ആരും സ്വന്തമാക്കാൻ കൊതിക്കുന്ന വീട്

This article has been viewed 1903 times
ഗ്രാമീണ അന്തരീക്ഷത്തിൽ ആധുനികതയെ പുണർന്ന് നിൽക്കുന്ന വീട്. മലപ്പുറം ചങ്ങരംകുളത്തുള്ള ഷാജിയുടെ വീടിനെ വ്യത്യസ്തമാക്കുന്ന ഘടകം ഇതാണ്. സമകാലികശൈലിയിൽ ആധുനിക നിർമ്മാണ സങ്കേതങ്ങളും മോഡേൺ സൗകര്യങ്ങളും നിറയുന്ന വീട്. മലയാളി മനസ്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കെട്ടിലും മട്ടിലുമാണ് ഈ ഭവനം. മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡെസേർട്ട് ഇന്റീരിയേഴ്സിലെ ഡിസൈനർ നിധീഷ് മോഹനാണ് പാർപ്പിടത്തിന്റെ ശില്പി.

കാഴ്ച്ചകളേറെയുണ്ടിവിടെ
തൊടിയിലുള്ള മരങ്ങളത്രയും സംരക്ഷിച്ചുകൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. 40 സെന്റിന്റെ പ്ലോട്ടിലാണ് 4000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള വീട്. സോളിഡ് ബ്ലോക്കിലാണ് കോംപൗണ്ട്‌വാൾ. ആന്തൂർ സ്റ്റോൺ പാകിയ ഡ്രൈവ് വേയിലേക്ക് പ്രവേശിക്കുന്നത് ഫണ്ടർമാക്സ് കൊണ്ട് തീർത്തിരിക്കുന്ന ഗേറ്റ് വഴിയാണ്. വീടിന്റെ കമനീയതയുടെ തുടിപ്പുകൾ ഗേറ്റ് മുതൽ തന്നെ ദൃശ്യമാകുന്നു.

മനോഹരമായി ലാൻഡ്‌സ്‌കേപ് ചെയ്തിരിക്കുന്ന പ്ലോട്ടിൽ ആദ്യം കണ്ണിലുടക്കുന്നത് ഗസിബോയാണ്. ഡ്രൈവ്‌വേയുടെ ഒരു ഭാഗത്തായിട്ടാണ് ഗസിബോ. ജി.ഐയിൽ വുഡൻ പെയിന്റ് ഫിനിഷാന്ന്. പശ്‌ചാത്തലത്തിൽ വാട്ടർ ബോഡിയും ഫൗണ്ടനും അകമ്പടി നൽകുന്നു. വുഡൻ ടൈലാണ് ഫ്ലോറിൽ. ഇറക്കുമതി ചെയ്ത ഇരിപ്പിടങ്ങൾ കൗതുകത്തിനു വഴി ഒരുക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ ഏറ്റവും മികച്ച സ്ഥലമാണ് ഈ ഗസിബോ.

കാലികശൈലിയിലാണ് വീടിന്റെ എലിവേഷൻ. സ്ലോപ്- ഫ്ലാറ്റ് കോംപിനേഷനാണ് റൂഫിൽ. ഷിംഗിൾസും സ്റ്റോൺ ക്ലാഡിങ്ങും വൈറ്റ് ഗ്രില്ലും എക്സ്റ്റീരിയർ ആകർഷമാക്കുന്നു. തേക്കിലാണ് എക്സ്റ്റീരിയർ വാതിലും ജനലുകളും തയ്യാറാക്കിയിരിക്കുന്നത്. ആധുനികമെങ്കിലും സ്ലോപ് റൂഫ് നൽകിയതോടെ വീടിന് മൊത്തത്തിൽ ഒരു മലയാളിലുക്കായി. മുറ്റത്ത് താന്തൂർ സ്റ്റോൺ പാകിയിരിക്കുകയാണ്. മഴവെള്ളം മുറ്റത്ത് താഴുന്ന രീതിയിലാണ് ഇവ പാകിയിരിക്കുന്നത്.

ഇഷ്ടം കൂടും ഇടങ്ങൾ
ആധുനിക ജീവിത ശൈലിക്ക് ഒത്ത വിധമാണ് വീടിന്റെ ഇന്റീരിയർ. പ്രതിഭയുള്ള ഒരു ഡിസൈനറുടെ കയ്യൊപ്പ് അകത്തളത്തിന്റെ ഓരോ കോണിലും കാണാം. കാഴ്ചക്കാരുടെ മനസ്സിൽ കൂടുകൂട്ടും വിധമാണ് അകത്തളത്തിന്റെ ഓരോ കോണും ചിട്ടപ്പെടുത്തിയിരിക്കുന്നത്. 5 കിടപ്പുമുറികൾ, കിച്ചൺ, ഡൈനിങ്, അപ്പർ ലിവിങ്,ഓഫീസ്, നടുമുറ്റം എന്നിവയാണ് അകത്തള സൗകര്യങ്ങൾ. ഇറ്റാലിയൻ മാർബിൾ കൊണ്ടാണ് വീടിന്റെ പൊതു ഇടങ്ങളൊക്കെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്.

സിറ്റൗട്ടിൽ നിന്നും നേരെ എത്തുന്നത് സ്വീകരണമുറിയിലേക്കാണ്. ലെതർ അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് ഇവിടെ. എക്സ്പോസ്ഡ് കോൺക്രീറ്റ് വാളും വുഡൻ സീലിങ്ങും നടുമുറ്റവുമൊക്കെ സ്വീകരണമുറിയുടെ കമനീയത കൂട്ടൂന്ന ഘടകങ്ങളാണ്.

ഡൈനിങ് ആണ് വീട്ടകത്തെ മുഖ്യകേന്ദ്രം. മുകൾ നിലയേയും ഗ്രൗണ്ട് ഫ്ലോറിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം വീടിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതും ഈ ഊണിടമാണ്. ആധുനിക മാതൃകയിലുള്ളതാണ് ഊൺമേശ. ഇതിനോട് ചേർന്നുതന്നെ പാഷിയോ പോലൊരു ക്രമീകരണം നടത്തിയിട്ടുണ്ട്. മെറ്റലിൽ സി.എൻ.സി കട്ടിംഗ് നൽകി ജാളി വർക്കുകൾ ചെയ്തു. ഫ്ലോറിൽ സിന്തെറ്റിക് ഗ്രാസും വിരിച്ചു. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കളിസ്ഥലമാണ് ഇവിടം. ഡൈനിങ്ങിലെ സീലിംഗ് വുഡ് കൊണ്ടാണ് ഫാൾസ് സീലിംഗ് ചെയ്തിരിക്കുന്നത്. ഇതിന്റെ പാറ്റേണും വ്യത്യസ്തമാണ്.

ജി.ഐയിൽ ഫ്രെയിം ചെയ്തിരിക്കുന്ന സ്റ്റെയർകേസ് ഗ്ലാസും വുഡും കൊണ്ട് പൊതിഞ്ഞാണ് തയ്യാറാക്കിയിരിക്കുന്നത്. വീട്ടകത്തെ കൗതുക കാഴ്ചകളിലൊന്നാണ് ഈ സ്റ്റെയർകേസ്. കുറഞ്ഞ സ്പേസിൽ ഗോവണി തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാണ് ഈ സ്റ്റെയർ. സ്റ്റെയർ താണ്ടിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. വുഡൻ പാനലിങ്ങും എക്സ്പോസ്ഡ് കോൺക്രീറ്റ് വാളും ഇരിപ്പിടങ്ങളും ഈ ഭാഗം അഴകുള്ളതാക്കുന്നു. റോമൻ കർട്ടനുകളാണ് ജാലകങ്ങൾക്ക് നൽകിയിരിക്കുന്നത്.

ഗ്ലാസ്സ് കിച്ചൻ
അടിമുടി ആധുനികമാണ് ഈ വീട്. എന്നാൽ അൾട്രാ മോഡേൺ ആണ് ഇവിടുത്തെ കിച്ചൺ. ലകേർഡ് ഗ്ലാസ്സ് കൊണ്ടാണ് ക്യാബിനറ്റുകൾ. കൗണ്ടർ ടോപ്പിൽ നാനോ വൈറ്റാണ്. തേക്കിലാണ് ഓപ്പൺ ഷെൽഫുകൾ. ഭിത്തിയിൽ ടൈൽ പാകിയിരിക്കുന്നു. ആധുനിക പാചക സംവിധാനങ്ങളും കൂടിചേരുന്നതോടെ കിച്ചൺ വീട്ടമ്മമാരുടെ കണ്ണിലുണ്ണിയാകുമെന്ന് സംശയം വേണ്ട. വിശാല സൗകര്യത്തോടെയാണ് അടുക്കള ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ബെഡ്റൂമുകൾ വൈവിധ്യപൂർവ്വം
ഇരുനിലകളിലുമായി 5 കിടപ്പുമുറികളുണ്ട്. വൈവിധ്യമാണ് കിടപ്പുമുറികളെ കമനീയമാക്കുന്നത്. ഓരോ മുറിക്കും ഓരോ ഡിസൈൻ തീമാണ് പുലർത്തിയിരിക്കുന്നത്. കുട്ടികളുടെ മുറിയിൽ നിറത്തിനാണ് പ്രാമുഖ്യം. ഹെഡ്‍ബോർഡും ഭിത്തിയിലെ ഫീച്ചേഴ്സുമാണ് മുറികൾക്ക് വ്യത്യസ്തത നൽകുന്നത്. ജിപ്സം കൊണ്ടാണ് കിടപ്പുമുറികളുടെ സീലിംഗ്. ഫ്ലോറിങ്ങിന് കിടപ്പുമുറികളിൽ ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ലൈഡിംങ് ഡോറുകളാണ് വാർഡ്രോബിന് നൽകിയിരിക്കുന്നത്. സ്റ്റോറേജിന്‌ പരമാവധി സൗകര്യം നൽകിയിട്ടുണ്ട് കിടപ്പുമുറികളിൽ.

അടിമുടി ആധുനികമാണ് ഈ വീടിന്റെ കെട്ടുംമട്ടും. മോഡേൺ ജീവിത ശൈലി പിന്തുടരുന്ന എല്ലാവർക്കും പിന്തുടരാവുന്ന രീതിയിലാണ് ഈ വീട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലയാളികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതും ആരും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതും ഇത്തരം വീടുകളാണ്.തയ്യാറാക്കിയത് - രതീഷ് ജോൺ

ക്ലൈൻറ്റ് - ഷാജി
സ്ഥലം - ചങ്ങരംകുളം, മലപ്പുറം
പ്ലോട്ട് - 40 സെൻറ്
വിസ്തീർണം - 4000 സ്ക്വർ ഫീറ്റ്

ഡിസൈൻ - നിധീഷ് മോഹൻ
ഡെസേർട്ട് ഇന്റീരിയേഴ്സ്, മലപ്പുറം

ഫോൺ : 90729 44944