60 ദിവസങ്ങൾക്കൊണ്ട് തീർത്ത റെനോവേഷൻ

This article has been viewed 486 times
80 വർഷം പഴക്കമുള്ള റബ്ബർ ഫാക്ടറി. ഉടമസ്ഥന് തിരക്കുള്ള സമയങ്ങളിലും വാരാന്ത്യങ്ങളിലും താമസിക്കാൻ ഒരു മുറി ഈ ഫാക്ടറിയിൽ വേണം. അതിനു വേണ്ടി സമീപിച്ചത് ഡെഗാസി ആർക്കിടെക്ച്ചറിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ ദീപ്തി പിള്ളയെ ആണ്. ഈ വലിയ ഫാക്ടറിയിലെ 1000 സ്ക്വയർഫീറ്റ് വരുന്ന ഒരു സ്ഥലത്തെ താമസിക്കാൻ ഉതകുന്ന വിധത്തിൽ പരിവർത്തിപ്പിക്കാൻ തീരുമാനിച്ചു.

കാലാതീതമായ മാറ്റങ്ങളും ഡിസൈൻ എലമെന്റുകളും ഡിസൈൻ ക്രമീകരണങ്ങളുമായി സ്പേസിന് പുതുജീവൻ നൽകാൻ തീരുമാനിച്ചപ്പോൾ, ഉടമ കൂടിയായ മിസ്റ്റർ പ്രശാന്ത് ആർക്കിടെക്റ്റിന് സർവ്വ സ്വാതന്ത്ര്യവും കൊടുത്തു. 80 വർഷം പഴക്കമുള്ള ബിൽഡിങ്ങിൽ ആധുനിക ഡിസൈനിലേക്ക് രൂപമാറ്റം ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു.

ഇങ്ങനെ ലിവിങ്, ഡൈനിങ്, കിച്ചൻ, സ്പേഷ്യസ് ബെഡ്‌റൂം, വലിയൊരു ബാത്ത്റൂം എന്നിങ്ങനെ സൗകര്യങ്ങൾ സൗന്ദര്യത്തികവോടെ നൽകി. ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകളെല്ലാം കസ്റ്റംമെയ്ഡ് ആണ്. ഫാക്ടറിയിൽ ഉണ്ടായിരുന്ന ഏതാണ്ട് നൂറ് വർഷം പഴക്കമുള്ള ഫർണീച്ചറുകളെ ആധുനിക ഡിസൈനുകളിലുള്ള ഫർണിച്ചറുകളായി രൂപകൽപന ചെയ്തു. അവയും ഇന്റീരിയറിൽ സ്ഥാനം പിടിച്ചു.

ക്ലൈന്റിന് ഓപ്പൺ കൺസെപ്റ്റിനോട് താൽപര്യം കുറവുള്ളതിനാൽ സ്വകാര്യത ഉറപ്പാക്കി ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ പാർട്ടീഷൻ വാൾ കൊടുത്തു. ഇത് ഒരു ഡിസൈൻ എലമെന്റായും വർത്തിക്കുന്നു.

വിശാലതയ്ക്ക് ഊന്നൽ നൽകിയ നല്ലൊരു ബെഡ്‌റൂമും ഇവിടെ കൊടുത്തു. ഹെഡ്ബോർഡിൽ നൽകിയിരിക്കുന്ന ഫാബ്രിക് ഡിസൈൻ വ്യത്യസ്തമാണ്. ഫ്ലോറിങ്ങിനായി ആധുനിക രീതിയിലുള്ള വുഡൻ വിനീർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ഇട്ടിരിക്കുന്ന കോട്ട് കൂടാതെ സൈഡിലായി മൾട്ടിപർപ്പസ് ഡീപ്പ് സോഫ കൂടി കൊടുത്തു. ബെഡ് ആയി പരിവർത്തിപ്പിക്കാനും നാല് പേർക്ക് കിടന്നുറങ്ങുവാനും പാകത്തിനാണ് ഇതിന്റെ ഡിസൈൻ. സ്പേഷ്യസ് ആയിട്ടുള്ള ബാത്റൂമാണ് റെനോവേഷനിലെ മറ്റൊരു ഹൈലൈറ്റ്. 100 സ്ക്വയർ ഫീറ്റിലാണ് വൈറ്റ്, ഡ്രൈ ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്.

കിച്ചൻ ഓപ്പൺ ആക്കിയെങ്കിലും മറ്റു സ്പേസുകളിൽ നിന്നും കാഴ്ച എത്താത്ത വിധമാണ് കിച്ചന്റെ ക്രമീകരണം. കിച്ചനിൽ തന്നെ ചെറിയൊരു ബാർ ഏരിയ കൂടി കൊടുത്തു. ഇത് ലഘു ഭക്ഷണ ക്രമീകരണത്തിനു വേണ്ടി ഉപയോഗിക്കുന്നു.

ഇവിടെ ഉണ്ടായിരുന്ന ടെറസ് ഇന്റീരിയറിന്റെ ഭാഗമല്ലാതിരുന്നിട്ടും ടെറസിലേക്കുള്ള പ്രവേശനം കിച്ചനിലൂടെ ആയതിനാൽ ടെറസിനെ കൂടി ഇന്റീരിയറിന്റെ ഭാഗമാക്കി അതിമനോഹരമാക്കുകയായിരുന്നു. ടെറസ് റൂഫിന് ഷീറ്റ് നൽകുകയും ഫ്ലോറിങ്ങിനായി ആർട്ടിഫിഷ്യൽ ഗ്രാസും ടെറസിന് ചുറ്റും ഹാങ്ങിങ് ലൈറ്റുകളും നൽകി ക്ലൈന്റിന്റെ ബഡ്ജറ്റിൽ കവിയാതെ ഇവിടം കൂടുതൽ ഭംഗിയാക്കി മാറ്റുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ഫർണീച്ചറുകളെയാണ് പുതുക്കി ടെറസിൽ ഉപയോഗിച്ചത്. ഇവിടെ ഒരു പാൻട്രി സ്പേസും ബാത്ത്റൂമും കൂടി നൽകി. ഇങ്ങനെ പഴമയിൽ നിന്നും പുതുമയിലേക്ക് കൊണ്ടുവന്നത് ഡീറ്റെയിൽഡ് എലമെന്റുകൾ വളരെ കൃത്യതയോടെ നൽകി കൊണ്ടാണ്. ഇപ്പോൾ വരുന്നവർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട ഒരിടമായി മാറുകയാണ് ഈ സ്പേസ്.

ഇങ്ങനെ ഓരോ ഇടവും ഉപയുക്തതയോടെ പുതുക്കാൻ സാധ്യമായി എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്. ആർക്കിടെക്റ്റും ക്ലൈന്റും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനം പുതുക്കിയ ഓരോ സ്പേസിലും കാണാനാവും. വെറും രണ്ട് മാസം കൊണ്ട് സകല പണികളും തീർത്ത് താക്കോൽ കൈമാറാൻ സാധിച്ചു എന്ന് ആർക്കിടെക്റ്റ് ദീപ്തി പിള്ള പറയുന്നു.


Client - Prasanth & Smitha
Location - Vithura
Area - 1000 Sqft

Design - Ar.Deepthi Pillai
Degasi Architecture
, Thiruvananthapuram
Phone - 89435 94594

Text courtesy - Resmy Ajesh