ജീവിത സൗഖ്യം പ്രദാനം ചെയ്യുന്ന വീട്

This article has been viewed 1843 times
"വീടിന്റെ വാതിൽ തുറന്ന് വരാന്തയിൽ നിന്നാൽ നെൽപാടവും ജൈവകൃഷിയും കാണാനാകണം ഇതായിരുന്നു വീട്ടുടമസ്ഥനായ സന്തോഷ് ഈപ്പന്റെ പ്രധാന ആവശ്യം" - വീടിന്റെ ശിൽപി ആർക്കിടെക്റ്റ് സുജിത്.കെ.നടേഷ് പറയുന്നു. ഈ ഒരാവശ്യം മുൻനിർത്തിയാണ് വീടിന്റെ എലിവേഷൻ പണിതത്. തട്ടുതട്ടായി കിടന്നിരുന്ന പ്ലോട്ട് മണ്ണിട്ട് പൊക്കി എടുത്തു. ഒരുനില വീട് മതിയെന്നായിരുന്നു ക്ലൈന്റിന്റെ ആവശ്യം. അതിനാൽ എലിവേഷനിൽ ഹൈറ്റ് തോന്നിപ്പിക്കും വിധമുള്ള ഡിസൈനാണ് നൽകിയത്.

വിശാലമായിട്ടാണ് ലാൻഡ്സ്‌കേപ്പ് ഡിസൈൻ. ലാൻഡ്സ്‌കേപ്പിലെ ഭംഗി ഇരട്ടിപ്പിക്കുന്നതിനായി വീടിനോട് ചേർന്ന് മാവിൻ തണലിൽ ഒരു ഗസേബുവും കൊടുത്തിരിക്കുന്നു. ലാൻഡ്‌സ്‌കേപ്പിലെ വാക് വേയ്ക്ക് കരിങ്കൽ പാളികൾ നൽകി ഇടക്ക് പച്ചപ്പുല്ല് പാകിയിരിക്കുന്നു. റോഡിൽ നിന്നും 200 മീറ്റർ ലാൻഡ്‌സ്‌കേപ്പിലൂടെ നടന്നാണ് വീട്ടിലേക്ക് കയറുന്നത് അതിനാൽ ഡ്രൈവ് വേയും വാക് വേയും സജ്ജീകരിച്ചിട്ടുണ്ട്. പില്ലറുകളുടെ ഭംഗിയും നീളൻ വരാന്തയും റൂഫിങ് രീതിയുമെല്ലാം വീടിനെ പ്രൗഢഗംഭീരമാക്കുന്നു.

സൗന്ദര്യത്തികവിനാൽ തീർത്ത സൗകര്യങ്ങൾ
പ്രധാന ഇടങ്ങളെല്ലാം തന്നെ തുറന്ന നയം സ്വീകരിച്ചാണ് ഒരുക്കിയത്. വീടിനകത്ത് ഒത്ത നടുവിലായി ഒരു ഓപ്പൺ കോർട്ടിയാർഡിന് ചുറ്റുമാണ് മറ്റുള്ള സ്പേസുകൾ വിന്യസിച്ചിട്ടുള്ളത്. പാരമ്പര്യ തനിമയുടെ ഘടകങ്ങളും മോഡേൺ എലമെന്റുകളും സംയോജിപ്പിച്ചു കൊണ്ടുള്ള ഡിസൈൻ രീതികളാണ് ഉൾത്തളങ്ങളിൽ വിന്യസിച്ചിട്ടുള്ളത്.

ഫോയറിന് വലതു വശത്തായി ഫോർമൽ ലിവിങ്, ഇടതു വശത്തായി പ്രയർ ഏരിയ എന്നിങ്ങനെ നൽകി. തുറന്ന നയം സ്വീകരിച്ചു കൊണ്ട് കോർട്ടിയാർഡിന്റെ ഭംഗിയിലേക്ക് മിഴി തുറക്കും വിധമാണ് കോമൺ ഏരിയകളെല്ലാം ഡിസൈൻ ചെയ്തിട്ടുള്ളത്.

മനസ്സറിഞ്ഞ് ആവശ്യങ്ങൾ
പഴമയുടെ തനിമ വിളിച്ചോതുന്ന മച്ച് ഇന്റീരിയറിൽ സ്ഥാനം കൊടുത്തിരിക്കുന്നത് ശ്രദ്ധേയമാണ്. കൂടാതെ വുഡൻ സ്ട്രിപ്പുകളും സി.എൻ.സി പാറ്റേൺ വർക്കുകളും എല്ലാം കൂടി മിക്‌സഡ് ശൈലിയുടെ ഭംഗി തരുന്നു. ഫോർമൽ ലിവിങ്, ഡൈനിങ് ഏരിയ, കിച്ചൻ, വർക്ക് ഏരിയ, യൂട്ടിലിറ്റി ഏരിയ, ഹോം തീയേറ്റർ എന്നീ സൗകര്യങ്ങളോടെയാണ് ഉൾത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്. എല്ലാ സ്പേസിൽ നിന്നും നടുക്കുള്ള കോർട്ടിയാർഡിലേക്ക് കാഴ്ച എത്തും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

ശാന്തമായി സമാധാനമായി ഉറങ്ങാൻ ഉള്ള സ്പേസുകളായിട്ടാണ് കിടപ്പുമുറികളെ വിന്യസിച്ചിരിക്കുന്നത്. നീളൻ ജനാലകൾ മുറികളുടെ വിശാലത കൂട്ടുന്നുണ്ട്. നല്ല രീതിയിൽ കാറ്റും വെളിച്ചവും ഉള്ളിലേക്ക് എത്തിക്കുന്നുണ്ട്. കട്ടിലിന്റെ ഹെഡ് റെസ്‌റ്റും സീലിങ് പാറ്റേണുമെല്ലാം പരസ്പരം ചേർന്നു പോകും വിധം ഒരുക്കിയിട്ടുണ്ട്.

സീലിങ്ങിലെ ഡിസൈൻ പാറ്റേണാണ് അടുക്കളയുടെ ഭംഗി. മോഡുലാർ കിച്ചനിൽ നാനോ വൈറ്റ് കൗണ്ടർ ടോപ്പും ഗ്ലാസ് ഷട്ടറുകളുമെല്ലാം ആഢംബരപൂർണമാക്കുന്നുണ്ട്.

ഇങ്ങനെ ആകെ മൊത്തം സൗകര്യങ്ങളെല്ലാം പ്രൗഢഗംഭീരമാക്കി കോർത്തിണക്കി ജീവിത സൗഖ്യം പ്രദാനം ചെയ്യുന്ന രീതിയിൽ നിവർത്തിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് സന്തോഷ് ഈപ്പനും കുടുംബവും.


തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈന്റ് - സന്തോഷ് ഈപ്പൻ
സ്ഥലം - ചോറ്റാനിക്കര
പ്ലോട്ട് - 1.5 ഏക്കർ
വിസ്തീർണം - 6500 സ്ക്വർ ഫീറ്റ്
പണി പൂർത്തീകരിച്ച വർഷം - 2018

ഡിസൈൻ - സുജിത് കെ നടേഷ്
സൻസ്കൃതി ആർക്കിടെക്സ്, എരൂർ, തൃപ്പുണിത്തറ
ഫോൺ : 94959 59889