
കാഴ്ചയിൽ സമകാലിക ഭവന നിർമ്മാണ ശൈലിയാണ് ഈ വീടിന്റേത്. എന്നാൽ ചതുര ജ്യാമിതിയിൽ പിറവിയെടുക്കുന്ന വീടുകൾ ഈ നാടിന്റെ സ്ഥിരം കാഴ്ചയാണ്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ഈ വീട്. ഡോക്ടർ മലറിനും കുടുംബത്തിനുമായി ആർക്കിടെക്റ്റ് ഷൺമുഖം രൂപകല്പന ചെയ്തതാണ് ഈ വീട്. കോംപൗണ്ട് വാൾ പോലും വീടിന്റെ ഭാഗമാക്കുന്ന തനത് രീതിയിലാണ് ഈ വീടും. ബാഹ്യാകാരത്തിന്റെ കെട്ടും മട്ടും പതിവ് രീതിയിലാണെങ്കിലും അകത്തളത്തിന്റെ സജ്ജീകരണം വർത്തമാനകാല സൗകര്യങ്ങൾ എല്ലാം തികയുന്നതാണ്.
ബോക്സ് മാതൃകയും ജി.ഐ കൊണ്ടുള്ള എക്സ്റ്റീരിയർ വാളുമാണ് പുറം കാഴ്ചയിൽ കണ്ണിലുടക്കുന്നത്. കോംപൗണ്ട് വാളിന്റെ ഉയരം കൂട്ടുന്നതിനും ജി.ഐ ഗ്രിൽ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോയർ, ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റോർ, യൂട്ടിലിറ്റി, ഫാമിലി ലിവിങ്, മെയിഡ് റൂം, പൂജ, പൂൾ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മുകൾ നിലയിൽ ഫാമിലി റൂം, സ്റ്റഡി ഏരിയ, ഹോം തീയറ്റർ, ജിം, രണ്ട് കിടപ്പുമുറിയും ടെറസുമാണ് ഉള്ളത്. 5000 സ്ക്വയർഫീറ്റിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
നാല് കിടപ്പുമുറികളുള്ളൊരു വീട് എന്നതായിരുന്നു ക്ലൈന്റിന്റെ ഡിമാന്റ്. ക്ലൈന്റിന്റെ ആവശ്യങ്ങൾക്കൊപ്പം ഫങ്ങ്ഷണലായ ലേ ഔട്ടും ചേർന്നതോടെ വീട് ആധുനിക ജീവിത സൗകര്യങ്ങൾക്കൊപ്പം സൗന്ദര്യാത്മകവുമായി മാറി. തൊടിയിലുള്ള പൂച്ചെടികളും മരങ്ങളും സംരക്ഷിച്ചാണ് ഗൃഹനിർമ്മാണം നടത്തിയത്.
ഇന്റീരിയർ ക്രമീകരണങ്ങൾ പുതുമയുള്ളതാണ്. പൊതുഇടങ്ങൾ ഒരുമിച്ചും സ്വകാര്യ ഇടങ്ങൾ വ്യക്തികൾക്ക് ഇണങ്ങുന്ന രീതിയിലുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വീട്ടകത്ത് നിന്നും പൂളിന്റെ കാഴ്ച ഭംഗിയായി കിട്ടത്തക്കവിധത്തിലാണ് ലിവിങ്-ഡൈനിങ്-കിച്ചൻ എന്നിവ. പൂൾ ഡെക്കിൽ വുഡ് വിരിച്ചിരിക്കുന്നു. ചുമരിൽ എക്സ്പോസ്ഡ് ബ്രിക്കാണ്. ഗ്ലാസ് വാളാണ് ഒരുവശത്ത്. പൂളിന്റെ കാഴ്ച വീട്ടകത്തേക്ക് എത്തിക്കുന്നത് ഈ ഗ്ലാസ് വാളാണ്.
ഗ്രാനൈറ്റ്, മാർബിൾ എന്നിവയാണ് വീടിന്റെ ഫ്ലോറിങ്ങിന്. ഫർണിച്ചർ ഇറക്കുമതി ചെയ്തവയും കസ്റ്റംമെയിഡുമുണ്ട്. മുറിയുടെ ഫങ്ങ്ഷന് അനുസരിച്ചുള്ള ഫർണിച്ചർ മാത്രമേ ഇന്റീരിയറിൽ ഉള്ളു. ഇന്റീരിയർ സൗകര്യങ്ങളൊക്കെ പ്രീമിയം മെറ്റീരിയലിലും ആഢംബരത്തിലുമാണ് ഒരുക്കിയിട്ടുള്ളത്. വീടിന്റെ പ്രൗഢിക്കിണങ്ങുന്ന രീതിയിലാണ് അകത്തള സംവിധാനം.
ഡോഗ് ലെഗ് ശൈലിയിലുള്ളതാണ് സ്റ്റെയർക്കേസ്. ജി.ഐ, ഗ്ലാസ് എന്നിവ കൊണ്ടാണ് സ്റ്റെയറിന്റെ റെയിൽ. ഡൈനിങ് ടേബിൾ കാലിക ശൈലിയിലുള്ളതാണ്. വുഡും ഗ്ലാസും കൊണ്ടാണ് ടേബിൾ. വൈറ്റ് ലെതർ അപ്ഹോൾസ്റ്ററി ചെയ്തതാണ് ഊൺമേശയ്ക്ക് ചുറ്റുമുള്ള കസേരകൾ. പൂളിനഭിമുഖമായിട്ടാണ് ഡൈനിങ്. ഒരു പാഷിയോയുടെ ഫലം തരുന്നതാണ് ഈ ഡൈനിങ്ങിലെ ക്രമീകരണം.
കിടപ്പുമുറികളൊക്കെ ആഢംബരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വുഡൻ പാനലിങ്ങാണ് ഹെഡ്ബോർഡിൽ. ജിപ്സം കൊണ്ടാണ് സീലിങ്. മറ്റൊരു കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ കുഷ്യൻ പാനലിങ്ങാണ്. ബാത്ത് അറ്റാച്ചിഡാണ് കിടപ്പുമുറികളെല്ലാം. വൈറ്റ്-ഡ്രൈ പാർട്ടീഷനോട് കൂടിയതാണ് ബാത്ത്റൂമുകൾ.
വീട് നിൽക്കുന്ന കോംപൗണ്ടിൽ പരമാവധി ഗ്രീനറി ഉറപ്പാക്കിയിട്ടുണ്ട്. ടെറസിലും ഗാർഡൻ ഒരുക്കിയിട്ടുണ്ട്. മെക്സിക്കൻ ഗ്രാസും നാടൻ ചെടികളും ഫാൻസി പാമുമാണ് ലാൻഡ്സ്കേപ്പിന്റെ ഭാഗമായിരിക്കുന്നത്.
വീട് ബാഹ്യാകാരത്തിൽ അത്ര മതിപ്പുളവാക്കുന്നതല്ലെങ്കിലും ഇന്റീരിയറിലെ സൗകര്യങ്ങൾ ആരിലും അത്ഭുതം ഉളവാക്കുന്നതാണ്. ആധുനിക സൗകര്യങ്ങൾ ആഢംബരത്തിൽ എങ്ങനെ തയ്യാറാക്കാം എന്നതാണ് ഈ വീട് കാണിച്ചു തരുന്നത്.
Client - Dr.Malar
Location - Puthukottai
Area - 5000 sqft
Design - Shanmugam
Shanmugam Associates, Chennai
Phone - 0431 2760010
contact@shanmugamassociates.in