ഓർമ്മകൾ കഥ പറയുന്ന വീട്

This article has been viewed 903 times
നാല് തലമുറയ്ക്ക് തണലായിരുന്ന 100 വർഷത്തോളം പഴക്കമുള്ള വീട്. 2018ലെ പ്രളയം ഒഴുക്കി കളഞ്ഞത് ഓർമ്മകളുടെ അവശേഷിപ്പുകൾ കൂടിയായിരുന്നു. ഒറ്റ നില ഉയരത്തിൽ വെള്ളം കേറിയതോടെ ഗൃഹോപകരണങ്ങളും ഗ്രൗണ്ട് ഫ്ലോറും പാടെ നശിച്ചു. തലമുറകളുടെ ഓർമ്മകൾ ഉറങ്ങുന്ന വീടിനെ വീണ്ടും സ്മരണകൾ നിറയുന്ന ഇടമാക്കുക എന്നതായിരുന്നു സ്റ്റുഡിയോടാബിന്റെ ചീഫ് ആർക്കിടെക്റ്റുമാരായ രാഹുൽ ദാസ് മേനോനും ഓജസ് ചൗധരിക്കും ലഭിച്ച ദൗത്യം. ഓർമ്മകൾ ഉണർത്തുന്ന ഗൃഹാന്തരീക്ഷത്തിന്റെ ഒരു പുനരാവിഷ്കാരമാണ് ഇവിടെ നടത്തിയിരിക്കുന്നത്.

ആലുവയിലാണ് വീട്. 1.5 ഏക്കറിൽ തെങ്ങും മാവും നാടൻ മരങ്ങളും കുളവുമൊക്കെ നിറയുന്ന വിശാലമായ തൊടിയിലാണ് 2500 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്. പഴമയുടെ മഹിമകൊണ്ട് സമ്പന്നമായിരുന്നു വീടിന്റെ ഗ്രൗണ്ട് ഫ്ലോർ മാത്രമാണ് നവീകരിച്ചിരിക്കുന്നത്. പ്രളയത്തിൽ കൂടുതൽ പരിക്ക് ഏല്ക്കാത്തതിനാൽ മുകൾ നില അതേപോലെ തന്നെ നിലനിർത്തി.

വീടിന്റെ ഗ്രൗണ്ട് ഫ്ലോർ പാടേ പരിഷ്കരിച്ചു. ആവശ്യത്തിനുള്ള ബലപ്പെടുത്തലുകളും നടത്തി. വരാന്ത, ലിവിങ്, ഡൈനിങ്, കിച്ചൻ, സർവീസ് കിച്ചൻ, വർക്ക് ഏരിയ, ഗസ്റ്റ് ബെഡ്‌റൂം, മാസ്റ്റർ ബെഡ്‌റൂം എന്നിവയാണ് നവീകരിച്ചത്. പഴയ അകത്തളത്തിന്റെ പോരായ്മകൾ എല്ലാം നികത്തിയാണ് നവീകരണം.

തലമുറകളുടെ ഓർമ്മകൾ നിറയുന്ന വീടും വീട്ടകവും അതുപോലെ പുനരാവിഷ്കരിക്കുക സാധ്യമല്ലായിരുന്നു. എങ്കിലും നഷ്ടപ്പെട്ടുപോയതിന്റെ ശൈലിയും മാതൃകയും തിരികെയെത്തിക്കാനായി. തച്ചു മികവും മേസൺ മികവുകളും പുനരാവിഷ്കരിച്ചിട്ടുണ്ട്. കാലാതീതമായി നിലനിൽക്കുന്ന നവീകരണ രീതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. നാല് മാസത്തെ നിരീക്ഷണ ഗവേഷണങ്ങൾക്ക് ശേഷമാണ് വിവിധ സാമഗ്രികൾ സംഘടിപ്പിച്ച് നവീകരണം നടത്തിയിരിക്കുന്നത്.

ലിവിങ് സ്പേസിൽ ഒരു ഫോർമൽ സോണും ഇൻഫോർമൽ സോണും ചേരുന്നതാണ്. വേർതിരിവോ അതിർത്തിയോ ഇല്ലാതെയാണ് സോണിങ് നടത്തിയിരിക്കുന്നത്. അനൗദ്യോഗിക സ്വീകരണ കേന്ദ്രത്തിൽ ലോഹ ചങ്ങലയിൽ തൂങ്ങുന്ന ഊഞ്ഞാലാണ്. തേക്കാണ് ഇതിന്റെ ബേസ്. പശ്ചാത്തലമാകുന്നത് പ്ലാസ്റ്ററിങ് ചെയ്യാത്ത എക്സ്പോസ്ഡ് ബ്രിക്ക് വാളും മ്യൂറലുമാണ്.

ഫോർമൽ ലിവിങ്ങിൽ അപ്ഹോൾസ്റ്ററി ചെയ്ത സോഫയും കോഫി ടേബിളുമാണ്. 75 വർഷത്തെ കഥ പറയുന്നതാണ് കോഫി ടേബിൾ. ഭിത്തി സിമന്റ് ഫിനിഷാണ്. മുത്തശ്ശിയുടെ കുട്ടിക്കാലത്തെ വീട്ടകത്തിന്റെ മാതൃകയിലാണ് തേക്കാത്ത ചുമരുകൾ. ടൈൽ ഫ്ലോറിങ്ങാണ് വീട്ടകത്ത്.

ലിവിങും ഡൈനിങ്ങും വേർതിരിക്കുന്നത് ടി.വി യൂണിറ്റാണ് . 12x12 ഫീറ്റിൽ തറ വേർതിരിച്ചെടുത്ത് അതിൽ ആത്തംകുടി ടൈൽസും വുഡും ബ്രാസും കൊണ്ടുള്ള ഫീച്ചറിങ്ങും ചെയ്തിട്ടുണ്ട് . പാർട്ടീഷൻ സ്ക്രീൻ വുഡും ഗ്ലാസും കൊണ്ടാണ്.

സ്ഥല വിനിയോഗം കാര്യക്ഷമമാക്കുന്ന രീതിയിലാണ് ഡൈനിങ്. ദശാബ്ദങ്ങളായി കുടുംബത്തിന്റെ ഭാഗമായിരുന്ന ടേബിളാണ് ഡൈനിങ്ങിൽ. ടേബിളിന്റെ ടോപ്പിൽ കളേർഡ് സ്റ്റെയിൻഗ്ലാസും ടഫൻഡ് ഗ്ലാസുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തിയിൽ ടെക്സ്ച്ചർ ഫിനിഷാണ് നൽകിയിരിക്കുന്നത്. പാർട്ടീഷന്റെ ഭാഗമായിട്ട് സ്റ്റോറേജ് കൺസോളും നൽകിയിട്ടുണ്ട്.

രണ്ട് കിച്ചനുകളാണ് ഇവിടെ. ഡ്രൈ കിച്ചൻ ഡൈനിങ്ങിന്റെ ഭാഗമായി വരുന്ന രീതിയിലാണ്. ആധുനിക സൗകര്യങ്ങൾ നിറയുന്നുവെങ്കിലും പഴമയുടെ സൗന്ദര്യം പേറുന്നതാണ് അടുക്കള. ജെയ്സാൽമീർ സ്റ്റോണും ഗ്രേ വുഡ് ഫിനിഷുമാണ് അടുക്കളയിൽ. ലൈ൦ പ്ലാസ്റ്റേർഡ് വാളും ഗ്രീൻ ടെക്സ്ച്ചേർഡ് ഭിത്തിയുമാണ് അടുക്കളയ്ക്ക് ഭംഗി പകരുന്നത്.

ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് കിടപ്പുമുറികളാണ്. ഫോർപോസ്റ്റ് ബെഡും വാർഡ്രോബും സീറ്റിങ് സൗകര്യവും ഉൾക്കൊള്ളുന്നതാണ് മാസ്റ്റർ ബെഡ്‌റൂം. വായനയ്ക്കും പഠനത്തിനും ഒരിടം നൽകിയിട്ടുണ്ട് ഇവിടെ. കടുംനീല നിറത്തിൽ റെസ്റ്റിക് പ്ലാസ്റ്റേർഡ് വാൾ കിടപ്പുമുറിയിലെ മറ്റൊരു ആകർഷണമാണ്. ലൈ൦ പ്ലാസ്റ്റേർഡ് ഫിനിഷാണ് ഗസ്റ്റ് ബെഡ്‌റൂമിൽ.

ചെറായി തേക്ക് വുഡ്, ജംഗിൽ പൈൻ, ആത്തംകുടി ടൈൽസ്, ചുരൽ മാറ്റ്, നാച്ചുറൽ ഗ്രേ വാഷ്ഡ് സ്റ്റോൺ ഫ്ലോറിങ് എന്നിവയ്‌ക്കൊപ്പം പരമ്പരാഗത തച്ചു മികവും ഈ വീട്ടിലെ കുടുംബാംഗങ്ങളെ ഓർമകളുടെ തീരത്തേക്ക് എത്തിക്കുന്നു. സ്വാഭാവികമായ ഭംഗി നിലനിർത്തുന്നതിനും വീട്ടുകാരുടെ ഇഷ്ടങ്ങൾ പുനരാവിഷ്കരിക്കുന്നതിലും ഈ വാസ്തുശിൽപികൾ വിജയിച്ചിരിക്കുന്നു എന്ന് ഈ ഭവനം കാണുന്ന ആരും സമ്മതിക്കും.


Client - Mr.&Mrs.Rajan
Location - aluva
Plot - 1.5 acre
Area - 2500 sqft

Design - Rahul Das Menon & Ojas Chaudhari
Studio Tab, Mumbai

Phone - 98921 84331/ 98196 85052