ഭവന സങ്കല്പങ്ങളെല്ലാം സാക്ഷാത്കരിക്കുന്ന വീട്

This article has been viewed 553 times
ആദ്യനോട്ടത്തിൽ ഒരു മലയാളി ചന്തമുണ്ടെങ്കിലും തനിനാടനല്ല. ആധുനിക നിർവ്വചനവും പാരമ്പര്യ ഘടകങ്ങളും ഇടകലർത്തിയാണ് വീടിന്റെ ഡിസൈൻ. ലളിതമെങ്കിലും സാരവത്താണ് സംരചന. അമക് ആർക്കിടെക്ച്ചറിന്റെ മുഖ്യ വാസ്തു ശില്പികളായ അനൂപും മനീഷയും ചേർന്ന് രൂപകല്പന ചെയ്തതാണ് ഈ വീട്.

തൃശ്ശൂർ വലപ്പാടാണ് വിശ്വനാഥനും കുടുംബത്തിനുമായി രൂപകല്പന ചെയ്ത ഭവനം. ഫ്ലാറ്റ്-സ്ലോപ് സങ്കലനത്തിലാണ് പാർപ്പിടത്തിന്റെ മേൽക്കൂര. റൂഫിൽ ഷിംഗിൾസാണ്. മുറ്റത്ത് കടപ്പ സ്റ്റോൺ പാകി. നാടൻ ചെടികൾ കൊണ്ടാണ് ഗ്രീനറി തീർത്തിരിക്കുന്നത്. പതിവിന് വിപരീതമാണ് കാർപോർച്ച്. ജി.ഐ സ്ട്രെക്ച്ചറിൽ കൊറുഗേറ്റഡ് ഷീറ്റ് വിരിച്ചാണ് പോർച്ച്. സീലിങ്ങും ചെയ്തു എ.സി.പിയും ചെയ്തതോടെ പോർച്ച് മോഡേണായി.

എക്സ്റ്റീരിയർ സുന്ദരമാക്കിയിരിക്കുന്നത് ലാട്രൈറ്റ് ടെക്സ്ച്ചറും ടൈൽ ക്ലാഡിങ്ങും ജി.ഐ ഗ്രില്ലുമൊക്കെയാണ്. മുപ്പത് സെന്റ്‌ പ്ലോട്ടിലാണ് 2200 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നടുമുറ്റം, ഫാമിലി ലിവിങ്, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലെ സൗകര്യങ്ങൾ. സിറ്റൗട്ടിന്റെ സ്റ്റെപ്പിൽ ഗ്രാനൈറ്റാണ്. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലാണ്. വീടിന്റെ വാതിലും ജനലുമൊക്കെ പിങ്കോസ കൊണ്ടാണ്. സിറ്റൗട്ടിന്റെ കോർണറിൽ ഒരു ഇൻബിൽറ്റ് സീറ്റിങ് നൽകിയിട്ടുണ്ട്. ട്രഡീഷണൽ വീടുകളിലുണ്ടായിരുന്ന ചാരുപടിയുടെ ഒരു പുതിയ മാതൃകയാണ് ഇവിടെ നൽകിയിരിക്കുന്നത്.

ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളാണ് സ്വീകരണമുറിയിൽ . ഡബിൾ ഹൈറ്റിലാണ് ഈ ഭാഗം. മൾട്ടിവുഡിൽ സി.എൻ.സി കട്ടിങ് ചെയ്താണ് പാർട്ടീഷൻ വാൾ. സ്വീകരണ മുറിയോട് ചേർന്നാണ് നടുമുറ്റം. സിന്തെറ്റിക് ഗ്രാസാണ് കോർട്ടിൽ. ചെടിച്ചട്ടികളും ചെടിയും കോർട്ടിനെ ലൈവ് ആക്കുന്നു. കോർട്ടിലൂടെയാണ് വാഷ് ഏരിയയിലേക്ക് എത്തുന്നത്. നടുമുറ്റത്തിന് മുകളിൽ ഓപ്പണിങ് നൽകി ഗ്രിൽ ഉറപ്പിച്ചു. ഭാവിയിൽ മുകളിലേക്ക് നിർമ്മിക്കണമെങ്കിൽ ഈ ഭാഗം തുറന്നാൽ മതി. സ്ലാബ് പൊളിക്കേണ്ട കാര്യമില്ല. ഭാവിയിലേക്കുള്ള നിർമ്മാണ സൗകര്യങ്ങളും മുൻകൂട്ടി കണ്ടിട്ടുണ്ട്.

ഡൈനിങ്ങും ഫാമിലി ലിവിങും ഒരുമിച്ചാണ്. കസ്റ്റംമെയിഡ് ഫർണിച്ചറാണ് മുറികളിലെല്ലാം. ഫാമിലി ലിവിങ്ങിലാണ് ടിവി യൂണിറ്റ് നൽകിയിരിക്കുന്നത്. ഉണിടം വിശാലമാണ്. ഗ്ലാസ്-വുഡ് മിക്‌സാണ് ഡൈനിങ് ടേബിൾ. പൊതു ഇടങ്ങൾ ഹൈലൈറ്റ് ചെയ്യുന്നത് തൂക്കുവിളക്കുകളാണ്. ലൈറ്റിങ് മികച്ചതാക്കുന്നതിൽ ഫോൾസ് സീലിങ്ങിനും പങ്കുണ്ട്. ജിപ്സം കൊണ്ടാണ് മച്ച് തയ്യാറാക്കിയിരിക്കുന്നത്.

ബാത്ത് അറ്റാച്ചിഡായിട്ടുള്ള മൂന്ന് കിടപ്പുമുറികളാണ് ഇവിടുള്ളത്. ചുമരിന്റെ നിറവ്യത്യാസവും ഫോൾസ് സീലിങ്ങിന്റെ പാറ്റേണും ലൈറ്റിങ്ങുമാണ് കിടപ്പുമുറികളെ വേറിട്ടതാക്കുന്നത് ബ്ലൈന്റാണ് ജാലകങ്ങൾ. ബാത്ത് അറ്റാച്ചിഡാണ് ബെഡ്റൂമുകൾ എല്ലാം. മുറികളിലെല്ലാം ഡ്രസിങ് ടേബിളും നൽകിയിട്ടുണ്ട്. പരമാവധി കാറ്റും വെളിച്ചവും കിടപ്പുമുറികളിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

എൽ ഷേപ്പിലുള്ളതാണ് കിച്ചൻ. സ്റ്റോറേജിന്‌ ക്യാബിനറ്റും കൗണ്ടറും നൽകിയിട്ടുണ്ട്. കൗണ്ടർ ടോപ്പ് ഗ്രാനൈറ്റിലാണ്. മുൾട്ടിവുഡ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. ഭിത്തിയിൽ ടൈൽ ക്ലാഡ് ചെയ്തിരിക്കുകയാണ്. ആഢംബരമില്ലാതെ ഫങ്ങ്ഷണലായിട്ടാണ് കിച്ചൻ ഒരുക്കിയിരിക്കുന്നത്.

മലയാളിയുടെ ഭവന സങ്കല്പങ്ങൾ എല്ലാം സാക്ഷാത്കരിക്കുന്നതാണ് ഈ വീട്. ആധുനിക സൗകര്യങ്ങൾ നിറയുന്നതിനൊപ്പം പാരമ്പര്യത്തിന്റെ സൂചകങ്ങളും ഉൾക്കൊള്ളുന്ന വീടുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ആ ട്രെൻഡിനൊപ്പം നിൽക്കുന്ന വീടാണിത്. ക്ലൈന്റിന്റെ ഭവന സങ്കല്പത്തിന്റെ നേർ ആവിഷ്കാരമാണ് ഈ പാർപ്പിടം.Client - Viswanathan
Location - Valappadu, Thrissur
Plot - 30 cent
Area - 2200 sqft

Design - Anoop Chandran & Manisha Anoop
Amac Architects
, Thrissur
Phone - 99950 00222