റെസ്റ്റിക് റസിഡൻസ്

This article has been viewed 3273 times
ചതുരത്തിലൊരു പ്ലോട്ട് ആയതിനാൽ ചതുരത്തെ കേന്ദ്ര പ്രമേയമാക്കി തയ്യാറാക്കിയിരിക്കുന്ന വീട്. സ്വഭാവിക സാമഗ്രികളുടെ സങ്കലനത്തിലൂടെ ഈ പാർപ്പിടം ചിട്ടപ്പെടുത്തിയിരിക്കുന്നത് ആർക്കിടെക്റ്റുമാരായ നരേന്ദ്ര മഗ്‌വാനിയും നിധി പരീഖും ചേർന്നാണ്. നിതിൻ-വർഷ ദമ്പതികൾക്കായി അഹമ്മദാബാദിൽ തയ്യാറാക്കിയിരിക്കുന്നതാണ് ഈ പാർപ്പിടം. നഗരത്തിന്റെ ചിട്ടവട്ടങ്ങൾക്കൊപ്പം പച്ചപ്പിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പാഠങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വീട് തയ്യാറാക്കിയിരിക്കുന്നത്.

സ്വഭാവിക ഫിനിഷിലുള്ള ഒരു മോഡേൺ വീട് അതായിരുന്നു വീട്ടുടമസ്ഥരുടെ ആവശ്യം. പ്രാദേശികമായി കിട്ടുന്ന കല്ല്, കട്ട, കോൺക്രീറ്റ്, മരം എന്നിവയാണ് ഗൃഹനിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. റെസ്റ്റിക് ഫിനിഷിലാണ് വീടിന്റെ അകവും പുറവും തീർത്തിരിക്കുന്നത്. ബ്രിക് കൊണ്ട് തീർത്തിരിക്കുന്ന ജാളി കോംപൗണ്ട് വാളും വുഡൻ ഗേറ്റും ആണ് പ്ലോട്ടിനെ സുരക്ഷിതമാക്കുന്നത്.

വീടിന് ചുറ്റും പച്ച തുരുത്താക്കി മാറ്റി ഫ്ലോട്ടിങ് റാംപിലൂടെയാണ് പൂമുഖത്തേക്ക് എത്തുന്നത്. ഗ്രാനൈറ്റിലാണ് റാംപ്. എക്സ്റ്റീരിയറിൽ ബ്രിക്‌സും സിമന്റ് ഫിനിഷുമാണ്. ഫോയർ ഡബിൾ ഹൈറ്റിലാണ്. ഒരു ചുവട് ഉയർത്തി ചവിട്ടി വേണം സ്വീകരണമുറിയിലേക്ക് എത്താൻ. ലെതർ ഫിനിഷ്ഡ് സോഫയാണ് സന്ദർശന മുറിയിൽ. സീലിങ്ങിൽ സിമന്റ് ടെക്സ്ച്ചർ ഫിനിഷാണ്.

ഫോയർ, ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പുമുറി, അപ്പർ ലിവിങ് അടക്കം സൗകര്യങ്ങളെല്ലാം ക്രമീകരിച്ചിരിക്കുന്നത് 4000 ചതുരശ്രയടി വിസ്തീർണത്തിലാണ്. സ്വീകരണ മുറിയും ഡൈനിങ്ങും ഓപ്പൺ ഡെക്കും ഒരേ നിരയിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ ഇന്റീരിയറിന് കൂടുതൽ വിശാലത തോന്നും. ഓപ്പൺ ആശയത്തിലാണ് അകവും പുറവും ഏകോപിച്ചിരിക്കുന്നത്. കിടപ്പുമുറികൾക്ക് മാത്രമേ പ്രൈവസി നൽകിയിട്ടുള്ളൂ.

ഡൈനിങ്ങും ലിവിങും ഒക്കെ ലാൻഡ്സ്‌കേപ്പുമായി ഇടകലർന്ന് നിൽക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. റീ സൈക്കിൾവുഡും മെറ്റലും കൊണ്ടുള്ളതാണ് ഡൈനിങ് ടേബിൾ. ആധുനിക മാതൃകയിലാണ് ഇതിന്റെ ഡിസൈൻ. ഭിത്തിയിൽ സിമന്റ് ടെക്സ്ച്ചർ ഫിനിഷാണ്. ടൈൽ കൊണ്ടാണ് ഫ്ലോറിങ്. സീലിങ് വുഡും എം.എസും കൊണ്ടാണ്. ഡൈനിങ്ങിലെ ഫോൾഡിങ് ഡോർ തുറന്നാൽ ഡൈനിങ് ലാൻഡ്സ്‌കേപ്പിന്റെ ഭാഗമായി മാറും.

ആധുനിക രീതിയിലുള്ളതാണ് കിച്ചൻ. കാന്റിലിവർ മാതൃകയിലാണ് വർക്ക് ടോപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിൽ. മറ്റു ഭാഗം പോലെതന്നെ വിശാലമായിട്ടാണ് പാചകമുറിയുടെ ക്രമീകരണം. എളുപ്പത്തിൽ മെയിന്റെയിൻ ചെയ്യാൻ കഴിയുന്ന വിധത്തിലാണ് അടുക്കള. സ്റ്റോർ റൂമും യൂട്ടിലിറ്റി സ്പേസും വെവ്വേറെ നൽകിയിട്ടുണ്ട്. അടുക്കളയുടെ പുറത്തുള്ള വരാന്തയും ഗാർഡനും പാർട്ടീ ലൈഫിന് ഉപയോഗപ്പെടുന്നതാണ്.

പൊതു ഇടങ്ങളൊക്കെ ഗ്രൗണ്ട് ഫ്ലോറിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബെഡ്‌റൂമുകളും റീഡിങ് സ്പേസും ലോഞ്ചും മുകൾനിലയിലാണ്. മുകൾ നിലയിലേക്കുള്ള സ്റ്റെയർ ഡൈനിങ്ങിൽ നിന്നാണ് തുടങ്ങുന്നത്. വുഡും മെറ്റലും കൊണ്ടാണ് റെയിൽ. പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും രണ്ട് ഫ്ലോറിലായി ക്രമീകരിച്ചിരിക്കുന്നതിനാൽ കുടുംബാംഗങ്ങളുടെ വിശ്രമവും വീട്ടുവ്യവഹാരങ്ങളും പരസ്പരം ബുദ്ധിമുട്ട് ഉണ്ടാകില്ല.

മാസ്റ്റർ ബെഡ്റൂമിന് ഇരുവശത്തും ബാൽക്കണി നൽകിയിട്ടുണ്ട്. തേക്ക്, പൈൻ വുഡ് കോൺക്രീറ്റ് ഫിനിഷ് എന്നിവയാണ് സീലിങ് ചെയ്തിരിക്കുന്നത്. ബാൽക്കണിയും ബെഡ്‌റൂമും വേർതിരിക്കുന്നത് ഫോൾഡിങ് ഗ്ലാസ് ഡോറാണ്. ഇത് തുറന്നിട്ടാൽ ബെഡ്റൂമിന്റെ ഭാഗമാണ് ബാൽക്കണി.

ഏറ്റവും മുകളിലത്തെ നിലയിലാണ് മ്യൂസിക് റൂം. കുടുംബാംഗങ്ങൾക്ക് മ്യൂസിക് ആസ്വദിക്കുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും പ്രത്യേകം തയ്യാറാക്കിയതാണ് ഇത്. ഓപ്പൺ ടെറസ് ഒരു ആംബി തീയറ്റർ മാതൃകയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഒത്തുചേരുന്നതിനും സായാഹ്നങ്ങൾ ആസ്വദിക്കുന്നതിനും ഈ ടെറസ് അവസരമൊരുക്കുന്നു.

നഗരത്തിൽ ഒരു വീടൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഗുണപാഠങ്ങൾ പകർന്ന് തരുന്നതാണ് ഈ വീട്. വിശ്രമ , വിനോദ സൗകര്യങ്ങൾ ഗ്രീനറി എല്ലാം ഈ അർബൻ ഹൗസിലുണ്ട്. സ്വഭാവിക സാമഗ്രികൾ കൊണ്ട് ഏറെ സ്വഭാവികതയോടെ തയ്യാറാക്കിയിരിക്കുന്നതാണ് ഈ അർബൻ ഹൗസ്.


Client - Nitin, Varsha, & Sunny Vyas
Location - Ahmedabad, Gujarat
Area - 4000 sqft

Design - Principal Architects- Nidhi Parikh & Narendra Mangwani
Urbscapes, Ahmedabad

Phone - 098796 43706