ഇരു ശൈലികളിലൂടെ

This article has been viewed 812 times
ഇഷ്ടമുള്ള വീട് ഏത് ശൈലിയിലാവണം എന്നൊക്കെയുള്ള തീരുമാനത്തിലെത്താൻ തന്നെ അൽപ്പം ബുദ്ധിമുട്ടാണ്. കണ്ടംപ്രററി ശൈലിയേയും പരമ്പരാഗത ശൈലിയേയും ഒരു പോലെ ഇഷ്ടപ്പെടുന്നവരും ഉണ്ടാകും. ഇവിടെയും വീട്ടുടമ ഇരു ശൈലികളോടും താൽപര്യം ഉള്ള ഒരാളായിരുന്നു. അതുകൊണ്ടു തന്നെ ആ ഒരു ആവശ്യമാണ് എസ്.ഡി.സി ആർക്കിടെക്റ്റ്സിനോട് ആവശ്യപ്പെട്ടത്. ഇവിടെ എലിവേഷനിൽ തന്നെ ഈ ശൈലി സംയോജനം കാണാം.

പരമ്പരാഗത ശൈലിയുടെ പൂരകമായ പഠിപ്പുരയും സമകാലീന ശൈലിയോട് നീതി പുലർത്തുന്ന മറ്റൊരു കോംപൗണ്ട് വാളും ഗേറ്റും നൽകിക്കൊണ്ടാണ് വീടിന്റെ ഓരോ സ്പേസും ഇരു ശൈലികളോടും ചേർന്നു പോകും വിധം ഒരുക്കി എടുത്തത്. മനോഹരമായ എലിവേഷനും പടിപ്പുരയോട് ചേർന്ന ചാരുപടിയും എല്ലാം എലിവേഷനെ മനോഹരമാക്കുന്നുണ്ട്.

നീളൻ പില്ലറുകളും സിറ്റൗട്ടിലെ ചാരുപടിയും ലാൻഡ്സ്‌കേപ്പിലെ കൽവിളക്കും എല്ലാം ഭംഗിയായി നിലകൊള്ളുന്നു. ഒരു നിലയിലാണ് എല്ലാ സൗകര്യങ്ങളും ക്രമപ്പെടുത്തിയത് .

വിശാലതയും സ്വകാര്യതയും മുൻനിർത്തികൊണ്ടുള്ള ഡിസൈൻ നയങ്ങൾ ന്യൂട്രൽ നിറങ്ങളുടെ അകമ്പടിയോടെ ഒരുക്കിയെടുത്തു. ലാളിത്യം നിറയുന്ന ക്രമീകരങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. അകത്തളങ്ങളിലും ഇരു ശൈലികളുടെയും മിശ്രണം നമ്മുക്ക് കാണാനാകും.

വീടിനകത്തെ മറ്റൊരു ശ്രദ്ധാ കേന്ദ്രമാണ് നടുമുറ്റം അഥവാ കോർട്ടിയാർഡ്. പഴമയുടെ ആഢ്യത്വം നിറയും വിധമാണ് നടുമുറ്റത്തിന്റെ ഡിസൈൻ. പില്ലറുകളിലെ മ്യൂറൽ പെയിന്റിങ്ങും മുറ്റത്തു നട്ടുപിടിപ്പിച്ചിരിക്കുന്ന ചെമ്പകവും പർഗോളയിലൂടെ കടന്നു വരുന്ന സൂര്യപ്രകാശവും ഇന്റീരിയറിന്റെ മാസ്മരികത കൂട്ടുന്നു.

ഫർണിച്ചറുകൾ സമകാലീനശൈലിയോട് നീതി പുലർത്തുന്നുമുണ്ട്. സീലിങ് പാറ്റേണും ലൈറ്റിങ്ങിന്റെ മികവും ഇളം നിറങ്ങളും എല്ലാം ഇരു ശൈലികളുടെ പൂരകങ്ങളോടും ചേർന്ന് പോകുന്നുണ്ട്.

ശാന്തവും സുന്ദരവും ലളിതവുമായ ബെഡ്‌റൂമുകളാണ് ഇവിടെ പണിതത്. ഹെഡ്ബോർഡിൽ നൽകിയ ഡിസൈൻ എലമെന്റുകളാണ് മുറികളുടെ ഭംഗി. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ച്ഡ് ബാത്റൂംമോടുകൂടിയ 3 കിടപ്പുമുറികൾ എന്നിവ ഇരു ശൈലികളോടും ചേർന്ന് പോകും വിധം ഇവിടെ ഒരുക്കിയെടുത്തു.

ഇങ്ങനെ അനാവശ്യ അലങ്കാരങ്ങൾ മാറ്റി നിർത്തി ലാളിത്യത്തിലൂന്നിയാണ് എല്ലാ സ്പേസും ഇവിടെ ക്രമീകരിച്ചത്. ഒരു നിലയിൽ സമകാലീന ശൈലിയും പരമ്പരാഗത ശൈലിയും സമന്വയിപ്പിച്ചു ഒരുക്കിയെടുത്തു.

Client - Vinod
Location - Attingal
Plot - 20 cent
Area - 2300 sqft

Design - SDC Architects,
Trivandrum.

Phone - 97440 53235

Text courtesy - Resmy Ajesh