ജീവിത താളത്തിനൊപ്പം ചിട്ടപ്പെടുത്തിയ വീട്

This article has been viewed 785 times
ആധുനിക ജീവിത ശൈലിക്ക് ഇണങ്ങുന്ന വിധത്തിൽ വാസ്തുകലാ നിർവ്വചനം ഒരുക്കുന്നതാണ് സംരചനയുടെ ലോകത്ത് ആർക്കിടെക്റ്റ് വിനയ് മോഹനെ വ്യത്യസ്തനാക്കുന്നത്. ഡോക്ടർ ലിബിൻ. ടി. ബാലനും കുടുംബത്തിനുമായി കോഴിക്കോട് വടകരയിൽ ഡിസൈൻ ചെയ്ത് യാഥാർത്ഥ്യമാക്കിയിരിക്കുന്ന വീട് ഭംഗിക്കും പ്രയോഗികതയ്ക്കും സമകാലിക വാസ്തുകലാ രീതിക്കും തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങൾക്കൊപ്പം ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് ഈ വീട്.

പ്രൊഫഷണൽ ലൈഫും കുടുംബജീവിതവും ഒരു വീട്ടിലേക്ക് സമ്മേളിപ്പിക്കുമ്പോൾ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ സംരചന ഒരുക്കുക എന്നത് ശ്രമകരമാണ്. ഡോക്ടറെ കാണാനെത്തുന്നവരുടെ ആവശ്യവും നടക്കണം, കുടുംബാംഗങ്ങളുടെ സ്വകാര്യതയും മാനിക്കണം ഒപ്പം ആർക്കിടെക്ച്ചറിന്റെ നൂതനനിർവ്വചനവും ഒരുക്കണം ഇതായിരുന്നു ഈ പ്രൊജക്റ്റിൽ ആർക്കിടെക്റ്റ് വിനയ് മോഹൻ അഭിമുഖീകരിച്ച വെല്ലുവിളി.

ബഡ്ജറ്റിന് പരിമിതിയില്ലായിരുന്നുവെങ്കിലും പ്ലോട്ടിന്റെ ആകൃതി വെല്ലുവിളിയായിരുന്നു. വീതി കുറഞ്ഞ നീളൻ പ്ലോട്ടിന്റെ ആകൃതി വീടിന്റെ ഘടനയിലും പ്രതിഫലിച്ചിട്ടുണ്ട്. സ്വസ്ഥ ജീവിതത്തിന് ഇണങ്ങണം, ഇന്റീരിയറിൽ പരമാവധി ലിവിങ് സ്പേസുകൾ വേണം കാറ്റും വെളിച്ചവും ഒപ്പം പ്രകൃതിയേയും വീട്ടകത്തേക്ക് എത്തിക്കണം. ഡോക്ടർ ലിബിനും കുടുംബവും മുന്നോട്ട് വച്ച ഭവന മോഹങ്ങൾ ഇവയായിരുന്നു. ക്ലൈന്റിന്റെ ഭവന സങ്കല്പങ്ങളെല്ലാം സമ്മേളിക്കുന്നതാണ് ഈ വീട്.

സമകാലിക ശൈലിയിലാണ് വീടിന്റെ രൂപഘടന. പരിസ്ഥിതിയുമായി ഇണങ്ങി നിൽക്കുന്ന രീതിയിലാണ് വീടിന്റെ സാക്ഷാത്കാരം. ഡബിൾ ഹൈറ്റിലുള്ള ചുമരാണ് കൺസൾട്ടിങ്ങ് ഏരിയയും വീടിനേയും വേർതിരിക്കുന്നത്. ഡബിൾ ഹൈറ്റ് വാളിൽ ടെക്സ്ച്ചർ ഫിനിഷാണ്. മുറ്റത്ത് സ്റ്റോൺ പേവിങ്ങാണ്. എക്സ്റ്റീരിയർ അലങ്കരിക്കുന്നത് മെറ്റലിന്റെ ഉപയോഗമാണ്.

വരാന്ത, ഫോയർ, കൺസൾട്ടിങ് റൂം, വെയ്റ്റിങ് റൂം, ഗസ്റ്റ് ലിവിങ്, ലിഫ്റ്റ്, കോർട്ട്, പൂജ, ഗസ്റ്റ് ബെഡ്, ഫാമിലി ലിവിങ്, ഗസ്റ്റ് ലിവിങ്, പൂൾ, മാസ്റ്റർ ബെഡ്‌റൂം, കിച്ചൻ എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. മുകൾ നിലയിൽ നാല് കിടപ്പുമുറികളും ബാൽക്കണിയും ലൈബ്രറിയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

പൊതു ഇടങ്ങളൊക്കെ തുറന്ന ആശയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രീമിയം സാമഗ്രികൾ കൊണ്ടാണ് വീടിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. വെവ്വേറെ സാമഗ്രികളാണ് ഫ്ലോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ഇടങ്ങൾക്ക് അനുസരിച്ചാണ് ഫ്ലോറിങ്ങിനായി വിട്രിഫൈഡ് ടൈൽ, ഗ്രാനൈറ്റ്, വുഡൻ ഫ്ലോറിങ് , പൂൾ ഏരിയയിൽ വുഡൻ ഫിനിഷ്ഡ് ടൈൽ എന്നിങ്ങനെ ഉപയോഗിച്ചിട്ടുള്ളത്.

പൂൾ ഭാഗത്ത് റൂഫിൽ ട്രെസ്‌ ചെയ്ത് ഓട് വിരിച്ചിരിക്കുകയാണ്. വീടിന്റെ എല്ലാ ഭാഗത്ത് നിന്നും പൂളിലേക്കും ഗാർഡനിലേക്കും കാഴ്ച ലഭ്യമാണ് . വിശാലമായ വാതിലും ജനലും ലൂവറും ഓപ്പൺ പാർട്ടീഷനുമൊക്കെ ഇന്റീരിയറിൽ പരമാവധി ഗ്രീനറി നൽകിയിട്ടുണ്ട്. ലിവിങ് ഡൈനിങ് ഒക്കെ തുറന്ന ആശയത്തിലാണ്. ആധുനിക സൗകര്യങ്ങളെല്ലാം കുറഞ്ഞ മെയിന്റനൻസ് ഉറപ്പുവരുത്തുന്നുണ്ട്. പൂളിന്‌ അഭിമുഖമായുള്ള ഭിത്തി ഗ്ലാസിലാണ്.

മെറ്റലും വുഡും കൊണ്ടുള്ളതാണ് സ്റ്റെയർക്കേസ്. റെയിൽ ഗ്ലാസിലാണ്. ഭിത്തിയിൽ ടെക്സ്ച്ചർ ഫിനിഷാണ്. കാലിക ശൈലിക്ക് യോജിക്കുന്ന ഫർണിച്ചറാണ് മുറികളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇടങ്ങൾക്കനുസരിച്ചാണ് ഫോൾസ് സീലിങ്ങിന്റെ ഫിനിഷ്.

ഡ്രൈകോർട്ട് ഇരുനിലകളിൽ നിന്നും കാണാവുന്ന വിധത്തിലാണ്. മുകളിലെ ബെഡ്റൂമിന്റെ ബാൽക്കണി ഡ്രൈകോർട്ടിലേക്കാണ് തുറന്നിട്ടിരിക്കുന്നത്. പെർഫറേറ്റഡ് ക്ലേ ബ്രിക്ക് കൊണ്ടുള്ള വാൾ ഭംഗി മാത്രമല്ല വീട്ടകത്ത് സ്ഥിരമായി കാറ്റും വെളിച്ചവും എത്തിക്കുന്നതാണ്.

ഇൻ ബിൽറ്റ് ഇരിപ്പിടത്തോട് കൂടിയതാണ് കിടപ്പുമുറി. ക്ലേ ടൈൽ ക്ലാഡിങ്ങും ഫോൾസ് സീലിങ്ങും കാർട്ടനും കിടപ്പുമുറികളുടെ ഭംഗി കൂട്ടുന്നു.

ആധുനിക പാചക സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് അടുക്കള. ഐലൻഡ് ശൈലിയിലുള്ള അടുക്കളയാണ് ഇവിടെ . പരമാവധി സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട് അടുക്കളയിൽ.

ആധുനിക ജീവിത സൗകര്യങ്ങൾ കുറഞ്ഞ മെയിന്റനൻസ്, പ്രീമിയം സാമഗ്രികൾ അങ്ങനെ ജീവിതാസ്വാദനത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വീട്.


Client - Dr.Libin T Balan
Location - Vadakara, Calicut
Area - 8917 sqft

Design - Ar.Vinay Mohan
VM Architects, Calicut

Phone - 96338 22771