സോഷ്യൽ മീഡിയയിലെ താരമാണ് ഈ വീട്

This article has been viewed 1257 times
സമകാലികശൈലിയുടെ പൂർണതയിൽ തല ഉയർത്തി നിൽക്കുന്ന ഈ വീട് സോഷ്യൽ മീഡിയയിൽ താരമാണ്. ആധുനിക നിർമ്മാണ സങ്കേതങ്ങളും മോഡേൺ സൗകര്യങ്ങളും നിറയുന്ന ഈ വീട്ടിൽ എത്തുന്നവരൊക്കെ ഒരു സെൽഫിയെങ്കിലും എടുത്താണ് ഇവിടം വിടാറുള്ളത്. കോവോ ആർക്കിടെക്റ്റ്സിന്റെ പ്രൊജക്റ്റ് സോഷ്യൽ മീഡിയ വഴി കണ്ടാണ് ഹസൈനാർ സ്വന്തം പാർപ്പിടത്തിന്റെ ഡിസൈനിംഗ് ചുമതലയും കോവോ ആർക്കിടെക്ച്ചർ സ്റ്റുഡിയോയെ ഏൽപ്പിച്ചത്. ഡിസൈനർമാരായ സജീറും റിയാസും ചേർന്നാണ് ഈ ഭവനം യാഥാർത്ഥ്യമാക്കിയത്.

പച്ചതുരുത്ത്
കോംപൗണ്ട് വാൾകൊണ്ട് വേർതിരിച്ചിരിക്കുന്ന 45 സെന്റിന്റെ മധ്യത്തിലാണ് പാർപ്പിടം. ഡ്രൈവ് വേ നീക്കി ബാക്കി ഭാഗം മൊത്തം ലാൻഡ്സ്‌കേപ്പ് ചെയ്തിരിക്കുന്നു. നാച്വറൽ സ്റ്റോൺ പതിച്ചിരിക്കുകയാണ് വാഹന പാതയിൽ. ചെങ്കല്ല് കൊണ്ടാണ് അതിർത്തിഭിത്തി. ഗേറ്റ് ജി.ഐ ഷീറ്റും പൈപ്പും ഉപയോഗിച്ചാണ്. പ്രവാസികളാണ് ഹസൈനാരും കുടുംബവും അതുകൊണ്ട് തന്നെ വീടിന്റെ ചുറ്റും മികച്ച ലാൻഡ്‌സ്‌കേപ്പ് വേണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. തൊടിയിലുള്ള തെങ്ങുകളും ഫലവൃക്ഷങ്ങളുമൊക്കെ സംരക്ഷിച്ചിട്ടുണ്ട്.

അടിമുടി ആധുനികം
പ്രവാസിയായതുകൊണ്ട് തന്നെ ആധുനിക ജീവിത ശൈലിക്കിണങ്ങിയ പാർപ്പിടമെന്നതായിരുന്നു ഹസൈനാരുടേയും കുടുംബത്തിന്റെയും സ്വപ്നം. എളുപ്പത്തിലുള്ള മെയിന്റെനൻസ്, കാലഹരണപ്പെടാത്ത ഭംഗി, ഉപയോഗത്തിനുള്ള എളുപ്പം എന്നിവയൊക്കെയാണ് കണ്ടംപ്രറി ശൈലിയിൽ വീടൊരുക്കുന്നതിന് കാരണമായത്.

ഇരുനിലകളിൽ ബോക്സ് മാതൃകയിലാണ് വീടിന്റെ എലിവേഷൻ. 5500 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് വീട്ടിലെ മൊത്തം സൗകര്യങ്ങളും തീർത്തിരിക്കുന്നത്. ഗ്ലാസ് വാൾ, വൈറ്റ്- ഗ്രേ കളർ കോംബിനേഷൻ, വുഡൻ ടെക്സ്ച്ചറുള്ള വി-ബോർഡ് ക്ലാഡിങ്, ഗ്ലാസ് ബ്ലോക്ക് എന്നിവയാണ് എലിവേഷന്റെ ഭംഗി കൂട്ടുന്നത്.

വിശാലം വീട്ടകം
കാർപോർച്ച്, വരാന്ത, ലിവിങ്, ഫോയർ, ഡൈനിങ്, ലേഡീസ് സിറ്റിംഗ്, കിച്ചൺ, കിടപ്പുമുറി എന്നിവയാണ് താഴെ നിലയിൽ. മുകൾ നിലയിൽ അപ്പർ ലിവിങ്, സ്‌റ്റഡി സ്പേസ്, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ്. പരമാവധി വിശാലമായിട്ടാണ് വീടിന്റെ ഓരോ കോണും. വിട്രിഫൈഡ് മാറ്റ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്. സ്റ്റെയറിലും അപ്പർ ലിവിങ്ങിലും ഗ്രാനൈറ്റും വുഡൻ ടൈലുമാണ് ഉപയോഗിച്ചിരിക്കുന്നത്. യു.പി.വി.സി ഫ്രെയിമിൽ ആണ് ലാമിനേറ്റഡ് ഗ്ലാസ്സ് ഉറപ്പിച്ചിരിക്കുന്നത്. വാതിലും ജനലുമൊക്കെ തേക്കിലാണ് ചെയ്തിരിക്കുന്നത്. ഇന്റീരിയർ ഫർണീച്ചർ പ്ലൈവുഡിൽ തീർത്ത്, വെനീറും മൈക്കയും കൊണ്ട് ഫിനിഷ് ചെയ്തിരിക്കുന്നു.

പ്രൗഢിക്കിണങ്ങും വിധം
പാർപ്പിടത്തിന്റെ പ്രൗഢിക്കിണങ്ങും വിധത്തിലാണ് സ്വീകരണമുറി. ലെതർ അപ്ഹോൾസ്റ്ററിചെയ്ത ഇരിപ്പിടങ്ങളാണ്. ഗ്ലാസ് വാൾ ആയതിനാൽ ഗാർഡൻ കാഴ്ചകൾ വീട്ടകത്തേക്കു എത്തുന്നു. സ്കൈലൈറ്റും ഗ്ലാസ് വാളും വീടിന്റെ സർവ്വകോണിലും പകൽ വെളിച്ചം ഉറപ്പാക്കുന്നു. ജാലകങ്ങൾക് റോമൻ കർട്ടനാണ്. ഭിത്തിയിൽ വാൾ പേപ്പർ ഉപയോഗിച്ചിട്ടുണ്ട്. സീലിങ്ങിൽ ജിപ്സവും റോൾ വെനീറുമാണ്. ടി വി യൂണിറ്റ് തീർത്തിരിക്കുന്നത് പ്ലൈവുഡിലാണ്. പരമാവധി സിറ്റിംഗ് സൗകര്യം നൽകിയിട്ടുണ്ട് ഈ സ്വീകരണമുറിയിൽ.

അകത്തളത്തിലെ മുഖ്യാകർഷണങ്ങളിലൊന്നാണ് സ്റ്റെയർകേസ്. ഇൻഡസ്ട്രിയൽ വർക്കും, വുഡും, ഗ്ലാസും ചേർത്താണ് ഗോവണിയുടെ നിർമ്മാണം. സ്റ്റെയർകേസിന് അടിഭാഗത്താണ് സിന്തറ്റിക് ഗ്രാസ് വിരിച്ച നടുമുറ്റം. സ്റ്റെയർ താണ്ടി എത്തുന്നിടത്താണ് സ്റ്റഡി സ്പേസ്. സ്റ്റോറേജിനും സ്വസ്ഥമായിരുന്ന് വായിക്കാനും ഉതകുന്നതാണ് സ്‌റ്റഡി സ്പേസ്.

പത്തുപേർക്ക് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാവുന്നത്ര വിശാലമാണ് ഡൈനിങ്. ആധുനിക രീതിയിലുള്ള ഊൺമേശയും കസേരകളുമാണ് ഇവിടെ. സ്വീകരണ മുറിയും ഡൈനിങ്ങും തമ്മിൽ വേർതിരിക്കുന്നത് സി.എൻ.സി പാർട്ടീഷനാണ്. ഡൈനിങ് ടേബിളിന്റെ ടോപ്പ് ഗ്ലാസ്സാണ്. ഭിത്തിയിൽ ഓപ്പൺ ഷെൽഫും കൗതുകവസ്തുക്കളും നിരത്തിയിട്ടുണ്ട്. വാഷ് കൗണ്ടർ പ്ലൈവുഡിലാണ്. ടോപ്പിൽ ഗ്രാനൈറ്റാണ്. ഡബിൾ ഹൈറ്റിലാണ് ഡൈനിങ് ഏരിയ.

വീട്ടിലെത്തുന്ന സ്ത്രീകൾക്ക് ഒന്നിച്ചിരിക്കാനും വിശേഷങ്ങൾ പങ്കിടാനുമായിട്ടുള്ള സൗകര്യവും നൽകിയിട്ടുണ്ട് വീട്ടകത്ത്. ലെതർ അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടമാണ് ഇവിടെ. അലങ്കാരത്തേക്കാൾ ഫങ്ഷനാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്.

വ്യത്യസ്താശയം
കിടപ്പുമുറികളെല്ലാം വെവ്വേറെ നിറാശയത്തിലും ശൈലിയിലുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കർട്ടൻ, വാൾപേപ്പർ, ഹെഡ്‍ബോർഡ്, ഫങ്ഷൻ, ഫർണീച്ചർ എല്ലാത്തിലും പുതുമ നൽകിയാണ് കിടപ്പുമുറികൾ തീർത്തിരിക്കുന്നത്. പരമാവധി കാറ്റും വെളിച്ചവും കിട്ടും വിധത്തിലാണ് കിടപ്പുമുറികൾ തയ്യാറാക്കിയിരിക്കുന്നത്.

മോഡേൺ കിച്ചൺ
വീടിന്റെ പരിഷ്‌ക്കാരത്തിന് ഇണങ്ങും വിധത്തിലാണ് കിച്ചൺ. ക്യാബിനറ്റും കൗണ്ടറുമൊക്കെ സ്റ്റീലിലാണ്. കൗണ്ടർ ടോപ്പിന് ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തിയിൽ നാനോ ടൈലാണ് പതിച്ചിരിക്കുന്നത്. അടുക്കളയിൽ തന്നെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും അതിനോട് ചേർന്ന് തന്നെ ഒരു ഡൈൻ സ്പേസും ഒരുക്കിയിട്ടുണ്ട്.

കമനീയത മാത്രമല്ല വീടിന്റെ രൂപകല്പനയും ഇടങ്ങളുടെ ഉപയോഗവും വിശാലതയും ഒക്കെയാണ് ഈ വീടിനെ സവിശേഷമാക്കുന്നത്. ഇതു തന്നെയാണ് ഈ ഭവനത്തെ സോഷ്യൽ മീഡിയയിലെ താരമാക്കുന്നതും.തയ്യാറാക്കിയത് - രതീഷ് ജോൺ

ക്ലൈൻറ്റ് - ഹസൈനാർ
സ്ഥലം - മക്കരപ്പറമ്പ്, മലപ്പുറം
പ്ലോട്ട് - 45 സെൻറ്
വിസ്തീർണം - 5500 സ്ക്വർ ഫീറ്റ്

ഡിസൈൻ - റിയാസ് ചെറയകുത്ത്, സജീർ ചെറയകുത്ത്
കോവോ ആർക്കിടെക്ച്ചർ സ്റ്റുഡിയോ, മലപ്പുറം

ഫോൺ : 99466 07464