
മലപ്പുറം ജില്ലയിലെ കീഴിശ്ശേരി, നഗരത്തിന്റെ പരിഷ്കാരം അത്ര എത്താത്ത അപൂർവ്വം ഇടങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഗ്രാമീണാന്തരീക്ഷത്തിന് ഇണങ്ങുന്ന ഒരു പാർപ്പിടം എന്നതായിരുന്നു വീട്ടുടമസ്ഥനായ ഷബീർ അലിയുടെ ആഗ്രഹം. കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസൃതമായി കേരളത്തനിമയോടെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് ഈ വീടിന്റെ എലിവേഷൻ. ആധുനിക ജീവിത ശൈലിക്ക് ഇണങ്ങും വിധത്തിലാണ് ഇന്റീരിയർ. വീടിന്റെ രൂപഘടന തയ്യാറാക്കിയത് ഡിസൈനർ ആഷിഖ് മുഹമ്മദ് ആണ്. ഇന്റീരിയർ ഒരുക്കിയിരിക്കുന്നത് ഹൈലൈറ്റ് ഇന്റീരിയേഴ്സിലെ സിജു.കെ ആണ്.
ആകൃതിയില്ലാത്തതും നിരപ്പല്ലാത്തതുമായ 12.5 സെന്റിന്റെ പ്ലോട്ടിലാണ് വീടിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. പ്ലോട്ടിന്റെ കിടപ്പിനനുസരിച്ച് തന്നെ ഡിസൈൻ പാകപ്പെടുത്തിയിരിക്കുകയാണ് ആഷിഖ്. ഇരുനിലകളിലായി തീർത്തിരിക്കുന്നുവെങ്കിലും ഒറ്റനിലയുടെ ഫീൽ തോന്നുന്ന രീതിയിലാണ് ബാഹ്യാകൃതി. പല നിരയിലുള്ള ഗേബിളുകൾ ആണ് വീട് ഒറ്റ നിലയാണെന്ന് തോന്നിപ്പിക്കുന്നത്.
കോംപൗണ്ട് വാൾ കൊണ്ട് സുരക്ഷിതമാക്കിയിരിക്കുന്ന പ്ലോട്ടിന്റെ ആദ്യ ലെവലിൽ ആണ് കാർപോർച്ച്. മുറ്റത്ത് നാച്യുറൽ സ്റ്റോൺ വിരിച്ചിരിക്കുകയാണ്. വീടിന്റെ തൂണുകളിൽ ക്ലാഡിങ് ആണ്. ജി.ഐ കൊണ്ടാണ് എലിവേഷനിലെ ഗ്രിൽ വർക്കുകൾ. റൂഫിൽ സെറാമിക് ടൈലാണ് പാകിയിരിക്കുന്നത്. തേക്കിലാണ് വാതിലും ജനലുമൊക്കെ.
പൂമുഖം, ഫോയർ, ലിവിങ് റൂം, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, സൈഡ് കോർട്ടിയാർഡ്, സ്റ്റെയർ എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ ക്രമീകരിച്ചിരിക്കുന്നത്. മുകൾ നിലയിൽ രണ്ട് കിടപ്പുമുറികളും ബാൽക്കണിയും അപ്പർ ലിവിങും ആണ്. മൊത്തം ഏരിയ 3050 ചതുരശ്രയടിയാണ്.
ഇറക്കുമതി ചെയ്ത വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്. പാസേജിലും ഹൈലൈറ്റ് ചെയ്യേണ്ട ഭാഗത്തും വുഡാണ്. ഇന്റീരിയറിലേക്ക് രണ്ട് പ്രവേശന മാർഗങ്ങളുണ്ട്. ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് സ്വീകരണമുറിയിൽ. ടെക്സ്ച്ചർ പെയിന്റാണ് ഭിത്തിയിൽ. സീബ്ര ബ്ലൈന്റാണ് ജാലകങ്ങൾക്ക്. പ്ലൈവുഡ് വെനീർ കൊണ്ടാണ് ടി.വി യൂണിറ്റ്. വുഡൻ ടൈലാണ് ഫ്ലോറിൽ.
ഇന്റീരിയറിന്റെ മുഖ്യാകർഷണം സൈഡ് കോർട്ടിയാർഡാണ്. ഭിത്തി നിറയെ ക്ലാഡിങ് നൽകി. സീലിങ്ങിലും വശത്തും എം.എസ് കൊണ്ടുള്ള ഗ്രിൽ ആണ്. കോർട്ടിയാർഡിൽ സിന്തെറ്റിക് ഗ്രാസും കരിങ്കൽ പടവുകളുമാണ്. സ്വാഭാവിക വെന്റിലേഷനുള്ള സർവ്വ സാഹചര്യവും ഒരുക്കുന്നുണ്ട് ഈ സൈഡ് കോർട്ടിയാർഡ്. പകൽ വെളിച്ചം വീട്ടകത്തേക്ക് കൃത്യമായി വിതരണം ചെയ്യത്തക്ക വിധത്തിലാണ് നടുമുറ്റം സജ്ജീകരിച്ചിരിക്കുന്നത്.
ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ഇരുവശങ്ങളിലായിട്ടാണ്. വുഡ്, ഗ്ലാസ്, മറൈൻ പ്ലൈവുഡ് ലാമിനേറ്റ് ഫിനിഷ് എന്നിവയിലാണ് ഡൈനിങ് ടേബിൾ. സീലിങ്ങിൽ വുഡൻ റാഫ്റ്റുകളും ലാമിനേറ്റ്, വെനീർ, ജിപ്സം എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഡൈനിങ്ങിനോട് ചേർന്നാണ് വാഷ് ഏരിയ. ഊണിടം അലങ്കരിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന സാമഗ്രികൾ തന്നെയാണ് വാഷ് ഏരിയയിലും. ഈ ഭാഗത്ത് നിന്നാണ് സ്റ്റെയറിന്റെ തുടക്കവും. സ്റ്റെയറിന്റെ സ്റ്റെപ്പുകളിൽ വുഡ് ആണ്. ഗ്ലാസും വുഡും കൊണ്ടാണ് റെയിൽ. സ്റ്റെയറിന് അടിയിലൂടെയാണ് പോർച്ചിലേക്കുള്ള ഡോർ ക്രമീകരിച്ചിട്ടുള്ളത്.
പാചകം അനായാസമാക്കാൻ ആവശ്യമായ സർവ്വ സന്നാഹത്തോടും കൂടിയതാണ് അടുക്കള. ക്യാബിനറ്റുകളും കൗണ്ടർ ടോപ്പുമൊക്കെ വെള്ള നിറത്തിലുള്ളതാണ്. വർക്ക് ടോപ്പ് നാനോ വൈറ്റാണ്. കിച്ചനിലെ ബാക്ക് സ്പ്ലാഷ് ടൈൽ ക്ലാഡ് ചെയ്തിട്ടുണ്ട്. സ്റ്റോറേജിന് പരമാവധി സൗകര്യം ലഭിക്കുന്ന വിധത്തിലാണ് അടുക്കള. എൽ ഷേപ്പിലാണ് മോഡുലാർ കിച്ചൻ സെറ്റ് ചെയ്തിരിക്കുന്നത്.
നാലു കിടപ്പുമുറികളാണ് ഇരുനിലകളിലുമായിട്ടുള്ളത്. ബാത്ത് അറ്റാച്ചിഡ് ആണ് കിടപ്പുമുറികൾ. പ്ലൈവുഡ് കൊണ്ടാണ് ബെഡ്റൂം ഫർണിച്ചർ. ലാമിനേറ്റ് ഫിനിഷാണ് ഇവയ്ക്ക്. സ്ലൈഡിങ് ഡോറാണ് വാർഡ്രോബുകൾക്ക്. സ്റ്റഡി ഏരിയയോട് കൂടിയാണ് ഒരു കിടപ്പുമുറി.
ഗ്രാമീണാന്തരീക്ഷത്തിന് ഇണങ്ങിയ ഒരു പാർപ്പിടം ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം എന്നതായിരുന്നു ഷബീർ അലിയുടെ ഭവന സങ്കല്പം. ആ ആഗ്രഹത്തോട് നൂറു ശതമാനം നീതി പുലർത്തിയാണ് ആഷിഖ് ഈ പാർപ്പിടം സാക്ഷാത്കരിച്ചിരിക്കുന്നത്.
Client - Shabeer Ali
Location - Kizhisseri, Malappuram
Plot - 12.5 cent
Area - 3050 sqft
Design - Mohammed Ashique
Century Engineers & Architects,
Manjeri
Phone - 95393 85707