
ഒറ്റ നോട്ടത്തിൽ തന്നെ പറയും എന്തൊരു ക്യൂട്ടാണ് ആ വീട് എന്ന്! അതുവഴി കടന്നു പോകുന്നവർ അവിടെ നിന്ന് ആ വീടിന്റെ ഭംഗി ഒന്ന് ആസ്വദിച്ചിട്ടേ പോകൂ. സിംഗിൾ സ്റ്റോറി വീടാണിത്. നാല് ബെഡ്റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഈ ഒരുനില വീട്ടിൽ ഒരുക്കി. എല്ലാ സൗകര്യങ്ങളും സൗന്ദര്യത്തികവോടെ ഒരുക്കിയത് 38 ലക്ഷത്തിനാണ്. ബോക്സ് ടൈപ്പ് ഡിസൈനാണ് എലിവേഷന് സ്വീകരിച്ചിട്ടുള്ളത്.
ഇഷ്ടികകൊണ്ട് പണിത വീട്ടിൽ, ഇഷ്ടികയുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്തിക്കൊണ്ടുള്ള ഡിസൈൻ രീതികളും ഇവിടെ അവലംബിച്ചിരിക്കുന്നത് കാണാം. റൂഫിങ്ങിൽ കാർപോർച്ച് ഉൾപ്പെടുന്ന ഭാഗം വാർക്കാതെ എം.എസും മാംഗ്ലൂർ ടൈലും ഉപയോഗിച്ചത് എലിവേഷന് ഭംഗി കൂട്ടുന്ന ഘടകമായിക്കൂടി ഇത് വർത്തിക്കുന്നു.
പ്രധാന വാതിൽ തുറന്ന് എത്തുന്നത് ലിവിങ് സ്പേസിലേക്കാണ്. എലിവേഷനിൽ ദൃശ്യമാകുന്ന ട്രസ്റൂഫിന്റെ ഒരു ഭാഗം ഈ ലിവിങ് സ്പേസാണ് . ചൂട് കുറവുള്ള മാംഗ്ലൂർടൈലാണ് സീലിങ്ങിന് ഇട്ടിരിക്കുന്നതെങ്കിലും ചൂട് വായുവിനെ പുറന്തള്ളുന്നതിനായി സീലിങ്ങിന് തൊട്ടു താഴെയായി ഹുരുഡീസ് ബ്ലോക്കുകൾ കൊടുത്തു.
കോർട്ടിയാർഡാണ് അകത്തളത്തിലെ ഫോക്കൽ പോയിന്റ്. റസ്റ്റിക് ബ്യൂട്ടിയിലാണ് കോർട്ടിയാർഡിന്റെ ഒരുക്കങ്ങൾ. ഓപ്പൺ കോർട്ടിയാർഡിൽ മുകളിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചു. കടപ്പാ സ്റ്റോണിന്റെയും ലപ്പോത്ര ഗ്രാനൈറ്റിന്റെയും ചന്തമാണ് കോർട്ടിയാർഡിന്. കോർട്ടിയാർഡിനോട് ചേർന്ന് ഒരു ലൈബ്രറി ഏരിയയും കൊടുത്തു.
ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നുമെല്ലാം കോർട്ടിയാർഡിന്റെ മാസ്മരികത അനുഭവേദ്യമാണ്. സിംപിൾ ഫോമിലാണ് ലിവിങ്ങും ഡൈനിങ്ങും എല്ലാം ക്രമീകരിച്ചിട്ടുള്ളത് . ഡൈനിങ് സ്പേസിൽ സീലിങ് വരുന്ന ഭാഗത്ത് തടിയുടെ എലമെന്റ് നൽകി ഭംഗിയാക്കിയിട്ടുണ്ട്.
ആവശ്യകതയിലൂന്നി നാല് കിടപ്പുമുറികൾ ഉപയുക്തതയോടെ ഇവിടെ ഒരുക്കിയെടുത്തു. സ്വസ്ഥമായി ഉറങ്ങുക എന്നൊരു ആശയത്തിനപ്പുറം യാതൊരുവിധ അലങ്കാരങ്ങളും മുറികളിൽ ഏർപ്പെടുത്തിയിട്ടില്ല.
കിച്ചനും വർക്ക് ഏരിയയും ഇവിടെ കൊടുത്തു. "C " ആകൃതിയിലാണ് കിച്ചൻ ഡിസൈൻ. കൗണ്ടർടോപ്പിന് ഗ്രാനൈറ്റാണ്. ഷട്ടറുകൾക്ക് മറൈൻ പ്ലൈ ഉപയോഗിച്ചു.
ഓരോ സ്പേസിന്റേയും പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ ഡിസൈൻ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ അധിക ചിലവുകൾ മാറ്റിനിർത്താൻ സഹായകമായി എന്ന് വീടിന്റെ ഡിസൈനറും പറയുന്നു.
Client - Sandeep
Location - Changanassery
Plot - 9.5 cent
Area - 1800 sqft
Design - Anoop Kumar C A
Planet Architectural & Interior Designers, Changanassery
Phone - 99612 45604
Text courtesy - Resmy Ajesh