പ്രൗഡഗംഭീരമീ സൗധം

This article has been viewed 3205 times
വിശാലമായ പ്ലോട്ടിൽ 10252 സ്‌ക്വർ ഫീറ്റിൽ ഒരു വീട്. പ്രൗഡഗംഭീരമായ ഒരു ഗേഹം. ലക്ഷ്വറി ഹോം എന്നു ഒറ്റനോട്ടത്തിൽ വിലയിരുത്താം. കൻറേംപ്രററി ശൈലിയുടെ പൂരകങ്ങളായ പർഗോളയും, ക്ലാഡിങ് വർക്കുകളും, എലിവേഷന് മാറ്റുകൂട്ടുമ്പോൾ, പരമ്പരാഗത ശൈലിയോട് ചേർന്ന് പോകുന്ന സ്ലോപ് റൂഫിങ് രീതിയും എലിവേഷൻറെ ഭംഗി ഇരട്ടിപ്പിക്കുന്നു. വൈറ്റ് ഗ്രേ നിറങ്ങളുടെ കോംപിനേഷനിൽ ഒരുക്കിയ എലിവേഷനിൽ ക്ലാഡിങ്ങിൻറെ നിറം എടുത്തുകാണിക്കുന്നുണ്ട്. വിശാലമായ ലാൻഡ്സ്‌കേപ്പും, വാക്‌വേയും, ലാൻഡ്‌സ്‌കേപ്പിലെ പച്ചപ്പുമാണ് എലിവേഷന്റെ ഭംഗി ഇരട്ടിപ്പിക്കുന്നത്. വയനാട് സുൽത്താൻബത്തേരിയിലുള്ള ഡോക്ടർ രൺധീർകൃഷ്ണൻറ്റെയും കുടുംബത്തിൻറെയും ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ആർക്കിടെക്റ്റ് ശ്രീരാഗ് പാറമേൽ ആണ്.

പ്ലോട്ടിന്റെ ലെവൽ വ്യതിയാനത്തിനനുസരിച്ചുള്ള ലാൻഡ്‌സ്‌കേപ്പിങ്ങും എലിവേഷന്റെ മാറ്റുകൂട്ടുന്നു. കാഴ്ചഭംഗിക്ക്‌ പ്രാധാന്യം നൽകികൊണ്ട് ഇരിപ്പിടസൗകര്യങ്ങളും ഗസേബുവും പുറത്ത് ഒരുക്കിയിട്ടുണ്ട്. രണ്ട് കാറുകൾ പാർക്ക് ചെയ്യാവുന്ന കാർപോർച്ചും ഇവിടെയുണ്ട്.

അകത്തളങ്ങളിലെ വിന്യാസം
സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഹോം തിയേറ്റർ, ഷോ കിച്ചൺ, വർക്കിങ് കിച്ചൺ, വർക്ക് ഏരിയ, 2 ബാൽക്കണികൾ, രണ്ട് സ്കൈലൈറ്റ് കോർട്ട്യാർഡുകൾ, പൂജ ഏരിയ , സ്വിമ്മിങ് പൂൾ, അറ്റാച്ചഡ് ബാത്റൂമോടുകൂടിയ 5 കിടപ്പുമുറികൾ എന്നിങ്ങനെയാണ് അകത്തളങ്ങളിലെ വിന്യാസം. ന്യൂട്രൽ നിറങ്ങൾ മാത്രമാണ് ഉൾത്തളങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. തടിയുടെ സീലിങും ഫ്ലോറിങ്ങുമെല്ലാം ഈ ന്യൂട്രൽ നിറങ്ങളോട് ലയിച്ചു ചേരുന്നു. വീട്ടിനകത്തുള്ള നടപ്പാതയ്ക്ക് ഇരുവശവുമായിട്ടാണ് ഓരോന്നും ക്രമീകരിച്ചിട്ടുള്ളത്. അകത്തെ പച്ചപ്പിൻറെ സാന്നിദ്ധ്യം അകത്ത് സദാ ഊഷ്മളത നിറയ്ക്കുന്നു.


ഉപയുക്‌തതയിലൂന്നി...
വിശാലമായി ഒരുക്കിയിട്ടുള്ള ഗസ്റ്റ് ലിവിങും അതിനോട് ചേർന്നുള്ള കോർട്ട്യാർഡും ചെറിയ പാർട്ടികളും മറ്റും നടത്താൻ പാകത്തിനുള്ള സ്പേസായി പരിവർത്തിക്കാവുന്നവിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. തടിപ്പണികൾക്കെല്ലാം തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്. ഫ്ലോറിങ്ങിനു ഗ്രാനൈറ്റും വിട്രിഫൈഡ് ടൈലും വുഡൻ ടൈലും, ഡെക്‌വുഡ് എന്നീ മെറ്റീരിയലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ക്ലാഡിങ് വർക്കുകളും, സീലിംഗ് പാറ്റേണുകളും, ലൈറ്റ് ഫിറ്റിങ്ങുകൾ, പാർട്ടീഷനായി ഉപയോഗിച്ചിരിക്കുന്ന ജാളി വർക്കുകൾ എന്നീ ഡിസൈൻ എലമെന്റുകൾ ഇന്റീരിയറിന്റെ മാസ്മരികത വർദ്ധിപ്പിക്കുന്നു.

ഇരിപ്പിടത്തിന് പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള ഫോർമൽ ലിവിങ്ങിൽ വുഡൻ ഫ്ലോറിങ്ങാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സീലിംഗ് വർക്കുകളും ഭിത്തിയിൽ നൽകിയിരിക്കുന്ന മെറ്റൽ അലങ്കാരങ്ങളും ലിവിങ്ങിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്നുണ്ട്.

തടിയുടെ ചന്തം
ഫ്ലോറിങ്ങിലെയും സീലിങ്ങിലെയും തടിപ്പണിയാണ് ഡൈനിങ്ങിലെ സവിശേഷത. ഡൈനിങ് ടേബിൾ ഇട്ടിരിക്കുന്ന ഭാഗത്ത് വുഡൻ ഫ്ളോറിങ് ആണ്. പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇവിടം ഒരുക്കിയിട്ടുള്ളത്. ഡൈനിങ്ങിനോട് ചേർന്നാണ് പാൻട്രീ ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഓപ്പൺ കിച്ചൺ.

തടിയുടെ ചന്തം തന്നെയാണ് പൂജ ഏരിയയ്ക്കും നൽകിയിട്ടുള്ളത്. പൂജാ ഏരിയയോട് ചേർന്നാണ് രണ്ടാമത്തെ കോർട്ടിയാർഡും ഒരുക്കിയിട്ടുള്ളത്. ഈ കോർട്ടിയാർഡിൽ നിന്നെത്തുന്ന സൂര്യപ്രകാശം ഉൾത്തടങ്ങളെ പ്രകാശപൂരിതമാക്കുന്നു. കോർട്ടിയാർഡിലെ ചെടികളും, ഇൻബിൽറ്റ് ഇരിപ്പിടങ്ങളും, നാച്വറൽ സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്ത ചുവരും എല്ലാം സൗന്ദര്യം കൂട്ടുന്ന ഘടകങ്ങളാണ്. വുഡും ഗ്ലാസ്സുമാണ് സ്റ്റെയർകേസിന് ഉപയോഗിച്ചിട്ടുള്ളത്.സൗകര്യവും സൗന്ദര്യവും
വിശാലതയ്ക്കു മുൻ‌തൂക്കം നൽകിയാണ് 5 കിടപ്പുമുറികളും ഒരുക്കിയിട്ടുള്ളത്. വാഡ്രോബ് യൂണിറ്റുകളും, ഡ്രസ്സിങ് ഏരിയയും, ഹെഡ്റെസ്‌റ്റ് ഡിസൈനും, വാൾപേപ്പറും എല്ലാം കിടപ്പുമുറികളെ ആഢംബരപൂർണ്ണമാക്കുന്നു. മാസ്‌റ്റർ ബെഡ്‌റൂമിൽ പുറംചുമരിന് ടഫൻ ഗ്ലാസ്സാണ് കൊടുത്തിട്ടുള്ളത്. പ്ലൈവുഡ് ലാമിനേഷനും, ജിപ്സം ഫാൾസീലിങ്ങും ഇടകലർന്നു ചെയ്തിരിക്കുന്ന സീലിങ് പാറ്റേണുകളും, ഇരിപ്പിട സൗകര്യങ്ങളും, റീഡിങ് സ്പേസുകളും എല്ലാ കിടപ്പുമുറികൾക്കും ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ ജനലുകൾ ശുദ്ധമായ കാറ്റും വെളിച്ചവും ഉള്ളിലേക്ക് എത്തിക്കുന്നതിനൊപ്പം കാഴ്ചഭംഗി ആസ്വദിക്കാനും സാധ്യമാക്കുന്നുണ്ട്.


അടുക്കള
പുൾഔട്ട് യൂണിറ്റുകളും പരമാവധി സ്റ്റോറേജ് സ്പേസുകളും ഉൾച്ചേർത്തുകൊണ്ടാണ് കിച്ചൺ ഡിസൈൻ. മറൈൻ പ്ലൈവുഡിൽ മൈക്ക ലാമിനേഷനാണ് കബോർഡുകൾക്ക് നൽകിയിട്ടുള്ളത്. കൗണ്ടർ ടോപ്പിനു നാനോ വൈറ്റാണ് നൽകിയിരിക്കുന്നത്. ഇളം നിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിട്ടുള്ളത്.

സ്വിമ്മിങ് പൂളിനും വീടിനോട് ചേർന്ന് സ്ഥാനം കൊടുത്തിട്ടുണ്ട്. ഫാമിലി ലിവിങ്ങിൽ നിന്നും ബന്ധിപ്പിച്ചുകൊണ്ടാണ് പൂൾ ഒരുക്കിയിട്ടുള്ളത്.

വീടിനകവും പുറവും ഒരുപോലെ ഭംഗിയാക്കുന്നതിലും സൗകര്യപ്രദമാക്കുന്നതിലും പ്രത്യേകം ശ്രദ്ധചെലുത്തിയെന്ന്‌ വീടിന്റെ ശില്പി പറയുന്നു. ആശയങ്ങളും അലങ്കാരങ്ങളും വീടുടമസ്ഥന്റെ താൽപര്യപ്രകാരം നിവർത്തിച്ചപ്പോൾ വീട്ടിൽ ചിലവഴിക്കുന്ന സമയമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും വീട്ടുടമസ്ഥനും പറയുന്നു. പുതു പുത്തൻ മെറ്റീരിയലുകളും സമകാലീനശൈലി ഘടകങ്ങളും, നയങ്ങളും, രീതികളും ഇഴചേർത്തൊരു വെൺശില്പമാണ് ഈ വീട്.

തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് - Dr. രൺധീർ കൃഷ്ണൻ
സ്ഥലം - സുൽത്താൻബത്തേരി, വയനാട്
വിസ്തീർണം - 10252 സ്ക്വർ ഫീറ്റ്

ഡിസൈൻ - ശ്രീരാഗ് പാറമേൽ
ക്രെയോ ഹോംസ് , കൊച്ചി

ഫോൺ - 9645999975