിലാണ്. മാംഗ്ലൂർ ടൈലാണ് റൂഫിൽ. സീലിംഗ് ഓട് വിരിച്ചിട്ടുള്ളതിനാൽ ഇന്റീരിയറിലും മികച്ച ഫിനിഷ് കൈവരിക്കാനായി. വീടിനെ ആകർഷകമാക്കുന്നത് മഡ് പ്ലാസ്റ്ററിങ്ങാണ്. പ്ലോട്ടിൽ തന്നെയുള്ള മണ്ണും സിമന്റും കളറും ചേർത്താണ് പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നത്. പല ലെയർ പ്ലാസ്റ്ററിങ് ചെയ്താണ് ഫിനിഷ് വരുത്തിയിരിക്കുന്നത്. വെള്ളം തട്ടാൻ സാധ്യതയുള്ളിടത്തൊക്കെ സിമന്റ് പ്ലാസ്റ്ററിങ്ങാണ്. ഇതിൽ വെള്ള നിറവും പൂശിയിട്ടുണ്ട്. വീടിന്റെ വാതിൽ ജനൽ ഫ്രെയിമുകൾ എം.എസിലാണ്. എക്സ്റ്റീരിയർ ഭിത്തിക്ക് പകരം ചില ഭാഗങ്ങളിൽ ഗ്രിൽ നൽകിയിട്ടുണ്ട്. ഷട്ടറുകൾ സോളിഡ് വുഡിലാണ്.
ഗ്രീൻ ഹോം
പൂർണ്ണമായ അർത്ഥത്തിൽ ഗ്രീൻ ഹോമിന്റെ നിർവ്വചനത്തിൽ വരില്ലെങ്കിലും ഗ്രീൻ ആശയങ്ങൾ പിൻപറ്റിയാണ് ഈ പാർപ്പിടം തീർത്തിരിക്കുന്നത്. സിമന്റിന്റെ ഉപയോഗം കുറയ്ക്കുന്നതിന് മഡ് പ്ലാസ്റ്ററിങ് സഹായിച്ചു. റൂഫിന് ട്രസ്സ് തീർത്തതും വാതിൽ, ജനൽ ഫ്രെയിമുകൾ ലോഹത്തിലാക്കിയതും വുഡിന്റെ ഉപയോഗം കുറച്ചു. പകൽ വെളിച്ചം ഇന്റീരിയറിൽ എത്തിക്കുന്നതിന് ഗ്രിൽ നൽകിയതും വെർട്ടിക്കൽ പർഗോള ഉപയോഗിച്ചതും വൈദ്യുതി ലാഭിക്കാനും സഹായിക്കുന്നു. ഒരു കുടുംബത്തിന് വേണ്ടമൊത്തം സൗകര്യങ്ങൾ 1100 ചതുരശ്രയടിയിലാണ് തീർത്തിരിക്കുന്നത്. സിറ്റൗട്ട്, രണ്ട് ബെഡ്റൂം,പാസ്സേജ്, വരാന്ത,കിച്ചൺ, ഡൈനിങ് ഒക്കെ ഈ വീട്ടകത്തെ സൗകര്യങ്ങളിൽ പെടുന്നു.
അടിമുടി മിതത്വം
ഹോം സ്റ്റേയാണെങ്കിലും ആഡംബരത്തിന്റെ കണികപോലുമില്ല ഈ വീട്ടിൽ. സിറ്റൗട്ടിൽ ഇൻ ബിൽറ്റ് ഇരിപ്പിടങ്ങളാണ്. സ്ലാബ് കാസ്റ്റ് ചെയ്തു അതിന് മുകളിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചാണ് ഇരിപ്പിടങ്ങൾ. ഫ്ലോറിങ്ങിന് വുഡൻ ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. ഫർണിച്ചർ റെഡിമെയിഡാണ്.
അടുക്കളയിൽ തന്നെയാണ് ഊണിടവും. അടുക്കളയ്ക്കും കിടപ്പുമുറികൾക്കും ഇടയിലുള്ള ഭാഗമാണ് പിൻവരാന്തയാക്കി മാറ്റിയിരിക്കുന്നത്. ഇവിടേയും ഇൻ-ബിൽറ്റ് ഇരിപ്പിടങ്ങളാണ്.
കഴിയുന്നിടത്തൊക്കെ ഇൻഡോർ പ്ലാന്റുകൾ നൽകി അകത്തളം ലൈവാക്കിയിട്ടുണ്ട്. സ്വാഭാവിക വെളിച്ചം ഇന്റീരിയറിൽ എത്തുന്നതിനുള്ള എല്ലാ മാർഗ്ഗവും ഈ വീട്ടകത്ത് തുറന്നിട്ടിരിക്കുകയാണ്.
ആവശ്യത്തിന് വിസ്താരമുള്ളതാണ് കിടപ്പുമുറികൾ. കട്ടിലും വാഡ്രോബുമാണ് കിടപ്പുമുറിയിലെ ഫർണിച്ചർ. ബാത്ത് അറ്റാച്ചിഡാണ് കിടപ്പുമുറികൾ.
ലളിത സമവാക്യങ്ങളാണ് ഈ പാർപ്പിടത്തിന്റെ നിർമ്മാണ രസതന്ത്രം. ഗ്രാമീണാന്തരീക്ഷത്തിൽ അതിന് തികച്ചും അനുയോജ്യമായ നിർമ്മാണ രീതിയാണ് പുലർത്തിയിരിക്കുന്നത്. തനി നാടൻ വീടിന്റെ പുനരാവിഷ്ക്കരണം എന്നതിലുപരി ആവശ്യത്തിന് മാത്രം വിഭവങ്ങൾ ഉപയോഗിച്ച് എല്ലാ ആവശ്യങ്ങളും നിവർത്തിക്കുന്നതിന് പര്യാപ്തമായ ഇത്തരം വീടുകളാണ് നമ്മുടെ നാടിനും പരിസ്ഥിതിക്കും അനുയോജ്യം എന്ന വലിയ ഗുണപാഠവും ഈ പാർപ്പിടം പകർന്നു തരുന്നു.
തയ്യാറാക്കിയത് - രതീഷ് ജോൺ
ക്ലൈന്റ് - സിദ്ദിഖ് - സെൽമ
സ്ഥലം - പട്ടിക്കാട്, പെരിന്തൽമണ്ണ
പ്ലോട്ട് - 1.5 ഏക്കർ
വിസ്തീർണം - 1100 സ്ക്വർ ഫീറ്റ്
ഡിസൈൻ - മുഹമ്മദ് അനസ് & അബ്ദുൾ മുഹീഷ്
അനെക്സിം, പെരിന്തൽമണ്ണ
ഫോൺ : 98464 33512
ഫോട്ടോ - അജീബ് കൊമാച്ചി