സിഗ്‌നേച്ചർ ഹോം

This article has been viewed 3552 times
പണിയുന്ന ഓരോവീടിനും തന്റെതായ കയ്യൊപ്പ് പതിയെണമെന്ന ആഗ്രഹിക്കുന്ന യുവഡിസൈനറാണ് സനസ് പി ഹമീദ്. അതുകൊണ്ടുതന്നെ 100% നീതിപുലർത്തിക്കൊണ്ട് വീട്ടുകാരുടെ ആവിശ്യങ്ങളെ അലങ്കാരങ്ങളാക്കിമാറ്റി അവർക്കേറ്റവും പ്രിയപ്പെട്ടതാക്കി മാറ്റാൻ സനസിന് ബുദ്ധിമുട്ടേണ്ടിവന്നില്ല. വൈറ്റ് മഹൽ എന്ന വീട്ടുപേര് അന്വർത്ഥമാക്കും വിധമുള്ള ഡിസൈൻ രീതികളാണ് അവലംബിച്ചിട്ടുള്ളത്. 25 സെൻറ് പ്ലോട്ടിൽ 5500 സ്‌ക്വർഫീറ്റിൽ പെരുമ്പാവൂരിൽ സ്ഥിതിചെയ്യുന്ന ഈ വെൺമാളിക റസാക്കിന്റ്റെയും കുടുംബത്തിൻറെയുമാണ്.

സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് വീടിൻറെ രൂപകൽപന. എലിവേഷനിലെ ലുവറുകളും അതിനോട് ചേർന്നുപോകുന്ന കോമ്പൗണ്ട് വാളും സമകാലീനശൈലിയുടെ പൂരകങ്ങളാണ്.


നേർരേഖകളുടെ വിന്യാസം
പൂമുഖത്തെ വരാന്തയിൽ നിന്നും ഫോയർ സ്പേസ് വഴി ഉള്ളിലേക്കെത്തിയാൽ ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, മോഡുലാർ കിച്ചൺ, വർക്കിങ് കിച്ചൺ, കോർട്ടിയാർഡ്, ഇടനാഴി, സ്വിമ്മിങ് പൂൾ, 4 കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഉൾത്തടങ്ങളുടെ വിന്യാസം. കണ്ണിന് കുളിർമ്മയും മനസിന്‌ ഉന്മേഷവും നൽകുന്ന പച്ച നിറത്തിന്റെ സാനിദ്ധ്യം അകത്തളങ്ങളിൽ ദൃശ്യമാണ്. നേർരേഖകളെ ആധാരമാക്കി അകത്തും പുറത്തും മനോഹരമായ ഇടങ്ങൾ സൃഷ്ടിച്ചിരിക്കുവാണ് സനസ് ഇവിടെ. തുറന്നതും വിശാലവുമായ ഇടങ്ങളാണു ഇന്റീരിയറിൻറെ മാസ്മരികത. 2 സ്റ്റെപ് ഉയർത്തിയാണ് ഗെസ്റ്റ് ലിവിങ്. ഇവിടം ഡബിൾ ഹൈറ്റിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അകത്തളങ്ങളിൽ പാർട്ടീഷനായി ഉപയോഗിച്ചിരിക്കുന്നത് പിസ്തയുടെ നിറമുള്ള ഗ്രിൽവർക്കാണ്. ഫർണിഷിങ്ങുകളുടെ യെല്ലോ വൈറ്റ് നിറങ്ങളുടെ കൂടിച്ചേരൽ കൂടിയാകുമ്പോൾ അകത്തളങ്ങൾക്ക് മാസ്മരിക ഭംഗി തരുന്നു.അകത്തളങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന നടപ്പാതയും, പാതയ്ക്ക് ഇരുവശമുള്ള കോർട്ടിയാഡും കോർട്ടിയാഡിനകത്തെ പച്ചപ്പിൻറെ സാന്നിദ്ധ്യവും നാച്വറൽ ലൈറ്റിനെ ഉള്ളിലേക്കെത്തിക്കുന്ന പർഗോളയും, ലൂവറുകൾ നൽകിയ വലിയ ജനാലകളും എല്ലാം ഇന്റീരിയറിൻറെ ആംപിയൻസ്‌ കൂട്ടുന്ന ഘടകങ്ങളാണ്.


ആവിശ്യങ്ങളറിഞ്ഞ്
നടപ്പാതയ്ക്ക് എതിർവശമാണ് ഫാമിലി ലിവിങ്ങായും ലേഡീസ് ലിവിങ്ങായും ഉപയോഗിക്കുന്ന ഏരിയ. ഇവിടെ ഭിത്തിയുടെ ഒരു ഭാഗത്തു വുഡ് പാനലിങ് നൽകിയിട്ടുണ്ട്. ലിവിങ്ങിനോട് ചേർന്ന് ഒരു കോർട്ടിയാഡും. കോർട്ടിയാഡിനോട് ചേർന്നാണ് മുകളിലേക്കുള്ള സ്റ്റെയർകേസിനു സ്ഥാനം കൊടുത്തിട്ടുള്ളത്. കോർട്ടിയാഡിൽ നിന്നെത്തുന്ന സ്കൈലൈറ്റ് ഇവിടം പ്രകാശപൂരിതമാക്കുന്നു.ഡൈനിങ് ഏരിയയിൽനിന്നും കിച്ചൺ, വർക്ക് ഏരിയ, ഇടനാഴി, പാരൻസ് ബെഡ്‌റൂം, ഗെസ്റ്റ് റൂം എന്നിവിടങ്ങളിലേക്കു പ്രവേശിക്കാവുന്ന വിധം ക്രമികരിച്ചു.

ഡൈനിങ്ങും ഷോ കിച്ചണും ഒരൊറ്റ മൊഡ്യൂളിൽ കൊടുത്തു. ഇവിടെ സ്വകാര്യത കണക്കിലെടുത്തു നൽകിയിട്ടുള്ള ഗ്ലാസ് വാതിൽ ആവശ്യമുള്ളപ്പോൾ അടച്ചിടാം. ഡൈനിങ്ങിനോട് ചേർന്ന് വാഷ് ഏരിയക്കും സ്ഥാനം നൽകി.


ഫർണീച്ചറുകളുടെ വിന്യാസം സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിൽ തന്നെയാണ്. അതിനാൽ നീളൻ സ്പേസുകൾ വിശാലത വർദ്ധിപ്പിക്കുന്നു. വീട്ടുകാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കസ്റ്റംമെയിഡ് ഫർണീച്ചറുകളാണ് ഉപയുക്തമായി വിന്യസിച്ചിട്ടുള്ളത്.


ലളിതം സുന്ദരം
വിശാലതയ്ക്ക് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള ഡിസൈൻ രീതിയാണ് ബെഡ്‌റൂമുകൾക്ക്. മാസ്റ്റർ ബെഡ്‌റൂം, കുട്ടികളുടെ മുറി, ലൈബ്രറി എന്നിവ ഇടനാഴിയുടെ ഇരുവശങ്ങളിലുമായും, പാരൻസ് ബെഡ്‌റൂം, ഗെസ്റ്റ് റൂം എന്നിവ ഡൈനിംഗിന് സമീപവുമാണ്. നീളൻ ജനാലകൾ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു. എല്ലാ മുറികളിലും വാഡ്രോബ് യൂണിറ്റുകളും സ്റ്റോറേജ് സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.കോർട്ട്യാഡിലെ പച്ചപ്പിൻറെ സൗന്ദര്യം ആസ്വദിക്കാൻ തക്കവിധത്തിലാണ് കുട്ടികളുടെ മുറിയും മാസ്റ്റർ ബെഡ്‌റൂമും ഒരുക്കിയിട്ടുള്ളത്.
കുട്ടികളുടെ മുറിയിൽ നിന്ന് ലൈബ്രറിയിലേക്ക് എത്താം. ഇവിടെ ജി ഐ പൈപ്പ് ഉപയോഗിച്ച് ചെയ്തിരിക്കുന്ന ജാളി വർക്ക് എലിവേഷനിൽ ഒരു ഡിസൈൻ എലെമെന്ററായി വർത്തിക്കുന്നു. എലിവേഷനിൽ ജാളി വർക്കിനോട് ചേർന്ന് നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികൾ വെയിൽ വെട്ടത്തിൽ ലൈബ്രറി സ്പേസിൽ നിഴൽ ചിത്രം വരയ്ക്കുന്നു.

അലങ്കാരങ്ങൾക്കായി ഉപയോഗിക്കുന്ന ക്ലാഡിങ് വർക്കുകളോ ടെക്സചറുകളോ വാൾ പേപ്പറുകളോ ഒന്നും നൽകാതെ ക്ലീൻ ഫീൽ പ്രദാനം ചെയ്യുംവിധത്തിലാണു ഓരോ സ്പേസും ഒരുക്കിയിട്ടുള്ളത്. വീടിനോട് ചേർന്നുതന്നെ ഒരുക്കിയിട്ടുള്ള സ്വിമ്മിങ് പൂളിന്‌ സ്വകാര്യത ഉറപ്പാക്കുന്നതിനായി ചുറ്റും ലൂവറുകൾ നൽകിയിട്ടുണ്ട്.


ഷോ കിച്ചൺ, വർക്കിങ് കിച്ചൺ, വർക്ക് ഏരിയ, ഫയർ കിച്ചൻ എന്നിങ്ങനെയാണ് അടുക്കള സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. പുതുപുത്തൻ മെറ്റീരിയലുകളാണ് അടുക്കളയുടെ ചന്തം കൂട്ടുന്നത്.കൗണ്ടർ ടോപ്പിന് ഹൈമാക്സ് എന്ന മെറ്റീരിയലാണ് ഉപയോഗിച്ചിട്ടുള്ളത്.


" ശുദ്ധമായ കാറ്റിനും വെളിച്ചത്തിനും കയറി ഇറങ്ങാൻ പാകത്തിനുള്ള ഓപ്പണിങ്ങുകളും , കണ്ണിനു അലോസരമുണ്ടാക്കാത്ത നിറങ്ങളും വീട്ടകങ്ങളിൽ സദാ ഊഷ്മളത കാത്തുസൂക്ഷിക്കുന്നു. ഇങ്ങനെ വീട്ടുകാർക്കു തങ്ങളുടെ വീട് ഏറ്റവും പ്രിയപ്പെട്ടതാകാൻ കാരണങ്ങൾ ഏറെയാണ്. " - സനസ് പി ഹമീദ് പറയുന്നു

തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് - റസാക്ക് ടി മൂസ
സ്ഥലം - പെരുമ്പാവൂർ
പ്ലോട്ട് - 25 സെൻറ്
വിസ്തീർണം - 5500 സ്‌ക്വർ ഫീറ്റ്
പണി പൂർത്തീകരിച്ച വർഷം - 2018

ഡിസൈൻ - സനസ് പി ഹമീദ്
നോറ ആർക്കിടെക്ട്സ് & ഇന്റീരിയർസ്
കൊച്ചി
ഫോൺ - 9961637227