ഗ്രാമ്യഭംഗിയിലൊരു വെൺശിൽപം

This article has been viewed 2262 times
ചുറ്റും നിറയെ പച്ചപ്പ്, തലയെടുപ്പോടെ നിൽക്കുന്ന തെങ്ങിൻ കൂട്ടവും ചുറ്റുമുള്ള മരങ്ങളും, പുന്നമട കായലും, സമീപത്തെ ക്ഷേത്രവുമെല്ലാം സ്ഥലത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. ഈ ഭംഗിയുടെ നടുവിൽ ഒരു വെൺശിൽപം പോലെ നിലകൊള്ളുകയാണ് ജോസഫ് മാത്യുവിന്റേയും കുടുംബത്തിന്റേയും വീട്.

പഴമയുടെ തനിമ വിളിച്ചോതും വിധമാണ് എലിവേഷൻ ഡിസൈൻ. പില്ലറുകളും റൂഫിങ് രീതിയുമെല്ലാം പഴമയുടെ ചേരുവകളാണ്. ബീമും സ്ലാബും ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ രീതിയാണ് റൂഫിങ്ങിന് സ്വീകരിച്ചത്. വീട്ടുകാരുടെ മനസ്സറിഞ്ഞുള്ള ഡിസൈൻ രീതികൾക്കാണ് പ്രാധാന്യം നൽകിയതെന്ന് വീടിന്റെ ശിൽപി പറയുന്നു. ക്ലൈന്റ് ആദ്യമേ പറഞ്ഞ ബഡ്ജറ്റിൽ തന്നെ എല്ലാ പണികളും തീർക്കാനായെന്നും ഡിസൈനർ പറയുന്നു. അകംപുറം ഉൾപ്പെടെ എല്ലാത്തിനും കൂടി ചിലവായത് 55 ലക്ഷമാണ്.

ചിട്ടയായ ക്രമപ്പെടുത്തലുകളും ഡിസൈൻ രീതികളുമാണ് ഉൾത്തളങ്ങളുടെ സവിശേഷത. ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്ടിയാർഡ്, സ്‌റ്റഡി ഏരിയ, പ്രയർ ഏരിയ, അറ്റാച്ചഡ് ബാത്റൂമോടുകൂടിയ 3 കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഉൾത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്. ഹാഫ് പാർട്ടീഷൻ എന്ന നയം സ്വീകരിച്ചാണ് ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ തിരിച്ചിരിക്കുന്നത്.

വുഡൻ ഫ്ലോറിങ്ങാണ് ലിവിങ് റൂമിന്. ലിവിങ് റൂമിൽ നിന്നും ഫ്ലോർ ലെവൽ അൽപം ഉയർത്തിയാണ് ബാക്കി ഏരിയകൾ സജ്ജീകരിച്ചിട്ടുള്ളത്.

സ്റ്റെയറിനും ലിവിങ്ങിനും ഇടയിലുള്ള കോർട്ടിയാർഡാണ് ഇന്റീരിയറിലെ ഫോക്കൽ പോയിന്റ്. വുഡിന്റെയും ഗ്ലാസ്സിന്റെയും ചന്തമാണ് സ്റ്റെയർകേസിന്. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയിൽ നിന്നും സ്റ്റഡി ഏരിയയിൽ നിന്നും ഈ കോർട്ടിയാർഡിലേക്ക് കാഴ്ച സാധ്യമാണ്.

20 വർഷം പഴക്കമുള്ള തെങ്ങിൻ തടിയും ഇന്റീരിയറിൽ ഉപയോഗിച്ചു. ഇത് വിദഗ്ധരായ തൊഴിലാളികളാണ് ചെയ്തത്. നന്നായി പോളിഷ് ചെയ്തില്ലെങ്കിൽ ആര് കുത്തികയറാൻ സാധ്യത ഉണ്ട്. അതിനാൽ വേണ്ടവിധം ശ്രദ്ധ ചെലുത്തിയാണ് ചെയ്തത്. സീലിങ്ങിലെ ഡിസൈൻ പാറ്റേണും ഇവിടെ ശ്രദ്ധേയമാണ്. പായുടെ ടെക്സ്ചർ ഫിനിഷാണ് സീലിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. മേൽക്കൂര വാർക്കുമ്പോൾ പായ അടിയിലേക്ക് ഇടും എന്നിട്ട് അതിന് മുകളിൽ കമ്പി കെട്ടും അതിനു ശേഷമാണ് വാർക്കുന്നത്.

ഡൈനിങ് ഏരിയയുടെ ഭിത്തിയുടെ ഒരു ഭാഗം ചെങ്കല്ലിന്റെ സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇതും സീലിങ് പാറ്റേണുമാണ് ഡൈനിങ്ങിന്റെ ഹൈലൈറ്റ്.

അറ്റാച്ചഡ് ബാത്റൂമോടുകൂടിയ 3 ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. സ്വസ്ഥമായി ഉറങ്ങുവാനുള്ളതാണ് ബെഡ്റൂമുകൾ അതിനാൽ അലങ്കാരങ്ങളെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് 3 കിടപ്പുമുറികളും ഒരുക്കിയത്.

ചെറിയ സ്പേസിലാണ് കിച്ചൻ ഡിസൈൻ. കൗണ്ടർ ടോപ്പിന് ബ്ലാക്ക് ഗ്രാനൈറ്റും ഷട്ടറുകൾക്ക് മറൈൻ പ്ലൈയും നൽകി.

ഞങ്ങൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ തന്നെ എല്ലാ പണികളും തീർത്തു. ഒരു നില വീട് മതിയെന്ന ഞങ്ങളുടെ ആഗ്രഹം സാധിച്ചു. ഒരു നില എന്ന എല്ലാ പരിമിതികളും മറികടക്കും വിധമാണ് എല്ലാ ആവശ്യങ്ങളും നിവർത്തിച്ചതെന്നും വീട്ടുടമസ്ഥനും കുടുംബവും സന്തോഷപൂർവ്വം പറയുന്നു.

തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈന്റ് - ജോസഫ് മാത്യു
സ്ഥലം - ആലപ്പുഴ
പ്ലോട്ട് - 14 സെൻറ്
വിസ്തീർണം - 2200 സ്ക്വർ ഫീറ്റ്

ഡിസൈൻ - അനൂപ് കുമാർ സി.എ
പ്ലാനറ്റ് ആർക്കിടെക്ച്ചറൽ & ഇന്റീരിയർ ഡിസൈനേഴ്സ്,

ചങ്ങനാശ്ശേരി
ഫോൺ : 99612 45604