
കുറഞ്ഞ സമയമേ ഉള്ളു! വീടിനെ ഒന്ന് നവീകരിച്ചെടുക്കണം. അസൗകര്യങ്ങൾ ഒഴിവാക്കണം. കാലത്തിനൊപ്പം നിൽക്കുന്ന സൗകര്യവും സൗന്ദര്യവും വേണം. ആലപ്പുഴ കാർത്തികപ്പള്ളിയിലുള്ള വീട് നവീകരണത്തിനായി ഡിസൈനർ ജയേഷിനെ ഏൽപ്പിക്കുമ്പോൾ വീട്ടുടമസ്ഥൻ സണ്ണി ആവശ്യപ്പെട്ടത് ഇതൊക്കെയായിരുന്നു. ആധുനിക സൗകര്യങ്ങളും സമകാലിക സൗന്ദര്യ ചേരുവകളും കൊണ്ട് വീടിനെ പുതുപുത്തനാക്കി മാറ്റി. അതും ചുരുങ്ങിയ സമയത്തിനുള്ളിൽ.
കാലിക കലാരൂപമായി മാറിയ വീട് സ്ഥിതി ചെയ്യുന്നത് 27 സെന്റിന്റെ പ്ലോട്ടിലാണ്. കോംപൗണ്ട് വാളും ഗേറ്റും വീടിന്റെ ആധുനിക ഭാവത്തിന് ഇണങ്ങും വിധമാണ്. ഹൈ പ്രഷേർഡ് ലാമിനേറ്റും ജി.ഐ യും ഉപയോഗിച്ചാണ് ഗേറ്റ്. നാച്ചുറൽ സ്റ്റോണും ഇന്റർ ലോക്കും ഇടകലർത്തിയാണ് മുറ്റം അലങ്കരിച്ചിരിക്കുന്നത്. എം.എസ്, അലുമിനിയം ഫ്രെയിം സ്ട്രെക്ച്ചറിൽ കനോപ്പി തീർത്താണ് കാർപോർച്ച്.
പഴയ വീടിന്റെ സ്ലോപ്പ് റൂഫും കാർ പോർച്ചുമൊക്കെ കാലിക മാതൃകയുടെ പര്യായമായ ബോക്സ് ശൈലിയിലേക്ക് ചുവട് മാറ്റി. വൈറ്റ് പെയിന്റിനൊപ്പം ഗ്രേ നിറത്തിലുള്ള ടെക്സ്ച്ചറും ബ്ലാക്ക് നാച്ചുറൽ സ്റ്റോൺ കൊണ്ട് ക്ലാഡിങ് നൽകിയുമാണ് എക്സ്റ്റീരിയർ സുന്ദരമാക്കിയിരിക്കുന്നത്. ടിന്റഡ് ടഫൻഡ് ഗ്ലാസ് കൊണ്ടാണ് പാരപ്പെറ്റ് വാൾ.
ജനലും വാതിലുമൊക്കെ തേക്ക് മരത്തിലാണ്. പുറമേ നിന്ന് ഉൾക്കാഴ്ചകൾ ലഭിക്കാത്ത ബെവെൽഡ് ഗ്ലാസിലാണ് ജാലകങ്ങൾ. വിൻഡോയ്ക്ക് ബോക്സ് ഷെയിഡുകളാണ്. ബേ വിൻഡോ മാതൃകയിലാണ് ഇവ. ലാൻഡ്സ്കേപ്പിന്റെ കാഴ്ച ആസ്വദിക്കുന്നതിനുള്ള ഇരിപ്പിടമായിട്ട് ഇത് മാറുന്നു. ഫോർ സൈഡ് ഫ്ലാഷ് ലൈറ്റുകൾ രാത്രിയിൽ വീടിനെ ദൃശ്യവിസ്മയമാക്കി മാറ്റുന്നു.
സിറ്റൗട്ട്, സ്വീകരണമുറി , ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചൻ, അപ്പർ ലിവിങ്, 5 കിടപ്പുമുറികൾ എന്നിവയാണ് ഇന്റീരിയറിലെ സൗകര്യങ്ങൾ. 3800 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട് നവീകരിച്ചിരിക്കുന്നത്. പഴയ വീടിന്റെ സർവ്വ പോരായ്മകളും പരിഗണിച്ചാണ് റെനവേഷൻ നടത്തിയിക്കുന്നത്.
പൂമുഖത്ത് എമറാൾഡ് ഗ്രാനൈറ്റാണ്. സ്വീകരണ മുറിയിലും മറ്റു ഭാഗത്തും വിട്രിഫൈഡ് ടൈലാണ്. ഫാബ്രിക് ലെതർ കൊണ്ട് അപ്ഹോൾസ്റ്ററി ചെയ്തിരിക്കുന്ന ഇരിപ്പിടങ്ങൾ കസ്റ്റംമെയിഡാണ്. ഷോവാളിൽ വുഡൻ പാനലിങ്ങാണ്. മറ്റ് ചുമരിൽ വാൾപേപ്പറാണ്. പഴയ വീടിന്റെ കാർപോർച്ച് ആണ് പുതിയ വീട്ടിൽ സ്വീകരണ മുറിയായി മാറിയത്. സമകാലിക ശൈലി പിൻപറ്റിയാണ് അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സ്വീകരണ മുറിയിൽ നിന്നുമാണ് ഫാമിലി ലിവിങ് കം ഡൈനിങ്ങിലേക്ക് എത്തുന്നത്. കോർണർ സോഫയാണ് ഇരിപ്പിടം. കോർണർ സോഫയുടെ ബാക്ക്ഡ്രോപ് പാർട്ടീഷനാണ്. എച്ച് ഡി എഫും വെനീറും കൊണ്ടാണ് പാർട്ടീഷൻ. സീലിങ്ങിൽ ജിപ്സവും വെനീറുമാണ്. ഫർണിച്ചറിന്റെ പാറ്റേൺ തന്നെ സീലിങ്ങിലും പകർത്തിയിരിക്കുകയാണ്.
പഴയ വീട്ടിലെ ഡൈനിങ് ടേബിൾ പുനരുപയോഗിച്ചു. ചെയറുകൾ പുതിയത് ഡിസൈൻ ചെയ്ത് നിർമ്മിച്ചതാണ്. ഷോക്കേസും ഓപ്പൺ ഷെൽഫുമൊക്കെ ഗ്ലാസ്, എച്ച് ഡി എഫ് , മൈക്കയും കൊണ്ടാണ്. ഭിത്തിയിൽ വാൾപേപ്പറും റോയൽ പ്ലേ പെയിന്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. വാഷ് ഏരിയയിൽ നാച്ചുറൽ സ്റ്റോൺ ക്ലാഡ് ചെയ്തിരിക്കുകയാണ്.
വാഷ് ഏരിയയോട് ചേർന്നാണ് സ്റ്റെയർക്കേസ്. എമറാൾഡ് ഗ്രാനൈറ്റ് സ്റ്റെപ്പുകളിലും ഹാൻഡ്റെയിലിന് ടഫൻഡ് ഗ്ലാസും എസ് എസുമാണ് ഉപയോഗിച്ചിരിക്കുന്നത്.
വീടിന് ആധുനിക ഭാവം പകർന്നതിനൊപ്പം പരിഷ്ക്കരിച്ച ഭാഗമാണ് വീട്ടിലെ അടുക്കള. പ്ലൈവുഡ്-മൈക്ക കൊണ്ടാണ് അടുക്കളയിലെ സ്റ്റോറേജ് സൗകര്യങ്ങൾ തീർത്തിരിക്കുന്നത്. വർക്ക് ടോപ്പ് ഗ്രാനൈറ്റിലാണ്. ബ്ലാക്ക്സ്പ്ലാഷ് ടൈൽ ഉപയോഗിച്ചാണ്. രണ്ട് കുക്ക് ടോപ്പാണ് ഇവിടെ. ഒരെണ്ണം ഐലൻഡ് രീതിയിലാണ്. ആധുനിക പാചക സൗകര്യങ്ങളാണ് ഈ അടുക്കളയിൽ ഒരുക്കിയിരിക്കുന്നത്.
പഴയ കിടപ്പുമുറികളുടെ പരിമിതികളെല്ലാം മറികടക്കുന്നതാണ് പുതിയ കിടപ്പുമുറികൾ. 5 ബെഡ്റൂം ആണ് ഇവിടെ ഉള്ളത്. രണ്ടെണ്ണം താഴെയും മൂന്നെണ്ണം മുകൾ നിലയിലും. ബാത്ത് അറ്റാച്ചിഡ് ആണ് പുതിയ കിടപ്പുമുറികളെല്ലാം. പ്ലൈവുഡ്, എച്ച്.ഡി.എഫ് എന്നിവയിൽ മൈക്ക ഫിനിഷ് നൽകിയാണ് കിടപ്പുമുറിയിലെ ഫർണിച്ചർ. ഒരു ചുമര് മാത്രം പെയിന്റ് ചെയ്ത് ഷോ വാളാക്കിയും മറ്റു ഭിത്തികളിൽ വാൾപേപ്പറുമാണ്. സ്റ്റോറേജിന് ധാരാളം സൗകര്യം കിട്ടത്തക്ക രീതിയിലാണ് കിടപ്പുമുറി. സ്റ്റഡി ടേബിളും ബുക്ക് ഷെൽഫും ബെഡ്റൂമിൽ ഉണ്ട്.
പോരായ്മകൾ ഒഴിവാക്കിയും അലങ്കാരങ്ങൾ കൂട്ടിച്ചേർത്തും പഴയ വീടിന്റെ പൊടി പോലും കാണാനില്ലാതെ അടിമുടി പുതുപുത്തനാക്കിയാണ് ഈ വീട് ഡിസൈനർ ജയേഷ് നവീകരിച്ചിരിക്കുന്നത്.
Client – Sunny P J
Location – Karthikapally, Alappuzha
Plot – 27 cent
Area – 3800 sqft
Design - Jayesh Kumar K
J K Constructions, Haripad
Ph – 92492 96025