ഇത് ആത്മാവുള്ള വീട്

This article has been viewed 467 times
നിറഞ്ഞ പച്ചപ്പിന്റെ അകമ്പടിയും വെണ്മയുടെ ചാരുതയും അങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ ഒരു തലയെടുപ്പാണ്. പ്ലോട്ടിൽ നിന്നും പിറകിലേക്കാണ് വീട് വെക്കാൻ സ്ഥാനം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കാഴ്ച ഭംഗിയ്ക്കും പ്രയോഗികതയ്ക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ശില്പി വീട് പണിത് കൊടുത്തത്. രണ്ട് 'L' ഷേയ്പ്പുകൾ എലിവേഷനിൽ കാണുന്നു.

പ്ലോട്ടിൽ നിലനിന്നിരുന്ന കുളം കൂടാതെ വീടിന്റെ ഫ്രണ്ട് എലിവേഷൻ ഭംഗി കൂട്ടുന്നതിനും കൂളിങ് കിട്ടുന്നതിനും വേണ്ടി വാട്ടർ ബോഡി കൂടി കൊടുത്തിട്ടുണ്ട്. ഈ പൂൾ അവയുടെ കർമ്മം നിർവ്വഹിക്കുന്നതിനോടൊപ്പം തന്നെ ഡിസൈൻ എലമെന്റായി വർത്തിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ ഡെക്കും വാക്വേയും എല്ലാം ലാൻഡ്സ്‌കേപ്പിൽ കൊടുത്തു. ബാലിസ്റ്റോണിന്റേയും ലൈറ്റ് ഫിറ്റിങ്ങുകളുടേയും മികവിൽ പൂളിന്റെ ഭംഗി കൂടുന്നു.

രണ്ട് ബ്ലോക്കുകളായിട്ടാണ് വീട്ടിലെ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇടതു വശത്തെ ബ്ലോക്കിൽ ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെയും വലതു വശത്തായി ബെഡ്‌റൂം, പോർച്ച് എന്നിങ്ങനെയുമാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. ഈ ബ്ലോക്കുകളുടെ നടുവശത്തായി വെൽകമിങ് ഫീൽ പ്രദാനം ചെയ്യും വിധമാണ് എൻട്രൻസും സിറ്റൗട്ടും കൊടുത്തത്. ചെങ്കല്ലിൽ തീർത്ത കോംപൗണ്ട് വാൾ മറ്റൊരു ഹൈലൈറ്റാണ്.

പ്രകൃതിയുടെ സ്രോതസുകളെ വീടിനുള്ളിലേക്ക് ആവാഹിക്കുന്നതിനായി ക്രോസ് വിൻഡോകളും ഗ്ലാസിന്റെ ഓപ്പണിങ്ങുകളും എല്ലാം ഇവിടെ നൽകിയിരിക്കുന്നത് കാണാം. മിനിമലിസം എന്ന ആശയത്തിലൂന്നി പരമാവധി പ്രകൃതിയോട് ഇണങ്ങും വിധമുള്ള മെറ്റീരിയലുകളും ഡിസൈൻ നയങ്ങളുമൊക്കെയാണ് വീടിന്റെ ആകെ ഭംഗി നിർണയിക്കുന്ന ഘടകങ്ങൾ. വിശാലമായ ലാൻഡ്സ്‌കേപ്പിൽ ഫ്രൂട്ട് ട്രീകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. ബഫല്ലോ ഗ്രാസാണ് ലാൻഡ്സ്‌കേപ്പിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ക്ലൈമ്പിങ് പ്ലാൻസും പൂച്ചെടികളും എല്ലാം ലാൻഡ്സ്‌കേപ്പിനെ മനോഹരമാക്കുന്നു.

കോട്ടാ സ്റ്റോൺ, ബാലിസ്റ്റോൺ, ലൈo സ്റ്റോൺ എന്നിവയാണ് ക്ലാഡിങ്ങിനും ഫ്ലോറിങ്ങിനും ഉപയോഗിച്ചിട്ടുള്ളത്. അടുക്കളയിൽ മാത്രമാണ് ടൈൽ കൊടുത്തിട്ടുള്ളത്. ഇന്റീരിയറിൽ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത തടി പണികൾക്കെല്ലാം ഉപയോഗിച്ചിരിക്കുന്നത് ബേപ്പൂരിൽ നിന്നും മറ്റും ശേഖരിച്ച പഴയ ബോട്ടുകൾ പൊളിച്ച തടിയാണ്.

ഇങ്ങനെ ഏറ്റവും മിതമായും ഉപയുക്തവുമായിട്ടാണ് ഇവിടെ ഓരോ സ്പേസും ക്രമീകരിച്ചിട്ടുള്ളത്. ഇന്റീരിയറിലെ മനോഹാരിതയ്ക്ക് പിന്നിൽ വീട്ടുടമ ജോമോന്റെ പങ്ക് വളരെ നിർണായകമാണ്.

ഓപ്പൺ കൺസെപ്റ്റിലെ ഡൈനിങ്ങും കിച്ചനും എല്ലാം ക്രമീകരങ്ങളുടെ മികവിനാൽ പ്രത്യേക മൂഡ് ക്രീയേറ്റ് ചെയ്യുന്നുണ്ട്. മോഡുലാർ കിച്ചനാണ്. അടുക്കളയിൽ ഫ്ലോറിങ്ങിന് കോട്ടാ സ്റ്റോൺ ഉപയോഗിച്ചു. പ്ലൈവുഡും ലാമിനേറ്റ്സുമാണ് കബോർഡുകൾക്ക്. കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ്.

താഴെ നിലയിൽ ഒരു ബെഡ്‌റൂമും ബാക്കി മൂന്നെണ്ണം മുകൾ നിലയിലുമാണ് കൊടുത്തത്. മുറികളിൽ താമസിക്കുന്നവരുടെ അഭിരുചികൾക്കൊത്താണ് മുറികൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇന്റീരിയറിന്റെ അഴകളവുകൾക്കൊത്ത് പണി കഴിപ്പിച്ച ഓരോന്നും ഓരോ സ്പേസിനേയും മനോഹരവും വ്യത്യസ്തവുമാക്കിയതാണ് വീട്ടുകാർക്ക് ഏറെ ഇഷ്ടപ്പെട്ടത്. ഇങ്ങനെ ആത്മാവുള്ള വീടാക്കി പണി തീർത്തുകൊടുത്തത് ആർക്കിടെക്റ്റ് ബിജു ബാലൻ ആണ്.


Client - Jomon Joseph
Location - Cherthala
Plot - 62.85 cent
Area - 4030 sqft

Design - Ar.Biju Balan
Laurels Designs
, Calicut
info@laurelsdesigners.com

Text courtesy - Resmy Ajesh