ചമ്പക്കുളത്തിന്റെ ചാരുതയിൽ

This article has been viewed 500 times
കുട്ടനാട് മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശമാണ് ചമ്പക്കുളം. പച്ച വിരിച്ച പാടങ്ങളും തെങ്ങും കവുങ്ങും എല്ലാം ചമ്പക്കുളം ഗ്രാമത്തെ ഏറ്റവും മനോഹരമാക്കുന്നു. ഇവിടെയാണ് 40 സെന്റ് പ്ലോട്ടിൽ ദിനൂപ് തന്റെ വീട് വെക്കാൻ തിരഞ്ഞെടുത്തത്.

അതുകൊണ്ടു തന്നെ പച്ചപ്പിനോടും പ്രകൃതിയോടും നീതി പുലർത്തുന്ന ഡിസൈൻ രീതികളാവണം തന്റെ വീടിന് അവലംബിക്കേണ്ടത് എന്ന് ക്ലൈന്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അങ്ങനെ പഴമയുടേയും പുതുമയുടേയും സാരാംശങ്ങൾ ഉൾച്ചേർത്തുകൊണ്ട് വീട് പണിതു. പ്ലാനറ്റ് ആർക്കിടെക്ച്ചറിന്റെ അനൂപ് കുമാറാണ് വീടിന്റെ ശില്പി. പാടശേഖരങ്ങളുടെയും നീലാകാശത്തിന്റെയും ചന്തം നുകരാൻ സാധ്യമാം വിധം മുകളിൽ ബാൽക്കണിയും ഓപ്പൺ ടെറസും എല്ലാം കൊടുത്തു.

തുറന്ന നയം സ്വീകരിച്ചു പണിത അകത്തളങ്ങളിൽ സ്പേസുകളെ തമ്മിൽ വേർതിരിക്കുന്നത് ഫ്ലോറിങ്ങിലെ വ്യതിയാനമാണ്. വെണ്മയുടെ അകമ്പടിയും വുഡിന്റെ ഫിനിഷും ഇന്റീരിയറിൽ ആംപിയൻസ് നിലനിർത്തുന്നു. കാറ്റിനേയും വെട്ടത്തിനേയും യഥേഷ്‌ടം കയറി ഇറങ്ങാൻ അനുവദിക്കും വിധമാണ് സ്പേസുകളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. ലാളിത്യം മുൻനിർത്തിക്കൊണ്ടാണ് ഓരോ ഇടവും ഇവിടെ ഡിസൈൻ ചെയ്തിട്ടുള്ളത്.

ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, നാല് കിടപ്പുമുറികൾ, പൂജ സ്പേസ്, സ്റ്റെയർ ഏരിയ, കോർട്ടിയാർഡ് എന്നിങ്ങനെയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ. വീട്ടുകാരുടെ കൈവശം ഉണ്ടായിരുന്ന പഴയ ഫർണിച്ചറുകൾ എല്ലാം ഇവിടെ പുനരുപയോഗിച്ചു. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായി കോർട്ടിയാർഡിനോട് ചേർന്ന് ഒരുക്കിയ പൂജ സ്പേസ് പ്രത്യേകതയാണ്. ഫ്ലോർ ലെവൽ അൽപം ഉയർത്തിയാണ് പൂജാ സ്പേസ് ക്രമീകരിച്ചത്.

എം.എസിന്റേയും വുഡിന്റേയും ചാരുതയിൽ തീർത്ത സ്റ്റെയർക്കേസിന് അടിയിലായി ഒരുക്കിയ കോർട്ടിയാർഡ് തന്നെയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഡബിൾ ഹൈറ്റിലാണ് സ്റ്റെയർ ഏരിയയും അതിനോട് ചേർന്ന് ഒരുക്കിയ കോർട്ടിയാർഡും. ഒരു ഊഞ്ഞാലും ഈ കോർട്ടിയാർഡിൽ നൽകി. ചമ്പക്കുളം വള്ളംകളിയുടെ മാസ്മരികത വിളിച്ചുണർത്തുന്ന കൗതുക വസ്തുക്കൾക്ക് ഇന്റീരിയറിൽ സ്ഥാനം നൽകിയത് മനോഹരമാണ്.

ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ച കോർട്ടിയാർഡിലൂടെ തടിയിൽ തീർത്ത വാക് വേയിലൂടെയാണ് ഒരു ബെഡ്‌റൂമിലേക്കുള്ള പ്രവേശനം.

മറൈൻ പ്ലൈ ലാമിനേറ്റ്സിന്റെ ചന്തത്തിലാണ് അടുക്കള. ഡൈനിങ്ങിനും കിച്ചനും ഇടയിൽ ഒരു ഓപ്പൺ കൗണ്ടർ കൊടുത്തു. ഭക്ഷണം എളുപ്പത്തിൽ സെർവ് ചെയ്യാനും മറ്റും ഈ കൗണ്ടർ സഹായിക്കുന്നു. കൗണ്ടർ ടോപ്പിന് ബ്ലാക്ക് ഗ്രാനൈറ്റാണ്. ലാളിത്യവും ഉപയുക്തവും ആയിട്ടാണ് ബെഡ്‌റൂമുകളുടെ സജ്ജീകരണം. ആവശ്യങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള അലങ്കാരങ്ങൾ മാത്രമാണ് എവിടേയും നടപ്പാക്കിയിട്ടുള്ളത്.

വീടിനു ചുറ്റുമുള്ള കാഴ്ച ഭംഗി ആസ്വദിക്കാൻ ഉതകും വിധം ഓപ്പൺ ടെറസിനെ സിറ്റിങ് സ്പേസാക്കി എടുത്തു. വൈകുന്നേരങ്ങളിൽ ഇവിടിരിക്കാനും കാഴ്ചകൾ ആസ്വദിക്കാനും നല്ല രസമാണെന്ന് വീട്ടുകാരും പറയുന്നു.

ചുറ്റും പാടശേഖരങ്ങൾ ആയതുകൊണ്ട് തന്നെ ഫൗണ്ടേഷന് പ്രത്യേക ശ്രദ്ധ കൊടുത്തു. കെട്ടുറപ്പുള്ള ഫൗണ്ടേഷനാണ് വീടിന്. ഇങ്ങനെ മനോഹര കാഴ്ചകളെ സ്ഥലത്തിന്റെ പ്രാധാന്യത്തിനൊത്ത് നിവർത്തിച്ചു കൊണ്ടാണ് വീട് ആകെ ഡിസൈൻ ചെയ്തിട്ടുള്ളത്.


Client - Dinoop Murali
Location - Chambakulam
Plot - 40 cent
Area - 2700 sqft

Design - Anoop Kumar C A
Planet Architecture
, Changanacherry
Phone - 99612 45604

Text courtesy - Resmy Ajesh