5 സെന്റിലെ അതിശയം

This article has been viewed 2636 times
ആകെയുള്ളത് 5 സെൻറ് സ്ഥലം അതാണെങ്കിൽ പല ലെവലിൽ ഉള്ളതും. ഈ പ്ലോട്ടിൽ ഒരു വീടെന്നത് വെറും സ്വപ്നമായി ഒതുങ്ങേണ്ടതാണ്. എന്നാൽ സ്വപ്ന ഗ്രഹമെന്ന മോഹവുമായി വീട്ടുടമസ്ഥരായ സലു സോളമനും ശ്രീദേവിയും എസ്.ഡി.സി.ആർക്കിറ്റെക്റ്റ്സിൽ എത്തിയത് വഴിത്തിരിവായി. ഡിസൈനർമാരായ രാധാകൃഷ്ണനും ബിജി ചന്ദ്രനും ചേർന്ന് തയ്യാറാക്കിയ ഈ പാർപ്പിടം ഭവന മോഹികൾക്ക് ഒരു പ്രോത്സാഹനമാണ്.

പരിമിതികളാണ് എന്നും പുതുമകൾക്ക് വളമാകുന്നത്. ഈ വീടും കാണിച്ചു തരുന്നതും അതാണ്. നിരപ്പല്ലാത്ത 5 സെൻറ് പ്ലോട്ട്, 40 ലക്ഷം രൂപ പരമാവധി ബഡ്ജറ്റ്, അളവറ്റ മോഹങ്ങളും വീടിന്റെ മൂലധനം അതായിരുന്നു. മൂന്ന് കിടപ്പുമുറികൾ, ആധുനിക ജീവിത സൗകര്യങ്ങൾ, പരമാവധി കാറ്റും വെളിച്ചവും കിട്ടുന്നതിനുള്ള പോം വഴികൾ ഉറപ്പാക്കണം. വീട്ടുടമസ്ഥരുടെ സ്വപ്‌നങ്ങൾ ഇതൊക്കെയായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരുടേയും ഇഷ്ടങ്ങളും അഭിരുചിയും പരിഗണിച്ചാണ് വീടിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിയിരിക്കുന്നത്. പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീട് നിർമ്മിച്ചത്. ആദ്യലെവലിൽ പോർച്ചും അടുത്ത ലെവലിൽ വാസസൗകര്യവും തീർത്തിരിക്കുന്നു.

തിരുവനന്തപുരം കീഴാറ്റിങ്കൽ ആണ് ഈ വീട്. പ്ലോട്ട് പല ലെവലിൽ ആയതിനാൽ കോംപൗണ്ട് വാളിന്റെ ഉയരവും വെവ്വേറെ ഉയരത്തിലാണ്. ഫണ്ടർമാക്സ് കൊണ്ടാണ് ഗേറ്റ്. വുഡൻ ടെക്സ്ച്ചറാണ് ഇവയ്ക്ക്. പോർച്ചിൽ നിന്നിറങ്ങി സ്റ്റെപ്പുകൾ താണ്ടിവേണം സിറ്റൗട്ടിലേക്ക് എത്താൻ. ഗ്രീനറികൾക്ക് നടുവിലൂടെയുള്ള നടപ്പ് കൗതുകകരമാണ്. നാച്വറൽ സ്റ്റോണും വുഡും കൊണ്ടാണ് എക്സ്റ്റീരിയർ ക്ലാഡിങ്. ഉയരം കൂടുതലുള്ള ജാലകങ്ങൾ വീട്ടകത്തേക്ക് ധാരാളം പ്രകാശമെത്തിക്കുന്നു ഒപ്പം ദൂരക്കാഴ്ചകൾക്ക് അവസരവും നൽകുന്നു. സമകാലിക ശൈലിയിൽ ആണ് വീടിന്റെ എലിവേഷൻ. ബോക്സ് മാതൃകയാണ് പിന്തുടർന്നിരിക്കുന്നത്. കാലികജീവിതശൈലിക്ക് ഇണങ്ങുന്ന സൗകര്യങ്ങളെല്ലാം വീടിന്റെ ഭാഗമാണ്. വീടിന്റെ ഷെയിഡുകൾ എല്ലാം കൂടുതൽ പ്രൊജക്റ്റ് ചെയ്യുന്ന രീതിയിലാണ് ഡിസൈനിങ്ങും നിർമ്മാണവും നടത്തിയിരിക്കുന്നത്. 1800 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് വീട്ടിലെ സൗകര്യങ്ങൾ എല്ലാം തീർത്തിരിക്കുന്നത്.

അകത്തളത്തിന്റെ കേന്ദ്രഭാഗം നടുമുറ്റമാണ്. ഇതാണ് ഇവിടുത്തെ പൂജ സ്പേസും. വാട്ടർ ബോഡിയും പച്ചത്തുരുത്തും ക്ലാഡിങ്ങും ഈ ഭാഗം ഒരു ബ്യൂട്ടി സ്പോട്ട് ആക്കി മാറ്റുന്നു. നാച്വറൽ സ്റ്റോൺ കൊണ്ടാണ് ക്ലാഡിങ്. വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. സ്വീകരണ മുറിയും ഡൈനിങ്ങും കിച്ചനുമൊക്കെ തുറന്നാശയത്തിലാണ്. ഓപ്പൺ നയം അകത്തളത്തിൽ പ്രയോഗിച്ചതോടെ വീടിന്റെ കാലികശൈലി കൂടുതൽ ഫലപ്രദമായി.

സിറ്റൗട്ടിൽ നിന്ന് നേരെ എത്തുന്നത് സ്വീകരണമുറിയിലേക്കാണ്. അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് സ്വീകരണമുറിയിൽ. ഗ്ലാസ് ഭിത്തി പ്രകാശം ഇന്റീരിയറിലേക്ക് എത്തിക്കുന്നു. സ്വീകരണമുറിയിൽ നിന്ന് തന്നെയാണ് സ്റ്റെയർ നൽകിയിരിക്കുന്നത്. ഗ്ലാസും വുഡും കൊണ്ടാണ് ഗോവണിയുടെ ഹാൻഡ്റെയിൽ.

ഡൈനിങ് വേർതിരിച്ചിരിക്കുന്നത് ഭിത്തിയിലും സീലിങ്ങിലും വുഡൻ പാനലിങ് നൽകിയാണ്. മറൈൻ പ്ലൈവുഡിൽ വെനീർ ഫിനിഷ് നൽകിയാണ് ഫർണിച്ചർ തീർത്തിരിക്കുന്നത്. വിശാലമായ ജാലകങ്ങൾ ഈ ഭാഗത്തും ധാരാളം വെളിച്ചമെത്തിക്കുന്നുണ്ട്.

ഡൈനിങ്ങിനോട് ചേർന്നാണ് അടുക്കള. മറൈൻ പ്ലൈവുഡിൽ ആണ് കിച്ചൺ കൗണ്ടറും ക്യാബിനറ്റുകളും. കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റ് ആണ്. ഭിത്തിയിൽ ടൈൽ പാകിയിരിക്കുന്നു. കിച്ചനോട് ചേർന്ന് ഒരു വർക്ക് ഏരിയയും ഉണ്ട്. ക്യാബിനറ്റ് ഫിനിഷ് ചെയ്തിരിക്കുന്നത് ഗ്ലാസ് കൊണ്ടാണ്. പാചകം എളുപ്പമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഈ അടുക്കളയുടെ ഭാഗമായിട്ടുണ്ട്.

മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. രണ്ടെണ്ണം ഗ്രൗണ്ട് ഫ്ലോറിലും ഒരെണ്ണം മുകൾ നിലയിലും. മുകൾ നിലയിൽ ഒരു ഫാമിലി ലിവിങും നൽകിയിട്ടുണ്ട്. ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് ഇവിടെ ഉള്ളത്. കിടപ്പുമുറികളെല്ലാം ഓരോരോ കളർ സ്കീമിലാണ്. ഒരു ഭിത്തി മാത്രം നിറം പൂശി ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് പിന്തുടർന്നിരിക്കുന്നത്. സ്റ്റോറേജിന്‌ ധാരാളം സ്ഥലം നൽകിയിട്ടുണ്ട് കിടപ്പുമുറിയിൽ. വിശാലമായ ജാലകങ്ങളും കോർണർ വിൻഡോയുമൊക്കെ കിടപ്പുമുറിയിൽ ധാരാളം സ്വാഭാവിക പ്രകാശം എത്തുന്നതിന് അവസരമൊരുക്കുന്നു.


മികച്ച ഡിസൈനിങ്ങിലൂടെ പകൽ വെളിച്ചം പരമാവധി അകത്തളത്തിലേക്ക് എത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ഓപ്പൺ ആശയത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ ഇന്റീരിയറിൽ കൂടുതൽ വിശാലതയും കിട്ടുന്നുണ്ട്. വീട്ടകത്തെ സൗകര്യങ്ങൾ കാണുമ്പോൾ ചെറിയ പ്ലോട്ടിൽ തീർത്ത വീടാണിതെന്ന് കാഴ്ചക്കാർക്കും വീട്ടുകാർക്കും തോന്നാത്ത വിധത്തിലാണ് വീടിന്റെ രൂപകല്പന. ഇതാണ് ഈ വീടിനെ ഭവന മോഹികൾക്കൊരു പ്രോത്സാഹനമാക്കി മാറ്റുന്നതും.


തയ്യാറാക്കിയത് - രതീഷ് ജോൺ

ക്ലൈൻറ്റ് - സലു സോളമൻ & ശ്രീദേവി
സ്ഥലം - കീഴാറ്റിങ്കൽ, തിരുവനന്തപുരം
പ്ലോട്ട് - 5 സെൻറ്
വിസ്തീർണം - 1800 സ്ക്വർ ഫീറ്റ്

ഡിസൈൻ - രാധാകൃഷ്ണൻ & ബിജി ചന്ദ്രൻ
എസ്.ഡി.സി. ആർക്കിടെക്റ്റ്സ്, തിരുവനന്തപുരം

ഫോൺ : 94472 06623