കാഴ്ചയിലും കാര്യത്തിലും കേമനാണ് ഈ വീട്

This article has been viewed 2636 times
ഗ്രേ-വൈറ്റ് നിറത്തിലുള്ള ചതുരക്കട്ടകൾ അടുക്കിവെച്ചിരിക്കുന്നത് പോലെയാണ് അടിമുടി സമകാലികശൈലിയിലുള്ള ഈ ഭവനം. കാഴ്ചയിലും കാര്യത്തിലും കേമനായൊരു വീടെന്ന സ്വപ്നമായിരുന്നു ഗൃഹനാഥനായ നിധീഷിന് ഉണ്ടായിരുന്നത്. അതിന് ഡിസൈനർ സജീഷ് നൽകിയ മറുപടിയാണ് ഈ വീട്. വർത്തമാനകാല ജീവിതശൈലിക്കും കുറഞ്ഞ മെയിന്റനൻസും ആഗ്രഹിക്കുന്നവർക്കുള്ള മാതൃകയാണ് പൂർണമായും കണ്ടംപ്രറി ശൈലിയിലുള്ള ഈ വീട്. കണ്ണൂർ ചക്കരക്കല്ലിലുള്ള ഈ വീടിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത് ഡിസൈനർ സജീഷ് വി.പി യാണ്.

കാലിക ശൈലിക്കൊപ്പം കൊളോണിയൽ ഫീച്ചേഴ്സും ഉൾക്കൊള്ളുന്നതാണ് വീടിന്റെ ബാഹ്യരൂപം. ക്ലാഡിങ് സ്റ്റോണും വൈറ്റ്-ഗ്രേ നിറങ്ങളുമാണ് എക്സ്റ്റീരിയറിന് ഭംഗി പകരുന്നത്. ചതുരജ്യാമിതിക്കൊപ്പം നവീന നിർമാണ സങ്കേതങ്ങളും ഗ്ലാസും ജി.ഐയും കൊണ്ടുള്ള കനോപിയും ബോക്സ് വെന്റിലേഷനും ചേരുന്നതാണ് വീടിന്റെ എലിവേഷൻ. വാതിലിനും ജനലിനുമൊക്കെ വൈറ്റ് നിറം ഉപയോഗിക്കുന്നത് കൊളോണിയൽ ശൈലി വീടുകളുടെ ഫീച്ചറാണ്. പി.യു മാറ്റ് ഫിനിഷാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിന് വേണ്ട സർവ്വസൗകര്യങ്ങളും നിറയുന്ന വീട് സ്ഥിതി ചെയ്യുന്നത് 9 സെന്റിന്റെ പ്ലോട്ടിലാണ്. കോംപൗണ്ട് വാൾ കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട് പ്ലോട്ട്. 2400 ചതുരശ്രയടി വിസ്തീർണത്തിലാണ് സൗകര്യങ്ങൾ. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികളും ഉൾക്കൊള്ളുന്നതാണ് വീട്ടിലെ സൗകര്യങ്ങൾ. ലാട്രൈറ്റും ജി.ഐയും കൊണ്ടാണ് കോംപൗണ്ട് വാൾ. മുറ്റത്ത് താന്തൂർ സ്റ്റോൺ പാകിയിരിക്കുകയാണ്. ബാക്കി ഭാഗം ലാൻഡ്‌സ്‌കേപ്പ് ആക്കിമാറ്റി. ലാട്രൈറ്റിലാണ് വീടിന്റെ സ്ട്രെക്ച്ചർ.

സിറ്റൗട്ടിൽ ഗ്രാനൈറ്റാണ്. ഡോർ കം വിൻഡോ മാതൃകയിലാണ് പൂമുഖ വാതിൽ. സ്വീകരണ മുറിയിലേക്കാണ് പ്രവേശനം. ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ്. ജൂട്ട് കൊണ്ട് അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് സ്വീകരണമുറിയിൽ. സ്വീകരണ മുറിയിൽ തന്നെയാണ് വിനോദ സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നത്. വിദേശത്ത് സൗണ്ട് എഞ്ചിനീയറായി പ്രവർത്തിക്കുകയാണ് വീട്ടുടമസ്ഥനായ നിധീഷ്. ഇദ്ദേഹത്തിന്റെ താല്പര്യത്തിലാണ് വീട്ടിലെ സൗണ്ട് സിസ്റ്റം കൺസീൽ ചെയ്തിരിക്കുന്നത്.

സ്വീകരണ മുറിയിൽ നിന്നും ഡൈനിങ്ങിലേക്കുള്ള ഇടനാഴിയിൽ വുഡൻ ടൈലാണ്. മറ്റു ഭാഗങ്ങളിലൊക്കെ വിട്രിഫൈഡ് ടൈലും ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റുമാണ്. സ്റ്റെയറിന് അടിഭാഗത്താണ് ഡൈനിങ് സജ്ജീകരിച്ചിരിക്കുന്നത്. പഴയ വീട്ടിലുണ്ടായിരുന്ന ഡൈനിങ് ടേബിൾ തന്നെ മിനുക്കി ഉപയോഗിച്ചിരിക്കുകയാണ്. പ്ലൈവുഡ് വെനീർ എന്നിവ കൊണ്ടാണ് ക്രോക്കറി ഷെൽഫ്.

അകത്തളത്തിൽ ഏറ്റവും ക്രീയാത്മകമായി ക്രമീകരിച്ചിരിക്കുന്നത് സ്റ്റെയർകേസാണ്. സ്റ്റീൽ ഫ്രെയിമിൽ മരത്തിന്റെ പടികൾ തീർത്താണ് ഗോവണി. കുറഞ്ഞ സ്ഥലം, എളുപ്പത്തിലുള്ള മെയിന്റനൻസ്, സൗന്ദര്യം എന്നിവയാണ് ഈ ഗോവണിയുടെ നേട്ടങ്ങൾ. മെറ്റൽ സ്ട്രിങ്ങിൽ കയർ പിന്നിയാണ് സ്റ്റെയറിന്റെ റെയിൽ ഒരുക്കിയിരിക്കുന്നത്. ഇന്റീരിയറിലെ മുഖ്യ കൗതുകവും ഈ സ്റ്റൈലൻ ഗോവണിയാണ്.

മോഡേൺ ജീവിത ശൈലിക്ക് അനുയോജ്യമായ പാചക സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് അടുക്കള. ഗ്രേ-വൈറ്റ് കോംപിനേഷനിലാണ് അടുക്കളയിലെ നിറസങ്കലനം. ക്യാബിനറ്റുകൾ തയ്യാറാക്കിയിരിക്കുന്നത് മൾട്ടിവുഡ് മാറ്റ് ഫിനിഷ്ഡ് ലാമിനേറ്റ് എന്നിവ കൊണ്ടാണ്. വാൾ ടൈലുകൊണ്ടാണ് ഭിത്തി അലങ്കരിച്ചിരിക്കുന്നത്.

നാലു കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. പ്രധാന കിടപ്പുമുറിയെ വ്യത്യസ്തമാക്കുന്നത് പി.വി.സി ഡിസൈൻ ബോർഡിന്റെ ഉപയോഗമാണ്. ഹെഡ്ബോർഡിലും വാർഡ്രോബിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. അക്രിലിക് ഷീറ്റ് ഗ്രൂ ചെയ്ത് വുഡൻ റീപ്പർ നൽകിയാണ് രണ്ടാമത്തെ കിടപ്പുമുറി മോടിയാക്കിയിരിക്കുന്നത്. കിടപ്പുമുറികളിൽ ഫങ്ങ്ഷനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

ആധുനിക കാലത്തിനിണങ്ങിയ ഡിസൈനും സൗകര്യങ്ങളുമാണ് ഈ വീടിനെ ഭവന മോഹികളുടെ കണ്ണിലുണ്ണിയാക്കുന്നത്.Client - Nidheesh
Location - Chakkarakal, Kannur
Plot - 9 cent
Area - 2400 sqft

Designer - Sajish VP
Sajish Associates
, Kannur
Phone - 70251 31751