ചതുര വീട്

This article has been viewed 450 times
പ്രവാസിയാണെന്ന് ഓർത്ത് ഇനി വിഷമിക്കേണ്ട കാര്യമില്ല. വീട് പണിയാൻ ആലോചിക്കുമ്പോൾ തുടങ്ങി പ്രവാസികളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് പറഞ്ഞതുപോലെ തന്നെ ആകുമോ പണി തീർക്കുന്നത്, മനസിലുദ്ദേശിച്ചതുപോലെ തന്നെ പണിയുമോ എന്നിങ്ങനെയുള്ള കാര്യങ്ങൾ. എന്നാൽ ദാ ഈ വീട് ഒരു പ്രവാസിയുടേതാണ്. വീട് പണിയുടെ ഓരോ ഘട്ടവും വാട്ട് സാപ്പിലൂടെയാണ് അറിഞ്ഞത്. എന്നാൽ പാലുകാച്ചലിന് കണ്ടപ്പോഴോ? അത്യുഗ്രൻ എന്ന് എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.

പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് സ്ട്രക്ച്ചറിനും ലാൻഡ്സ്‌കേപ്പിനും നടപ്പിലാക്കിയത്. ചതുർകൃതികളാണ് എലിവേഷന്റെ ഭംഗി. റോഡിൽ നിന്നും ചെറിയൊരു കയറ്റത്തോടെയാണ് വീട്ടിലേക്കുള്ള പ്രവേശനം. ബോക്‌സ് ടൈപ്പ് ഡിസൈനിന്റെ മികവിൽ ബ്രിക് വർക്കും, ലൂവറുകളും ഗ്ലാസും ഫ്ലാറ്റ് റൂഫും എല്ലാം മികച്ചതായി കാണപ്പെടുന്നു. ഈ മികവ് ശരിക്കും ആസ്വദിക്കാൻ ഉതകും വിധമാണ് വീടിന്റെ കോംപൗണ്ട് വാളും ഗേറ്റും കൊടുത്തത്. സ്‌റ്റോൺ പാകിയ മുറ്റവും പച്ചപ്പ് നൽകിയ ലാൻഡ്സ്‌കേപ്പും വീടിന്റെ ആകെ ഭംഗിയോട് ചേർന്ന് പോകുന്നുമുണ്ട്.

ലളിതം, വിശാലം, സുന്ദരം ഇങ്ങനെയാണ് അകത്തളങ്ങൾ. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെ വിശാലമായി തന്നെ ഒരുക്കി. ഇന്റീരിയറിന്റെ അഴകിനും അളവിനും ചേർന്ന് പോകും വിധം തന്നെ ഒരുക്കിയ ഫർണീച്ചറുകളാണ് ആകർഷണീയത. മറൈൻ പ്ലൈ, മൈക്ക ഫിനിഷിങ്ങിന്റെ ചന്തമാണ് പ്രൗഢി. ലിവിങ്ങിലെ വലിയ ജനാലകളിൽ നിന്നെത്തുന്ന വായുവും വെട്ടവും മുറികളെ പ്രസന്നമാക്കുന്നു.

ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായിട്ടാണ് സ്റ്റെയർ. ലിവിങ്ങിൽ കൊടുത്തിട്ടുള്ള ടി.വി യൂണിറ്റ് ഈ രണ്ട് സ്പേസുകൾക്കിടയിൽ പാർട്ടീഷൻ യൂണിറ്റായി നിലകൊള്ളുന്നു. സ്റ്റെയറിനോട് ചേർന്ന് ചെറിയൊരു കോർട്ടിയാർഡും കൊടുത്തു.

ഡൈനിങ്ങിൽ നിന്നും ഇറങ്ങാവുന്ന ഒരു പൂൾ ഇവിടെ ഉണ്ട്. ഇവിടെ ഭിത്തിയുടെ ഒരു ഭാഗത്ത് ടെറാക്കോട്ട ജാളി നൽകി. ഇതിലൂടെ കാറ്റും വെളിച്ചവും നിഴലും കോർട്ടിയാർഡിലൂടെ ഉള്ളിലേക്കെത്തുന്നുണ്ട്.

ഡൈനിങ് കം കിച്ചനിൽ മൾട്ടിവുഡ്-പിയു കോംപിനേഷനാണ്. കൗണ്ടർ ടോപ്പിന് കൊറിയൻ മെറ്റീരിയൽ ആണ്. ഇവിടെ പാൻട്രി കൂടി കൊടുത്തു. ഡൈനിങ്ങിനേയും കിച്ചനേയും വേർതിരിക്കുന്നത് ഈ പാൻട്രി സ്പേസാണ്.

വുഡും മെറ്റലുമാണ് സ്റ്റെയറിന്റെ ഭംഗി. സ്റ്റെയർ കയറി എത്തുന്ന ലാൻഡിങ്ങിൽ നിന്നും താഴത്തെ പൂളിലേക്ക് നോട്ടമെത്തും വിധം ഗ്ലാസ് വിൻഡോ കൊടുത്തു, ലിവിങ്-സ്റ്റെയർ-ഡൈനിങ് പാസേജിൽ നൽകിയ വുഡൻ ഫാൾസ് സീലിങ്ങാണ് ഇന്റീരിയറിന്റെ മനോഹാരിത കൂട്ടുന്നത്.

മുകളിലും താഴെയുമായി നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ കൊടുത്തിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ മുറികളിൽ ഹെഡ് ബോർഡിൽ നൽകിയ ഡിസൈൻ എലമെന്റ് ചാരുതയേകുന്നുണ്ട്.

ഇങ്ങനെ ആധുനികതയുടെ മുഖമുദ്ര അണിഞ്ഞുകൊണ്ടാണ് വീട്ടിലെ ആകെ ഒരുക്കങ്ങൾ. ഇതിലെല്ലാം പൂർണ തൃപ്‌തിയും സന്തോഷവുമാണെന്ന് വീട്ടുകാർ പറഞ്ഞതിലാണ് ഇവിടെ ഡിസൈനറുടെ വിജയം.Client - Ramesh Babu, Sija
Location - Vengara, Malappuram
Area - 2500 sqft
Plot - 15 cent

Design - Riyas & Sajeer
Covo Design Studio
, Malappuram
Phone - 99466 07464

Text courtesy - Resmy Ajesh

Photo courtesy - Akhil Komachi