നഗര നടുവിലൊരു തണലാണ് ഈ വീട്

This article has been viewed 3008 times
പച്ചപ്പിനെ വകത്ത് മാറ്റി ചിട്ടപ്പെടുത്തിയതാണ് ഈ വീട്. ഡോക്ടർ ദമ്പതികളായ ജിത്തുവിനും പ്രജീഷയ്ക്കുമായി ആർക്കിടെക്റ്റുമാരായ സതീഷും കീർത്തിയും ചേർന്ന് രൂപകല്പന ചെയ്തു യാഥാർത്ഥ്യമാക്കിയതാണ് ട്രോപ്പിക്കൽ മോഡേൺ ആശയത്തിലുള്ള വീട്. കോഴിക്കോട് പാവങ്ങാടാണ് ഈ വീട്. നഗര നടുവിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന തണലാണ് ഈ വീട്. സ്വസ്ഥ ജീവിതത്തിന് വിഘ്‌നം വരുത്തുന്ന സർവ്വതിനും സ്വഭാവിക പ്രതിവിധിയോടെയാണ് ഈ പാർപ്പിടം തയ്യാറാക്കിയിരിക്കുന്നത്.

ദീർഘ ചതുരാകൃതിയിലുള്ള നീളൻ പ്ലോട്ടിന് മധ്യേയുള്ള വീടിന് പച്ചപ്പ് കൊണ്ടാണ് ചുറ്റുമതിൽ. പ്ലോട്ടിനെ സുരക്ഷിതമാക്കാൻ ഹോളോ ബ്ലോക്കുകൊണ്ടാണ് കോംപൗണ്ട് വാൾ. ചുറ്റുമതിലിന് സ്റ്റോൺ ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. സ്ലൈഡിങ് ഗേറ്റ് സ്റ്റീലും വുഡും കൊണ്ടാണ്. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ പേവിങ്ങാണ്. ചെങ്കല്ലിൽ തീർത്തിരിക്കുന്ന ചുമരിന് ഇഷ്ടിക കൊണ്ടൊരു പുറം ഭിത്തിയും തീർത്തു. ചൂടിനെ പ്രതിരോധിക്കുന്നതിനാണ് ഇത്.

ട്രെസ്‌ റൂഫിൽ ഡബിൾ ലെയർ ഓട് പാകിയാണ് കാർപോർച്ച് തീർത്തിരിക്കുന്നത്. ഫ്ലാറ്റ്-സ്ലോപ് സങ്കലനത്തിലാണ് മേൽക്കൂര. ടെറാക്കോട്ട ടൈൽ പാകിയിട്ടുണ്ട് റൂഫിൽ. വാതിലും ജനലുമൊക്കെ മരത്തിലാണ്. പ്രാദേശികമായി കിട്ടുന്നതും സ്വാഭാവിക സാമഗ്രികളുമാണ് ഗൃഹനിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നതിൽ ഏറെയും.

സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാഷിയോ, കിച്ചൻ, വർക്ക് ഏരിയ, പ്രയർയാർഡ്, സ്റ്റെയർ, വാഷ് ഏരിയ, 2 ബെഡ്‌റൂം, കൺസൾട്ടിങ് റൂം എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മുകൾ നിലയിൽ 2 ബെഡ്‌റൂം, അപ്പർ ലിവിങ്, ബാൽക്കണി, ടെറസ് എന്നിവയാണ്. എല്ലാംകൂടി 3250 ചതുരശ്രയടി വിസ്തീർണത്തിലാണ്.

വിട്രിഫൈഡ് ടൈൽ, വുഡൻ ഫ്ലോറിങ്, ഗ്രാനൈറ്റ്, ബ്രാസ് ലൈനിങ് എന്നിവയാണ് തറയൊരുക്കുന്നതിന് ഉപയോഗിച്ചത്. പ്രത്യേക രൂപഘടനയുള്ള സോഫയാണ് സ്വീകരണ മുറിയിൽ. ഫാബ്രിക് കൊണ്ടാണ് അപ്ഹോൾസ്റ്ററി. ഫുൾ ലെങ്ത് വിൻഡോ പുറത്തെ പച്ചപ്പിന്റെ ദൃശ്യ ചാരുത ഇന്റീരിയറിലേക്ക് എത്തിക്കുന്നു.

പൊതു ഇടങ്ങൾ ഒരുമിച്ചാണ്. ഫാമിലി ലിവിങ്ങിലാണ് ടിവി ക്രമീകരിച്ചിരിക്കുന്നത്. ബേ വിൻഡോയാണ് ഫാമിലി ലിവിങ്ങിൽ. എൽ ഷേപ്പിലുള്ള സോഫയാണ് ഫാമിലി ലിവിങ്ങിൽ. ഫാമിലി ലിവിങും ഡൈനിങ്ങും തുറന്നു കിടക്കുന്ന രീതിയിലാണ്.

ഡൈനിങ്ങിൽ തേക്കിൽ തീർത്ത ഊണുമേശയാണ്. ഡൈനിങ്ങിനോട് ചേർന്നാണ് പാഷിയോ. പ്രയർയാർഡിലേക്കും തുറന്നിട്ടിരിക്കുകയാണ് ഊണിടം. പെബിൾസാണ് യാർഡിൽ. സ്റ്റീലും ഗ്ലാസും വുഡ് വർക്കുമാണ് റൂഫിൽ. ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. പ്രത്യേക പാറ്റേണിൽ റൂഫ് തീർത്ത് സ്കൈലൈറ്റ് എത്തിക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്.

സ്റ്റെയറിനോട് ചേർന്നാണ് വാഷ് ഏരിയയും കോമൺ ടോയ്‌ലെറ്റും ഒരുക്കിയിരിക്കുന്നത്. സ്റ്റെയറിന്റെ റെയിൽ വുഡിലാണ്. സ്റ്റെപ്പുകളിലും മരത്തിന്റെ പലക ഉറപ്പിച്ചിട്ടുണ്ട്. സ്റ്റെയർ താണ്ടിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. പൊതു ഇടങ്ങളിലെല്ലാം ബേ വിൻഡോയാണ് ഒരു ഭാഗത്ത് ഇരിപ്പിടമാക്കിയിരിക്കുന്നത്.

ഓപ്പൺ കിച്ചനാണ് വീട്ടിൽ. ആധുനിക പാചക സംവിധാനങ്ങളെല്ലാം അടുക്കളയുടെ ഭാഗമാണ്. പ്ലൈവുഡും വെനീറും കൊണ്ടാണ് ക്യാബിനറ്റുകൾ. വർക്ക്ടോപ്പ് ഗ്രാനൈറ്റിലാണ്. കിച്ചൻ പാർട്ടീഷനാകുന്നത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ്. ഇവിടം പാനൽ ചെയ്തിരിക്കുന്നത് മിച്ചം വന്ന വുഡ് കൊണ്ടാണ്. നാച്യുറൽ സോകട്ട് മാർക്ക് നിലനിർത്തിയാണ് പാനലിങ് ചെയ്തിരിക്കുന്നത്.

മാസ്റ്റർ ബെഡ്‌റൂം ഏറ്റവും മികച്ച രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഫുൾ ലെങ്ത് ജനലുകൾ തുറന്നിട്ടാൽ പ്രൈവറ്റ് ഗാർഡൻ ബെഡ്റൂമിന്റെ ഭാഗമായി മാറുന്നു. ഭിത്തിയിൽ മെറ്റൽ ക്രാഫ്റ്റും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ടു സ്കൈയും ഗാർഡനും ഉൾക്കൊള്ളുന്നതാണ് ബാത്ത്റൂം. വെറ്റ്-ഡ്രൈ പാർട്ടീഷൻ നൽകിയാണ് ബാത്ത്റൂം ക്രമീകരിച്ചിരിക്കുന്നത്. മുകൾ നിലയിലെ കിടപ്പുമുറിക്ക് പ്രൈവറ്റ് ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തുമ്പോൾ എല്ലാവർക്കും ഒത്തുകൂടുന്നതിനുള്ള സൗകര്യവും മുകൾ നിലയിൽ നൽകിയിട്ടുണ്ട്. പ്ലാന്റർ ബോക്സുകൾ നൽകി ഗ്രീനറി ഒരുക്കിയിട്ടുണ്ട് ഇവിടെ. ട്രെസിൽ ഓട് പാകിയാണ് റൂഫ്. വീടിന്റെ ഓരോ കോണും കൃത്യമായ ഉദ്ദേശ്യത്തോടെ രൂപകല്പന ചെയ്യുന്നതിനും അവ കൃത്യമായി വിനിയോഗിക്കുന്നതിനും ഇതിന്റെ വാസ്തു ശില്പികൾ വിജയിച്ചിരിക്കുന്നു.

നഗര നടുവിൽ ഗ്രാമീണ നന്മയുടെ പച്ചപ്പ് പുതച്ചു നിൽക്കുന്നത് തന്നെയാണ് ഈ വീട് നൽകുന്ന നല്ല പാഠം.Client - Dr.Jithu & Dr.Prejisha
Location - Pavangad, Calicut
Plot - 12 cent
Area - 3250 sqft

Design - Ar.Satheesh A.V & Ar.Kirthi Suvarnan
SATKRIYA
, Kozhikode
Phone - 99952 63024